SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഏകാന്തം

കാത്തു നിൽക്കുക ഒരു ശീലമായിരുന്നു
കടയിൽ പോയാൽ അവസാനം വാങ്ങി മടങ്ങുന്നയാളായി
യാത്രയിൽ ഇറങ്ങാറാകുമ്പോൾ മാത്രം സീറ്റ്  കിട്ടുന്നയാളായി
പരീക്ഷയ്ക്ക്
ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ
പലവട്ടം മാറ്റി മാറ്റി കണക്കു കൂട്ടിക്കൊണ്ടേയിരുന്നു
കവിതകൾ നേരൂറാനായി
പുതുക്കി പുതുക്കി പിന്നെയും കുറുക്കാനായി മാറ്റിവച്ചു


തോറ്റവനായി
മന്ദഗതിക്കാരനായി
പറഞ്ഞാലും പറഞ്ഞാലും നേരാവാത്തവനായി

അയാൾക്കു മാത്രം
ഒരു വഴിയും ഇരുണ്ടതായിരുന്നില്ല
അലഞ്ഞലഞ്ഞ് 
അവസാനത്തേത് കണ്ടെത്തുന്ന
നിറവിൽ
ജീവിതം ദീപ്തമായി

ഒരിക്കൽ
കണക്കെടുപ്പു നടന്നു.
മൂന്നോ നാലോ കവിതകൾ
ആപത്തുകളിൽ വഴി മാറിക്കൊടുത്തതിൻ്റെ
നന്ദി സൂചകമായ ചിരികൾ
അലഞ്ഞ വഴികളിൽ അറിഞ്ഞ
പ്രഭാതങ്ങൾ
വെയിൽ തിളക്കങ്ങൾ
കിതപ്പുകൾ
നെടുവീർപ്പുകൾ
ബാക്കിയായി

പൂമണങ്ങൾ കൊണ്ടൊരു വീടു പണിത്
വെളിച്ചത്തിൻ്റെ നിറം കൊടുത്ത്
അതിലിരുന്ന്
തണുത്ത ജലം നുകർന്ന്
അയാൾ എന്നത്തേയും പോലെ ഇന്നലെ നിർത്തിവച്ചതിൽ നിന്നും പുറപ്പെട്ടു.

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

മലയാളം

ഓണം സെമിനാറിൽ
ഇംഗ്ലിഷ് പറയുന്നവർ 
മലയാളം പറയുന്നവർക്കിടയിൽ 
വളരെ പെട്ടന്ന് 
വലുതായി നിവർന്നു നിന്നു
മലയാളം പറയുന്നവർ ഇംഗ്ലീഷ് പറയുന്നവർക്കിടയിൽ ചിരി മറന്ന്
തെറ്റിപ്പോകുമോ തെറ്റിപ്പോകുമോ എന്ന്
അതാണോ ഇതാണോ എന്ന്
ശങ്കിച്ചു നിന്നു

കണ്ടു നിന്ന മലയാളത്തിന് തരിപ്പ് വന്നു

മൊബൈൽ  ഡിക് ഷനറികളിൽ വാക്കിൻ്റെ പൊരുളുതേടിപ്പായുന്ന സദസ്സിനു മുന്നിലേക്കു ചാടിക്കയറി

ഒരു കാച്ച് കാച്ചി.

കവിത പാടി
സമകാലത്തിലേക്കും
പഴമയിലേക്കും
കയറു പൊട്ടിച്ചു കയറി

പെട്ടന്ന് എല്ലാവരും മലയാളികളായി
നാട്ടിടവഴികൾ തെളിഞ്ഞു
പൂക്കൾ വിരിഞ്ഞു
ഞരമ്പുകൾ അയഞ്ഞ്
അനായാസത കൊണ്ട്
സംഘഗാനം പാടി.

2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

നേരുകളുടെ പാട്ട്

വീട്ടുമുറ്റത്തെ പൂച്ചെടികളെക്കുറിച്ച്
തളിർത്തു വളരുന്ന മരങ്ങളെക്കുറിച്ച്
എഴുതാൻ പറഞ്ഞാൽ
ഞാൻ പിൻ വാങ്ങും

കിഴക്കുഭാഗത്ത് പുലർച്ചെ ഉദയം നോക്കി നിൽക്കുന്ന നേരത്തെക്കുറിച്ചു പറയൂ
എന്നാണെങ്കിലും എനിക്ക് കഴിയില്ല

ദാഹജലം കോരുന്ന
കിണറിനെപ്പറ്റി
വേറിട്ട മണമുള്ള മാവിനെപ്പറ്റി 
വടക്കു ചേർന്നൊഴുകുന്ന
ചാലിനെപ്പറ്റി
പറയാൻ തുടങ്ങിയാൽ
ഞാൻ ദുർബലനാകും

അരുതാത്തത് ചെയ്യുന്നതിൻ്റെ
പിരിമുറുക്കങ്ങൾ നിറയും

എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാതിരുന്നാൽ
വിജയിക്കുന്ന പരീക്ഷയാണ് ജീവിതം
എന്ന് തോന്നാറുണ്ട്

മടിയനെന്നോ മണ്ടനെന്നോ
വിളിച്ചാൽ കുലുങ്ങുകില്ല
അപ്പോഴുള്ള നില നിൽപ്പിൻ്റെ യുക്തിയാണ്
ഏറ്റവും മനോഹരമായ കവിത

പാടങ്ങൾ പച്ചനിറഞ്ഞ് ചിരിക്കുമ്പോൾ
പാട്ടുകൾ കേൾക്കുമ്പോൾ
നട്ട വിത്തിൻ്റെ തളിർച്ചിരി കാണുമ്പോൾ
നിറയുന്നതാണ് സത്യം

കൊടുംകാറ്റിലുലയാതിരിക്കാൻ
ആരോടും പങ്കുവയ്ക്കാത്ത
രണ്ടേ രണ്ടുവരി കവിത മതി!

പേന

ഒരു ബഞ്ചിൽ മുട്ടിയുരുമ്മിയിരുന്നു പഠിച്ചവൻ
നടത്തുന്ന
കടയിൽ കാലങ്ങൾക്കു ശേഷം 
ഒരിക്കൽ ചെന്നു ചേർന്നു
പേനകൾ
പുസ്തകങ്ങൾ
കുഞ്ഞു കഥകൾ
കവിതകൾ
തൂക്കിയിട്ടിരിക്കുന്നു
നിറംവാരിപ്പൂശാനായി നിരനിരയായ്
ക്രയോണുകൾ
വേറിട്ട പേജുകൾ കൂട്ടിക്കെട്ടാനായി
സ്റ്റാപ്ളറുകൾ

രണ്ട് മൂന്നിനങ്ങൾ വാങ്ങി
യാത്ര പറഞ്ഞിറങ്ങി

വീടെത്തി
സഞ്ചി തുറന്ന്  
ചെറിയോൾക്കുള്ളതും വലിയോൾക്കുള്ളതും
നൽകി
സഞ്ചികുലുക്കിയപ്പോൾ
കണക്കിൽപ്പെടാത്ത ഒരു പേന

അറിഞ്ഞു തന്നതാവും എന്നു മാത്രം നിനച്ചു

പഴയ നാട്ടുവഴിയിൽ
ഇതൾ നീർത്തിയ പൂമരങ്ങൾ
ക്ലാസിലെ കറുത്ത ബോർഡിൽ തിമിർത്ത ചിത്രങ്ങൾ
വരച്ച് വരച്ച്
അതിലെ മഷിതീർന്നു.
പിന്നെ
വലിച്ചെറിയാതെ കരുതിവച്ചു
മയിൽപ്പീലി പോലെയെൻ പുസ്തകപ്പെട്ടിയിൽ!

2020, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ഉറുമ്പിൻചാലിൽ ചവിട്ടാതെ

അകലം പാലിച്ച് നടന്ന് 
അടുത്തുള്ള കടയിൽ പോയി
ആളുകൾ മൂടിയ വായ കൊണ്ട് ഹായ് പറഞ്ഞു
അധികമില്ല സംസാരം
എല്ലാവരും പെട്ടന്നു മടങ്ങുന്നു

ഇപ്പോൾ
നടുറോഡിലൂടെ നടക്കാം
തിരക്കിട്ടു പായുന്ന വാഹനങ്ങളോ
മനുഷ്യരോ ഇല്ല

കാക്കകൾക്കും കുയിലുകൾക്കും മനുഷ്യരോട് ഇഷ്ടം കൂടി
കണ്ട പാടേ അവർ ദൂരേക്കോടി മറയുന്നില്ല

പൂച്ചയും പട്ടിയും പിണക്കത്തിലാണ്
അവർക്ക് കിട്ടുന്ന വിഹിതത്തിൽ
എന്തോ പിശുക്കുണ്ട്

വലിയ ശബ്ദങ്ങൾ ഇല്ല
പ്രതികാരങ്ങൾ ഇല്ല

ഇന്നലത്തേതിൻ്റെ ബാക്കിയും
നാളത്തേതിൻ്റെ തിരക്കും ഇല്ല

ഒഴിക്കുന്ന വെള്ളത്തിന്
പിറ്റേന്നു രാവിലേക്ക്
തളിർച്ചിരിയുണ്ട്

ആദ്യത്തെ പയർ ഇന്ന് മൊട്ടിട്ടു
കപ്പയ്ക്കു തടമൊരുക്കി
ചാണകം കലക്കിയൊഴിച്ചു

ഇങ്ങനെ മറ്റൊരിക്കലും
എഴുതിയിട്ടില്ല
ഇതുവരെയില്ലാത്തൊരു ശ്വാസത്തിൽ ഇന്നെഴുതാൻ കഴിയുന്നു

ചെടികൾക്ക് അവയുടെ നേര് തിരിച്ചു കിട്ടിയ പോലെ
സമുദ്രങ്ങളും നദികളും
സമനില വീണ്ടെടുത്തതു പോലെ

വിശക്കാതെയായിരുന്നു ഭക്ഷണം കഴിച്ചത്
പ്രണയിക്കാതെയായിരുന്നു ഇണചേർന്നത്
ഉള്ളുണരാതെയായിരുന്നു അത് ചിരിച്ചത്

ഇപ്പോൾ നോക്കൂ
ഭയരഹിതരായി പൂമ്പാറ്റകൾ
നട്ടുവളർത്തിയ പൂവിലെ തേൻ കുടിക്കുന്നു
ഉറുമ്പിൻ ചാലിൽ ചവിട്ടാതെ നടന്നു പോയി ഒരാൾ വേലിയിലെ കിളികളോട് സംസാരിക്കുന്നു

നിലനിൽപ്പ് (രാഷ്ട്രീയം)

ഒന്നാമത്തെ  മാസികയ്ക്കായി
കവിതകളെഴുതുമ്പോൾ
ഉൾപ്പെടുത്തേണ്ട വാക്കുകൾ
അലമാരയിൽ മുകളിലത്തെ തട്ടിൽ വച്ചു

രണ്ടാമത്തേതിനയക്കുമ്പോൾ
ആവശ്യമായ വാക്കുകൾ
തലക്കെട്ടുകൾ
എന്നിവ തൊട്ടടുത്ത തട്ടിൽ

മൂന്നാമത്തേതിനു വേണ്ടവ
അതിനും താഴെ

ആ വാക്കുകൾ ഏതെന്നായിരിക്കും
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്
അത് പറയില്ല

ആർക്കും അയച്ചുകൊടുക്കാത്തവ
സൂക്ഷിക്കാനുള്ളതാണ്
അലമാരയുടെ അടിത്തട്ട്

അയച്ചുകൊടുക്കാത്തതെന്ത്
എന്നല്ലേ
അങ്ങനെ ചെയ്യില്ല എന്നു മാത്രമാണ് ഉത്തരം

അവ പുസ്തകങ്ങളാവുകയുമില്ല
നിശ്ചിത കാലം കൂടുമ്പോൾ കത്തിച്ചു കളയാറാണ് പതിവ്

എന്നാൽ
നിങ്ങൾ ചോദിക്കുകയാണെങ്കിൽ
വരി മാറാതെ
ഇടയ്ക്ക് സ്തംഭിക്കാതെ
മൂളാതെ
ഞാനത് പറയും
ചോദിക്കുകയാണെതിൽ മാത്രം

ജീവിതത്തെ വ്യഭിചരിക്കുന്നവൻ
ചതിയൻ വഞ്ചകൻ
എന്നൊക്കെയിരിക്കും നിങ്ങൾ
മറ്റൊരാളോട് എന്നെക്കുറിച്ച് പറയുക

എന്നാൽ
കവിയായി മാത്രം ജീവിച്ചു നോക്കൂ 
മറ്റൊരു തൊഴിലും അറിയില്ലെന്നും കരുതൂ
തീർച്ചയായും
നിങ്ങൾ ഒരു ഭ്രാന്തനോ
യുക്തിക്ക് നിരക്കാത്തവനോ ആയിത്തീരും
അതിൽ നിന്ന് രക്ഷപ്പെടാനുള്ള
കേവലയുക്തി പ്രയോഗങ്ങളാണ് അലമാരയിൽ

പേടിക്കേണ്ട
എത്രയും പെട്ടന്ന് ഞാനീപ്പണി നിർത്തും
മറ്റൊരു വഴിയേ പോകും
അലമാരയിലെ വാക്കുകൾ കാലിയാക്കും
അടിത്തട്ടിലേതൊഴികെ !

2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഒരേ വേഗം

കുതിച്ചോടുന്ന സമയത്തിൽ നിന്നും 
ഒരുപാട്ടുദൂരം  മുറിച്ചെടുക്കണം
ഒട്ടും എളുപ്പമല്ല
കത്തിവയ്ക്കുന്നിടത്തല്ല മുറിയുക
പിടിച്ചു നിർത്തുക സാധ്യമല്ല വേഗത്തെ
വെട്ട് ശരിയാകാനുള്ള ഒരേയൊരു മാർഗം
അതേ വേഗതയിലോടുക മാത്രമാണ്

വളരെ വേഗത്തിലുള്ള ഓട്ടങ്ങളിൽ
അതേ വേഗതയിലോടുന്നവരായി മാറുമെന്നാണല്ലോ ശാസ്ത്രം
വെളിച്ചത്തോടൊപ്പമാകുമ്പോൾ വെളിച്ചം
ശബ്ദത്തോടൊപ്പമാകുമ്പോൾ ശബ്ദം

ലോകത്തെ എല്ലാ പ്രണയികളും
ഒരേ വേഗത്തിലോടുന്നു
ഒന്നാകുമെന്ന് ഒരു നിശ്ചയവുമില്ലാതെ

അവരെ വേർതിരിക്കേണ്ടവർ
എതിർദിശയിലോടുന്നു

കൊടുങ്കാറ്റുകൾ
മിന്നൽപ്പിണരുകൾ
ഉണ്ടാകുന്നു

എന്നാൽ പെരുമഴയ്ക്കപ്പുറം
നിശ്ചലമായ പ്രഭാതത്തിൽ
ഒഴുകിപ്പോയ മൺതിട്ടകൾക്കുമേൽ
ഒരു ചെടിയിൽ രണ്ട് പൂക്കൾ ചിരിച്ചു നിൽക്കുന്നു


2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ഒരു കവിത കേട്ടാൽ

ഉള്ളിൽ നിന്നിറങ്ങിപ്പോകും
വലിയ നാട്യക്കാർ

കാര്യങ്ങൾ അങ്ങനെയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ്
കാത്തുനിൽക്കുന്നവർ

അമ്മയോടുള്ള വാശികൾ
അച്ഛനോടുള്ള പിണക്കങ്ങൾ
അയൽക്കാരോടുള്ള ഗൗരവം

ചെടികളോടുള്ള നിസംഗത
ആകാശത്തോടുള്ള പക
അകത്തോടുള്ള നിരാശ

നാളെ നാളെയെന്നുള്ള 
നിനവുക
നിസംഗചിന്തകൾ

കവിത കേട്ടാലിറങ്ങിയോടും
പലവഴിയിടവഴിയിരുട്ടിൽ
പട്ടാപ്പകലിൽ
ചേക്കേറിയ ഉൾകള്ളന്മാർ

ബാക്കിയാവും
ഉള്ളിലേറെ നടന്നാലെത്തുന്നിടത്തെ
ശാന്തസമുദ്രം!




2020, ഓഗസ്റ്റ് 15, ശനിയാഴ്‌ച

കൊതി

ആനുകാലികങ്ങളിലെ ആ അഞ്ചു പേജുകൾ
വേഗത്തിൽ മറിച്ചു
കൂട്ടായ്മകളിൽ നിന്ന് ക്വിറ്റടിച്ചു
വിളിക്കുന്നത് കവികളെങ്കിൽ എടുക്കാതായി
ഒറ്റയ്ക്കിരിക്കുമ്പോൾ
വന്നു ചേരുന്ന വരികളെ കുറിച്ചു വയ്ക്കുന്നത് നിർത്തി
പുഴവക്കിലങ്ങനെ നോക്കിനിൽക്കാൻ പോകാതായി

രാവിലെയുള്ള നടത്തത്തിന് ദൂരം കൂട്ടി
വൈകീട്ടും നടക്കാൻ തുടങ്ങി

ഒറ്റയ്ക്കിരിക്കാറുള്ളയിടങ്ങളിൽ
ഒരുക്കി വച്ച കസേരകൾ എടുത്തു മാറ്റി
പേന കടലാസ് ഇവ എളുപ്പത്തിൽ കിട്ടാത്ത
തട്ടിൻപുറങ്ങളിലേക്ക് മാറ്റി

വാങ്ങി വച്ചിരുന്ന വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങൾ വായനശാലയ്ക്കു കൊടുത്തു

വാർഷിക യോഗങ്ങളിൽ പ്രസംഗം തുടങ്ങുന്നതിൻ മുമ്പേ പോയി മടങ്ങി

മുറ്റത്തെ ചെടികൾ നനച്ചു
പുലർച്ചെ എഴുന്നേറ്റു
മൗനത്തിലിരുന്നു
പക്ഷികളെപ്പോലെ
പശുവിനെപ്പോലെ
തുമ്പികളെപ്പോലെയാവാൻ കൊതിച്ചു

2020, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

മൂളിപ്പാട്ട്

അറിയാത്തൊരാളെഴുതി
അവിചാരിതമായി
കേട്ട്
ഇഷ്ടമായ കവിതകൾ
എടുത്തു വയ്ക്കാറുണ്ട്

പാടിയതാരെന്നറിയാത്ത
നെഞ്ചിലേറ്റിയ
ചില പാട്ടുകൾ
കൊരുത്തു വയ്ക്കാറുണ്ട്

ആദ്യമായി ചെന്നെത്തിയ
ദേശത്ത്
കണ്ണിമ ചിമ്മാതെ നോക്കിയ കാഴ്ചകളെ
കൂടെ കൂട്ടാറുണ്ട്

അവയ്ക്ക് അനുസരണ ശീലമുണ്ട്
ആവശ്യമായ നേരത്ത്
ആദ്യ വരി
അല്ലെങ്കിൽ ഈണം
ഞൊടിയിടയിൽ കാഴ്ചയുടെ ഒരു നിമിഷം
ഓർമ്മയിലേക്ക് വരും
പിന്നെ പിൻ വാങ്ങും

ഒരാൾ പിൻവാങ്ങുമ്പോൾ
അയാളുടെ  വേരുകൾ പടർന്ന
ആ നേരുകളും ഇല്ലാതാകുന്നു

അവരെ ഓർമ്മിക്കുന്നവർ
മറ്റൊരു കാലത്ത്
അതുവഴി പോകുമ്പോൾ
ആ പാട്ടുകൾ, കാഴ്ചകൾ
ആരുമറിയാതെ
അവരെ നോക്കും
നേർത്ത കാറ്റ് കൊണ്ടു തൊടും
ഒരു മൂളിപ്പാട്ട് പാടും

പിന്നിൽ നിന്നാരോ വിളിച്ചതായി തോന്നി
അവർ തിരിഞ്ഞു നോക്കും

2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കാണാതെ

പുലർച്ചെ കവിതയിൽ നിന്നിറങ്ങി നടന്നു
സൂര്യനെ നോക്കിയതേയില്ല
പൂക്കളുടെ വിളി കേട്ടില്ലെന്നു നടിച്ചു
നദി പതഞ്ഞൊഴുകി ശബ്ദിക്കുന്നത്
കേൾക്കാതിരിക്കാൻ കാതു പൊത്തി

കൈയിൽ കരുതിയ
തൂമ്പ കൊണ്ട് മണ്ണ് കിളിച്ചു
മടിയിൽ കരുതിയ വിത്തു വിതച്ചു
കൈക്കുമ്പിളിൽ വെള്ളം കോരി  
പതിയെ നനച്ചു

ഉച്ചയ്ക്ക് കാട്ടിലേക്കു കയറി
വിറകുകമ്പുകൾ അടുക്കി വച്ചു
കായ്കനികൾ പാളയിൽ പൊതിഞ്ഞെടുത്തു
ബോധപൂർവം
ഇലകൾക്കിടയിലൂടൂർന്നു വരുന്ന വെളിച്ചത്തെ
കിളിപ്പാട്ടിനെ അകറ്റി നിർത്തി

അന്തിക്കു വീട്ടിലെത്തി
കഞ്ഞി തിളപ്പിച്ച് കുടിച്ച് കിടന്നുറങ്ങി

നട്ട വിത്തിന് വെള്ളം തൂവാൻ
കമ്പ് നാട്ടാൻ
വേലി കെട്ടാൻ
പെരുച്ചാഴിയെ
പന്നിയെ തുരത്താൻ
പുലർച്ചെ പലവട്ടം പിന്നെയും പോയി

മഴ വെയിൽ തണുപ്പുകാലം
മാറി മാറി വന്നു
ഒരു ദിനം അന്തിയിൽ
കുലച്ച കുല പേറി
പറിച്ച പയർ തൂക്കി
ചന്തയിൽ പോയി
വിറ്റു
പുതിയൊരു കവിത വാങ്ങി
പൂക്കളെ കാട്ടാതെ
വെളിച്ചം കൊള്ളാതെ
വീട്ടിലേക്ക് കൊണ്ടുവന്നു

മുറുക്കിച്ചുവന്നവൾക്കും
പിള്ളാർക്കും അതിഷ്ടായി
അവരെന്നെ നോക്കി ചിരിച്ചു
നിലാവ് കാണാതെ ഞാനും ചിരിച്ചു.

2020, ഓഗസ്റ്റ് 9, ഞായറാഴ്‌ച

അന്വേഷണം

ചെയ്തതെല്ലാം മറക്കുന്നു
ഒന്നും ചെയ്തില്ലെന്ന് തോന്നുന്നു
പോയ അതേ ഇടത്തേക്ക് തന്നെ
വീണ്ടും നടക്കുന്നു
വാങ്ങിയവ തന്നെ വാങ്ങുന്നു
വിളിച്ചവരെ വീണ്ടും വിളിക്കുന്നു
എന്തു പറ്റി എന്നെല്ലാവരും ചോദിക്കുന്നു

അന്വേഷണങ്ങളെപ്പറ്റി അവരറിയുന്നില്ലല്ലോ
കണ്ടത് മറന്ന് കാണുമ്പോഴാണ്
ചലനങ്ങളുടെ
ശബ്ദങ്ങളുടെ
പൊരുൾ തെളിയുക എന്ന് അവരോടാര് പറയും

എത്ര ചോദിച്ചാലാണ്
എത്ര കണ്ടാലാണ്
എത്ര മുങ്ങാംകുഴിയിട്ടാലാണ്
ആ നൂലിൻ്റെ അറ്റം
ഒന്നു തൊടാൻ
കാണാൻ പറ്റുക
എന്ന് ആരോടാണ് പറയുക.

2020, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഏകാന്തത

ഏതു കുത്തൊഴുക്കിനിടയിലും
തിരിച്ചൊഴുകും
ഏതു കുതിപ്പിലും
നേരത്തെ പിടിച്ചു നിർത്തും
ഗുരുത്വാകർഷബലത്തിൽ
മണ്ണ് തുളച്ചും പോകും

ആൾക്കൂട്ടത്തിനു നടുവിലിരിക്കുന്ന
അയാളുടെ
കണ്ണുകൾ നോക്കൂ

പറയാനുളള വാക്കൊരുക്കുന്ന
മൗനക്കടലിരമ്പം കേൾക്കൂ

ഏകാന്തതയോളം പോരില്ല ഒന്നും.

ആത്മചരിതങ്ങൾ

എന്നെ  അറിയാത്തവരാണ്
എനിക്കു ചുറ്റിലും.

ഞാൻ സഞ്ചാരിയാണെന്നോ
ഹിമാലയത്തിൽ
മഞ്ഞുപാളികൾക്കിടയിൽ
ശ്വാസം മുട്ടിയവനാണെന്നോ
അവർക്കറിയില്ല

നാട്ടിലെ കുന്നുകളെപ്പറ്റി
പഠിച്ചതും
പത്രത്തിലെഴുതിയതും അവർ വായിച്ചിട്ടില്ല

മുപ്പതു വർഷങ്ങൾക്കു മുന്നേ
തെരുവിൽ അലയുകയായിരുന്ന എന്നെ
കരുണാമയനായ ഒരാൾ
കണ്ടെത്തുകയും
കൂടെപ്പാർപ്പിക്കുകയും
മകനെന്ന് പരിചയപ്പെടുത്തി വരുന്നതും
അവർക്കറിയില്ല

ആത്മസത്വം അവരറിയാത്തത് നന്നായി 
എന്ന് തോന്നാറുണ്ട്

അവരറിയുമ്പോൾ
അടുത്തു വരുന്ന രണ്ടു വണ്ടികൾക്കിടയിൽപ്പെട്ടപോലെ ഞാൻ
അരഞ്ഞു പോയേനെ
ഏകാന്തതയിലേക്കോ
തെരുവിലേക്കു തന്നെയോ മടങ്ങേണ്ടി വന്നേനെ.

അവനവൻ സൂക്ഷിക്കേണ്ടതാണ്
ആത്മചരിതങ്ങൾ എന്നും തോന്നാറുണ്ട്

അവയോളം ബലമില്ല മറ്റൊന്നിനും.
അവയോളം ശിഥിലമാക്കുന്നതായുമില്ല
മറ്റൊന്നും.

2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ധ്വനി

വാക്കുകൾ കുറഞ്ഞ കവിതയ്ക്ക്
എവിടെപ്പോയാലും
കുറഞ്ഞ ഇടം മതി
ഇരിക്കാൻ പറയാത്തതിനോ
കസേര നീക്കിവയ്ക്കാത്തതിനോ
അതിന് പരാതിയില്ല
എത്തിച്ചേരുമ്പോഴേക്കും അന്നം തീർന്നാലും
ബാക്കിയുള്ളത് മറ്റുള്ളവർക്കായി നീക്കിവച്ചാലും സന്തോഷമേയുള്ളൂ
അൽപം എന്ന സിദ്ധാന്തത്തിലുറച്ച്
വള്ളിച്ചെരുപ്പിലും
പരുത്തിത്തുണിയിലും
നടത്തത്തിലും
മണ്ണിലും അത് സങ്കോചമില്ലാതെ ചിരിച്ചു

വാക്കുകൾ കൂടിയ കവിതകൾക്ക്
എപ്പോഴും ആധിയുണ്ട്
വാക്കുകൾ എവിടെ വയ്ക്കുമെന്നോർത്ത് അവയ്ക്ക്  ആശങ്കപ്പെടുന്നു
പറഞ്ഞതും പറയാനുള്ളതുമായ വാക്കുകൾ സൂക്ഷിക്കണം
ഒന്നു കുറഞ്ഞാലുണ്ടാകുന്ന
വ്യാഖ്യാനങ്ങളിൽ അവയ്ക്ക് ഇരിക്കപ്പൊറുതിയില്ല


തിരികെ

പൂവുകൾ മൊട്ടിലേക്കും
തണ്ടുകൾ വഴി വേരിറങ്ങി
മണ്ണിലേക്കും 

മലകൾ
ഭൂകമ്പങ്ങൾ വഴി
അഗ്നിപർവ്വതങ്ങളിൽ തിളച്ചൊഴുകി
സമതലങ്ങളിലേക്ക്

കിളികൾ
നിഷ്കളങ്കതയിലേക്കും
തുറന്നതോടുകൾ വഴി മുട്ടകൾക്കുള്ളിലേക്കും
അവിടെ നിന്നും
പ്രണയം ഒന്നാക്കിയ ഇടങ്ങൾ വഴി
ശൂന്യതയിലേക്കും

കല്ലുകൾ
വിസ്ഫോടനങ്ങൾക്കു മുമ്പേ
ഉണ്ടായിരുന്ന നക്ഷത്രങ്ങളിലേക്കും
അതുവഴി ഉരുകുന്ന തീയിലേക്കും
പ്രകാശത്തിലേക്കും

നദികൾ
പുറപ്പട്ട ഉറവകളിലേക്കും
ഭൂഗർഭത്തിലേക്കാണ്ടു പോകുന്നതിനും
മുമ്പുള്ള മഹാവർഷങ്ങൾ വഴി
ഘനീഭവിക്കാത്ത
മേഘപാളിയിലേക്കും

മനുഷ്യർ 
കല്ലുരച്ച് തീ കടയുന്ന
കാട്ടിലേക്കും
കാട്ടുചേലയുടുക്കുന്ന നേരും കടന്ന്
ഉരുവം കൊള്ളാനിണചേർന്ന
ദേശം തുളച്ച് മഹാമൗനത്തിലേക്കും

ഭൂമി
ഭൂമി മഹാവിസ്ഫോടനങ്ങൾക്കു മുന്നേ
താപം തിളച്ചൊഴുകിയ സ്ഥലികൾക്കുമപ്പുറത്തെ
ശൂന്യതയിലേക്ക്

ഒറ്റ

മുകളിൽ
പൊതുവായി ചില ശബ്ദങ്ങൾ മുഴങ്ങുന്നുണ്ടെന്നല്ലാതെ
ചിലരതിലേക്ക് പതിയെ നടക്കുന്നുണ്ടെന്നല്ലാതെ

മറ്റുചിലരതിലേക്ക് മുങ്ങാംകുഴിയിട്ട്
അടിത്തട്ടിൽ കേട്ടവ
പിന്നീട് പലവട്ടം പറയുന്നുണ്ടെന്നല്ലാതെ

ചിലരതുകേട്ടശേഷം മറ്റൊരു വഴി
കാറ്റു തേടി പോകുന്നുവെന്നല്ലാതെ

ഒറ്റയാണ്
ഒറ്റയ്ക്കാണ് ....