SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011, ജൂലൈ 9, ശനിയാഴ്‌ച

ആ പഴയ ജീവിതം

വീണുകിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ വിരിപ്പലകയിലിരുന്ന്
നേരമ്പോക്കുകള്‍ നോല്ക്കുമ്പോഴാണ്
എത്തിപ്പിടിക്കാനാവാത്ത ഭൂമികകളുടെ സൗന്ദര്യത്തെക്കുറിച്ച്
വെളിപാടുകളുണ്ടാവുന്നത്.

നക്ഷത്രങ്ങളുടെ ഉയരങ്ങളെക്കുറിച്ച്
എന്നിട്ടും അവ കാത്തുസൂക്ഷിക്കുന്ന പൂവുകളെക്കുറിച്ച്
മഹാവൃക്ഷങ്ങളെക്കുറിച്ച്
എന്നിട്ടും അവ കാത്തുപോരുന്ന താഴ്മയുടെ ഋതുക്കളെക്കുറിച്ച്
ഈ ഭൂമിയെക്കുറിച്ച്
മൗനങ്ങളില്‍ അതൊരുക്കൂട്ടുന്ന പാട്ടുകളെക്കുറിച്ച്
ചില വരികള്‍ വരുന്നു.

മുഴക്കങ്ങളുടെ വീഥികളില്‍നിന്നും
പച്ചയണിഞ്ഞ സത്യത്തിന്റെ നാട്ടുവഴിയിലൂടൊരു യാത്ര വരുന്നു.

എതിരെ വരുന്ന നഗ്നതയില്‍ നിന്നും
രോഗിയുടെ മരണനിശ്ശബ്ദതയിലേക്കൊരു
ദൂരം വരുന്നു.

വാക്കുകള്‍, വചനങ്ങള്‍ വരുന്നു.
അഹിംസയില്‍നിന്നു ഗാന്ധിജി
മൗനത്തില്‍നിന്നു ബുദ്ധന്‍
തടവറയില്‍ നിന്നു മണ്ടേല
പൂവില്‍നിന്നു ടോട്ടോച്ചാന്‍ വരുന്നു.

പൊടുന്നനെ ഒരുറുമ്പോ പാമ്പോ കാലില്‍ കടിക്കുന്നു.

സ്വാതന്ത്ര്യവും വിരിപ്പലകയും നേരമ്പോക്കും
ഭൂമികയും സൗന്ദര്യവും നേരമ്പോക്കും
എങ്ങോട്ടോ പോകുന്നു

ആ പഴയ ജീവിതം റേഷനരിയും വാങ്ങിച്ചു വരുന്നു.

1 അഭിപ്രായം:

  1. ചിന്തിച്ചാലോരു അന്തവുമില്ല ചിന്തിച്ചില്ലെങ്കിലൊരു കുന്തവുമില്ലെന്നു കേട്ടിട്ടില്ലെ....എന്നാല്‍ ചിന്തിക്കാതിരിക്കുന്നതെങ്ങിനെ...
    നന്നായി.കെട്ടോ.സുല്‍ത്താന്‍ ബെത്തേരി റ്റി റ്റി സിയിലൊക്കെ ഞാന്‍ വന്നിടുണ്ട് കെട്ടോ..പിന്നെ എന്തിനാണീ വെരിഫിക്കേഷന്‍..?

    മറുപടിഇല്ലാതാക്കൂ