SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

വേനലിന്റെ ഒരു ചൂടേ...

പുതിയതൊന്നെഴുതാനിരിക്കുമ്പോള്‍
പഴയവയെല്ലാം ചുറ്റിലും കൂടിനില്‍ക്കും.
അവയുടെ മണം , നിറം , ശബ്ദം ഇവയ്ക്കടിപ്പെട്ട്
ഉണ്ടാകുന്നതെല്ലാം പഴയതുതന്നെയായിപ്പോകും.
കുരുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു പലായനം നടത്തി.
കവിത വായിക്കാതായി
ക്യാമ്പുകളില്‍ പോകാതായി
ചര്‍ച്ചകളെ തിരിഞ്ഞുനോക്കാതായി
തേടിവന്നവരെ കണ്ടുമുട്ടാതായി
വീട്ടുപറമ്പില്‍ മണ്ണു കിളച്ചു
വെള്ളരിയും പാവലും വാഴയും പേരയും നട്ടു
വെള്ളമൊഴിച്ചു
തളിരിട്ട വാഴ കുലച്ചു
കായ പഴുത്തു
തിന്നതിന്‍ബാക്കി ചന്തയില്‍ വിറ്റു

വെള്ളരിയ്ക്കക്കാണു രുചി
പാവലിന്‍റെ പച്ചയാണു പച്ച
പേരയുടെ മണമാണു മണം

ഇത്തവണ മേടത്തില്‍ മഴ പെയ്തതേയില്ല
വേനലിന്‍റെ ഒരു ചൂടേ....

1 അഭിപ്രായം:

  1. കവിതയുടെ വിത്തുകള്‍
    കണ്ടെടുത്തുവല്ലോ;
    വേനലിലും.
    ഇനി കൃഷി/കൃതി.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ