SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011, ജൂലൈ 30, ശനിയാഴ്‌ച

കാവല്‍ക്കാരന്‍

കരയിലേക്കും കടലിലേക്കും
എപ്പോഴും ഒരു കണ്ണു വേണം

തിര കരയെ വിഴുങ്ങിയാലും
കര തിരയെ വിഴുങ്ങിയാലും
കാവല്‍ക്കാരനാണ് ഉത്തരം പറയേണ്ടത്.

ആത്മയാനങ്ങള്‍

1
ഒഴുക്കില്ല
ഓളങ്ങളില്ല
പതനങ്ങളും വളവുതിരിവുകളുമില്ല
പിന്നെ ഞാനെങ്ങിനെ നദിയാകും?

ഒരുറവയാലെങ്കിലും സൃഷ്ടിയുടെ സുഖം
കാറ്റിന്റെ ഒരീരടിക്കെങ്കിലും കളകളം

ഇല്ല

പിന്നെഞാനെങ്ങിനെ പുഴയാകും?

2
നീയെന്റെ കണ്‍മുന്നിലുണ്ടായിരുന്നു
എന്നിട്ടും നിന്നെയറിഞ്ഞില്ല
നിന്റെ വേദനകളുടെ നൂലിഴകളെ വേര്‍തിരിച്ചില്ല.
വിളര്‍ത്തുപോയ നിന്റെ കണ്ണുകളിലേക്ക്
നിര്‍വ്യാജം ഒന്നു നോക്കുകപോലും ചെയ്തില്ല.

3
വഴിയില്‍ ഞാനെന്നെ കാത്തുനില്‍ക്കുന്നു
ഞാന്‍ വരുന്നതേയില്ല.
ഞാനെവിടെപ്പോയി?

4
നിന്റെ വാക്കുകളിലെ ദാഹജലം മോന്തിക്കുടിച്ച്.
വിയര്‍പ്പുവീണ ഭൂമിയുടെ മണല്‍പ്പരപ്പിലൂടെ ഏന്തിവലിഞ്ഞ്.
ഒരു ജന്മം കൊണ്ട് കടഞ്ഞെടുത്ത വാക്കും ഈണവും കൊണ്ട്
നിന്റെ കവിതയിലെത്താതെ ഞാനെവിടെപ്പോകാന്‍ .... അല്ലേ !

എഴുത്ത്

1
കാണുന്നു
കേള്‍ക്കുന്നു
രുചിക്കുന്നു
തൊട്ടറിയുന്നു

സത്വത്തിലേക്കരിച്ചിറങ്ങുന്നു

തലങ്ങും വിലങ്ങും എഴുതിപ്പിടിപ്പിക്കുന്നു

ചിലത് തള്ളുന്നു
ചിലത് കൊള്ളുന്നു

കൊണ്ടത് നിനക്ക്.

കൊള്ളാത്തതിരുട്ടില്‍ത്തട്ടിയിനിയും
തിരിച്ചുവരും.
നിനക്കായിത്തന്നെ!
2.
എഴുത്തുനിര്‍ത്തിയതുകാരണം ഇപ്പോഴൊറ്റയ്ക്കിരുന്നുരുകലില്ല.
പുല്ലിലേക്കും പുഴയിലേക്കും നോട്ടമില്ല.
ടെറസ്സില്‍ മലര്‍ന്നു കിടപ്പില്ല.
നക്ഷത്രങ്ങളെ നോക്കി നെടുവീര്‍പ്പില്ല.

യന്ത്രം കണക്കെ പോകുന്നു.

വാക്കിനു വാക്ക്.
കണ്ണിനു കണ്ണ്.
പല്ലിനു പല്ല്.

രാക്ഷസീഭവിച്ചത് എഴുത്തില്ലാത്ത ജീവിതം!

2011, ജൂലൈ 23, ശനിയാഴ്‌ച

ഒച്ചകള്‍

മുറ്റത്തിരിക്കുമ്പോള്‍ പലതരം ഒച്ചകള്‍ കേള്‍ക്കാം.

ജലം ഒഴുകുന്നത്
ഇലകള്‍ വീഴുന്നത്
കല്ലുകള്‍ ഉരുളുന്നത്
കിളി ചിലയ്ക്കുന്നത്
കുട്ടികള്‍ കരയുന്നത്
അമ്മ വിളിക്കുന്നത്
പങ്കജാക്ഷി വീടിനു പിറകില്‍ തേങ്ങായിടുന്നത്

ഒച്ചകള്‍ക്ക് രൂപം മാറാം, ആഴം കൂട്ടാം, കുറയ്ക്കാം
ഏതു ഗഹ്വരത്തിലേക്കും ചെല്ലാം ചെടിപ്പിക്കാം.

ഒച്ചയില്ലാത്തൊരു ലോകമുണ്ടോ?
എങ്കിലതിന്റെ ഒച്ചയെങ്ങനെ?

വൈകുന്നേരങ്ങളില്‍ ഓരോ വളവിലും ചെന്നിരിക്കുന്നു.
ഒച്ച കേള്‍ക്കുന്നു.
ഒച്ചമാത്രമാണു ജീവിതം എന്നെഴുതിവയ്ക്കുന്നു.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

സഞ്ചാരം

കല്ലുകളും മരങ്ങളും മഴയും പഴമയും കണ്ടുനടന്നു.
പുഴയുടെ വക്കത്തിരുന്നു
വെള്ളം തേവിക്കളിച്ചു.
ഇഷ്ടഗാനത്തിന്റെ ഈരടി മൂളി.

ഒന്നിച്ചുപഠിച്ചവരെയോര്‍ത്തു,
അവരിപ്പോഴവരായിരിക്കില്ല.

ഇളംകാറ്റ് വീശിയപ്പോള്‍ ചുഴലിയെക്കുറിച്ചോര്‍ത്തു.
കുഞ്ഞുകരച്ചില്‍ കേട്ടപ്പോള്‍ നിലവിളിച്ചതോര്‍ത്തു.

കണ്ടുനടന്നാലുള്ളില്‍ക്കേറും നാട്ടുവെളിച്ചങ്ങള്‍
കാണാത്തപ്പോഴിരുട്ട് കൊല്ലും!

രോഗി

മുറിയുടെ ജനാലയ്ക്കപ്പുറം ഇരുട്ട്.

ഇപ്പുറം
വൈദ്യുതിവെളിച്ചത്തില്‍
ചികിത്സാച്ചെലവെഴുതിയ പുസ്തകം.
തുണിക്കഷണങ്ങള്‍
കമ്പിളിപ്പുതപ്പ്
ഛര്‍ദ്ദിക്കുന്ന പാത്രം
മരുന്നുമണം.

കട്ടിലിനടിയില്‍
കാവല്‍കിടക്കാന്‍ വരുന്ന കുട്ടിയുടെ പായ.
അവന്‍ ഇപ്പോള്‍ വായിക്കുന്ന പുസ്തകം.

ഇടവിട്ടുവരുന്നു വയറ്റിനുള്ളിലെ നീറ്റല്‍

മുറിയുടെ ജനാലയ്ക്കപ്പുറം ഇരുട്ട്.

മുറിയിലേയ്ക്കൊലിച്ചുവരുന്നു ഇരുട്ട് !

2011, ജൂലൈ 20, ബുധനാഴ്‌ച

ആയി !

എന്നിട്ടും ചില ചോദ്യങ്ങള്‍ ബാക്കിയായി.

അവയ്ക്കുത്തരങ്ങളുണ്ടെന്നും ഇല്ലെന്നുമായി.

വാക്കുകള്‍ വിസ്തരിക്കപ്പെടണമെന്നായി.

എങ്കില്‍ കാട്ടിത്തരാമെന്നായി.

ചൂണ്ടിയ വിരലുകള്‍ ചുരുട്ടുകയായി.
അടിച്ചുതകര്‍ക്കാമെന്നായി.

പരസ്പരം കൊല്ലുമെന്നായി.

അവസാനം കൊന്നു എന്നായി!

വളര്‍ച്ച

കുഞ്ഞായിരുന്നപ്പോള്‍
ഇടവഴികളിലൂടെ യാത്രചെയ്യുമായിരുന്നു.

പാമ്പുകള്‍ മാളങ്ങളില്‍നിന്നെത്തിനോക്കും.
രഹസ്യക്കാര്‍ ഓടിമറയുന്നത് ഉണക്കിലകള്‍ കാട്ടിത്തരും.
'എതിരെയൊരാനവന്നാലോ?' എന്നു പേടിക്കും.
അറ്റത്തുള്ള വീട്ടില്‍ ആളില്ലെങ്കില്‍
അതിന്നോരത്തെ പാലമരം യക്ഷിയായി ഓടിക്കും.

ഇന്നിപ്പോള്‍
ആ പേടിക്കുന്ന മനസ്സില്ല.
വിരണ്ടോടുന്ന കാലില്ല.

പേടിപ്പിക്കുന്നൊരു മനസ്സും
ചൂരല്‍ പിടിച്ചൊരു കൈയും
തന്ത്രം നെയ്യുന്ന ചിന്തയും
അതിര്‍ത്തി വരയ്ക്കുന്ന വിരലും
അഞ്ചടി പോകാനാളെ വയ്ക്കുന്ന പെരുങ്കാലും മാത്രം!

2011, ജൂലൈ 18, തിങ്കളാഴ്‌ച

ബസ്

ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാ മനുഷ്യരും തത്വചിന്തകരാണ്.

വരുംവരായ്കകളുടെ കൂട്ടലുകള്‍ കിഴിയ്ക്കലുകള്‍
സമയത്തിന്റെ അളന്നുമുറിയ്ക്കലുകള്‍
അസ്ഥിവാരമിളകുന്നതിന്റെ നിശബ്ദമായ നിരാശകള്‍
അവരുടെ നാടുവഴിയൊരു നദി വരുന്നതിന്റെ പ്രതീക്ഷകള്‍
ഇങ്ങനെയിങ്ങനെ
മൗനത്തിന്റെ ചിത്രങ്ങള്‍ വരയ്ക്കുന്ന എത്രയെത്രപേരാണ് ഓരോ ബസിലും!

എന്നാല്‍
ഓരോ മണിമുഴങ്ങുമ്പോഴും അവര്‍ തനിമയില്‍നിന്ന് തന്റേതല്ലായ്മയിലേക്കിറങ്ങുന്നു.
ഓരോ കാത്തിരിപ്പുകേന്ദ്രങ്ങള്‍ കഴിയുമ്പോഴും അവര്‍
താനല്ലാതാകുന്നതിന്റെ ദൗര്‍ബല്യത്തിലേക്കു നിലയ്ക്കുന്നു.

ബസുകളിലിരിക്കുമ്പോള്‍ മനുഷ്യര്‍ ഭൂമിയിലല്ല
അവര്‍ അതില്‍നിന്നും ഒരു ചക്രമെങ്കിലും അകലെയുള്ള അഭയഗ്രഹത്തിലാണ് !

2011, ജൂലൈ 16, ശനിയാഴ്‌ച

ജനനമരണങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍

ചിലര്‍ പിറവിക്കുമുമ്പേ മരണത്തെക്കുറിച്ച് സ്വപ്നം കാണുന്നവരാണ്.
ഒരു ചുവടുപോലും മുന്‍പോട്ടു വയ്ക്കാനാവാതെ
പ്രക്ഷുബ്ദമായ ഒരു കടലിന്റെ ഭാരം
ജന്മം മുഴുവനും അവര്‍ ചുമക്കുന്നു.

ചിലര്‍ മരണദിനമെത്തിയാല്‍ പോലും അതിനെക്കുറിച്ചറിയുന്നില്ല.
അനേകം ചുവടുകള്‍ മുന്‍പോട്ടു പോയിട്ടും
ശാന്തമായ കടലിനെ അവര്‍ കൈവെടിയുന്നില്ല.

ചിലരുടെ ജന്മം ഒരു പൂവിരിയുന്നതുപോലെയാണ്.
എന്നാല്‍ സ്വന്തം കൈയിലിരിപ്പുകൊണ്ടാവണം
ദുരന്തങ്ങള്‍ നെഞ്ചിലേറ്റി
മരണത്തെ അവര്‍ വിളിച്ചുവരുത്തുന്നു.

അവസാനത്തെ കൂട്ടര്‍ അഗ്നിയുടെ നടുവില്‍ ജനിക്കുന്നവരാണ്.
എന്നിട്ടും അചഞ്ചലമായ ഹൃദയത്തോടെ
അഗ്നിയെ തണുപ്പിച്ച്
മരണത്തെക്കുറിച്ചുള്ള ഓര്‍മ പോലും മായ്ച്ചുകളയുന്നു.
അനശ്വരരാകുന്നു!

2011, ജൂലൈ 15, വെള്ളിയാഴ്‌ച

‌ഞാനുണ്ടായിരിക്കാന്‍ കാരണം

ചീറിവന്ന കാറിടിക്കാതെ പോയത്
ഞെട്ടറ്റ തേങ്ങ തലയില്‍ വീഴാഞ്ഞത്
ആശുപത്രിയില്‍ വച്ച് മാറിത്തന്ന മരുന്ന് കഴിക്കാതിരുന്നത്
മലകയറുമ്പോള്‍ ഉരുണ്ടുവീണ കല്ല് തെന്നിപ്പോയത്
തകര്‍ന്ന നേരം വീട്ടിനുള്ളില്‍ ഇല്ലാതിരുന്നത്.

ഇന്നത്തെ പത്രം വായിച്ചനേരം
ഇല്ലകാരണമിതിനപ്പുറമൊന്നുമെന്നുതോന്നി!

2011, ജൂലൈ 9, ശനിയാഴ്‌ച

കേരളം

ഹ്രസ്വദൃഷ്ടിക്കാരന്‍ ബസ്സ് കാത്തുനില്‍ക്കുന്നു.

അയാള്‍ക്കു ദൂരെനിന്നും വണ്ടി വരുന്നില്ല
ശബ്ദം മാത്രം വരുന്നു.

അയാള്‍ക്കു ദൂരെ നിന്നും ആളുകള്‍ വരുന്നില്ല
പദനിസ്വനം മാത്രം വരുന്നു.

അയാള്‍ക്ക്
ദൂരെ പുഴയില്ല
മലയില്ല.
സദാമഞ്ഞുമൂടിയ ഒരു ലോകം അയാള്‍ക്കു ചുറ്റിലും.

* * * * * *

ദൂരെ ഒന്നുമില്ലാത്തൊരാളുടെ ലോകം എങ്ങനെയായിരിക്കും?

അന്യദേശചിന്തയാലുരുകിയുരുകി നമ്മെപ്പോലെ നാട്ടുദ്രോഹിയാകില്ല.
നാട്ടിപ്പാട്ടിനെ കൊല്ലില്ല.
നാട്ടുചെണ്ടയുടയ്ക്കില്ല.

പലായനചിന്തയാലിന്നേയിങ്ങനെ മലയാളത്തെ കൊല്ലില്ല
മഷിത്തണ്ടിനെ മറക്കില്ല.

* * * * *

മുക്കുറ്റിപ്പൂ ചോദിക്കുന്നു
പശിമാറ്റാനന്യദേശം പൂണ്ടവര്‍ മാത്രമോര്‍ക്കും ദേശമോ കേരളം?

ഓണവും വയല്‍പ്പാട്ടും കതിര്‍പ്പച്ചയും.
ആടിവേടനും പുലികളി തുമ്പിതുള്ളലും
ഓര്‍മ്മയിലലതല്ലി തിരച്ചാര്‍ത്താകുന്നില്ലല്ലോയെങ്ങും.

മുക്കുറ്റിപ്പൂവേ,പൂവേ പതറാതെയിരിക്കണം
എല്ലാം തിരിച്ചുവരുമോണം വരുമ്പോള്‍
കേബിള്‍ വഴി,പലവര്‍ണാഞ്ചിത ചാനല്‍വഴി
തിരിച്ചുപോയീടുമതുവഴിതന്നെയൂണ്ടശേഷമെന്നുമാത്രം!

തെരുവ്

മുറിവേറ്റു കിടന്നു.

പുറത്തേക്കൊഴുകാതെ
ഗതി തിരിയാതെ
സത്വത്തിലേക്കു തിരിച്ചുപോകാനാകാതെ
തളം കെട്ടി നിന്നു.

കീറപ്പുതപ്പിട്ട്,
നിറം പൂശിയ ശബ്ദങ്ങള്‍ക്കടിപ്പെട്ട്,
മുഴക്കത്തിലേക്കു കൂപ്പുകുത്തി,
ആഘാതങ്ങളുടെ അരക്ഷിതാവസ്ഥകളില്‍ ചൂളി,

ജലം കിട്ടാതെ
ഉരുകിയൊലിച്ച്

ഒരു ജനനിര
യൗവന ജരാനര
കടന്നുപോയി.

ആ പഴയ ജീവിതം

വീണുകിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ വിരിപ്പലകയിലിരുന്ന്
നേരമ്പോക്കുകള്‍ നോല്ക്കുമ്പോഴാണ്
എത്തിപ്പിടിക്കാനാവാത്ത ഭൂമികകളുടെ സൗന്ദര്യത്തെക്കുറിച്ച്
വെളിപാടുകളുണ്ടാവുന്നത്.

നക്ഷത്രങ്ങളുടെ ഉയരങ്ങളെക്കുറിച്ച്
എന്നിട്ടും അവ കാത്തുസൂക്ഷിക്കുന്ന പൂവുകളെക്കുറിച്ച്
മഹാവൃക്ഷങ്ങളെക്കുറിച്ച്
എന്നിട്ടും അവ കാത്തുപോരുന്ന താഴ്മയുടെ ഋതുക്കളെക്കുറിച്ച്
ഈ ഭൂമിയെക്കുറിച്ച്
മൗനങ്ങളില്‍ അതൊരുക്കൂട്ടുന്ന പാട്ടുകളെക്കുറിച്ച്
ചില വരികള്‍ വരുന്നു.

മുഴക്കങ്ങളുടെ വീഥികളില്‍നിന്നും
പച്ചയണിഞ്ഞ സത്യത്തിന്റെ നാട്ടുവഴിയിലൂടൊരു യാത്ര വരുന്നു.

എതിരെ വരുന്ന നഗ്നതയില്‍ നിന്നും
രോഗിയുടെ മരണനിശ്ശബ്ദതയിലേക്കൊരു
ദൂരം വരുന്നു.

വാക്കുകള്‍, വചനങ്ങള്‍ വരുന്നു.
അഹിംസയില്‍നിന്നു ഗാന്ധിജി
മൗനത്തില്‍നിന്നു ബുദ്ധന്‍
തടവറയില്‍ നിന്നു മണ്ടേല
പൂവില്‍നിന്നു ടോട്ടോച്ചാന്‍ വരുന്നു.

പൊടുന്നനെ ഒരുറുമ്പോ പാമ്പോ കാലില്‍ കടിക്കുന്നു.

സ്വാതന്ത്ര്യവും വിരിപ്പലകയും നേരമ്പോക്കും
ഭൂമികയും സൗന്ദര്യവും നേരമ്പോക്കും
എങ്ങോട്ടോ പോകുന്നു

ആ പഴയ ജീവിതം റേഷനരിയും വാങ്ങിച്ചു വരുന്നു.

2011, ജൂലൈ 6, ബുധനാഴ്‌ച

കാല്‍നടക്കാരന് പറയുവാനുള്ളത്

നടന്നു പോകണം

ഇരുട്ടില്‍നിന്നും വെളിച്ചത്തിലെത്തിയാലെന്നപോലെ
വേനലില്‍ മഴ പെയ്താലെന്നപോലെ
കേള്‍ക്കാന്‍കൊതിച്ചവാക്ക് കേട്ടാലെന്നപോലെ
ഒരു പൂവ് വിരിയും.

പുലര്‍ച്ചയുടെ ഗീതം
കരള്‍ത്തുടിപ്പിലേറ്റി ജനിച്ച ഒരു ശിശു
നമ്മെ ആഹ്ലാദിപ്പിക്കും.

വന്ന വഴിയുടെ വേരിനെക്കുറിച്ച്
വരാനിരിക്കുന്ന വഴിയുടെ വളവുകളെക്കുറിച്ച്
നില്ക്കുന്നേടത്തിന്റെ ഗര്‍ത്തങ്ങളെക്കുറിച്ച്
നീ നിന്നോട് സംസാരിക്കും.

മഴ,
നനയുമ്പോള്‍ മാത്രമറിയുന്ന കനി തരും.
വെയില്‍,
വിയര്‍ക്കുമ്പോള്‍ മാത്രമറിയുന്ന വളപ്പൊട്ടു തരും.
മഞ്ഞ്,
തണുക്കുമ്പോള്‍ മാത്രമറിയുന്ന ആഴം തരും.

മുള്ളു തുളഞ്ഞാലും കല്ലുരഞ്ഞാലും കരളുരുകിയാലും നില്ക്കരുത്.

നേരെ വടക്കോട്ടു പോയി തെക്കോട്ടു തിരിഞ്ഞ് പാടം കടന്ന്
കിഴക്കെക്കാട്ടിലേക്കോ പടിഞ്ഞാറെച്ചെരിവിലേക്കോ പോവുക.

മരം നട്ടു പോകുന്നവര്‍

ചിലരുണ്ട്.

ഒറ്റ മാത്രകൊണ്ട് 
ഒരു പ്രപഞ്ചത്തെ അറിയിക്കും.

ഒരിതളില്‍
ആദിസ്നേഹത്തെ തിരിച്ചറിയും.

വഴിവിട്ടൊഴുകുന്ന പുഴയുടെ ഗതി തിരിച്ചു വിടും.

അയുക്തികമായ ആകാശത്തെ ചിന്നഭിന്നമാക്കും.

അവരിലേക്കൊഴുകി വരും നദികള്‍,കരകള്‍

അവരൊരു മരം നട്ടു പോകും

എപ്പോഴും അതു മുളച്ചുനിവരും.