SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2021 ജനുവരി 25, തിങ്കളാഴ്‌ച

തിരിച്ചു പോക്ക്

ഫലപ്രഖ്യാപനത്തിനു മുമ്പേ
ആ കവിത തിരിച്ചുപോയി

പുതിയ വാക്കുകളും
ധ്വനിയും
താളവും ഈണവും
അത് വഴിവക്കിലെ തോട്ടിലെറിഞ്ഞു

മടങ്ങി വരുമ്പോൾ കാണാൻ കാത്തു നിന്ന കൊന്നമരത്തിൻ്റെ മഞ്ഞയെ
അത് കണ്ടതേയില്ല

കാത്തു വച്ച താളം കേൾപ്പിക്കാൻ
കൊതിച്ചിരുന്ന അരുവിയെ
കേട്ടതേയില്ല

യാത്രയുടെ വർത്തമാനങ്ങൾ കേൾക്കാൻ
ഉറങ്ങാതിരുന്ന കവിയെ
അത് അറിഞ്ഞതേയില്ല

വയലിൻ്റെ അറ്റത്തെത്തിയതും
ഇലത്തുമ്പിൽ നിന്ന് മഞ്ഞുതുള്ളി മണ്ണിലേക്ക് വീണതും
മിന്നൽ
നിലവിനെയെന്ന പോലെ  
അതിനെ ഭൂമി വിഴുങ്ങി

എല്ലാ കാലത്തും
എല്ലാ കവിതയേയും
ഭൂമി വിഴുങ്ങുന്ന
അതേ മൂർച്ഛയിൽ 
അതേ ശബ്ദത്തിൽ!

2021 ജനുവരി 18, തിങ്കളാഴ്‌ച

ഒളിച്ചോട്ടം

വെളിച്ചം കാണാത്ത കവിതകളിലൊരെണ്ണം
കവിയുടെ നോട്ടുപുസ്തകം ഭേദിച്ച്
പുറത്തുചാടി
നിശബ്ദയായി അരൂപിയായി
കണ്ട വഴിയേ നടന്നു
കെഎസ്ആർടിസി ബസിൽ
ചുരങ്ങൾ കയറി
പുഴ കണ്ടയിടങ്ങളിലിറങ്ങി കുളിച്ചു
തണലിൽ ഉറങ്ങി

രാത്രിയിൽ വയൽപ്പരപ്പുകളിൽ
നിലാവിൽ മലർന്നു കിടന്നു
തണുപ്പിൽ മിന്നാമിനുങ്ങുകളുടെ 
കൂട്ടത്തിൽ കൂടി

തീവണ്ടികളിൽ ജനറൽ 
കമ്പാർട്ടുമെൻ്റുകളിൽ കയറി

ആളുകേറാത്ത വെളിമ്പറമ്പുകളിലിരുന്ന്
വിസർജിച്ചു

പ്രണയം തോന്നിയവരോട്
അവരറിയാത്ത വിധം ഭോഗിച്ചു

വിശന്നു കരയുന്ന കുട്ടിയുടെയരികെയിരുന്ന്
മധുരം പറഞ്ഞ് ചിരിപ്പിച്ചു

ഭേദിച്ച നോട്ടുപുസ്തകത്തെയും
ജന്മം കൊടുത്തവനെയുമോർത്ത്  നെടുവീർപ്പിട്ടു

മഴയും വെയിലും കൊണ്ട്  നിറഞ്ഞു
പിന്നെ
പുലരികളിൽ വെളിച്ചത്തോടൊപ്പം പരന്നു
ഉറവയിൽ ചെന്ന് ജലത്തിൽ
കലർന്ന് പുഴയായി
നിന്നും നീണ്ടും ഒഴുകി കടലിൽ ലയിച്ചു.

2021 ജനുവരി 17, ഞായറാഴ്‌ച

തണൽ

പാമ്പുകടിച്ചു മരിച്ച അബൂബക്കർ
അഞ്ചിൽ പഠിക്കുമ്പോൾ നട്ട
ഒട്ടുമാവിൻ്റെ തണലിൽ
കുറേ നേരം കണ്ണടച്ചിരുന്നു

ക്ലാസിലിരിക്കുമ്പോൾ
നെഞ്ചുവേദനിച്ച് ആശുപത്രിയിൽ പോയി
പിന്നെ വരാതിരുന്ന
രമ കുഞ്ഞു ബ്രഷ് കൊണ്ടു വരച്ച
പഴയ ചിത്രത്തിലെ
കിളി നിർത്താതെ ചിലയ്ക്കുന്നത് കേൾക്കുന്നു

കുഞ്ഞപ്പൻ മാഷ് അടിക്കാതെ
ചൂരൽ വടി കാട്ടി പഠിപ്പിച്ച
കണക്കു കൂട്ടി
വലിയൊരു തിരമാലയെ
വകഞ്ഞു മാറ്റുന്ന
കുട്ടികളെ കാണുന്നു

അൽപനാളുകൾ മാത്രം
കൂടെയിരുന്ന്
തണുപ്പായും തലോടലായും
നിവർത്തി നിർത്തിയവരുടെ
ശ്വാസ ബലത്തിൽ
മൂന്നു ചുവടുകൾ മുന്നോട്ടു നടന്ന്
ഒരു കുട്ടി ലോകം കീഴടക്കുന്നു

നട്ടും
നീരൊഴിച്ചും
നേരു പകർന്നും
വളർത്തിയ ചെടികൾ കൊണ്ട് നിറഞ്ഞ
ഭൂമി 
നിലാവിൽ
കോടമഞ്ഞിൽ
ആരും കാണാതെ
കണ്ണീർ തുടയ്ക്കുന്നു.

2021 ജനുവരി 5, ചൊവ്വാഴ്ച

വായന

പല കവികളെ പിന്തുടരുക
ഒട്ടും എളുപ്പമുള്ള കാര്യമല്ല

ഒരാളെ വായിക്കുമ്പോൾ
മറ്റെല്ലാവരുടെയും വാതിലുകളടയ്ക്കണം

കവിയും വായനക്കാരനും
പ്രപഞ്ചവും തനിച്ചാകണം

കവി ഒന്നും മിണ്ടുകില്ല
വായിക്കുന്നയാൾ അതേ രസതന്ത്രത്തിൽ വരികളിലേക്ക് കണ്ണോടിക്കണം
അപ്പോൾ
പ്രപഞ്ചം മാത്രം
നദിയുടെ ഓളങ്ങൾ
നിലാവ്
മഞ്ഞ്
ഇരുട്ട് വെളിച്ചം
എന്നിവ കൊണ്ട്
ഒരു ചിത്രം വരയ്ക്കും

അതിൽ
അസമയത്തുള്ള കരച്ചിലുകൾ
വിശപ്പിൻ്റെ നോട്ടങ്ങൾ എന്നിവ കേൾക്കും

നിസ്സഹായതയുടെ കൈകൾ നീട്ടി തൊട്ടപ്പുറത്ത് 
തല കുനിച്ച് ഒരുവളിരിക്കുന്നതായി അറിയും
അവളുടെ കണ്ണീര്
നിലത്ത് വീഴുന്ന ശബ്ദത്തിൽ
പൊടുന്നനെ
ലോകത്തിൻ്റെ സമസ്ത മൗനങ്ങളും
ചിതറിത്തെറിക്കും