SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2021, മേയ് 11, ചൊവ്വാഴ്ച

ചലനം

എഴുതി പണ്ടെങ്ങോ ഉപേക്ഷിച്ച
ഒരു കവിത
ഒരിക്കൽ ഒരാളിലേക്കു തിരിച്ചെത്തി
നിമിത്തമായവയുടെ
ശ്വാസവും ചിരിയും ചലനവും
ചുറ്റുവട്ടത്തു നിരന്നു നിന്നു

മരങ്ങൾ ചെടികളായി
വേനൽ തണുപ്പായി
കുളങ്ങളിൽ തെളിനീര് തിരിച്ചെത്തി

മരങ്ങളിൽ നിന്ന്
ഇലകൾ കൊഴിഞ്ഞു
അവയെടുത്ത് നെറ്റിയിൽ തഴുകി

പൊടുന്നനെ
കാലത്തെ ആരോ കൊളുത്തി വലിച്ചു
കാലിൽ സൂചിമുനയാഴ്ന്നു
ശ്വാസം വലിഞ്ഞുമുറുകി
ശബ്ദങ്ങൾ നേർത്തു വന്നു

ഒരുവരി പോലും  ഓർത്തെടുക്കാനാവാതെയായി.

ഗാനം


ചിരിക്കാതിരിക്കുമ്പോൾ
പൂമണം നിലയ്ക്കുന്നു
അസാധാരണത്വം ഓരോ ചുവടിലും നിഴലിക്കുന്നു

വെളിച്ചം പരക്കാത്ത
പ്രഭാതങ്ങളിലെന്നപ്പോലെ
നേരം തെറ്റിയെന്ന വിഭ്രമത്തിൽ
ഭൂമി  വാക്കുകൾ മറക്കുന്നു

എന്നാൽ
മഞ്ഞ പൂത്ത മരത്തിലെ
ഒരു കിളി ഒരൊറ്റ ഗാനത്തിൽ
നഷ്ടപ്പെട്ട
കാലത്തെ തിരിച്ചുപിടിക്കുന്നു

2021, മേയ് 4, ചൊവ്വാഴ്ച

ഭാഷ

എൻ്റെ ഭാഷയിൽ
ഞാനധികമൊന്നും സഞ്ചരിച്ചിട്ടില്ല
എത്തിച്ചേർന്നയിടം വരെ പഠിച്ച വാക്കുകളും ശബ്ദങ്ങളും ഉപയോഗിച്ച് ജീവിക്കുന്നു
ചോദ്യങ്ങൾക്ക്   ഉത്തരം മുട്ടിക്കാതെ
ഒന്നിനു പിറകെ ഒന്നായി  വന്ന് അത് കാക്കുന്നു
ചിലപ്പോഴതിൽ പഠിക്കാത്ത വാക്കുകളും കടന്നു വരുന്നു
ഭാഷയ്ക്ക് ഔപചാരികതയില്ല
അത് സംസാരിക്കുന്നവനിലേക്ക്
പരന്നൊഴുകുന്നു
തണുപ്പാൽ സ്പർശിക്കുന്നു

സംസാരിക്കാൻ തുടങ്ങുന്ന കുഞ്ഞിൻ്റെ അരികിലേക്ക്
മഴയായി പോകുന്നു
ഇളം വെയിലായി നിറയുന്നു

മരിക്കാറായ ഒരാളിൻ്റെ ചുണ്ടിൽ നിന്നും
അത് മൗനമായി പുറപ്പെടുന്നു
ലോകം മുഴുവൻ മുഴങ്ങുന്നു

ഭാഷ ജലത്തെപ്പോലെയാണ്
കൽക്കെട്ടുകളിൽ പതിക്കുമ്പോൾ
വെളുത്ത വെളിച്ചം തെറിപ്പിക്കുന്ന
മായാജാലങ്ങളൊളിപ്പിച്ച
അതേ ജലത്തെപ്പോലെ.

നീറ്റൽ

ഒരാളിൻ്റെ കൂടെ മൂന്നോ നാലോ പേരുണ്ട്
വേദനയുടെ കൂടെ കരുതൽ, കാരുണ്യം സ്നേഹം  എന്ന പോലെ

ഒരേ കുടുംബക്കാർ
ആരും വേദനയാകാം
കരുതൽ, കാരുണ്യം, സ്നേഹം ഇവ
മാറി മറിഞ്ഞു വരാം

എന്നാലീവരവിൽ
എല്ലാവരും വേദനയായിരുന്നു

അടുത്താളുണ്ടെന്ന അതിജീവനം
ഇത്തവണ നിലച്ചു
സമയം നോക്കാതെ പാഞ്ഞു കയറി
ജീവനെത്തിന്നു തീർത്തുറഞ്ഞു മരണം...
മരണം..

2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

അടുക്കള

അടുക്കളയിലെത്തിയാൽ
വയറു നിറയ്ക്കാൻ
പലതും അവളൊരുക്കി വച്ചിട്ടുണ്ടാവും
പൂക്കളുടെ കൂട്ടത്തിൽ
പൂമ്പാറ്റകളെപ്പോലെ പാറി നടക്കെ
കാണാതെ
പിറകേ പോയി
ഞാൻ കൊത്തിയകത്താക്കിയ അവൾ!

2021, ഫെബ്രുവരി 6, ശനിയാഴ്‌ച

എഴുത്ത്

വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു കവിതയെഴുതി
പുഴ എന്ന് പേരിട്ടു
നീല നിറമുള്ള ഒന്നെഴുതി
ആകാശം എന്ന് പേരിട്ടു
തണുപ്പുള്ളതിന് മഴ
സ്വയം മറന്നതിന് പ്രണയം
തമ്മിൽ കണ്ടു കൂടാത്തതിന് മതങ്ങൾ
ക്ഷമയ്ക്കും തണലിനും മരങ്ങൾ
എന്നിങ്ങനെ പലതരം കവിതകൾ പേരുകൾ

പിന്നെ എഴുത്തു നിർത്തി

സമയം കിട്ടുമ്പോഴൊക്കെ  മരങ്ങളുടെ തണലിൽ പോയിരുന്നു
പുഴയിൽ കുളിച്ചു
ആകാശങ്ങളുടെ കീഴെ
മൈതാനങ്ങളിൽ മലർന്ന് കിടന്നു
മഴ നനഞ്ഞു
പ്രണയം
അതേ കണ്ണാൽ
കുതിച്ചു പായുന്ന കാലത്തെ തുളച്ചു

ഇനി ഒരിക്കലും എഴുതേണ്ടതില്ലെന്നു തീരുമാനിച്ചു

എഴുതാത്തതിലാണ് കവിത
എഴുതാതിരിക്കലാണ് കവിത്വം

2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

ഗ്രാഹ്യം

സച്ചിദാനന്ദൻ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ എങ്ങിനെ വളച്ചു തിരിച്ചെഴുതിയാലും
എനിക്കു മനസ്സിലാവും
കെജിഎസ് വിജയലക്ഷ്മി എന്നിവർ എത്ര ലളിതമായി എഴുതിയാലും
എനിക്കു മനസ്സിലാവില്ല

പകുതി മാത്രമറിഞ്ഞ പൂവിനെ ഞാൻ
പൂവ് എന്ന് വിളിക്കുന്നു
ചില ഭാഗങ്ങൾ മാത്രം കണ്ട ഒഴുക്കിനെ
നദി എന്നു വിളിക്കുന്നു
മേഘങ്ങളെ സഞ്ചരിക്കുന്ന ഇടത്തെ ആകാശം എന്നും
വിശപ്പകറ്റുന്ന പാടങ്ങളെ നെൽപ്പാടങ്ങൾ എന്നും വിളിക്കുന്നു


ക്ലാസിലെ കുട്ടികൾ
കോട്ടുവായിട്ടാൽ
അവരെ  പുറത്താക്കാതിരിക്കാനുള്ള
വലിയ പാഠം 
തെളിയുന്നു

ലോകം മുഴുവൻ സഞ്ചരിച്ചാലും
തീരാത്ത ഇടങ്ങളാലും
കാണാത്ത കാഴ്ചകളാലും
ചെറുതാക്കി നിർത്തുന്ന പാഠം
മുഴങ്ങുന്നു

എന്നാലും
വലിയവനാകാനുള്ള
മോഹത്തിൽ
ഞാൻ
ചെറുതായി
ഡ്രോണുകളിൽ കണ്ണുകളെ പറഞ്ഞയച്ചു
പിന്നെ
വിമാനത്തിൻ്റെ ചില്ലുജാലകം
കണ്ണു കൊണ്ടു തുരന്നു

അപ്പോൾ
മേഘങ്ങൾ ലംഘിച്ചെത്തിയ
വെളിച്ചത്തിൽ
കണ്ണുകളടഞ്ഞു

അതിൽ
തുളുമ്പിയ നീരിൽ
വലിയ ലോകം
നിറഞ്ഞു

2021, ജനുവരി 25, തിങ്കളാഴ്‌ച

തിരിച്ചു പോക്ക്

ഫലപ്രഖ്യാപനത്തിനു മുമ്പേ
ആ കവിത തിരിച്ചുപോയി

പുതിയ വാക്കുകളും
ധ്വനിയും
താളവും ഈണവും
അത് വഴിവക്കിലെ തോട്ടിലെറിഞ്ഞു

മടങ്ങി വരുമ്പോൾ കാണാൻ കാത്തു നിന്ന കൊന്നമരത്തിൻ്റെ മഞ്ഞയെ
അത് കണ്ടതേയില്ല

കാത്തു വച്ച താളം കേൾപ്പിക്കാൻ
കൊതിച്ചിരുന്ന അരുവിയെ
കേട്ടതേയില്ല

യാത്രയുടെ വർത്തമാനങ്ങൾ കേൾക്കാൻ
ഉറങ്ങാതിരുന്ന കവിയെ
അത് അറിഞ്ഞതേയില്ല

വയലിൻ്റെ അറ്റത്തെത്തിയതും
ഇലത്തുമ്പിൽ നിന്ന് മഞ്ഞുതുള്ളി മണ്ണിലേക്ക് വീണതും
മിന്നൽ
നിലവിനെയെന്ന പോലെ  
അതിനെ ഭൂമി വിഴുങ്ങി

എല്ലാ കാലത്തും
എല്ലാ കവിതയേയും
ഭൂമി വിഴുങ്ങുന്ന
അതേ മൂർച്ഛയിൽ 
അതേ ശബ്ദത്തിൽ!

2021, ജനുവരി 18, തിങ്കളാഴ്‌ച

ഒളിച്ചോട്ടം

വെളിച്ചം കാണാത്ത കവിതകളിലൊരെണ്ണം
കവിയുടെ നോട്ടുപുസ്തകം ഭേദിച്ച്
പുറത്തുചാടി
നിശബ്ദയായി അരൂപിയായി
കണ്ട വഴിയേ നടന്നു
കെഎസ്ആർടിസി ബസിൽ
ചുരങ്ങൾ കയറി
പുഴ കണ്ടയിടങ്ങളിലിറങ്ങി കുളിച്ചു
തണലിൽ ഉറങ്ങി

രാത്രിയിൽ വയൽപ്പരപ്പുകളിൽ
നിലാവിൽ മലർന്നു കിടന്നു
തണുപ്പിൽ മിന്നാമിനുങ്ങുകളുടെ 
കൂട്ടത്തിൽ കൂടി

തീവണ്ടികളിൽ ജനറൽ 
കമ്പാർട്ടുമെൻ്റുകളിൽ കയറി

ആളുകേറാത്ത വെളിമ്പറമ്പുകളിലിരുന്ന്
വിസർജിച്ചു

പ്രണയം തോന്നിയവരോട്
അവരറിയാത്ത വിധം ഭോഗിച്ചു

വിശന്നു കരയുന്ന കുട്ടിയുടെയരികെയിരുന്ന്
മധുരം പറഞ്ഞ് ചിരിപ്പിച്ചു

ഭേദിച്ച നോട്ടുപുസ്തകത്തെയും
ജന്മം കൊടുത്തവനെയുമോർത്ത്  നെടുവീർപ്പിട്ടു

മഴയും വെയിലും കൊണ്ട്  നിറഞ്ഞു
പിന്നെ
പുലരികളിൽ വെളിച്ചത്തോടൊപ്പം പരന്നു
ഉറവയിൽ ചെന്ന് ജലത്തിൽ
കലർന്ന് പുഴയായി
നിന്നും നീണ്ടും ഒഴുകി കടലിൽ ലയിച്ചു.

2021, ജനുവരി 17, ഞായറാഴ്‌ച

തണൽ

പാമ്പുകടിച്ചു മരിച്ച അബൂബക്കർ
അഞ്ചിൽ പഠിക്കുമ്പോൾ നട്ട
ഒട്ടുമാവിൻ്റെ തണലിൽ
കുറേ നേരം കണ്ണടച്ചിരുന്നു

ക്ലാസിലിരിക്കുമ്പോൾ
നെഞ്ചുവേദനിച്ച് ആശുപത്രിയിൽ പോയി
പിന്നെ വരാതിരുന്ന
രമ കുഞ്ഞു ബ്രഷ് കൊണ്ടു വരച്ച
പഴയ ചിത്രത്തിലെ
കിളി നിർത്താതെ ചിലയ്ക്കുന്നത് കേൾക്കുന്നു

കുഞ്ഞപ്പൻ മാഷ് അടിക്കാതെ
ചൂരൽ വടി കാട്ടി പഠിപ്പിച്ച
കണക്കു കൂട്ടി
വലിയൊരു തിരമാലയെ
വകഞ്ഞു മാറ്റുന്ന
കുട്ടികളെ കാണുന്നു

അൽപനാളുകൾ മാത്രം
കൂടെയിരുന്ന്
തണുപ്പായും തലോടലായും
നിവർത്തി നിർത്തിയവരുടെ
ശ്വാസ ബലത്തിൽ
മൂന്നു ചുവടുകൾ മുന്നോട്ടു നടന്ന്
ഒരു കുട്ടി ലോകം കീഴടക്കുന്നു

നട്ടും
നീരൊഴിച്ചും
നേരു പകർന്നും
വളർത്തിയ ചെടികൾ കൊണ്ട് നിറഞ്ഞ
ഭൂമി 
നിലാവിൽ
കോടമഞ്ഞിൽ
ആരും കാണാതെ
കണ്ണീർ തുടയ്ക്കുന്നു.

2021, ജനുവരി 5, ചൊവ്വാഴ്ച

വായന

പല കവികളെ പിന്തുടരുക
ഒട്ടും എളുപ്പമുള്ള കാര്യമല്ല

ഒരാളെ വായിക്കുമ്പോൾ
മറ്റെല്ലാവരുടെയും വാതിലുകളടയ്ക്കണം

കവിയും വായനക്കാരനും
പ്രപഞ്ചവും തനിച്ചാകണം

കവി ഒന്നും മിണ്ടുകില്ല
വായിക്കുന്നയാൾ അതേ രസതന്ത്രത്തിൽ വരികളിലേക്ക് കണ്ണോടിക്കണം
അപ്പോൾ
പ്രപഞ്ചം മാത്രം
നദിയുടെ ഓളങ്ങൾ
നിലാവ്
മഞ്ഞ്
ഇരുട്ട് വെളിച്ചം
എന്നിവ കൊണ്ട്
ഒരു ചിത്രം വരയ്ക്കും

അതിൽ
അസമയത്തുള്ള കരച്ചിലുകൾ
വിശപ്പിൻ്റെ നോട്ടങ്ങൾ എന്നിവ കേൾക്കും

നിസ്സഹായതയുടെ കൈകൾ നീട്ടി തൊട്ടപ്പുറത്ത് 
തല കുനിച്ച് ഒരുവളിരിക്കുന്നതായി അറിയും
അവളുടെ കണ്ണീര്
നിലത്ത് വീഴുന്ന ശബ്ദത്തിൽ
പൊടുന്നനെ
ലോകത്തിൻ്റെ സമസ്ത മൗനങ്ങളും
ചിതറിത്തെറിക്കും