SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2024 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

മാറ്റം

തിരിച്ചെത്തുമ്പൊഴേക്കും
നാമെത്ര  മാറുന്നു.
കുറേ നേരമെങ്കിലും  മൗനം നമുക്ക് കൂട്ടാകുന്നു.
മൗനത്തിൽ
ഹൃദയത്തിലൂടെ ഒരു നദി ഒഴുകുന്നു
ഓളങ്ങൾ തല്ലിപ്പതപ്പിച്ച്
ചില നേരങ്ങളിൽ ശാന്തമായി

പലരെ കണ്ടുമുട്ടുന്നു
ഓർമ്മകൾ തിരതല്ലുന്നു

അപരിചിതരെ 
അവരുടെ താളങ്ങളെ
വെറുതെ കേൾക്കുന്നു
കാണുന്നു

മനുഷ്യരില്ലാത്ത ദേശങ്ങൾ
കിളികളും അവരുടെ പാട്ടും മാത്രമുള്ള ഇടങ്ങൾ
മഴയില്ലാത്ത വഴികൾ
വെയിലുദിക്കാത്ത ദിനങ്ങൾ നിറഞ്ഞ പറമ്പുകൾ

ഒരേ വഴിയിൽ പോകുന്നവർ
നിശ്ചയിച്ച വഴികളുള്ളവർ
വഴികളേ നിശ്ചയമില്ലാത്തവർ

പൊടുന്നനെ
എന്നിലെ കെട്ടുകളഴിയുന്നു
പഴയതുപോലെ അവ മുറുക്കാനശക്തനാകുന്നു

പലർ ചേർന്നതാണ് ഞാൻ എന്ന് തെളിയുന്നു
പലരിലാണ് ഞാൻ എന്നും മുറുകുന്നു

വൈകീട്ട് തിരിച്ചെത്തുമ്പോൾ
മുറ്റത്തെ ചെടിയിലെ പൂവിനെ 
പുതിയ കണ്ണിൽ കാണുന്നു

ഒരിടത്ത് പോയി
തിരിച്ചെത്തുമ്പൊഴേക്കും
നാമെത്ര മാത്രം മാറുന്നു!

പാൻ്റ് ഷർട്ട് പാവയ്ക്ക പഞ്ചസാര പാട്ട്


ഇഷ്ടമില്ലാത്തതിനാൽ
അലമാരയിലുപേക്ഷിച്ച ഒരു പാൻ്റ്
ഇളം നീല നിറമുള്ള പുതിയൊരു ഷർട്ട് വാങ്ങിയതോടെ വളരെ ഇഷ്ടമുള്ളതായി.

കയ്പായതിനാൽ
കഴിക്കാതിരുന്ന പാവയ്ക്ക
അധികരിച്ച പഞ്ചസാരയളവിൽ
മധുരമുള്ളതായി.

ഇമ്പം കുറഞ്ഞതെന്നു കരുതി
കേൾക്കാതിരുന്ന ഒരു പാട്ട്
യാത്രയ്ക്കിടയിൽ ഒരിക്കൽ മാത്രം കേട്ടപ്പോൾ
പലവട്ടം കേൾക്കാൻ കൊതിക്കുന്നതായി.

ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ ഞാൻ
ഇഷ്ടമില്ലാത്തതിൻ്റെയൊക്കെയടുത്തു ചെല്ലുന്നു
അതിൻ്റെ ശ്വാസം കേൾക്കുന്നു
കണ്ണുകളിലേക്കുറ്റുനോക്കുന്നു
ഇഷ്ടക്കുറവിനാൽ തരിശായിക്കിടന്ന ഹൃദയത്തിൻ്റെ ദേശങ്ങളിൽ
കാറ്റു വീശുന്നു
മഴ പെയ്യുന്നു

കാലമെത്ര കഴിഞ്ഞാലും 
ജീവൻ വെടിയാത്ത ആ വിത്ത് മുളപൊട്ടുന്നു

തീവണ്ടി

ജനറൽ കമ്പാർട്ട്മെൻ്റ്.
നൂറുപേർ വേണ്ടിടത്ത്  മുന്നൂറു പേരുണ്ട്
ലക്ഷ്യത്തിലെത്താനിനിയും കുറേ മണിക്കൂറുകൾ വേണം.

നിർത്തുന്നിടങ്ങളിലിറങ്ങിയും കയറിയും ഇടയ്ക്കിടെ നവീകരിക്കപ്പെടുന്നുണ്ട് തീവണ്ടി.

ഇരിപ്പിടം കിട്ടിയവരൊക്കെ ചിന്തകരായി.
വളരെ കുറച്ചു പേർ അടുത്തിരിക്കുന്നവരെ മല്ലെ മല്ലെ പരിചയപ്പെട്ടു.
ഒരേ തരംഗദൈർഘ്യമുള്ളവർ പലതും പറഞ്ഞ് പറഞ്ഞ് മറ്റൊരു ലോകം തീർത്തു.


എനിക്കു സീറ്റു കിട്ടുന്നില്ല
വാച്ച് നിലച്ചതായി തോന്നി. 
ഒരു മിനുട്ട് മുന്നോ നാലോ മിനുട്ടായി.

കുറേ നേരം പുറത്തേക്കു നോക്കി നിന്നു.

അപ്പോൾ
പണ്ടേ പഠിച്ച പിറകോട്ടോട്ടം
നിർത്തി 
നടത്തം പരിശീലിക്കുന്നു
സീറ്റ് കിട്ടിയാൽ കുതിച്ചോടുമായിരുന്ന
മരങ്ങൾ, കുന്നുകൾ, പുഴകൾ
വയലുകൾ 
അവയിൽ മേയുന്ന പശുക്കൾ, മയിലുകൾ.

തെളിച്ചമുള്ള ഒരു കവിത

തെളിച്ചമുള്ള ഒരു കവിത വായിക്കണമെന്നാഗ്രഹിക്കുന്നു
പുസ്തകങ്ങളിലും
ആഴ്ചപ്പതിപ്പികളിലും
പരതി നടക്കുന്നു
ആകാശവാണിയിലും ദൂരദർശനിലും കാതോർക്കുന്നു
അരങ്ങുകളിലും എഴുത്തുഗ്രൂപ്പുകളിലും
അന്വേഷിക്കുന്നു

നന്നായി സംസാരിക്കുന്നവരുടെ പ്രസംഗങ്ങൾ കേൾക്കാൻ പോകുന്നു
അവരുടെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ടോ അത്?
പൊതുപ്രവർത്തകരുടെ തിരക്കുകൾക്കിടയിൽ കടന്നു ചെല്ലുന്നു
അവർ പരിഹരിക്കുന്ന ആധികൾക്കിടയിലെ
നെടുവീർപ്പിലുണ്ടോ അത്?
ബുദ്ധനെപ്പോലുള്ളവരുടെ ചിന്തകളെ പിന്തുടരുന്നു
മൗനത്തിൻ്റെ അവാച്യമായ ദേശങ്ങളിൽ ഇളം കാറ്റായി വീശുന്നുണ്ടോ അത്?
ഒട്ടും സംസാരിക്കാത്തവരുടെ കണ്ണുകളിലെ തിളക്കങ്ങളെ പിന്തുടരുന്നു
അവരുടെ മിഴിയനക്കങ്ങളിൽ നിന്ന്
പെയ്തിറങ്ങുന്നുണ്ടോ അത്?

ഓരോ പുലർച്ചയിലും ഇന്നതു കണ്ടെത്താമെന്ന ഒരീണത്തിൻ്റെ വഴിയേ പുറപ്പെടുന്നു

എല്ലാം കാവ്യാത്മകമായി പറയുന്നതിനുമുണ്ട് പ്രശ്നങ്ങൾ.

പ്രണയിച്ച കാലത്ത്
പറഞ്ഞ വാക്കുകൾ
പൊടി തട്ടിയെടുത്ത്
വായിച്ചു നോക്കി.

പരീക്ഷ ജയിച്ച രാത്രി എഴുതിയ ഡയറിയിലെ കുറിപ്പുകൾ മറിച്ചു നോക്കി.

തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ജയത്തിൻ്റെ കാരണം പറഞ്ഞത് കേട്ടുനോക്കി.

വേനൽമഴ പെയ്യാതിരുന്നതിന്
കാത്തിരുന്ന ഗാനം നിരാശപ്പെടുത്തിയതിന്
കാറ്റും തണുപ്പുമുള്ള മുറിയായിട്ടും ഉറക്കം കിട്ടാത്തതിന്

പറഞ്ഞ കാരണങ്ങൾ

ഇങ്ങനെയിങ്ങനെ 
പറഞ്ഞവയും
അറിഞ്ഞവയൊക്കെയും
ചികഞ്ഞുനോക്കി.

നേരായിട്ടും
അവയൊന്നുമായിരുന്നില്ല
കാരണഭൂതർ
അവയൊക്കെ
അന്നേരത്തെ ഒരാവേശത്തിന് 
പറഞ്ഞതായിരുന്നു എന്നിപ്പോൾ തെളിയുന്നു

ശരിക്കുമുള്ളവ
കാണപ്പെടാതെ
അറിഞ്ഞിട്ടും അറിയാതെ
കുടയില്ലാത്ത മഴയിൽ നനഞ്ഞു. വിറകൊണ്ട് ഇലച്ചോലയിൽ
നിന്നു.

നോക്കൂ
എല്ലാം കാവ്യാത്മകമായി പറയുന്നതിനുമുണ്ട് പ്രശ്നങ്ങൾ!

ഭൂമി

എഴുതപ്പെടാതെ ഒരു കവിത
മുറ്റത്ത് പാറി നടക്കുന്നു.
ഒന്ന് തെരുവിൽ
അലയുന്നു
ഒന്ന് വെള്ളത്തിൽ ആഴത്തിലേക്ക് ശ്വാസഗതി തേടുന്നു
മറ്റൊന്ന് മണമായി കാറ്റിൽ നിറയുന്നു
എഴുതപ്പെടാത്തവ
ചേർത്തുവച്ചാൽ
കിട്ടുന്ന എത്രയെത്ര
മഹാകാവ്യങ്ങൾ ചേർന്നതാണ് ഭൂമി!

2022 ജൂൺ 28, ചൊവ്വാഴ്ച

ബുദ്ധം

ഒരു പൂജ്യം അധികമിട്ടു പോയതിനാൽ
മുഴുവൻ ഉത്തരവും തെറ്റിപ്പോയ
ഒരു കുട്ടി അധ്യാപകൻ്റെ അടുത്തുചെന്നു

അധികമിട്ട പൂജ്യം കാരണം പിന്നീടങ്ങോട്ട് ശരിയായതെല്ലാം തെറ്റിയതാണു സാറേ
ബോധപൂർവമല്ലാത്ത അശ്രദ്ധയ്ക്കുള്ള മാർക്കേ കുറയ്ക്കാവൂ സാറേ

മാർക്കൊന്നും കുറയ്ക്കുന്നില്ല
തെറ്റായ പൂജ്യത്തേയും കൊണ്ട് നീ ശരിയായ വഴിയേ പോയല്ലോ
ഏതോ ഒരു ഘട്ടത്തിൽ തെറ്റിനെ നീ തിരിച്ചറിഞ്ഞതിനാൽ
ഇനിയാവർത്തിക്കില്ലെന്ന ഉറപ്പിനാൽ
മുഴുവൻ മാർക്കും തന്നിരിക്കുന്നു

വഴി ശരിയായാൽ മതി
തെറ്റിയെന്ന തിരിച്ചറിവ് മതി
ബോധോദയത്തിൻ്റെ ബുദ്ധനാവാൻ
എന്ന് കുട്ടി ചിരിച്ചു