SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011 ജൂലൈ 30, ശനിയാഴ്‌ച

കാവല്‍ക്കാരന്‍

കരയിലേക്കും കടലിലേക്കും
എപ്പോഴും ഒരു കണ്ണു വേണം

തിര കരയെ വിഴുങ്ങിയാലും
കര തിരയെ വിഴുങ്ങിയാലും
കാവല്‍ക്കാരനാണ് ഉത്തരം പറയേണ്ടത്.

ആത്മയാനങ്ങള്‍

1
ഒഴുക്കില്ല
ഓളങ്ങളില്ല
പതനങ്ങളും വളവുതിരിവുകളുമില്ല
പിന്നെ ഞാനെങ്ങിനെ നദിയാകും?

ഒരുറവയാലെങ്കിലും സൃഷ്ടിയുടെ സുഖം
കാറ്റിന്റെ ഒരീരടിക്കെങ്കിലും കളകളം

ഇല്ല

പിന്നെഞാനെങ്ങിനെ പുഴയാകും?

2
നീയെന്റെ കണ്‍മുന്നിലുണ്ടായിരുന്നു
എന്നിട്ടും നിന്നെയറിഞ്ഞില്ല
നിന്റെ വേദനകളുടെ നൂലിഴകളെ വേര്‍തിരിച്ചില്ല.
വിളര്‍ത്തുപോയ നിന്റെ കണ്ണുകളിലേക്ക്
നിര്‍വ്യാജം ഒന്നു നോക്കുകപോലും ചെയ്തില്ല.

3
വഴിയില്‍ ഞാനെന്നെ കാത്തുനില്‍ക്കുന്നു
ഞാന്‍ വരുന്നതേയില്ല.
ഞാനെവിടെപ്പോയി?

4
നിന്റെ വാക്കുകളിലെ ദാഹജലം മോന്തിക്കുടിച്ച്.
വിയര്‍പ്പുവീണ ഭൂമിയുടെ മണല്‍പ്പരപ്പിലൂടെ ഏന്തിവലിഞ്ഞ്.
ഒരു ജന്മം കൊണ്ട് കടഞ്ഞെടുത്ത വാക്കും ഈണവും കൊണ്ട്
നിന്റെ കവിതയിലെത്താതെ ഞാനെവിടെപ്പോകാന്‍ .... അല്ലേ !

എഴുത്ത്

1
കാണുന്നു
കേള്‍ക്കുന്നു
രുചിക്കുന്നു
തൊട്ടറിയുന്നു

സത്വത്തിലേക്കരിച്ചിറങ്ങുന്നു

തലങ്ങും വിലങ്ങും എഴുതിപ്പിടിപ്പിക്കുന്നു

ചിലത് തള്ളുന്നു
ചിലത് കൊള്ളുന്നു

കൊണ്ടത് നിനക്ക്.

കൊള്ളാത്തതിരുട്ടില്‍ത്തട്ടിയിനിയും
തിരിച്ചുവരും.
നിനക്കായിത്തന്നെ!
2.
എഴുത്തുനിര്‍ത്തിയതുകാരണം ഇപ്പോഴൊറ്റയ്ക്കിരുന്നുരുകലില്ല.
പുല്ലിലേക്കും പുഴയിലേക്കും നോട്ടമില്ല.
ടെറസ്സില്‍ മലര്‍ന്നു കിടപ്പില്ല.
നക്ഷത്രങ്ങളെ നോക്കി നെടുവീര്‍പ്പില്ല.

യന്ത്രം കണക്കെ പോകുന്നു.

വാക്കിനു വാക്ക്.
കണ്ണിനു കണ്ണ്.
പല്ലിനു പല്ല്.

രാക്ഷസീഭവിച്ചത് എഴുത്തില്ലാത്ത ജീവിതം!

2011 ജൂലൈ 23, ശനിയാഴ്‌ച

ഒച്ചകള്‍

മുറ്റത്തിരിക്കുമ്പോള്‍ പലതരം ഒച്ചകള്‍ കേള്‍ക്കാം.

ജലം ഒഴുകുന്നത്
ഇലകള്‍ വീഴുന്നത്
കല്ലുകള്‍ ഉരുളുന്നത്
കിളി ചിലയ്ക്കുന്നത്
കുട്ടികള്‍ കരയുന്നത്
അമ്മ വിളിക്കുന്നത്
പങ്കജാക്ഷി വീടിനു പിറകില്‍ തേങ്ങായിടുന്നത്

ഒച്ചകള്‍ക്ക് രൂപം മാറാം, ആഴം കൂട്ടാം, കുറയ്ക്കാം
ഏതു ഗഹ്വരത്തിലേക്കും ചെല്ലാം ചെടിപ്പിക്കാം.

ഒച്ചയില്ലാത്തൊരു ലോകമുണ്ടോ?
എങ്കിലതിന്റെ ഒച്ചയെങ്ങനെ?

വൈകുന്നേരങ്ങളില്‍ ഓരോ വളവിലും ചെന്നിരിക്കുന്നു.
ഒച്ച കേള്‍ക്കുന്നു.
ഒച്ചമാത്രമാണു ജീവിതം എന്നെഴുതിവയ്ക്കുന്നു.

2011 ജൂലൈ 22, വെള്ളിയാഴ്‌ച

സഞ്ചാരം

കല്ലുകളും മരങ്ങളും മഴയും പഴമയും കണ്ടുനടന്നു.
പുഴയുടെ വക്കത്തിരുന്നു
വെള്ളം തേവിക്കളിച്ചു.
ഇഷ്ടഗാനത്തിന്റെ ഈരടി മൂളി.

ഒന്നിച്ചുപഠിച്ചവരെയോര്‍ത്തു,
അവരിപ്പോഴവരായിരിക്കില്ല.

ഇളംകാറ്റ് വീശിയപ്പോള്‍ ചുഴലിയെക്കുറിച്ചോര്‍ത്തു.
കുഞ്ഞുകരച്ചില്‍ കേട്ടപ്പോള്‍ നിലവിളിച്ചതോര്‍ത്തു.

കണ്ടുനടന്നാലുള്ളില്‍ക്കേറും നാട്ടുവെളിച്ചങ്ങള്‍
കാണാത്തപ്പോഴിരുട്ട് കൊല്ലും!

രോഗി

മുറിയുടെ ജനാലയ്ക്കപ്പുറം ഇരുട്ട്.

ഇപ്പുറം
വൈദ്യുതിവെളിച്ചത്തില്‍
ചികിത്സാച്ചെലവെഴുതിയ പുസ്തകം.
തുണിക്കഷണങ്ങള്‍
കമ്പിളിപ്പുതപ്പ്
ഛര്‍ദ്ദിക്കുന്ന പാത്രം
മരുന്നുമണം.

കട്ടിലിനടിയില്‍
കാവല്‍കിടക്കാന്‍ വരുന്ന കുട്ടിയുടെ പായ.
അവന്‍ ഇപ്പോള്‍ വായിക്കുന്ന പുസ്തകം.

ഇടവിട്ടുവരുന്നു വയറ്റിനുള്ളിലെ നീറ്റല്‍

മുറിയുടെ ജനാലയ്ക്കപ്പുറം ഇരുട്ട്.

മുറിയിലേയ്ക്കൊലിച്ചുവരുന്നു ഇരുട്ട് !

2011 ജൂലൈ 20, ബുധനാഴ്‌ച

ആയി !

എന്നിട്ടും ചില ചോദ്യങ്ങള്‍ ബാക്കിയായി.

അവയ്ക്കുത്തരങ്ങളുണ്ടെന്നും ഇല്ലെന്നുമായി.

വാക്കുകള്‍ വിസ്തരിക്കപ്പെടണമെന്നായി.

എങ്കില്‍ കാട്ടിത്തരാമെന്നായി.

ചൂണ്ടിയ വിരലുകള്‍ ചുരുട്ടുകയായി.
അടിച്ചുതകര്‍ക്കാമെന്നായി.

പരസ്പരം കൊല്ലുമെന്നായി.

അവസാനം കൊന്നു എന്നായി!