SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

നിലനില്പിനെക്കുറിച്ച് ചില ചോദ്യങ്ങള്‍

മറവിമൂലം ഇല്ലാതാകുന്ന ഓര്‍മകളെക്കുറിച്ച് ആധിയുണ്ട്.

പ്രതികരിക്കാനാകാതെ നിശ്ചലമാകുന്ന നാക്കിനെക്കുറിച്ച് ആകുലതകളുണ്ട്.

വാക്കുകളിലെ തിരിച്ചറിയാനാവാത്ത മുള്ളുകളെക്കുറിച്ചും
വരള്‍ച്ചയിലേക്ക് നിറം പൊതിഞ്ഞൂതിവിടുന്ന
പ്രലോഭനങ്ങളെക്കുറിച്ചും ആശങ്കകളുണ്ട്.

അതിജീവനത്തിന്റെ രൂപപ്പെടാത്ത സൂത്രവാക്യങ്ങള്‍ക്കുവേണ്ടി
എത്രനാള്‍ കാത്തിരിക്കും ?

വിശപ്പിനെ എത്രനാള്‍ മറച്ചുപിടിക്കാനാകും ?

ഒന്നും സംഭവിച്ചിട്ടില്ലെന്ന് കുഞ്ഞുങ്ങളോട് എത്രനാള്‍ പറയും ?

2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഒരു തുള്ളി വിഷം

ഇരുട്ടിലും വെളിച്ചത്തിലും
ഓര്‍മ്മയിലും മറവിയിലും
മങ്ങിയ സന്ധികളിലും
വിടാതെ പിന്‍തുടര്‍ന്ന്

ആധിയും വ്യഥയും ആളിക്കത്തിച്ച്

ജ്വരത്തിലും തിമിരബാധയിലും ബോധം പിളര്‍ന്ന്

രക്തത്തില്‍ കലര്‍ന്ന്

ഒരോ തുള്ളി വിഷം

നമ്മുടെയൊക്കെയുള്ളിലും !

2011 ഓഗസ്റ്റ് 14, ഞായറാഴ്‌ച

കണ്ണുനീര്‍

ജീവിതം സ്വയം വറ്റിത്തീരുമ്പോള്‍
ആവിയായിപ്പോകാതെ ബാക്കിയാവുന്ന ഒരു തുള്ളി


സങ്കടക്കടലിലില്‍ നിന്നു തെറിച്ചുവീണ ഒരു തുള്ളി ഉപ്പുജലം

അതില്‍
അസാന്നിദ്ധ്യങ്ങളോടുള്ള നിശ്ശബ്ദമായ പ്രതിഷേധങ്ങള്‍
ആഹ്ളാദത്തിന്റെ ചോലയിലെ വട്ടം വരയുന്ന ഓളങ്ങള്‍
സത്യം ബോധിച്ചതിന്റെ നനുത്ത ശബ്ദങ്ങള്‍
സഹനപുസ്തകത്തിലെ അവസാനപ്പേജില്‍ ഊറിക്കൂടുന്ന വെളിച്ചം

പിറവിക്കു ശേഷം
ആരാലും കാണാതെ
അതെത്രവേഗമാണ് ആവിയായിപ്പോകുന്നത്!

2011 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

സുവര്‍ണജൂബിലി

നാട്ടില്‍ കമ്മിറ്റിക്കാരും കുടുംബക്കാരും
അയല്‍ക്കാരും യാത്രക്കാരും
കച്ചവടക്കാരും
നമ്മുടെ ആളുകളും അവരുടെ ആളുകളും
തീക്കളി തീരാക്കളി തുടങ്ങിയിട്ടിന്നേക്കമ്പതുവര്‍ഷമായി ദാസാ....

വീട്ടില്‍ അമ്മായിയമ്മയും സഹധര്‍മ്മിണിയും
അച്ഛന്മാരും അനുജന്മാരും
അനുജത്തിമാരും അനന്തിരവന്മാരും
പിന്നെ നീയും ഞാനും
കത്തിക്കളി കൈയാങ്കളി
തുടങ്ങിയിട്ടുമമ്പതുവര്‍ഷമായി ദാസാ....

എത്രവട്ടം
അര്‍ജുനനായി അശ്വത്ഥാമാവായി
ധര്‍മ്മം കാക്കുന്നവനായി
കര്‍ണ്ണനായി കരുണാമയനായി
തീ തിന്നിട്ടില്ല തന്ത്രം തീര്‍ത്തിട്ടില്ല
സ്വാര്‍ത്ഥം കാട്ടിയിട്ടില്ല മിണ്ടാതിരുന്നിട്ടില്ല നീ ദാസാ....

കളത്തിനകത്തുനിന്ന് പുറത്തുനിന്ന്
ഒളിച്ചുനിന്ന്
ഒന്നു നെടുവീര്‍പ്പിട്ട്
ജീവിതത്തെ ശപിച്ചിട്ടില്ല നീ ദാസാ.....

ഗ്യാലറി ആര്‍ത്തിരമ്പുമ്പോള്‍
പാളിപ്പോയ പെനാല്‍റ്റി കിക്കിനെ ശപിച്ച്
എത്രവട്ടം
മൈതാനത്തുനിന്നിറങ്ങിവന്നിട്ടില്ല നീ ദാസാ....

വിശപ്പിന്റെ കുഞ്ഞിക്കൈപ്പിടുത്തത്തെ
പറിച്ചെറിഞ്ഞ് പറിച്ചെറിഞ്ഞ്
എത്രവട്ടം നീ തീയിലേക്കിറങ്ങിയിട്ടില്ല ദാസാ....

എത്രവട്ടം ഇരുട്ടത്ത് ഒറ്റയ്ക്കു നടന്നിട്ടില്ല
എത്രവട്ടം കാറ്റത്തൊടിഞ്ഞ ചെടിയായിട്ടില്ല നീ
ദാസാ....ദാസാ.....



2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

പുതിയ ആകാശം

മതിലുകള്‍ തകരും
ഭൂമിയുടെ പൂക്കളിലേക്കും ഇലകളിലേക്കും
ഇത്രനാളും നിലച്ച ഹൃദയം കടന്നുചെല്ലും.

അബോധത്തിന്റെ കൊത്തളങ്ങളില്‍ മാറാലകെട്ടിയ സര്‍ഗസ്വപ്നങ്ങള്‍
പുതിയ വെയില്‍തട്ടി പുറത്തു വരും

എഴുതാനൊരു നാരായമുണ്ടാകും
എഴുത്തോലയുണ്ടാകും
സ്വാസ്ഥ്യം മെഴുകിയ നിലത്തിരുന്ന്
സത്യം മുഴുവന്‍ വിളിച്ചുപറയാനൊരു ഭൂമിക കൈവരും

പിന്നെ ഭൂമി അതിന്റെ ആകാശത്തില്‍
മറ്റൊരാകാശം കണ്ട് തെളിഞ്ഞു നിവരും.
അതിന്റെ ഞരമ്പുകളിലത്രയും
നീതിയുടെ നിറം പടര്‍ന്ന് നിലാവു നിറയും.

2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

അന്തരം

നിന്റെ
സൗമ്യവും വിശാലവുമായ മേച്ചില്‍പ്പുറങ്ങളില്‍
ഞാന്‍ വെറുമൊരുണക്കപ്പുല്ല്.

നിന്നെ വിവര്‍ത്തനം ചെയ്യാന്‍ എനിക്കു കഴിയുന്നേയില്ല.

എന്നിലുള്ളത്
സമകാലിക കപടബോധത്തിന്റെ ആണവാവശിഷ്ടം!

2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

കണ്ണുനീര്‍ത്തുള്ളി

അധ്യാപകന്‍ കുട്ടികളോട് പൂവുകളാകാന്‍ പറഞ്ഞു

കുട്ടികള്‍ തെച്ചിയും ചേമന്തിയും ചെമ്പരത്തിയുമായി
മുല്ലയും മന്ദാരവും മെയ് മാസപ്പൂവുമായി

ക്ലാസും പരിസരവും പൂമണംകൊണ്ട് നിറഞ്ഞു

മഞ്ഞയും ചുവപ്പും വെളുപ്പും ഒറ്റയ്ക്കും തെറ്റയ്ക്കും പാട്ടുകള്‍ പാടി
പാട്ടു കേള്‍ക്കാന്‍ തുമ്പികളും അടുത്ത ക്ലാസിലെ കുട്ടികളും വന്നു

പൂവാകാന്‍ വയ്യാത്ത കുട്ടിയെ ആരും കണ്ടില്ല

അവള്‍ വയ്യായ്ക ഉച്ചത്തില്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു

ആരും കേട്ടില്ല
അവളൊരു കണ്ണുനീര്‍ത്തുള്ളിയായി
പെയ്തുകൊണ്ടിരുന്ന മഴയില്‍ ഒഴുകിയൊഴുകിപ്പോയി.

2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

നീയില്ലാത്ത മുറി

നീയില്ലാത്ത മുറിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍
പുസ്തകങ്ങള്‍ സംസാരിക്കുന്നില്ല.
പേനകള്‍ എഴുത്ത് നടത്തുന്നില്ല.
ആലാപനങ്ങളുടെ ആഴങ്ങളോ
മണ്ണിന്റെ മണമോ
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ വെളിച്ചമോ ഇല്ല.

എന്നാല്‍
അഭാവങ്ങളുടെ നേരില്‍ തെളിയുന്ന ചില ചിത്രങ്ങളുണ്ട്.
ഓര്‍മ്മകളുടെ ഒരു പുഴ ജനല്‍പ്പാളികള്‍ കടന്നെത്തും
പുറംപോക്കിലെ ശബ്ദങ്ങള്‍ മടിച്ചുമടിച്ചാണെങ്കിലും വാതില്‍ കടക്കും
ചെറിയ കിളികള്‍ ചാഞ്ഞുനില്ക്കുന്ന കൊമ്പിലിരുന്നു പാടും
ഇലകളിലും പൂക്കളിലും മലഞ്ചെരുവിലെ പച്ചയിലും പറ്റിനില്ക്കുന്ന മൗനം
മുറിയിലേക്കും പടരും

അപ്പോള്‍
ഉള്ളിന്റെയുള്ളില്‍നിന്നോ
അകലേയ്ക്കകലെ നിന്നോ
ഒരുതുള്ളികണ്ണുനീരൂറിയെത്തും!