SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2024, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

സംശയങ്ങൾ

വലിയ മനുഷ്യരെ എനിക്കു ഭയമാണ്
അവർ വളരെ ചെറിയ എന്നെ
അക്രമിക്കുമോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിക്കുമോ?
കഴിഞ്ഞ കാലത്തെ ജീവിതത്തിൻ്റെ റിപ്പോർട്ട് ആവശ്യപ്പെടുമോ?
അങ്ങോട്ടു ചിരിച്ചാലും ഇങ്ങോട്ട് ചിരിക്കാതിരിക്കുമോ?
തട്ടിക്കൊണ്ടു പോകുമോ?

ഒരു പാട് കറികൾ വിളമ്പിയ ഭക്ഷണം എനിക്കിഷ്ടമല്ല
ചുരുങ്ങിയ നേരം കൊണ്ട് ഇത്രമാത്രം രുചികൾ തിരിച്ചറിയാൻ എനിക്കു കഴിയുമോ ?
ഇത് മുഴുവൻ കഴിച്ചാൽ വയറ്റിൽ കടലിരമ്പുമോ?
യാത്രയ്ക്കിടയിൽ പോകാൻ മുട്ടിയാൽ എന്തു ചെയ്യും?
അല്ലെങ്കിലും ഒന്നോ രണ്ടോ കറികൾ ആയാൽത്തന്നെ ഭക്ഷണം സന്തോഷിപ്പിക്കുമല്ലോ
പിന്നെ എന്തിനാണ്?

വളരെ കൂടുതൽ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല
നിശ്ശബ്ദമായ ഇടവേളകളിൽ ഒറ്റക്കിരിക്കുമ്പോഴല്ലേ
നാമൊക്കെ നാമാകുന്നത്?
കേട്ട കാര്യങ്ങൾ സംസ്കരിക്കപ്പെടുന്നതിനുള്ള സമയമല്ലേ
ഈ ഒറ്റയ്ക്കിരിപ്പ്?
ഒരു കാര്യത്തെക്കുറിച്ച് ഒരേ കാര്യങ്ങൾ ഒന്നിലധികം തവണ കേൾക്കുമ്പോൾ
ഉണ്ടാകുന്ന വിരക്തി എന്നിലെ അസഹിഷ്ണുതയുടെ അടയാളമാണോ?
വൈകിയ രാത്രിയിൽ 
നിലാവിൻ്റെ ശബ്ദങ്ങൾ കേൾക്കുന്നത് ഒരു കുറ്റമാണോ?

നേരുകൾ
നിശ്ചയമായും പറയേണ്ടുന്ന കാര്യങ്ങൾ
അധികമാകാതെ എന്നാലൊട്ടും കുറയാതെ പറയുന്നവരെ നോക്കൂ..
യുക്തിയുടെ നേർത്ത ശബ്ദങ്ങളെ എത്ര സമർത്ഥമായാണ് അവർ കൂട്ടിയിണക്കുന്നത്.
അസന്തുലിതാവസ്ഥകളെ 
അസ്വസ്ഥതകളെ
നേർത്ത ഒരു ചിരി കൊണ്ട്
ഒരു മൂളൽ കൊണ്ട്
ഒരു വാക്കു കൊണ്ട്
അവർ മാറ്റിയെടുക്കുന്നു.
പറയുന്ന വാക്കുകളിൽ ചിലത് പറയാതിരുന്നാൽ
പറയാത്തവ ചിലത് പറഞ്ഞാൽ
കേൾക്കാത്ത ആ ഗാനം കേൾക്കാൻ എനിക്കും  കഴിയില്ലേ?

പായുന്ന തീവണ്ടിയുടെ വേഗത ഇഷ്ടമാണ്
സഹജമായ എൻ്റെ മാന്ദ്യത്തെ മറികടക്കാൻ അത് സഹായിക്കുന്നു എന്നതാണ് ഇഷ്ടത്തിന് കാരണം.
ഇരുട്ടിൽ അത് കുതിച്ചു പായുന്നു
തെറ്റുന്ന പാളങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു.
ഏത് വേഗതയുടെ ഹരത്തിലേക്കും
നിശ്ചലതയെക്കുറിച്ചുള്ള ഓർമ്മകളുടെ ഒരു നൂൽ കെട്ടിയിട്ടുണ്ട് എന്നത് ശരിയാണോ?

ചെറിയ ദൂരങ്ങൾ നടന്നു തന്നെ പോകണം എന്ന് ഞാൻ പറയാറുണ്ട്
വഴിയിൽ മഴ പെയ്ത വെള്ളം കെട്ടി നിൽക്കുന്നത് ഒരു തടസ്സമല്ല
വെറുതെ നിൽക്കുന്ന ഒരു പട്ടി കടിക്കില്ല
ജൈവികതയെ ലംഘിക്കുന്നത് ഭയമുണ്ടാക്കുന്നു?
ഭയത്തെ മറികടക്കുന്നതിന് യാന്ത്രികതയെ കൂട്ടുകാരനാക്കുന്നു? 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ