SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2010, ജൂൺ 6, ഞായറാഴ്‌ച

വിദ്യാലയം

പത്തു മണിയാകുമ്പോഴേക്കും
ക്ലാസ്സുമുറിയില്‍ നാല്‍പ്പതു പേര്‍ തിങ്ങി നിറയും
മഴ നനഞ്ഞും ചെളി പുരണ്ടും
നനഞ്ഞ പുസ്തകങ്ങള്‍ പേറിയും
ഓരോരുത്തരായി
അവരവര്‍ക്കില്ലാത്ത ബെഞ്ചില്‍ ഇരുന്നെന്നക്കും
അധ്യാപകര്‍ വന്നാല്‍ ഹാജര്‍ വിളി
ഹോംവര്‍ക്ക് ചോദീര്
അടി
കരച്ചില്‍ പിഴിച്ചില്‍
ഇതേഴു നേരം ആവര്‍ത്തിക്കും
നാല് മണിക്ക് ആഹ്ലാദത്തിന്‍റെ ലോകം വരും
അതിലേക്കു പടിയിറങ്ങും
**********************
പഠിച്ച സ്കൂളിന്‍റെ മുന്നിലൂടെ നടക്കുമ്പോള്‍
തെക്കേ മുറ്റത്തെ വടവൃക്ഷ ത്തിന്‍റെ
ഒരുണക്കില മുന്നില്‍ വീണു
തണല്‍ മരത്തിന്‍റെ ഇലകളില്ലാത്ത മുഖമൊന്നു കണ്ടു
പണ്ടത്തെ പൊടിമൈതാനം മലര്‍ന്നു കിടക്കുന്നു
അവിടെ പോയി ഒന്നാം ക്ലാസ്സില്‍ പഠിച്ചു
കുട്ടിയും കോലും കളിച്ചു .

2010, ജൂൺ 4, വെള്ളിയാഴ്‌ച

സ്ഥായിയായ സാഹോദര്യങ്ങള്‍

വീടിനു ജാലകങ്ങളുണ്ട് .
തുറക്കാറില്ല .
തുറന്നാല്‍ പുറത്തേക്കു നോട്ടമില്ല
നോക്കിയാല്‍ ചെരുപ്പേര്
രക്തക്കറ
മുറിഞ്ഞ വാക്ക്
കുരുക്കുന്ന വല
കൊരുക്കുന്ന കണ്ണി
ആകെ കലങ്ങിയ ദൂഷിത നരാലയം
ഉടനെ യടച്ചിടും

അടുക്കള വാതില്‍ തുറന്നു ഇലകളെ നോക്കി കുറേ നേരമിരിക്കും
ഉറുമ്പി ന്‍റെ
കര്‍മ്മോല്‍സുകത കാണും
ജല തണുപ്പ് നുകരും

കൂട്ടരായി ആരുമില്ലെങ്കിലും
അങ്ങിങ്ങ് സ്ഥായിയായ ചില സാഹോദര്യങ്ങള്‍
നില നില്‍പ്പുണ്ടെന്ന് നെടുവീര്‍പ്പിടും .

ഈ ദിനം

വരുന്ന വഴി തെളിഞ്ഞു കണ്ടു .
ആകാശ ത്തിനു അല്ലലില്ല .
കാറ്റിനു തിരക്കില്ല
വെളിച്ചത്തിന് തിളക്കക്കുറവില്ല
ആറില്‍ ഇഷ്ടം പോലെ തെളിനീര്‍
അറ്റകൈയ്യിലേക്കാരും പോകുന്നില്ല

ഇതു പോലൊരു ദിനമാദ്യം

കാത്തിരുന്നു കൈവന്നതല്ല
കൈയ്യോള മെത്തിയപ്പോള്‍ കൈക്കലാക്കിയതുമല്ല
കാലപ്രവാഹത്തില്‍ വീണു കിട്ടിയ
പൂര്‍ണതയുടെ ഒരു മുത്ത്‌ .