SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2019, ഓഗസ്റ്റ് 18, ഞായറാഴ്‌ച

നിശ്ചലം

ഒട്ടും ഉണർവില്ലാത്ത ചില ദിവസങ്ങളുണ്ടാകും

ഒരു പൂക്കളെക്കൊണ്ടും ഉണർത്താൻ കഴിയാത്ത വിധത്തിൽ
ഒരു പാട്ടിലും ലയിക്കാത്ത തരത്തിൽ
ഒരു യാത്രയ്ക്കും മാറ്റാൻ കഴിയാത്ത രീതിയിൽ
മഞ്ഞു പോലെയുറഞ്ഞ ചില ദിനങ്ങൾ

കാറ്റിലും മഴയിലും പെട്ടു പോയ പക്ഷിക്കുഞ്ഞിനെപ്പോലെ
അറിയാത്തവരുടെയിടയിൽ പെട്ട സ്കൂൾ കുട്ടിയെപ്പോലെ
പരിചിതരുടെയിടയിൽ തീർത്തും അപരിചിതനായി
നേരം നമ്മെ കുരുക്കിയിടും

രക്ഷപ്പെടാനാവാത്ത വിധം
രാത്രികളും പകലുകളും ഇരുട്ടുകൊണ്ടു കോർക്കപ്പെട്ടിട്ടുണ്ടാകുമപ്പോള്‍.

വലിയ തിരകള്‍ അലയടിച്ചെത്തും വരെ
വലിയ വെളിച്ചം വരുന്നതുവരെ
പ്രവാഹങ്ങൾ കുതിച്ചെത്തി പുതിയ ഗീതം പാടിത്തുടങ്ങുന്നതു വരെ
നിശ്ചലം നാം  ഒഴുക്കിലൊഴുകാതെ നിൽക്കും

2019, ജൂലൈ 8, തിങ്കളാഴ്‌ച

അവനവന്റെ ആൾ

പ്രഭാത സവാരിക്ക് മറ്റൊരു വഴി പോയി

അപരിചിതനായതുകൊണ്ടാവും
പട്ടികൾ നിർത്താതെ കുരച്ചു

മുഖ പരിചയമില്ലാത്തവനെന്ന്
സ്ഥിരം നടത്തക്കാർ അടക്കം പറഞ്ഞു

എന്റെ നടത്തം കഠിനതരമായി

അവനവന്റെ ആളായിത്തീരുന്നതുവരെ
എല്ലാ മനുഷ്യരും
സംശയത്തിന്റെ നിഴലിലാണ്

2019, ജൂലൈ 7, ഞായറാഴ്‌ച

അവനവൻ

ചിതറിയ വാക്കുകൾക്കിടയിൽ നിന്നും
ഒരക്ഷരം പെറുക്കി നെഞ്ചോടു ചേർത്താൽ
അറിയുമായിരുന്നു
വേദനകളുടെ നേര്

പാടിയ പാട്ടിൽ നിന്നും
ഒരു സ്വരം
ദാഹനീരിൽ നിന്നൊരു തുള്ളി
അറിഞ്ഞെടുത്താൽ കേൾക്കാമായിരുന്നു
ചിരി മാഞ്ഞതിന്റെ പൊരുൾ

എല്ലാം നടന്നതിനു ശേഷമുദിക്കുന്നു
സ്നേഹം കരുണ അനുതാപം

സമയത്തിന്റെ കുത്തൊഴുക്കിൽ
നേരമില്ലായ്മയിൽ
ഇല്ലാതാവുന്നവരുടെ എണ്ണം
വീട്ടിലെ നാട്ടിലെ എല്ലാവരുടെയും എണ്ണത്തോളം വരും

2019, ജൂൺ 15, ശനിയാഴ്‌ച

ബസിൽ

ഘനീഭവിച്ച സങ്കടങ്ങൾ പേറുന്നവരായിരുന്നു 
യാത്രികരോരോരുത്തരും.

ആഹ്ലാദവാന്മാരാണെന്നത് 
എന്റെ വെറും തോന്നൽ മാത്രമായിരുന്നു

അധികരിക്കാനായി 
ആരുടെ കൈയ്യിലും ഒന്നും ഉണ്ടായിരുന്നില്ല

ഉണ്ടെന്നു തോന്നിക്കലമ്പിയവർക്ക്
മലഞ്ചെരുവിലെ
ആകാശം
വെളിച്ചം
ജലാശയങ്ങളുടെ തെളിച്ചം
സ്വന്തം സ്റ്റോപ്പ്
എന്നിവ നഷ്ടമായി

അമ്പതു പൈസ കുറവെന്നു പറഞ്ഞ് ടിക്കറ്റെടുത്ത
എൺപതു വയസ്സിന്റെ കണ്ണിൽ 
ആയുസ്സിന്റെ മഹാഭാരതം
തെളിഞ്ഞു കണ്ടു!

2019, മേയ് 22, ബുധനാഴ്‌ച

ശരാശരി

രാഷ്ട്രീയ പാർട്ടികൾ 
ഒറ്റമനുഷ്യനാണെന്നു തെറ്റിദ്ധരിക്കരുത്

അതിന്റെ കണ്ണുകൾ, കാതുകൾ, നാക്കുകൾ കൈകൾ, കാലുകൾ
എന്നിവ
പല മനുഷ്യരുടേതാണ്

കണ്ണുകളൊന്നു പറയും
നാക്കുകൾ മറ്റൊന്നു പറയും
കാതുകൾ പലത് കേൾക്കും
കാലുകൾ പല വഴി ചലിക്കും

ചില കൈകൾ തലോടും
ചിലത് തളർത്തും

എഴുതി വയ്ക്കപ്പെടുന്നവ
പലർ പല രീതിയിൽ വായിച്ചെടുക്കും
പലതു പറയും

അതുകൊണ്ടാണ്
അവയ്ക്ക് വ്യക്തിത്വമില്ലെന്നു തോന്നുന്നത്

നട്ടെല്ലില്ലെന്നും
മനസ്സാക്ഷിയില്ലെന്നും
പരിഹസിക്കപ്പെടുന്നത്

പലപ്പോഴും നമ്മുടെ ഹൃദയവുമായി സമരസപ്പെടാത്തത്

അവയെ
പലതരം മനഷ്യരുടെ
ശരാശരിയായേ കാണാവൂ
അല്ലെങ്കിൽ ഇത്ര നാളനുഭവിച്ച വേദന തീരുകയേയില്ല!

പരീക്ഷ

ഉത്തരക്കടലാസുകൾ അടുക്കി വച്ച കെട്ടുകളുടെ 
നടുവിലുള്ള ഇരിപ്പ്
വെറും ഇരിപ്പല്ല

ഒരുപാടു പേരുടെ
ചിന്തകളുടെ
കാഴ്ചപ്പാടുകളുടെ
വേറിട്ട വഴികളുടെ
ആവിഷ്കാര നവീനതകളുടെ
സ്വപ്നങ്ങളുടെ
നടുവിലുള്ള ഇരിപ്പാണത്

ഒന്നുമെഴുതാത്ത
ഒരുത്തരപേപ്പർ കാണുമ്പോൾ
സങ്കടപ്പെടുന്നില്ല
അവൻ പൂക്കൾ വിരിയിക്കുന്നത്
മറ്റൊരിടത്താവും എന്നേയുള്ളൂ

നിറയെ ഉത്തരമെഴുതിയ
പേജുകൾ കാണുമ്പോൾ അമിതാഹ്ലാദവുമില്ല
സാഹചര്യങ്ങളുടെ വേലിയേറ്റങ്ങളിൽ
അവർ മുങ്ങിപ്പോകുമോ എന്ന സന്ദേഹമേയുള്ളൂ

സ്വയം തയ്യാറാക്കുന്ന
ചോദ്യങ്ങൾക്ക്
ഉത്തരമെഴുതാൻ
ഓരോരുത്തരുമനുഭവിക്കുന്ന പെടാപ്പാടാണ്
പ്രശ്നം

പേനയിൽ മഷി, എഴുത്തുകടലാസ്
കാറ്റും വെളിച്ചവുമുള്ള ഇടം, ആത്മവിശ്വാസം
എല്ലാ മൊത്തു വരുമ്പോഴേക്കും 
ഒന്നുകിൽ
ബെല്ലടിക്കും
അല്ലെങ്കിൽ സിലബസ് മാറും !

നീ

നിന്നെ മറക്കാനാവുന്നില്ലല്ലോ

വഴിയാത്രകളിൽ നിന്റെ മുഖം കാണുന്നു
നിന്റെ പാട്ടുകേൾക്കുന്നു

നിന്റെ തലോടൽ
നിന്റെ സാന്ത്വനം
അനുഭവിക്കുന്നു

നീയകന്നിട്ട്
വർഷങ്ങളായിട്ടും
എവിടേക്കും പോകാതെ
നീയെന്റെ ഓരോ മിടിപ്പിലും
ശ്വാസത്തിലും
വെളിവിലും
ഇരുളിലും
പുതിയ ചിത്രങ്ങൾ
നിറക്കൂട്ടുകൾ വരയ്ക്കുന്നു