SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2024, ഒക്‌ടോബർ 29, ചൊവ്വാഴ്ച

കാർ

അപരിചിതമായ ഒരിടത്താണെങ്കിലും
സീറ്റിൽ കയറിയിരുന്നാൽ
സ്വന്തം വീട്ടിലെത്തിയ പോലെ തോന്നും

ദൂരം വളരെയാണെങ്കിലും
എത്താൻ നേരം പുലരുമെങ്കിലും
താക്കോൽ കൈയിലുണ്ടെങ്കിൽ
പോകാമെന്ന് സമ്മതം മൂളും

കണ്ട കാര്യങ്ങളെ പിറകോട്ടു നീക്കി
കൗതുകങ്ങൾ കൺവെട്ടത്തു വരുത്തുന്ന നിൻ്റെ സഞ്ചാരം
എന്നയെത്ര തവണ കുടഞ്ഞുണർത്തിയിരിക്കുന്നു!

ഹരം പിടിപ്പിക്കുന്ന വേഗതയിൽ 
കെട്ടി നിന്ന വെള്ളം തൂവിത്തെറിപ്പിച്ച്
സ്കൂൾ കുട്ടികളുടെ പുസ്തകങ്ങളെ
കുപ്പായങ്ങളെ നീയെത്ര തവണ നനച്ചു?

അപരിചിതനൊരാളെ രാത്രിയിൽ
ചേർത്തുനിർത്തിയതിൻ്റെ പ്രത്യുപകാരം
ഇരുട്ടു പിടിച്ച മറ്റൊരു നേരത്ത് വന്നെത്തിയതിൻ്റെ പിറകിലും നീ തന്നെയല്ലേ?

പാളിപ്പോയാൽ തീരാൻ നിമിഷ നേരം മതിയെന്ന കരുതൽ
ഓർമ്മിപ്പിക്കാറുണ്ട്
ചെറിയ പാളിച്ചകളാൽ നീ ഇടയ്ക്കിടെ !

ഒരിടത്തു നിന്നും മറ്റൊരിടത്തേക്കല്ല
നീ കൊണ്ടു പോകുന്നത്
വിരസതയിൽ നിന്നും
ഒരു ചൂടു ചായയിലേക്ക്
അർത്ഥരാഹിത്യത്തിൽ നിന്നും
മൂളിപ്പാട്ടിലേക്ക്
ചട്ടക്കൂടുകൾക്കിടയിൽ നിന്നും
ഓളം തല്ലുന്ന പുഴയുടെ വെളിച്ചത്തിലേക്ക്

അപൂർവമായി മാത്രം
നേരിൽ നിന്നും
വിഷമസന്ധിയിലേക്കും
വളരെവേഗത്തിൽ തിരിച്ചും !

2024, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

കവല

ദിവസവും വെറുതെയെങ്കിലും ചെന്നില്ലെങ്കിൽ
ഉളളിൽ
ഇല്ലായ്മ തോന്നും

ദിനവും നനയ്ക്കുന്ന ചെടി
വാടുമെന്നതു പോലെ
വായിക്കാതിരുന്ന വാർത്ത
അറിയാതാവുന്നതു പോലെ

നമ്മുടെ ഒരരിക് ഇളകി ഇല്ലാതാകുന്നതു പോലെ

ഇപ്പോൾ വളരെ ദൂരെയായി ഞാൻ

ഉണ്ടായിരുന്നതൊക്കെ ഇല്ലാതായി

എന്നാലും
ഉണ്ടായിരുന്നതിൻ്റെ
അതേ ആത്മാവുള്ള
ഒരു ചായക്കട
ഒരാൽമരം
ഒരു ചാരു ബെഞ്ച്
ഒരു സുഹൃത്ത്
ഇവയെ
തേടുന്നുണ്ട്
ഏറെക്കുറെ
നേടിയെടുക്കുന്നുണ്ട് ഞാൻ.


2024, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

സംശയങ്ങൾ

വലിയ മനുഷ്യരെ എനിക്കു ഭയമാണ്
അവർ വളരെ ചെറിയ എന്നെ
അക്രമിക്കുമോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിക്കുമോ?
കഴിഞ്ഞ കാലത്തെ ജീവിതത്തിൻ്റെ റിപ്പോർട്ട് ആവശ്യപ്പെടുമോ?
അങ്ങോട്ടു ചിരിച്ചാലും ഇങ്ങോട്ട് ചിരിക്കാതിരിക്കുമോ?
തട്ടിക്കൊണ്ടു പോകുമോ?

ഒരു പാട് കറികൾ വിളമ്പിയ ഭക്ഷണം എനിക്കിഷ്ടമല്ല
ചുരുങ്ങിയ നേരം കൊണ്ട് ഇത്രമാത്രം രുചികൾ തിരിച്ചറിയാൻ എനിക്കു കഴിയുമോ ?
ഇത് മുഴുവൻ കഴിച്ചാൽ വയറ്റിൽ കടലിരമ്പുമോ?
യാത്രയ്ക്കിടയിൽ പോകാൻ മുട്ടിയാൽ എന്തു ചെയ്യും?
അല്ലെങ്കിലും ഒന്നോ രണ്ടോ കറികൾ ആയാൽത്തന്നെ ഭക്ഷണം സന്തോഷിപ്പിക്കുമല്ലോ
പിന്നെ എന്തിനാണ്?

വളരെ കൂടുതൽ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല
നിശ്ശബ്ദമായ ഇടവേളകളിൽ ഒറ്റക്കിരിക്കുമ്പോഴല്ലേ
നാമൊക്കെ നാമാകുന്നത്?
കേട്ട കാര്യങ്ങൾ സംസ്കരിക്കപ്പെടുന്നതിനുള്ള സമയമല്ലേ
ഈ ഒറ്റയ്ക്കിരിപ്പ്?
ഒരു കാര്യത്തെക്കുറിച്ച് ഒരേ കാര്യങ്ങൾ ഒന്നിലധികം തവണ കേൾക്കുമ്പോൾ
ഉണ്ടാകുന്ന വിരക്തി എന്നിലെ അസഹിഷ്ണുതയുടെ അടയാളമാണോ?
വൈകിയ രാത്രിയിൽ 
നിലാവിൻ്റെ ശബ്ദങ്ങൾ കേൾക്കുന്നത് ഒരു കുറ്റമാണോ?

നേരുകൾ
നിശ്ചയമായും പറയേണ്ടുന്ന കാര്യങ്ങൾ
അധികമാകാതെ എന്നാലൊട്ടും കുറയാതെ പറയുന്നവരെ നോക്കൂ..
യുക്തിയുടെ നേർത്ത ശബ്ദങ്ങളെ എത്ര സമർത്ഥമായാണ് അവർ കൂട്ടിയിണക്കുന്നത്.
അസന്തുലിതാവസ്ഥകളെ 
അസ്വസ്ഥതകളെ
നേർത്ത ഒരു ചിരി കൊണ്ട്
ഒരു മൂളൽ കൊണ്ട്
ഒരു വാക്കു കൊണ്ട്
അവർ മാറ്റിയെടുക്കുന്നു.
പറയുന്ന വാക്കുകളിൽ ചിലത് പറയാതിരുന്നാൽ
പറയാത്തവ ചിലത് പറഞ്ഞാൽ
കേൾക്കാത്ത ആ ഗാനം കേൾക്കാൻ എനിക്കും  കഴിയില്ലേ?

പായുന്ന തീവണ്ടിയുടെ വേഗത ഇഷ്ടമാണ്
സഹജമായ എൻ്റെ മാന്ദ്യത്തെ മറികടക്കാൻ അത് സഹായിക്കുന്നു എന്നതാണ് ഇഷ്ടത്തിന് കാരണം.
ഇരുട്ടിൽ അത് കുതിച്ചു പായുന്നു
തെറ്റുന്ന പാളങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു.
ഏത് വേഗതയുടെ ഹരത്തിലേക്കും
നിശ്ചലതയെക്കുറിച്ചുള്ള ഓർമ്മകളുടെ ഒരു നൂൽ കെട്ടിയിട്ടുണ്ട് എന്നത് ശരിയാണോ?

ചെറിയ ദൂരങ്ങൾ നടന്നു തന്നെ പോകണം എന്ന് ഞാൻ പറയാറുണ്ട്
വഴിയിൽ മഴ പെയ്ത വെള്ളം കെട്ടി നിൽക്കുന്നത് ഒരു തടസ്സമല്ല
വെറുതെ നിൽക്കുന്ന ഒരു പട്ടി കടിക്കില്ല
ജൈവികതയെ ലംഘിക്കുന്നത് ഭയമുണ്ടാക്കുന്നു?
ഭയത്തെ മറികടക്കുന്നതിന് യാന്ത്രികതയെ കൂട്ടുകാരനാക്കുന്നു? 



മാറ്റം

തിരിച്ചെത്തുമ്പൊഴേക്കും
നാമെത്ര  മാറുന്നു.
കുറേ നേരമെങ്കിലും  മൗനം നമുക്ക് കൂട്ടാകുന്നു.
മൗനത്തിൽ
ഹൃദയത്തിലൂടെ ഒരു നദി ഒഴുകുന്നു
ഓളങ്ങൾ തല്ലിപ്പതപ്പിച്ച്
ചില നേരങ്ങളിൽ ശാന്തമായി

പലരെ കണ്ടുമുട്ടുന്നു
ഓർമ്മകൾ തിരതല്ലുന്നു

അപരിചിതരെ 
അവരുടെ താളങ്ങളെ
വെറുതെ കേൾക്കുന്നു
കാണുന്നു

മനുഷ്യരില്ലാത്ത ദേശങ്ങൾ
കിളികളും അവരുടെ പാട്ടും മാത്രമുള്ള ഇടങ്ങൾ
മഴയില്ലാത്ത വഴികൾ
വെയിലുദിക്കാത്ത ദിനങ്ങൾ നിറഞ്ഞ പറമ്പുകൾ

ഒരേ വഴിയിൽ പോകുന്നവർ
നിശ്ചയിച്ച വഴികളുള്ളവർ
വഴികളേ നിശ്ചയമില്ലാത്തവർ

പൊടുന്നനെ
എന്നിലെ കെട്ടുകളഴിയുന്നു
പഴയതുപോലെ അവ മുറുക്കാനശക്തനാകുന്നു

പലർ ചേർന്നതാണ് ഞാൻ എന്ന് തെളിയുന്നു
പലരിലാണ് ഞാൻ എന്നും മുറുകുന്നു

വൈകീട്ട് തിരിച്ചെത്തുമ്പോൾ
മുറ്റത്തെ ചെടിയിലെ പൂവിനെ 
പുതിയ കണ്ണിൽ കാണുന്നു

ഒരിടത്ത് പോയി
തിരിച്ചെത്തുമ്പൊഴേക്കും
നാമെത്ര മാത്രം മാറുന്നു!

പാൻ്റ് ഷർട്ട് പാവയ്ക്ക പഞ്ചസാര പാട്ട്


ഇഷ്ടമില്ലാത്തതിനാൽ
അലമാരയിലുപേക്ഷിച്ച ഒരു പാൻ്റ്
ഇളം നീല നിറമുള്ള പുതിയൊരു ഷർട്ട് വാങ്ങിയതോടെ വളരെ ഇഷ്ടമുള്ളതായി.

കയ്പായതിനാൽ
കഴിക്കാതിരുന്ന പാവയ്ക്ക
അധികരിച്ച പഞ്ചസാരയളവിൽ
മധുരമുള്ളതായി.

ഇമ്പം കുറഞ്ഞതെന്നു കരുതി
കേൾക്കാതിരുന്ന ഒരു പാട്ട്
യാത്രയ്ക്കിടയിൽ ഒരിക്കൽ മാത്രം കേട്ടപ്പോൾ
പലവട്ടം കേൾക്കാൻ കൊതിക്കുന്നതായി.

ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ ഞാൻ
ഇഷ്ടമില്ലാത്തതിൻ്റെയൊക്കെയടുത്തു ചെല്ലുന്നു
അതിൻ്റെ ശ്വാസം കേൾക്കുന്നു
കണ്ണുകളിലേക്കുറ്റുനോക്കുന്നു
ഇഷ്ടക്കുറവിനാൽ തരിശായിക്കിടന്ന ഹൃദയത്തിൻ്റെ ദേശങ്ങളിൽ
കാറ്റു വീശുന്നു
മഴ പെയ്യുന്നു

കാലമെത്ര കഴിഞ്ഞാലും 
ജീവൻ വെടിയാത്ത ആ വിത്ത് മുളപൊട്ടുന്നു

തീവണ്ടി

ജനറൽ കമ്പാർട്ട്മെൻ്റ്.
നൂറുപേർ വേണ്ടിടത്ത്  മുന്നൂറു പേരുണ്ട്
ലക്ഷ്യത്തിലെത്താനിനിയും കുറേ മണിക്കൂറുകൾ വേണം.

നിർത്തുന്നിടങ്ങളിലിറങ്ങിയും കയറിയും ഇടയ്ക്കിടെ നവീകരിക്കപ്പെടുന്നുണ്ട് തീവണ്ടി.

ഇരിപ്പിടം കിട്ടിയവരൊക്കെ ചിന്തകരായി.
വളരെ കുറച്ചു പേർ അടുത്തിരിക്കുന്നവരെ മല്ലെ മല്ലെ പരിചയപ്പെട്ടു.
ഒരേ തരംഗദൈർഘ്യമുള്ളവർ പലതും പറഞ്ഞ് പറഞ്ഞ് മറ്റൊരു ലോകം തീർത്തു.


എനിക്കു സീറ്റു കിട്ടുന്നില്ല
വാച്ച് നിലച്ചതായി തോന്നി. 
ഒരു മിനുട്ട് മുന്നോ നാലോ മിനുട്ടായി.

കുറേ നേരം പുറത്തേക്കു നോക്കി നിന്നു.

അപ്പോൾ
പണ്ടേ പഠിച്ച പിറകോട്ടോട്ടം
നിർത്തി 
നടത്തം പരിശീലിക്കുന്നു
സീറ്റ് കിട്ടിയാൽ കുതിച്ചോടുമായിരുന്ന
മരങ്ങൾ, കുന്നുകൾ, പുഴകൾ
വയലുകൾ 
അവയിൽ മേയുന്ന പശുക്കൾ, മയിലുകൾ.

തെളിച്ചമുള്ള ഒരു കവിത

തെളിച്ചമുള്ള ഒരു കവിത വായിക്കണമെന്നാഗ്രഹിക്കുന്നു
പുസ്തകങ്ങളിലും
ആഴ്ചപ്പതിപ്പികളിലും
പരതി നടക്കുന്നു
ആകാശവാണിയിലും ദൂരദർശനിലും കാതോർക്കുന്നു
അരങ്ങുകളിലും എഴുത്തുഗ്രൂപ്പുകളിലും
അന്വേഷിക്കുന്നു

നന്നായി സംസാരിക്കുന്നവരുടെ പ്രസംഗങ്ങൾ കേൾക്കാൻ പോകുന്നു
അവരുടെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ടോ അത്?
പൊതുപ്രവർത്തകരുടെ തിരക്കുകൾക്കിടയിൽ കടന്നു ചെല്ലുന്നു
അവർ പരിഹരിക്കുന്ന ആധികൾക്കിടയിലെ
നെടുവീർപ്പിലുണ്ടോ അത്?
ബുദ്ധനെപ്പോലുള്ളവരുടെ ചിന്തകളെ പിന്തുടരുന്നു
മൗനത്തിൻ്റെ അവാച്യമായ ദേശങ്ങളിൽ ഇളം കാറ്റായി വീശുന്നുണ്ടോ അത്?
ഒട്ടും സംസാരിക്കാത്തവരുടെ കണ്ണുകളിലെ തിളക്കങ്ങളെ പിന്തുടരുന്നു
അവരുടെ മിഴിയനക്കങ്ങളിൽ നിന്ന്
പെയ്തിറങ്ങുന്നുണ്ടോ അത്?

ഓരോ പുലർച്ചയിലും ഇന്നതു കണ്ടെത്താമെന്ന ഒരീണത്തിൻ്റെ വഴിയേ പുറപ്പെടുന്നു

എല്ലാം കാവ്യാത്മകമായി പറയുന്നതിനുമുണ്ട് പ്രശ്നങ്ങൾ.

പ്രണയിച്ച കാലത്ത്
പറഞ്ഞ വാക്കുകൾ
പൊടി തട്ടിയെടുത്ത്
വായിച്ചു നോക്കി.

പരീക്ഷ ജയിച്ച രാത്രി എഴുതിയ ഡയറിയിലെ കുറിപ്പുകൾ മറിച്ചു നോക്കി.

തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ജയത്തിൻ്റെ കാരണം പറഞ്ഞത് കേട്ടുനോക്കി.

വേനൽമഴ പെയ്യാതിരുന്നതിന്
കാത്തിരുന്ന ഗാനം നിരാശപ്പെടുത്തിയതിന്
കാറ്റും തണുപ്പുമുള്ള മുറിയായിട്ടും ഉറക്കം കിട്ടാത്തതിന്

പറഞ്ഞ കാരണങ്ങൾ

ഇങ്ങനെയിങ്ങനെ 
പറഞ്ഞവയും
അറിഞ്ഞവയൊക്കെയും
ചികഞ്ഞുനോക്കി.

നേരായിട്ടും
അവയൊന്നുമായിരുന്നില്ല
കാരണഭൂതർ
അവയൊക്കെ
അന്നേരത്തെ ഒരാവേശത്തിന് 
പറഞ്ഞതായിരുന്നു എന്നിപ്പോൾ തെളിയുന്നു

ശരിക്കുമുള്ളവ
കാണപ്പെടാതെ
അറിഞ്ഞിട്ടും അറിയാതെ
കുടയില്ലാത്ത മഴയിൽ നനഞ്ഞു. വിറകൊണ്ട് ഇലച്ചോലയിൽ
നിന്നു.

നോക്കൂ
എല്ലാം കാവ്യാത്മകമായി പറയുന്നതിനുമുണ്ട് പ്രശ്നങ്ങൾ!

ഭൂമി

എഴുതപ്പെടാതെ ഒരു കവിത
മുറ്റത്ത് പാറി നടക്കുന്നു.
ഒന്ന് തെരുവിൽ
അലയുന്നു
ഒന്ന് വെള്ളത്തിൽ ആഴത്തിലേക്ക് ശ്വാസഗതി തേടുന്നു
മറ്റൊന്ന് മണമായി കാറ്റിൽ നിറയുന്നു
എഴുതപ്പെടാത്തവ
ചേർത്തുവച്ചാൽ
കിട്ടുന്ന എത്രയെത്ര
മഹാകാവ്യങ്ങൾ ചേർന്നതാണ് ഭൂമി!