SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2021, മേയ് 11, ചൊവ്വാഴ്ച

ചലനം

എഴുതി പണ്ടെങ്ങോ ഉപേക്ഷിച്ച
ഒരു കവിത
ഒരിക്കൽ ഒരാളിലേക്കു തിരിച്ചെത്തി
നിമിത്തമായവയുടെ
ശ്വാസവും ചിരിയും ചലനവും
ചുറ്റുവട്ടത്തു നിരന്നു നിന്നു

മരങ്ങൾ ചെടികളായി
വേനൽ തണുപ്പായി
കുളങ്ങളിൽ തെളിനീര് തിരിച്ചെത്തി

മരങ്ങളിൽ നിന്ന്
ഇലകൾ കൊഴിഞ്ഞു
അവയെടുത്ത് നെറ്റിയിൽ തഴുകി

പൊടുന്നനെ
കാലത്തെ ആരോ കൊളുത്തി വലിച്ചു
കാലിൽ സൂചിമുനയാഴ്ന്നു
ശ്വാസം വലിഞ്ഞുമുറുകി
ശബ്ദങ്ങൾ നേർത്തു വന്നു

ഒരുവരി പോലും  ഓർത്തെടുക്കാനാവാതെയായി.

ഗാനം


ചിരിക്കാതിരിക്കുമ്പോൾ
പൂമണം നിലയ്ക്കുന്നു
അസാധാരണത്വം ഓരോ ചുവടിലും നിഴലിക്കുന്നു

വെളിച്ചം പരക്കാത്ത
പ്രഭാതങ്ങളിലെന്നപ്പോലെ
നേരം തെറ്റിയെന്ന വിഭ്രമത്തിൽ
ഭൂമി  വാക്കുകൾ മറക്കുന്നു

എന്നാൽ
മഞ്ഞ പൂത്ത മരത്തിലെ
ഒരു കിളി ഒരൊറ്റ ഗാനത്തിൽ
നഷ്ടപ്പെട്ട
കാലത്തെ തിരിച്ചുപിടിക്കുന്നു

2021, മേയ് 4, ചൊവ്വാഴ്ച

ഭാഷ

എൻ്റെ ഭാഷയിൽ
ഞാനധികമൊന്നും സഞ്ചരിച്ചിട്ടില്ല
എത്തിച്ചേർന്നയിടം വരെ പഠിച്ച വാക്കുകളും ശബ്ദങ്ങളും ഉപയോഗിച്ച് ജീവിക്കുന്നു
ചോദ്യങ്ങൾക്ക്   ഉത്തരം മുട്ടിക്കാതെ
ഒന്നിനു പിറകെ ഒന്നായി  വന്ന് അത് കാക്കുന്നു
ചിലപ്പോഴതിൽ പഠിക്കാത്ത വാക്കുകളും കടന്നു വരുന്നു
ഭാഷയ്ക്ക് ഔപചാരികതയില്ല
അത് സംസാരിക്കുന്നവനിലേക്ക്
പരന്നൊഴുകുന്നു
തണുപ്പാൽ സ്പർശിക്കുന്നു

സംസാരിക്കാൻ തുടങ്ങുന്ന കുഞ്ഞിൻ്റെ അരികിലേക്ക്
മഴയായി പോകുന്നു
ഇളം വെയിലായി നിറയുന്നു

മരിക്കാറായ ഒരാളിൻ്റെ ചുണ്ടിൽ നിന്നും
അത് മൗനമായി പുറപ്പെടുന്നു
ലോകം മുഴുവൻ മുഴങ്ങുന്നു

ഭാഷ ജലത്തെപ്പോലെയാണ്
കൽക്കെട്ടുകളിൽ പതിക്കുമ്പോൾ
വെളുത്ത വെളിച്ചം തെറിപ്പിക്കുന്ന
മായാജാലങ്ങളൊളിപ്പിച്ച
അതേ ജലത്തെപ്പോലെ.

നീറ്റൽ

ഒരാളിൻ്റെ കൂടെ മൂന്നോ നാലോ പേരുണ്ട്
വേദനയുടെ കൂടെ കരുതൽ, കാരുണ്യം സ്നേഹം  എന്ന പോലെ

ഒരേ കുടുംബക്കാർ
ആരും വേദനയാകാം
കരുതൽ, കാരുണ്യം, സ്നേഹം ഇവ
മാറി മറിഞ്ഞു വരാം

എന്നാലീവരവിൽ
എല്ലാവരും വേദനയായിരുന്നു

അടുത്താളുണ്ടെന്ന അതിജീവനം
ഇത്തവണ നിലച്ചു
സമയം നോക്കാതെ പാഞ്ഞു കയറി
ജീവനെത്തിന്നു തീർത്തുറഞ്ഞു മരണം...
മരണം..