SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, നവംബർ 27, വെള്ളിയാഴ്‌ച

വല

പാമ്പുകടി
മുതല വിഴുങ്ങൽ
മുങ്ങിത്താഴൽ
ഇലക്ട്രിക് ഷോക്ക്
കിണറിൽ വീഴൽ
അനുഭവിച്ചിട്ടില്ല ഇവയൊന്നും.


ഒറ്റത്തവണയോടെ തീരുന്ന
രീതികളാണ്.

എന്നിട്ടും
തീരാതിരിക്കണം
എന്ന പറമ്പിൽ 
ടോർച്ചെടുക്കാതെ നിലാവ് കാണാനിറങ്ങി
മുന്നറിയിപ്പ് വായിച്ച ശേഷവും
നദിയിൽ കുളിക്കാനിറങ്ങി
ചെരുപ്പിടാതെ ഫ്യൂസ് ശരിയാക്കി

അനായാസതയുടെ
അറ്റത്തു പോയിരുന്ന് 
മീൻപിടിച്ചു കുട്ടികൾ.

എന്നാൽ
മറ്റൊരു കാലദേശത്തിൽ
മീനുകൾ 
ഇര കൊളുത്തിൽ കുരുക്കി
ഒരു ചരട് വടിയിൽക്കെട്ടി
മനുഷ്യരെ പിടിച്ചു

ജലം തണുപ്പ് കാട്ടി
കുട്ടികളെ വരുത്തി
ഉല്ലാസത്തിൽ കുളിപ്പിച്ച്
താഴോട്ടെടുത്തു

പ്രവഹിക്കാനിടം തേടി നടന്നവൻ
നിമിഷ നേരത്തിൽ കരിച്ചൊടുക്കി

എപ്പോഴും
മരിച്ച
ഒരു കുട്ടി 
അടയാത്ത കണ്ണുകൾ കൊണ്ട്
പുഴയുടെ അടിത്തട്ടിൽ നിന്ന് നമ്മെ നോക്കുന്നുണ്ട്‌

കുളിക്കാനിറങ്ങുന്നവർ
അവനെ കേൾക്കുന്നുണ്ടോ
ഇല്ല

കേൾവിയേയും കാഴ്ചയേയും
തട്ടിമാറ്റി
ജീവിതത്തെ നാം വല വീശുന്ന അതേ ഭാഷയിൽ
ഇടയ്ക്കിടെ 
അവൻ തിരിച്ചും !

2020, നവംബർ 18, ബുധനാഴ്‌ച

പൂമണം

എല്ലാവരും ഉറങ്ങിയതിനു ശേഷമുള്ള
സമയമാണ് എൻ്റെ സമയം
എല്ലാവരും പോയ്ക്കഴിഞ്ഞയിടം
എൻ്റെയിടം
പാടിത്തീർന്ന പാട്ട് എൻ്റെ പാട്ട്
വായിച്ചതിനു ശേഷമുള്ള മൗനം
എൻ്റെ മൗനം


ആൾക്കൂട്ടത്തിൻ്റെ
ശബ്ദങ്ങൾക്ക് ശേഷം ബാക്കിയാവുന്ന മുഴക്കങ്ങൾ
മലകയറ്റങ്ങൾക്കു ശേഷമുള്ള കിതപ്പുകൾ
കാറ്റിനും മഴയ്ക്കും ശേഷമുള്ള ചെറിയ ശബ്ദങ്ങൾ.

ഒന്നിൽ നിന്ന്
അവയിലേക്കു തന്നെയും
അടുത്തതിലേക്കും
നടന്നു കൊണ്ടിരുന്നു

എത്തി എന്നൊരിക്കലും
തോന്നിയിട്ടില്ല

മഴ പെയ്തു തോർന്ന ശേഷം
മലയ്ക്കു മുകളിലെ
വെളിച്ചം നോക്കി നോക്കിയിരുന്നു

മറന്നോ ജീവിതം എന്ന ചോദ്യത്തിന്
ഉത്തരമില്ല

എല്ലാ കവികളും
എത്തിച്ചേരാത്ത
വെളിച്ചം തേടി നടക്കുന്നു

ഇടയിലെപ്പൊഴോ അവരറിയാതെ അവരിൽ
ഒരു ചെടി തളിർത്ത് പൂക്കുന്നു

അകലെയെങ്ങോയുള്ള ഒന്നോ രണ്ടോ പേർ
അതു കണ്ടാലായി
പൂമണം ശ്വസിച്ചാലായി
എന്നേയുള്ളൂ.

2020, നവംബർ 15, ഞായറാഴ്‌ച

മാറ്റിപ്പിടുത്തം

ബസിന് പകരം നടത്തമാക്കി
മാംസത്തിന് പകരം  സസ്യം
വായനക്ക് പകരം നിരീക്ഷണം
കലഹത്തിന് അനുനയം

പകലുറക്കം നിർത്തി
പുലർച്ചെയെഴുന്നേറ്റു

മാറ്റമുണ്ട്

അകലെ മാത്രം എന്ന ചിന്ത
അടുത്തുണ്ട് എന്നായി

ഒരു വഴിക്കുള്ളിൽ
അനേകം വഴികൾ

അതിലൊന്നിലൂടെ നടന്നു
ഒഴുക്ക്, തെളിച്ചം, വെളിച്ചം
എന്നീ വാക്കുകൾക്ക് തീർപ്പുണ്ടാക്കി

2020, നവംബർ 14, ശനിയാഴ്‌ച

യാത്ര

എൻ്റെ കവിതകൾ വായിക്കൂ
എൻ്റെ കവിതകൾ വായിക്കൂ
എന്ന് കവികൾ
പറഞ്ഞ് വായിക്കേണ്ടതല്ല കവിത എന്നു പറഞ്ഞ്
ആ ദേശം വിട്ടു പോന്നു

എൻ്റെ സ്വരം
എൻ്റെ സ്വരം
എന്ന് പാട്ടുകാർ
മഞ്ഞിൽ ഇളം വെയിലെന്ന പോലെയെത്തണം
പാട്ടെന്നതിനാൽ അവിടെയും നിന്നില്ല

നടന്നു നടന്ന്
ശിൽപികളുടെയും
നീണ്ട കഥകൾ പറയുന്നവരുടെയും
ചിത്രകാരന്മാരുടെയും
നാട്ടിലെത്തി 
അവർ
നിശ്ശബ്ദരായിരുന്നു

ശിൽപി പ്രതിമപ്പെണ്ണിൻ്റെ കണ്ണിലേക്ക്
കാഴ്ച കൊത്തുന്നു
ചിത്രകാരൻ
വൃദ്ധൻ്റെ വാക്കുകൾ കേൾപ്പിക്കുന്നു
കഥാകൃത്ത്
പകലിനെ അരിച്ചെടുക്കുന്നു

കുറേ കാലം അവിടെയിരുന്നു

അന്നേരം
പുഴകൾ അവരിലേക്കൊഴുകി
ആകാശവും
വെയിലും
പ്രണയം വിതച്ചു
കണ്ടു നിന്ന നിലാവ്
മുലപ്പാൽ ചുരത്തി

2020, നവംബർ 4, ബുധനാഴ്‌ച

സന്ദർശനം

ഭൗതികത കൈ നിറയെ പണവുമായി
ആത്മീയതയെ കാണാൻ ചെന്നു
തെങ്ങോല മെടഞ്ഞ് മേഞ്ഞ വീട്
വഴിയ്ക്കിരുവശം നാട്ടുപൂക്കളുടെ നിര
വേനലായിട്ടും തണൽക്കുളിര്

പ്രവൃത്തിയും ലയവും തൃപ്തിയും
കലർന്ന ക്രയവിക്രയം
എന്നെഴുതിയ ചുമരെഴുത്തുകൾ കണ്ടു
വാതിൽ തുറന്നു കിടക്കുന്നു
കാട്ടരുവിയുടെ അറ്റത്തു നിന്നുമിറ്റുന്ന 
ജലശബ്ദം

ഭൗതികത ഉച്ചത്തിൽ വിളിച്ചു
വാതിലിൽ ആരും വന്നില്ല
വീണ്ടും വിളിച്ചു

വാതിലും തുറന്നു വച്ച് ഇതെങ്ങോട്ടു പോയി
ഉള്ളിലുള്ളതെല്ലാം ആരെങ്കിലും കൊണ്ടു പോയാലോ
ഒരു ശ്രദ്ധയുമില്ലേ ഇവൾക്ക്

വരുമെന്ന പ്രതീക്ഷയിൽ
തണലിലിരുന്ന ഭൗതികത മയങ്ങിപ്പോയി

ആരു വിളിക്കാത്തതിനാൽ
ഉറക്കം ദീർഘനേരം നീണ്ടു

ഉണർന്നപ്പോൾ ആരൊക്കെയോ വന്നു പോയതായി തോന്നി

എന്നിട്ടും തൻ്റെ പണസഞ്ചി നഷ്ടപ്പെടാത്തതിൽ അത്ഭുതം കൊണ്ടു

അപ്പോൾ വീശിയ ഇളം കാറ്റിൽ
ഓലത്തുമ്പിലാടി
ആത്മീയത ചിരിച്ചു

2020, നവംബർ 2, തിങ്കളാഴ്‌ച

അപരിചിതം

പുസ്തകം എഴുതുന്നവരും
പുസ്തകം വായിക്കുന്നവരും
വിൽപനക്കാരും
ഒത്തുകൂടി
മുപ്പതു പേർ വേദിയിൽ നിരന്നു
മൂന്നു പേർ സദസ്സിലിരുന്നു
മുന്നൂറ് പുസ്തകങ്ങൾ വിൽപനയ്ക്കു നിരത്തി
ആമുഖഭാഷണം തീരുന്നതിന് മുമ്പേ
വൈകിയതിൽ
വിയർത്ത്
കിതച്ച്
നഗരത്തിൽ അലഞ്ഞു തിരിഞ്ഞിരുന്ന ഒരു കവിത
സദസ്സിൽ വന്നിരുന്നു
തന്നെയറിയുന്നയൊരാളെയെങ്കിലും അതു പ്രതീക്ഷിച്ചു

മിണ്ടാതെ ജീവിതം

മിണ്ടുക
അറിയാതെ സംഭവിക്കുന്ന
ഒന്നായിരുന്നു

ലയം എന്ന് ചിലർ പറഞ്ഞു

അധികപ്രസംഗി എന്ന് മറ്റു ചിലർ

കുറച്ചു ദിവസങ്ങൾ മിണ്ടാതിരുന്നു നോക്കി
മിണ്ടുന്നവരുടെ വാക്കുകൾ
കിതച്ചും കൊതിച്ചും
പാഞ്ഞത്തി
തുളച്ചും തഴുകിയും നിറച്ചു

ചില
മുഴക്കങ്ങൾ ബാക്കിയായി

അവയിൽ താമസിച്ചു
മിണ്ടാതെയുള്ള ജീവിതം തെളിഞ്ഞു

പുക മറ

ഇത്രയും വലുതാണോ ഞാൻ
എന്ന് ഞാൻ തന്നെ സംശയിക്കുന്ന വിധത്തിൽ
എൻ്റെ ചിരികൾ
തൊലിത്തിളക്കങ്ങൾ

കണ്ടവർ കണ്ടവർ
കൈവിരൽ പൊക്കി
പൂക്കളിറുത്തുകാട്ടി
വാക്കുകൾ കോർത്തിണക്കി

അല്ലെന്നറിഞ്ഞിട്ടും
ആണെന്ന
പുക 
മറ

തട്ടി വീഴുമ്പോൾ
മുറിവുകളിൽ
കാപടനാട്യത്തിൻ്റെ
ശിക്ഷാവേദന ചേർക്കുമോ
ജീവിതം?

ശ്വാസങ്ങൾ

കവികൾ അറിയപ്പെടുന്ന കവികളാകാൻ ശ്രമിച്ചു കൊണ്ടിരുന്നു
അതിനാൽ
അവരുടെ വീട്ടുമുറ്റങ്ങളിൽ
നടക്കാനിറങ്ങുന്ന വഴികളിൽ
ഏതു നേരത്തും 
പഴയ ഒരു ബാഗും തൂക്കി ഏകാന്തത

മഴയത്തും നനയാതെ
കടലാസും പേനയും

പ്രഭാതങ്ങൾ ഉച്ചയാവാതെ

പൂവുകൾ വാടാതെ.

റോഡിനപ്പുറത്തെ വീട്ടിൽ
ഉദിക്കാതെ
വിടരാതെ 
തപിച്ചു
താളുകൾ മറിക്കുന്നവൻ്റെ ശ്വാസങ്ങൾ!