SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, ജൂൺ 28, ഞായറാഴ്‌ച

ഒരു മിനുട്ട്

ഒരു മിനുട്ടിനുള്ളിൽ എന്തൊക്കെ ചെയ്യാം
9 മണിയുടെ ബസിന് പോകുവാനുള്ള തത്രപ്പാടിൽ
8.55 മുതൽ 8.56 വരെ
breakfast കഴിക്കാം
8.56 മുതൽ 8.57 വരെ
വീട്ടിലെഎല്ലാ വാതിലുകളും ജനാലകളും അടക്കാം
ഗ്യാസ്, മോട്ടോർ, ഇസ്തിരിപ്പെട്ടി ഇവ ഓഫാക്കാം
8.57 മുതൽ 8.58 വരെ
കൂമ്പാരങ്ങളിൽ നിന്ന് അന്നത്തേക്കു മാത്രമുള്ള ഫയലുകൾ, കുറിപ്പടികൾ
തിരഞ്ഞ് കണ്ടത്താം
ഉച്ചഭക്ഷണം പാത്രങ്ങളിൽ നിറയ്ക്കാം
8.58 മുതൽ 8.59 വരെ
വൈകീട്ട് വരുമ്പോൾ വാങ്ങേണ്ട 
പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ
കുറിച്ചെടുക്കാം
തുണിസഞ്ചി, എണ്ണക്കുപ്പി എടുത്തു വയ്ക്കാം
8.59 നിറങ്ങി ഒൻപതാകുമ്പോഴേക്കും
അഞ്ഞൂറ് മീറ്റർ താണ്ടി
അച്ചുതൻ സ്മാരക വെയിറ്റിംഗ് ഷെഡിലെത്താം

ആഗ്രഹം

എഴുത്തുകാരൻ
മീൻ കച്ചവടക്കാരനെപ്പോലെ
കൃഷിക്കാരനെപ്പോലെ
ബസ് ഡ്രൈവറെ പ്പോലെയാകണമെന്ന് ആഗ്രഹിക്കാറുണ്ട്

വിയർത്ത്
ഏതു വഴിയിലും  പൊട്ടിയ ടയർ മാറ്റാൻ തയ്യാറായി
ആളെക്കൂട്ടാൻ
ഉച്ചത്തിൽ വിളിച്ചു പറഞ്ഞ്
സങ്കോചത്തിൻ്റെ മുനയൊടിക്കുന്ന ഒരാൾ

പച്ച ജീവിതം കണ്ടറിഞ്ഞെഴുതുന്നത്
പൂഴി വാരൽ പോലെ
പറമ്പ് കിളക്കുന്നതു പോലെ
തോണി തുഴയുന്നതു പോലെ
ഖനികളിൽ ഉരുകുന്നതു പോലെയുള്ള
ഒന്നു തന്നെയെന്ന് അറിയുന്നൊരാൾ

എല്ലാ എഴുത്തും
പേരു വയ്ക്കാതെയാവുന്ന ഒരു നാൾ

പാലം പണിക്കിടെ
കല്ല് ചുമക്കുന്ന ആൾ
ഭാരത്തെക്കുറിച്ചും
അതിൻ്റെ ശ്വാസത്തെക്കുറിച്ചും
പറയുന്നത് കവിതയാകുന്ന ഒരു നാൾ
കടന്നു വരണമെന്നും
ആഗ്രഹിക്കുന്നു

2020, ജൂൺ 25, വ്യാഴാഴ്‌ച

ആറ് കവിതകൾ

1
മരിക്കുന്നതിൻ മുൻപ്
ഭയക്കാതെ ഒരു കാര്യമെങ്കിലും ചെയ്തു തീർക്കണം
അതിനായി
ഭയത്തെ പിടികൂടാൻ തീരുമാനമായി
തേങ്ങാപ്പൂള് കെണിയിൽ വച്ചു
കൂരിരുട്ടിൽ
ഉറങ്ങാതെ
ആ ശബ്ദത്തിനായി
കാത്തിരുന്നു
അറിയാതെ മയങ്ങിപ്പോയി
ഉണർന്നപ്പോൾ അടഞ്ഞ കെണി മാത്രം തേങ്ങാപ്പൂളില്ല
2
നേരത്തേയുണരണം
അതിനായി
ഏതിരുട്ടിലും കൈയെത്തുന്ന
സ്വിച്ചുള്ള ഒരു ടൈംപീസ് നോക്കി വാങ്ങി
നേരത്തേ കിടന്നു
ബെല്ലടിച്ച നേരം ഉറക്കത്തിൽ കൈ നീട്ടി അത് കെടുത്തി തുടർന്നു സ്വപ്നം
3
മറവി മാറ്റണം
ഒരു നോട്ടുപുസ്തകം വാങ്ങി
ചെയ്യേണ്ടുന്ന
ഓരോ കാര്യവും തീയ്യതി സമയം സഹിതം എഴുതി വച്ചു
ആ പുസ്തകം തേടി നടന്ന് ഇന്ന് തീർന്നു
നാളെ തുടരണം
4
നീണ്ട ഒരു യാത്ര പോകണം
പശുവിനെ അയൽക്കാരനെ ഏൽപ്പിച്ചു
പൂച്ചകളെ ബന്ധുവീട്ടിലാക്കി
താറാവുകളെ സുഹൃത്തിന് നൽകി
പേഴ്സെടുക്കാതെ ടിക്കറ്റ് ബുക്ക്  ചെയ്യാൻ ഇറങ്ങി
5
കുട്ടികളോട് 
കൂട്ടുകൂടണം
കഥകൾ
കളികൾ പഠിച്ചു വച്ചു
പാട്ടുകൾ പാടി നോക്കി
പഴയ ഒരു ചൂരൽ വടി അരയിൽ തിരുകി പുറപ്പെട്ടു
6
ചിലരുടെ ഭ്രാന്ത്
യുക്തിഭദ്രമാണ്
ഒന്നും പുറത്തു കളയാനില്ലാത്തത്രയും
ശുദ്ധമായിരിക്കും അത്
നേരം വെളുക്കുമ്പൊഴേക്കും
കിളിക്കുഞ്ഞിൻ്റെ
കേട്ടു കൊതിച്ച ആ ഗാനം നിലച്ചിട്ടുണ്ടാകും എന്നു മാത്രം!

എഴുത്ത്

എഴുതിയതെല്ലാം
ഒളിപ്പിച്ചു വച്ചു
മറ്റൊരാളാകും വരെ
അതിനു ശേഷം എടുത്തു വായിച്ചു
ശരിയായില്ല ശരിയായില്ല എന്നതെല്ലാം വലിച്ചെറിഞ്ഞു
കൊള്ളാം കൊള്ളാം മാത്രം എടുത്തു വച്ചു
അവയും ഒളിപ്പിച്ചു വച്ചു
മറ്റൊരാളാകും വരെ
വീണ്ടും വായിച്ചുനോക്കി
ഒരു ദീർഘശ്വാസം
കണ്ണിൽ നനവ്
ഇളം ചിരി
സമരാവേശം
ഇവ ബാക്കി വയ്ക്കുന്നത്
എടുത്തു വച്ചു
അയക്കാൻ തോന്നിയില്ല
അവനവനെ വിൽക്കുന്നതായി തോന്നുകയാൽ.

2020, ജൂൺ 24, ബുധനാഴ്‌ച

സർട്ടിഫിക്കറ്റുകൾ

പുറത്തു പോയ നേരം
എവിടെയോ മറന്നു വച്ചു സർട്ടിഫിക്കറ്റുകൾ
പത്തു വർഷത്തെ കുട്ടിക്കാലത്തിൻ്റേത്
രണ്ടു വർഷത്തെ ചോരത്തിളപ്പിൻ്റേത്
മൂന്നു വർഷത്തെ ആശയ സംഘർഷത്തിൻ്റേത്
വീണ്ടും രണ്ടു വർഷത്തെ പ്രയോഗസത്യത്തിൻ്റേത്
പിന്നെ അന്വേഷണത്തിൻ്റേതും
അലച്ചിലുകളുടേതും

തിരഞ്ഞു നടക്കുമ്പോൾ
ഞാനേ ഇല്ലാതാകുന്നതിൻ്റെ തിരകൾ കണ്ണോളമെത്തി മടങ്ങുന്നു

പുഴകൾ എന്നിൽ നിന്നിറങ്ങിപ്പോകുന്നു
തളിർത്ത ചെടികൾക്ക്
അവയുടെ വേരുകൾക്ക് എൻ്റെ തൊണ്ടയോടൊപ്പം നിർജലീകരണം സംഭവിക്കുന്നു

വാക്കുകൾക്ക് ഭാഷ തെറ്റുന്നു
താളമില്ലാത്ത നേരങ്ങൾ
അയുക്തിയുടെ ഉണക്കിലകൾ കൂട്ടി
അസ്ഥിത്വത്തിന് തീയിടുന്നു.

ഒരോട്ടോറിക്ഷക്കാരൻ
റോഡുവക്കിൽ
വണ്ടിയൊതുക്കി കവറുമായി വരുമ്പോഴേക്കും
ഞാൻ കത്തിത്തീരാറാകുന്നു

ഒന്നും സംഭവിച്ചിട്ടില്ല എന്ന അയാളുടെ വാക്കുകളിൽ വലിയ മഴ പെയ്യുന്നു
അതിൽ കരിഞ്ഞു പോയ അവയവങ്ങളിൽ പച്ച നിറയുന്നു.

2020, ജൂൺ 23, ചൊവ്വാഴ്ച

ഇരുട്ടിലാകുമ്പോൾ

സൗകര്യപൂർവം മറക്കുന്ന കുറേ കാര്യങ്ങളുണ്ട്
സ്ഥിരം ജോലിയാകുമ്പോൾ ശമ്പളം കിട്ടുന്നു എന്ന കാര്യം
ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോൾ വിശപ്പ് എന്ന കാര്യം
മക്കളുടെ കൂടെയാകുമ്പോൾ ഒറ്റയ്ക്കാണെന്ന കാര്യം
കരയിലിരിക്കുമ്പോൾ കടലുണ്ടെന്ന കാര്യം
ചിരിക്കുമ്പോൾ കണ്ണീരുണ്ടെന്ന കാര്യം
പൂക്കളുടെ നടുവിലിരിക്കുമ്പോൾ
മണമില്ലാത്ത ജീവിതം എന്ന കാര്യം

എന്നാൽ
ഇരുട്ടിലാകുമ്പോൾ
നാം വെളിച്ചത്തെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു

2020, ജൂൺ 17, ബുധനാഴ്‌ച

ഉത്തരവ്

ഭൂമിയിൽ 
എല്ലാ മനുഷ്യർക്കും ഇന്നു മുതൽ
മൂന്ന് ദിവസം കൂടി മാത്രം ആയുസ്സ് --
ദൈവം ഉത്തരവിറക്കി

ഹെഡ്മാസ്റ്റർ പ്യൂൺ പപ്പേട്ടൻ കൈവശം
ക്ലാസുകളിൽ വായിക്കാനായി
ഉത്തരവ് കൊടുത്തയച്ചു

ആദ്യം ഒന്നാം ക്ലാസിൽ കൊടുത്തു
കുട്ടികൾ ഒന്നു ശ്രദ്ധിച്ചതിനു ശേഷം 
പ്രത്യേകിച്ചൊന്നും മനസ്സിലാവാത്തതിനാൽ
കളികളിലേക്കു തന്നെ മടങ്ങി

നോട്ടീസ് രണ്ടും മൂന്നും നാലും കഴിഞ്ഞ്
അഞ്ചിലെത്തി
സാകൂതം ശ്രവിച്ചതിനു ശേഷം 
അവധി എന്ന വാക്കതിലില്ലാത്തതിനാൽ
കുട്ടികൾ നേരത്തേ തുടങ്ങിയ
സംസാരത്തിൽത്തന്നെ മുഴുകി

ആറ്, ഏഴ്, എട്ട്, ഒമ്പത് കഴിഞ്ഞതിനു ശേഷം
നോട്ടീസ് പത്തിലെത്തി
നാലാംനാൾ തുടങ്ങുന്ന പരീക്ഷയുടെ ഭയത്തിൽ വിറച്ചിരിക്കുകയായിരുന്നു അവർ
ടീച്ചർ വായിച്ചതും ഒച്ചയില്ലാതെ അവർ പൊട്ടിപ്പൊട്ടിച്ചിരിച്ചു
പിന്നെ പുസ്തകം വലിച്ചെറിഞ്ഞു

പതിനൊന്നും പന്ത്രണ്ടും കഴിഞ്ഞ്
കോളേജ് പടികൾ കയറി
അത് ഡിഗ്രി അവസാനസെമസ്റ്റർ ക്ലാസിലെത്തി
ഇനിയെന്ത്? ഇനിയെന്ത്?
എന്ന തീരാത്ത ചിന്തയ്ക്കവസാനമായി
ആഹ്ലാദം അവർ മറച്ചുവച്ചില്ല
ചെറിയ പ്രകടനമായി വന്ന് പ്രിൻസിപ്പാളിൻ്റെ മുറിക്കു മുന്നിൽ മൂർദ്ദാബാദ് വിളിച്ചു

പടി കയറി പടികയറി
നോട്ടീസ് ഗവേഷണ വിദ്യാർത്ഥികളുടെ സെമിനാർ നടക്കുന്നഹാളിലെത്തി
വാർത്ത കേട്ട് പ്രാസംഗികൻ
സംസാരം നിർത്തി
സദസ്സ് നിമിഷ നേരം കൊണ്ട്
കാലിയായി

നോട്ടീസ് പിന്നെ എത്തിച്ചേർന്നത്
തുടർവിദ്യാകേന്ദ്രത്തിലെ
സാക്ഷരതാ ക്ലാസിലാണ്
അക്ഷരം പഠിക്കുന്ന
രാഘവേട്ടനും മാധവിയേട്ടത്തിയും വാർത്ത കേട്ട് കരഞ്ഞെങ്കിലും
അനായേ സേനയുള്ള  മരണമോർത്ത് പിന്നെ ചിരിച്ചു

പൊതുയോഗം നടന്നിരുന്ന മൈതാനങ്ങൾ
പൊടുന്നനെ വിജനമായി

പാമ്പുകളും സിംഹങ്ങളും കുറുനരിയും
കാടുകളിൽ നിന്നിറങ്ങി വീട്ടുപറമ്പുകളിലും
തൊടിയിലും നിശ്ശബ്ദരായി നിന്നു

പോകുന്നിടത്തെല്ലാം
നിശ്ചലതയും
മൗനവും കരച്ചിലും അറിഞ്ഞ
കിളികളും ശലഭങ്ങളും നിശ്ശബ്ദരായി
അവർ മനുഷ്യരുടെ അടുത്തേക്ക് ചെന്നു
അവരുടെ കൈകളിലും ചുമലുകളിലും ഇരുന്നു

2020, ജൂൺ 15, തിങ്കളാഴ്‌ച

രണ്ടു പേർ

തിരുവനന്തപുരത്തുകാരന് കണ്ണൂരുകാരൻ ഒരു പുതിയ മനുഷ്യനായിരുന്നു
തിരിച്ചും

ഇരുവർക്കും അപരൻ്റെ
പേര്
ഗ്രാമം
കുടുംബ പശ്ചാത്തലം
വിദ്യാഭ്യാസം
വളർന്നു വന്ന ചുറ്റുപാടുകൾ
ഇവയൊന്നുമറിയില്ല

കഴിഞ്ഞ ഒരു മണിക്കൂർ നേരത്തെ പരിചയം മാത്രം

ഒരാൾ മറ്റേയാളോട് മഴയുടെ താളത്തെക്കുറിച്ച് സംസാരിച്ചു
മറ്റേയാൾ തിരിച്ച്
താളത്തിൻ്റെ മഴയെക്കുറിച്ച് സംസാരിച്ചു
അതിനു ശേഷം
ഒരാൾ രോഗം വരുത്തിയ മൗനത്തെക്കുറിച്ച് സംസാരിച്ചു
രണ്ടാമൻ
മൗനം വരുത്തിയ രോഗത്തെക്കുറിച്ച് സംസാരിച്ചു
ഇപ്പോഴവർ
ഉച്ചയൂണിൻ്റെ രുചിയെക്കുറിച്ച് പറയുന്നു

ഒരു മണിക്കൂർ കൂടി അങ്ങനെ സംസാരം തുടരുന്നു

6.45 ന് മാവേലി പുറപ്പെടുമ്പോൾ
ടിക്കറ്റെടുത്ത കണ്ണൂര്കാരനൊപ്പം
ടിക്കറ്റെടുക്കാതെ തിരുവനന്തപുരത്തുകാരനും വണ്ടികയറുന്നു
വണ്ടി പോയതിനു ശേഷം
കണ്ണൂര് കാരനേയും കൂട്ടി
തിരുവനന്തപുരത്തുകാരൻ വീട്ടിലേക്കു മടങ്ങുന്നു

2020, ജൂൺ 14, ഞായറാഴ്‌ച

വീട്ടിനുള്ളിൽ ചിലയിടങ്ങൾ

അവിടെയിരുന്നാൽ
അതുവരെയുള്ള ശബ്ദങ്ങൾ
അതിൻ്റെ പ്രതിധ്വനികൾ
രാത്രിയിൽ പകൽശബ്ദങ്ങളെന്ന പോലെ
അടങ്ങും

എല്ലാ ചെയ്തികളുടെയും
തങ്ങി നിന്ന ശ്വാസം
ആദ്യനിശ്വസത്തിൽ
ഇല്ലാതാകും

ഇരമ്പി വരുന്ന ഭയങ്ങൾ
മതിലിനപ്പുറം
പൊടുന്നനെ നിന്ന്
തിരിച്ചു പോകും

നിശ്ശബ്ദതയുടെ തണുത്ത കൈവന്ന് നെറ്റിയിൽ കൊടും

എല്ലാ വിക്ഷുബ്ധതകളും
അകന്നകന്ന്
ഇല്ലാതായിത്തീരുന്നതിൻ്റെ സുഖം
അറിഞ്ഞ്
ഏറെ നേരം
അവിടെയങ്ങനെയിരിക്കും

2020, ജൂൺ 13, ശനിയാഴ്‌ച

വരികൾ

സ്വയം മറന്നെഴുതും.
പിന്നെ എഴുതിയതിനെയും നോക്കി
കുറേക്കാലമിരിക്കും
അതിൻ്റെ വള്ളികൾ പുള്ളികൾ
വാക്കുകൾ
പൊരുളില്ലായ്മകൾ നോക്കി നോക്കി
ശരിയല്ല
ശരിയില്ല
എന്ന് തീരുമാനിച്ച് ഡീലിറ്റ് ചെയ്യും
അപ്പോഴാണ് ശരിയായിരുന്നു
ശരിയായിരുന്നു
എന്ന പുസ്തകം വായിക്കാൻ കിട്ടുക
തിരിച്ചെടുക്കാൻ പറ്റാത്തവരികൾ
അപ്പോഴാകാശത്തു നിന്നും 
നമ്മെ നോക്കി 
കൊഞ്ഞനം കുത്തും



അദൃശ്യം

എഴുതാനിരുന്ന ഒരു കവിത പിടി തരാതെ ചുറ്റിലും നടക്കുന്നു
തൊഴുത്തിന് പിറകിൽ ഞാനതിൻ്റെ വാൽ കണ്ടതാണ്
ഒച്ചുണ്ടാക്കാതെ
അനക്കമില്ലാതെ പതുങ്ങി ചെന്നതാണ്
കിട്ടിയില്ല
ചെവിയുടെ ഒരറ്റം
കിടപ്പുമുറിയിലെ കട്ടിലിനപ്പുറം
ചെന്നു നോക്കിയപ്പോഴേക്കും
രക്ഷപ്പെട്ടിരുന്നു
മുറ്റമടിക്കുമ്പോൾ അവൻ പൊഴിച്ച രോമങ്ങൾ
മാഞ്ചുവട്ടിൽ അവൻ കടിച്ചിട്ട മാമ്പഴം
പൂന്തോപ്പിൽ അവൻ വിരിയിച്ച പൂവ്

രാത്രിയിൽ
അവൻ വന്നതായും
എന്നെ കെട്ടിപ്പിടിച്ചതായും സ്വപ്നം കണ്ടു
ഉണർന്ന ഞാൻ അതു കാണിക്കാതെ
പേനയും കടലാസും എടുക്കാൻ പോകേണ്ട താമസം
ഇടിവെട്ടി 
ലോകം മുഴുവനും ഉണർന്നു

വാക്കിനും വരകൾക്കും
വഴങ്ങാതെ
കുറ്റിക്കാടിൻ്റെ മണവും പേറി
അഖിലാണ്ഡം
പടർന്നു കിടക്കുന്നു അവൻ



ചില വീട്ടുകാര്യങ്ങൾ

1
ഭയക്കാതെ ഒരു കാര്യമെങ്കിലും ചെയ്തു തീർക്കണം
അതിനായി
ഭയത്തെ പിടികൂടാൻ തീരുമാനമായി
തേങ്ങാപ്പൂള് കെണിയിൽ വച്ചു
കൂരിരുട്ടിൽ
ഉറങ്ങാതെ
ആ ശബ്ദത്തിനായി
കാത്തിരുന്നു
2
നേരത്തേയുണരണം
അതിനായി
സ്വിച്ചുള്ള ഒരു ടൈംപീസ് നോക്കി വാങ്ങി
നേരത്തേ കിടന്നു
3
മറവി മാറ്റണം
ഒരു നോട്ടുപുസ്തകം വാങ്ങി
ചെയ്യേണ്ടുന്ന
ഓരോ കാര്യവും തീയ്യതി സമയം സഹിതം എഴുതി വച്ചു
ആ പുസ്തകം തേടി നടന്ന് ഇന്ന് തീർന്നു
നാളെ തുടരണം
4
നീണ്ട ഒരു യാത്ര പോകണം
പശുവിനെ അയൽക്കാരനെ ഏൽപ്പിച്ചു
പൂച്ചകളെ ബന്ധുവീട്ടിലാക്കി
താറാവുകളെ സുഹൃത്തിന് നൽകി
പേഴ്സെടുക്കാതെ ടിക്കറ്റ് ബുക്ക്  ചെയ്യാൻ ഇറങ്ങി
5
കുട്ടികളോട് 
കൂട്ടുകൂടണം
കഥകൾ
കളികൾ പഠിച്ചു വച്ചു
പാട്ടുകൾ പാടി നോക്കി
പഴയ ഒരു ചൂരൽ വടി അരയിൽ തിരുകി പുറപ്പെട്ടു

ലയം

ഞാൻ നിന്നെ പിന്തുടരുന്നു
നീയെറിഞ്ഞു പോയ പൂക്കൾ
അതിൻ്റെ വാടിയ മണം
നീ നോട്ടമെറിഞ്ഞ വെള്ളാരങ്കല്ലുകൾ
ശ്വസിച്ച വായു
ഇവയിൽ ഞാൻ ജീവിക്കുന്നു
ഒട്ടും പഴകാതെ
തളരാതെ

2020, ജൂൺ 9, ചൊവ്വാഴ്ച

നടപ്പു കാലം

ലജ്ജ കൊണ്ട്
പണ്ട് കുളിമുറിയിൽ
ഒറ്റയ്ക്ക് പാടിയിരുന്ന പാട്ടുകളാണ്
ഇപ്പോൾ ആളുകൾ
ഓൺ ലൈൻ ഹൈവേയുടെ നടുവിലിരുന്ന്
പാടുന്നത്

പണ്ട് ആളെക്കാണിക്കാൻ മടിച്ച്
ചവറ്റുകൊട്ടയിലെറിഞ്ഞ എഴുത്തുകളാണ്
ഇപ്പോൾ
ബഹുവർണ്ണ പടത്തിൽ
കവിതയെന്നു പറഞ്ഞ് നിറയുന്നത്

സ്നേഹം കൊണ്ടു നിന്നോട്  നിശ്ശബ്ദമായി പറഞ്ഞ വാക്കുകളെയാണ്
ഒച്ച കൂട്ടി വച്ച് എന്നെക്കുറിച്ച് എന്നെക്കുറിച്ച്
എന്ന അടിക്കുറിപ്പിൽ പോസ്റ്റ് ചെയ്യുന്നത്

പെതുവായതൊന്നും ശരിയല്ലെന്നു ശഠിച്ചവരാണ്
റേഷൻകടയിലേക്കും
നാട്ടു വിദ്യാലയത്തിലേക്കും
ധർമ്മാശുപത്രിയിലേക്കും പായുന്നത്

എല്ലാമായി എല്ലാമായി
എന്നുറപ്പിച്ചവരാണ്
അത്താഴത്തിനരികിട്ടാനായി
പുന്നെല്ല് വിതയ്ക്കുന്നത്

എൻ്റേത് എൻ്റേത്
എന്ന പുസ്തകം മാത്രം വായിച്ചവരാണ്
ക്യൂ നിന്ന് നമ്മുടേത് നമ്മുടേത്
എന്ന പുസ്തകം വാങ്ങിക്കുന്നത്

പറഞ്ഞാൽ കേൾക്കാത്ത കുട്ടി

പറഞ്ഞാൽ കേൾക്കാത്ത 
ഒരു കുട്ടിയുണ്ടായിരുന്നു ക്ലാസിൽ.
ക്ലാസിൽ നിന്ന്  പുറത്താക്കിയപ്പോൾ
അവൻ വരാന്തയിലെ പൂക്കളോട് സംസാരിച്ചു
തിരിച്ച് കയറ്റിയപ്പോൾ
പൂക്കളെക്കുറിച്ചെഴുതി
കണക്ക് ക്ലാസിൽ കവിതയെഴുതിയതിന്
വീണ്ടും പുറത്താക്കിയപ്പോൾ
അവൻ ഗുണനപ്പട്ടിക കൊരുത്തു
തിരിച്ചു കയറ്റിയപ്പോൾ
വീട്ടുകണക്കുകൾ ചെയ്തു.
പിടിക്കപ്പെട്ട് ഓഫീസ് മുറിയിൽ ഹാജരാക്കി.
പുറത്താക്കാതിരിക്കാനുള്ള
കാരണം ബോധിപ്പിക്കാൻ  പറഞ്ഞപ്പം
അവൻ പറഞ്ഞു

"പഠിച്ചതു തെളിയിക്കാം 
ചോദ്യങ്ങൾ ചോദിക്കീൻ "

നൂറ് ചോദ്യങ്ങൾ
നൂറായിരം ഉത്തരങ്ങൾ

അന്നു മുതലാണ്
ഹെഡ്മാസ്റ്ററുടെ കണ്ണുവെട്ടിച്ച്
വിദ്യാലയങ്ങൾ
പുറത്തേക്കോടിത്തുടങ്ങിയത്


നോക്കൂ
ഒരു വിദ്യാലയം 
പുഴവക്കിലിരുന്ന്
മീൻ പിടിക്കുന്നു


ഒന്ന് പാടത്ത് വിത്തെറിയുന്നു

ഒന്ന് വെള്ളക്കെട്ട് മറികടക്കാൻ
അശരണർക്ക്
സ്വയം
കുനിഞ്ഞു കൊടുക്കുന്നു


നോക്കൂ..... നോക്കൂ.....

2020, ജൂൺ 7, ഞായറാഴ്‌ച

വയസ്സ്

ചെറുപ്പക്കാരെന്നു കരുതിയവർക്കൊക്കെ വയസ്സായി
അവരുടെ തല നരച്ചിരിക്കുന്നു
കണ്ണുകളുടെ ചലനം അവധാനതയോടെയായിരിക്കുന്നു
മറുപടികൾ ആലോചിച്ചുറപ്പിച്ചതിനു ശേഷം മാത്രം

എന്നാലെപ്പോഴും അവരങ്ങനെയല്ല

നട്ടുവളർത്തിയ മാവിൽ മാമ്പഴം കാണുമ്പോൾ
അതിൽ പാഞ്ഞുകയറുന്നു
ഒഴിഞ്ഞ മൈതാനവും അതിൻ്റെ നടുവിലൊരു പന്തും കാണുമ്പോൾ 
കാലിൽ കൊടുങ്കാറ്റിരമ്പുന്നു
വിരുന്നിന് ചെന്ന വീട്ടിൽ
പശുവിനെയും കിടാവിനേയും കാണുമ്പോൾ
പുൽക്കെട്ടിൽ നിന്നൊരു കറ്റയെടുക്കുന്നു

നോക്കൂ 
കണ്ണടച്ചുള്ള ആ ഒറ്റനിൽപ്പിൽ
പഴയ രക്തം മുഴുവൻ
അയാളിലേക്കിരമ്പിയെത്തുന്നു

2020, ജൂൺ 6, ശനിയാഴ്‌ച

വീണ്ടെടുപ്പ്

നിലച്ചുപോയത് അതേപടി വീണ്ടെടുക്കുക എളുപ്പമല്ല

അ മുതൽ തുടങ്ങണം

വഴികൾ സഞ്ചരിച്ചതെങ്കിലും
പണ്ട് കണ്ടവയാവില്ല പൂക്കൾ

കാൽ കഴുകിയിരുന്ന തോട്ടിൽ
മറ്റൊരു മഴയിൽ പെയ്ത
ജലം

പാടത്തിൻ്റെ ചെളിമണം
മറ്റൊരു വായുവിൽ

അതും
വളർന്ന് രൂപം മാറിയ നാസാരന്ധ്രത്തിലൂടെ
അടിമുടി മറിഞ്ഞ ആദർശം വഹിക്കുന ആളിലൂടെ

ശരിക്കും 
വീണ്ടെടുപ്പ് എന്നൊന്നില്ല
ഒരു പദം നഷ്ടപ്പെടേണ്ട എന്നു കരുതി
ഭാഷ അതിനെ കാത്തു പോരുന്നു 
എന്നു മാത്രം

2020, ജൂൺ 4, വ്യാഴാഴ്‌ച

കല്യാണസൗഗന്ധികം

പൂവ് തേടി 
നടന്നു നടന്ന്
മലയിലെത്തി
പൂ പറിക്കാനോങ്ങിയപ്പോൾ
പിറകിൽ നിന്നാരോ വിളിച്ചു
തിരിഞ്ഞു നോക്കി
ആരുമില്ല
പിന്നെയും പറിക്കാനോങ്ങി
അപ്പൊഴും പിറകിൽ നിന്നാരോ വിളിച്ചു
ആരുമില്ല
പിന്നെ പറിക്കാനോങ്ങായില്ല
പൂമണം മാത്രമെടുത്ത് മടങ്ങി

2020, ജൂൺ 3, ബുധനാഴ്‌ച

ട്വിസ്റ്റ്

കുഞ്ഞായിരുന്നപ്പോൾ
മുതിർന്നവരായിരുന്നു വലിയവർ
മുതിർന്നപ്പോൾ
കുഞ്ഞുങ്ങളായി വലിയവർ

അടിമത്തം വിപ്ലവം

ബോധിക്കാത്ത കവിതകളുണ്ട്
ആഴ്ചപ്പതിപ്പുകളിൽ
വഴങ്ങാത്ത പ്രയോഗങ്ങളുണ്ട്
പ്രസംഗങ്ങളിൽ
തെറ്റായ കീഴ് വഴക്കങ്ങളുണ്ട്
തീരുമാനങ്ങളിൽ

അവ
മറ്റൊരാൾക്ക് വഴങ്ങുന്നതായിരിക്കും
എന്നു കരുതി
മിണ്ടാതിരിക്കുന്നത് അടിമത്തം
മിണ്ടിക്കലക്കുന്നത് വിപ്ലവം