SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

കരുതല്‍

ഇത്തവണ
പരിചിതരുടെ മരണങ്ങള്‍
കൂടുതലാണ്

വണ്ടി തട്ടി രാമു
കുഴഞ്ഞുവീണ് കുഞ്ഞായന്‍
മരംവീണ് ജോസഫ്

കിടന്നകിടപ്പില്‍ പത്താണ്ട് തികച്ച മാധവിയമ്മ
തലയില്‍ തേങ്ങവീണ്
ഒന്നും മിണ്ടാതെ
മുപ്പതാണ്ട് ചിരിച്ചുകൊണ്ടിരിക്കുക മാത്രം ചെയ്ത വിഷ്ണു

കാലന്‍ കുടിശ്ശിക തീര്‍ത്തതാവും

ഈയിടെയായി
ബസ്സിലിരിക്കുമ്പോഴും
റോഡ് കുറുകെ കടക്കുമ്പോഴും
തെങ്ങുകയറുമ്പോഴും
ഒരു കരുതല്‍

സൈഡ് സീറ്റിലും മുന്‍സീറ്റിലും ഇരിക്കേണ്ട
ഒത്ത നടുവിലിരുന്നാല്‍ മതി

വാഹനങ്ങള്‍ പോയിക്കഴിഞ്ഞശേഷം
സീബ്രാലൈനില്‍കൂടി മാത്രം റോഡ് മുറിച്ചുകടന്നാല്‍ മതി

ഉറപ്പുള്ള തളയുണ്ടെങ്കിലേ തെങ്ങിന്മേല്‍ കയറുന്നുള്ളൂ
ഇല്ലെങ്കില്‍ ആളെ വിളിക്കാം

എല്ലാം
മുമ്പില്ലാത്തത്.
കൃത്യമായിപ്പറഞ്ഞാല്‍
അരിവാങ്ങാന്‍ പോയ ബാബു 
വയലില്‍ വച്ച് പാമ്പുകടിച്ച് മരിച്ചതിനുശേഷം.



5 അഭിപ്രായങ്ങൾ:

  1. എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. നാം കരുതിയിരിക്കുമ്പോള്‍ നമ്മെ കാത്തു കരുതലോടെയിരിക്കുന്ന മരണം .....കണക്കാക്കിയ ഇടവും നേരവും അണുവിട തെറ്റാതെ കാത്തുകൊണ്ട്....

    കവിത നന്നായിരിക്കുന്നു ...ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  3. sometimes some words will miss...
    i wonder how can you hide those words in ur poems!

    മറുപടിഇല്ലാതാക്കൂ