SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

കവിത്വം

ആരവങ്ങളില്‍ മുങ്ങിത്താഴാന്‍ ഒരുക്കമല്ല.

കുതറിമാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.

ഒരുപിടി മണ്ണില്‍
ഇലത്തുമ്പിലെ തിളക്കത്തില്‍
വേരുകളുടെ ഈര്‍പ്പത്തില്‍
മേഘങ്ങളുടെ വിശുദ്ധഭാഷയില്‍
ഏതെങ്കിലും ഒഴി‍ഞ്ഞ മൂലയിലിരുന്ന്
അത് ചികയും
നരകത്തിന്‍റെ നാരും വേരും

വായന

ചില വാക്കുകള്‍ക്ക് ഉള്ളുകളില്ല.

കാറ്റും കായാമ്പൂമണവും കൊതിച്ച്
കരള്‍ത്തുടിപ്പ് എത്തിനോക്കുമ്പോള്‍
മൂര്‍ച്ഛയുടെ ഒരു മുള്ള് നെഞ്ചില്‍ത്തറയ്ക്കും.

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

കാലാന്തരം

ആത്മബോധത്തിന്‍റെ പൊരുള്‍
അതേപടിയറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇരുണ്ട മുറിക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുംപോള്‍
ഒരുതുള്ളി കണ്ണുനീരായി അതൊഴുകും.
പച്ചയുടെ പൂക്കളുടെ നിറവില്‍ ആത്മഹര്‍ഷമായി അത് മിന്നിമറയും.

പിന്നീടാണ് ശബ്ദങ്ങളും വെളിച്ചങ്ങളും തെളിവാര്‍ന്ന് മികവാര്‍ന്ന്
ഇരിപ്പിടങ്ങള്‍ക്ക് മുന്നില്‍ വന്നത്.
അങ്ങനെയല്ല അങ്ങനെയല്ല എന്ന് അത് നിത്യബോധത്തെ ധരിപ്പിച്ചു.
ഇലയായ് പൊഴിയേണ്ട ജീവിതത്തെ
മരണശേഷവും
മുള്ളായ് മറ്റുള്ളവരുടെ കാലില്‍ തറപ്പിച്ചു.

കാടു കിടക്കേണ്ടിടത്തൊരു തരിശ് കിടന്നു.

തരിശില്‍ കാട്ടാളനല്ലോ കൂടാരം കെട്ടിക്കഴിയുന്നു.

ശില്പി

ഏതു വഴിയേ പോയാലും നിന്‍റെ കരവിരുതു കാണും

നീ കരുത്തായും കവിതയായും കണ്ണായും നില്‍ക്കുന്നുണ്ടാവും


ബ്രഹ്മാവ് നീയെന്നു നിനയ്ക്കും


നേരംപോക്കുകളില്‍ ഞാന്‍ നിന്നെക്കുറിച്ചോര്‍ക്കും
നീ ചെയ്യുന്നതു പോലെ ചെയ്യും



ഉളി തെന്നും
കല്ലിന്‍റെ നെ‍‍ഞ്ചത്തു കൊള്ളും

കല്ലെന്നെ കത്തിചൂണ്ടി ഓടിക്കും

ഗുരു

നമ്മെപ്പോലെ മതിലുകളില്ല

ക്രമം വിട്ടു പടരില്ല

കൂണുപോലെ പൊന്തിവന്നാരും തടുക്കുകില്ല

ആകാശത്തെക്കുറിച്ചു പറയും
അതിന്‍റെ വെളിച്ചത്തെക്കുറിച്ചും മഴയെക്കുറിച്ചും പറയും

വാക്കുകളില്ലാത്ത കവിതകള്‍ പഠിപ്പിക്കും