SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2013, നവംബർ 7, വ്യാഴാഴ്‌ച

പറിച്ചുനടല്‍

താങ്കള്‍ നിര്യാതനായ വിവരം
ചരമക്കോളത്തില്‍ വന്നതിന്റെ പിറ്റേന്ന്
ഞാന്‍ താങ്കളുടെ വീട്ടില്‍ വന്നിരുന്നുവല്ലോ.

പതിവുരീതിയില്‍
താങ്കളുടെ വാഴകള്‍ നമസ്കാരം പറഞ്ഞു.

പയര്‍ച്ചെടികളുടെ വള്ളികള്‍
നെറുകയില്‍ തൊട്ടു.

മഞ്ഞനിറം വന്നുതുടങ്ങിയ ഒരു മാമ്പഴം
മുന്നില്‍ വന്നു.

താങ്കളില്ല എന്ന്
ഒരാളും പറയാത്ത വിധം
എത്ര സമര്‍ത്ഥമായാണ്
ചെടികളിലേക്കും മരങ്ങളിലേക്കും
താങ്കള്‍ താങ്കളുടെ ജീവന്‍
പറിച്ചുനട്ടിരുന്നത് !

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പുസ്തകം


താങ്കളെ വശീകരിക്കാനിട്ടതാണ്
ഓരോ തലക്കെട്ടുകളും.

താഴെ മായം കലര്‍ത്തിയ ജീവിതമായാലും
കുഴപ്പമില്ല എന്ന ചതി
കൃത്യമായി മനസ്സില്‍ സൂക്ഷിച്ച്.

താങ്കളെ ആകര്‍ഷിക്കാന്‍
കൊടുത്തതാണ്
പുറംചട്ടയിലെ മുലകളും കണങ്കാലുകളും.

ഉള്‍പേജുകളില്‍ ജീവിതത്തിന്റെ നനവില്ലെങ്കിലും
താങ്കള്‍ വാങ്ങിക്കുമെന്നുറപ്പിച്ച്.

ഒറ്റനോട്ടത്തില്‍ വലയില്‍വീഴ്ത്താന്‍ എഴുതിയതാണ്
പിന്‍ചട്ടയിലെ കുറിപ്പ്.

മറ്റേതോ വരികള്‍ക്ക് വേണ്ടി
എഴുതിയത് അല്‍പം മാറ്റി
വലയില്‍ വീഴും എന്ന് ഇടങ്കണ്ണിട്ട്.

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

കരുതല്‍

ഇത്തവണ
പരിചിതരുടെ മരണങ്ങള്‍
കൂടുതലാണ്

വണ്ടി തട്ടി രാമു
കുഴഞ്ഞുവീണ് കുഞ്ഞായന്‍
മരംവീണ് ജോസഫ്

കിടന്നകിടപ്പില്‍ പത്താണ്ട് തികച്ച മാധവിയമ്മ
തലയില്‍ തേങ്ങവീണ്
ഒന്നും മിണ്ടാതെ
മുപ്പതാണ്ട് ചിരിച്ചുകൊണ്ടിരിക്കുക മാത്രം ചെയ്ത വിഷ്ണു

കാലന്‍ കുടിശ്ശിക തീര്‍ത്തതാവും

ഈയിടെയായി
ബസ്സിലിരിക്കുമ്പോഴും
റോഡ് കുറുകെ കടക്കുമ്പോഴും
തെങ്ങുകയറുമ്പോഴും
ഒരു കരുതല്‍

സൈഡ് സീറ്റിലും മുന്‍സീറ്റിലും ഇരിക്കേണ്ട
ഒത്ത നടുവിലിരുന്നാല്‍ മതി

വാഹനങ്ങള്‍ പോയിക്കഴിഞ്ഞശേഷം
സീബ്രാലൈനില്‍കൂടി മാത്രം റോഡ് മുറിച്ചുകടന്നാല്‍ മതി

ഉറപ്പുള്ള തളയുണ്ടെങ്കിലേ തെങ്ങിന്മേല്‍ കയറുന്നുള്ളൂ
ഇല്ലെങ്കില്‍ ആളെ വിളിക്കാം

എല്ലാം
മുമ്പില്ലാത്തത്.
കൃത്യമായിപ്പറഞ്ഞാല്‍
അരിവാങ്ങാന്‍ പോയ ബാബു 
വയലില്‍ വച്ച് പാമ്പുകടിച്ച് മരിച്ചതിനുശേഷം.