SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2010, മേയ് 29, ശനിയാഴ്‌ച

രാജാവ്

സമയമാണ് രാജാവ് .
മറ്റെല്ലാം പ്രജകള്‍ .
പ്രതി നിമിഷം തകര്‍ച്ചകള്‍ താണ്ടവങ്ങള്‍
ഉയിരുകള്‍ ഉല്ലാസങ്ങള്‍ മാറിമറയുന്നു .
വരുമെന്ന് പറഞ്ഞവന്‍റെ ചിത്രം ചരമപ്പേജില്‍ കാണുന്നു .
മടക്കമില്ലെന്ന് പറഞ്ഞവന്‍റെ കാല്‍പ്പെരുമാറ്റം പടിവാതില്‍ക്കല്‍ കേള്‍ക്കുന്നു .
നാലുകെട്ടിന്‍റെ കല്ലില്‍ ക്കയറി ഒരു തീയ്യന്‍ തൂറുന്നത് കാണുന്നു .
സമയമാണ് രാജാവ്
മറ്റെല്ലാം പ്രജകള്‍ !

2010, മേയ് 24, തിങ്കളാഴ്‌ച

സഞ്ചാരം

കല്ലുകളും മരങ്ങളും മഴയും പഴമയും
കണ്ടു നടന്നു.....

പുഴയുടെ വക്കത്തിരുന്നു
വെള്ളം തേവിക്കളിച്ചു

ഇഷ്ട ഗാനത്തിന്‍റെ ഈരടി മൂളി

ഒന്നിച്ചു പഠിച്ചവരെ ഓര്‍ത്തു
അവരിപ്പോഴവരായിരിക്കില്ല

ഇളം കാറ്റ് വീശിയപ്പോള്‍
ചുഴലി യെ ക്കുറിച്ചോര്‍ത്തു.
കുഞ്ഞു കരച്ചില്‍
കേട്ടപ്പോള്‍ നിലവിളിച്ചതോര്‍ത്തു .

കണ്ടു നടന്നാലുള്ളില്‍കേറും നാട്ടുവെളിച്ചങ്ങള്‍
കാണാത്തപ്പോള്‍ ഇരുട്ട് കൊല്ലും ...



2010, മേയ് 15, ശനിയാഴ്‌ച

ഒരു കുറിപ്പ്

യുക്തി രഹിതമായ ഒരു കാറ്റിനു
ഇത്രയും കാലം
വളംവച്ചു കൊടുത്തത് നമ്മള്‍ തന്നെ ...
അതുകൊണ്ടാണ്
വിശുദ്ധവും പാവനവുമായ
പൂവുകളുടെ സാന്നിധ്യത്തില്‍ ഇടറിപ്പോയത് ..
മലര്‍ക്കെ തുറക്കാന്‍ ആഗ്രഹിച്ചിട്ടും
പാത്രത്തെ മൂടിവച്ചുകൊണ്ടിരുന്നത്..
ലകഷ്യ ബോധങ്ങളെ പുകച്ചുരുളുകള്‍ മൂടുമ്പോള്‍
തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട് ഏറ്റവും വലിയ അലസതക്ക്‌
കീഴടങ്ങിയത് ...
ഭ്രമാത്മകതയുടെ ലോകത്തെ ക്ഷണിച്ചു വരുത്തിയത്..
ഏറ്റവും അവസാനമാണ്
ഇടനാഴിയിലെ ആക്രമിക്കപ്പെട്ട വെള്ളപിറാവിനെ
ഓര്‍മ്മിച്ചത് പോലും ..


കഥ

നിന്‍റെ കഥ വായിച്ച് ഞാന്‍ കരഞ്ഞുപോയി .....
ഭൂമിയിലെ ഒരില പോലുമറിയാതെയാണ് നീ കടന്നുപോയത് ...

വൃക്ഷങ്ങളെ തൊടാതെ കൊടുംകാറ്റടിച്ചതുപോലെ ......

പ്രതിസന്ധി

സ്വാതന്ത്ര്യത്തിനുള്ള മോഹം
പറക്കാതെ കൂനിക്കൂടിയിരിക്കുന്നു .
ആകാശത്തെ നോക്കുക മാത്രം ചെയ്യുന്നു .
ഒഴുകുന്ന നദിയുടെ ഓളങ്ങള്‍ എണ്ണുക മാത്രം ചെയ്യുന്നു
വീശുന്ന കാറ്റിന്‍റെ ഗതി തിരയുക മാത്രം ചെയ്യുന്നു
ആകാശമോ നദിയോ കാറ്റോ ആകുന്നേയില്ല .

എവിടെയും പോകാത്തവര്‍ പറയുന്നു...

അന്യദേശങ്ങള്‍ കാണാന്‍ പോയവര്‍ ഭാഗ്യവാന്‍മാര്‍ ...
നാം മൂന്നു ചെടി കളെക്കുറിച്ച് പറയുന്നു
അവര്‍ മൂവായിരം ചെടികളെക്കുറിച്ചറിയുന്നു
നമ്മളൊരു മലകയറ്റത്തെക്കുറിച്ച് പറയുന്നു
അവരായിരം മലകള്‍ കയറുന്നു

നനഞ്ഞതും കുതിര്‍ന്നതും
ജീര്‍ണിച്ചതുമായ ജീവിതങ്ങള്‍ കണ്ടും കേട്ടും
ഉത്തരങ്ങള്‍ നിറഞ്ഞതാവും അവരുടെ ഹൃദയം ...

അവര്‍ക്കൊരു പാട്ടെങ്കിലും പാടാനാവും
നമുക്കതിന്‍റെയൊരക്ഷരംപോലും
തൊടാനാവില്ല ......

2010, മേയ് 12, ബുധനാഴ്‌ച

കൈമുതല്‍

ഇന്നലെ കണ്ട നിലാവും ഇലപ്പച്ചയും വെയില്‍ച്ചൂടും ....
കടലനക്കവും കവിതയുടെ നേര്‍ത്ത ചിരിയും
കാത്തിരിപ്പിനോടുവില്‍ കൈവന്ന നീലാകാശവും ......

ദരിദ്രന്‍

വൈകീട്ട് വീട്ടിലെത്തുമ്പോള്‍
ഒരു കെട്ട് നിരാശ കൊണ്ടുവരും

ആശിച്ചു നില്‍ക്കുന്ന
ഭാര്യക്കും മക്കള്‍ക്കും കൊടുക്കും

അവരുടെ കണ്ണീരില്‍ മുങ്ങി
രാത്രി മരിക്കും

പിറ്റേന്ന് പുനര്‍ജനിച്ച്
വേലയ്ക്കു പോകും

2010, മേയ് 8, ശനിയാഴ്‌ച

വായ (കവിത)

എന്നു തീരും വായേ നിന്റെ വിശപ്പ് ...
അടയിലും അരിയുണ്ടയിലും ഐസ്ക്രീമിലും
നൂറു നൂറു രുചിഭേദങ്ങളിലും
വായേ നിന്റെ ജീവിതം ....
നിന്റെ മെയ് വഴക്കങ്ങളല്ലോ വാക്കുകള്‍...
വാക്കുകള്‍ മേയാന്‍ പോകുന്നു
പച്ചയായും മഞ്ഞയായും തിരിച്ചെത്തുന്നു ..
വായയുടെ തത്ത്വശാസ്ത്രം പഠിക്കാന്‍
വാസുവിന്റെ ആദിവാസിക്കോളനിയില്‍ പോയ നേരമാണ്
ഞാന്‍ വലിയൊരു തെറ്റാണെന്ന്
ബോധ്യമാകുന്നത്‌ .
ഒരു തുള്ളി ജലത്തിന് താഴെ
ഒരായിരം വായകള്‍ തുറന്നുകിടക്കുന്നത് കണ്ട്‌
ഞാനെന്റെ പുസ്തകം വലിച്ചെറിഞ്ഞു
എന്നെ കത്തിച്ചുകളഞ്ഞു ...