SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 ജൂൺ 17, ബുധനാഴ്‌ച

ഉത്തരവ്

ഭൂമിയിൽ 
എല്ലാ മനുഷ്യർക്കും ഇന്നു മുതൽ
മൂന്ന് ദിവസം കൂടി മാത്രം ആയുസ്സ് --
ദൈവം ഉത്തരവിറക്കി

ഹെഡ്മാസ്റ്റർ പ്യൂൺ പപ്പേട്ടൻ കൈവശം
ക്ലാസുകളിൽ വായിക്കാനായി
ഉത്തരവ് കൊടുത്തയച്ചു

ആദ്യം ഒന്നാം ക്ലാസിൽ കൊടുത്തു
കുട്ടികൾ ഒന്നു ശ്രദ്ധിച്ചതിനു ശേഷം 
പ്രത്യേകിച്ചൊന്നും മനസ്സിലാവാത്തതിനാൽ
കളികളിലേക്കു തന്നെ മടങ്ങി

നോട്ടീസ് രണ്ടും മൂന്നും നാലും കഴിഞ്ഞ്
അഞ്ചിലെത്തി
സാകൂതം ശ്രവിച്ചതിനു ശേഷം 
അവധി എന്ന വാക്കതിലില്ലാത്തതിനാൽ
കുട്ടികൾ നേരത്തേ തുടങ്ങിയ
സംസാരത്തിൽത്തന്നെ മുഴുകി

ആറ്, ഏഴ്, എട്ട്, ഒമ്പത് കഴിഞ്ഞതിനു ശേഷം
നോട്ടീസ് പത്തിലെത്തി
നാലാംനാൾ തുടങ്ങുന്ന പരീക്ഷയുടെ ഭയത്തിൽ വിറച്ചിരിക്കുകയായിരുന്നു അവർ
ടീച്ചർ വായിച്ചതും ഒച്ചയില്ലാതെ അവർ പൊട്ടിപ്പൊട്ടിച്ചിരിച്ചു
പിന്നെ പുസ്തകം വലിച്ചെറിഞ്ഞു

പതിനൊന്നും പന്ത്രണ്ടും കഴിഞ്ഞ്
കോളേജ് പടികൾ കയറി
അത് ഡിഗ്രി അവസാനസെമസ്റ്റർ ക്ലാസിലെത്തി
ഇനിയെന്ത്? ഇനിയെന്ത്?
എന്ന തീരാത്ത ചിന്തയ്ക്കവസാനമായി
ആഹ്ലാദം അവർ മറച്ചുവച്ചില്ല
ചെറിയ പ്രകടനമായി വന്ന് പ്രിൻസിപ്പാളിൻ്റെ മുറിക്കു മുന്നിൽ മൂർദ്ദാബാദ് വിളിച്ചു

പടി കയറി പടികയറി
നോട്ടീസ് ഗവേഷണ വിദ്യാർത്ഥികളുടെ സെമിനാർ നടക്കുന്നഹാളിലെത്തി
വാർത്ത കേട്ട് പ്രാസംഗികൻ
സംസാരം നിർത്തി
സദസ്സ് നിമിഷ നേരം കൊണ്ട്
കാലിയായി

നോട്ടീസ് പിന്നെ എത്തിച്ചേർന്നത്
തുടർവിദ്യാകേന്ദ്രത്തിലെ
സാക്ഷരതാ ക്ലാസിലാണ്
അക്ഷരം പഠിക്കുന്ന
രാഘവേട്ടനും മാധവിയേട്ടത്തിയും വാർത്ത കേട്ട് കരഞ്ഞെങ്കിലും
അനായേ സേനയുള്ള  മരണമോർത്ത് പിന്നെ ചിരിച്ചു

പൊതുയോഗം നടന്നിരുന്ന മൈതാനങ്ങൾ
പൊടുന്നനെ വിജനമായി

പാമ്പുകളും സിംഹങ്ങളും കുറുനരിയും
കാടുകളിൽ നിന്നിറങ്ങി വീട്ടുപറമ്പുകളിലും
തൊടിയിലും നിശ്ശബ്ദരായി നിന്നു

പോകുന്നിടത്തെല്ലാം
നിശ്ചലതയും
മൗനവും കരച്ചിലും അറിഞ്ഞ
കിളികളും ശലഭങ്ങളും നിശ്ശബ്ദരായി
അവർ മനുഷ്യരുടെ അടുത്തേക്ക് ചെന്നു
അവരുടെ കൈകളിലും ചുമലുകളിലും ഇരുന്നു

2020 ജൂൺ 15, തിങ്കളാഴ്‌ച

രണ്ടു പേർ

തിരുവനന്തപുരത്തുകാരന് കണ്ണൂരുകാരൻ ഒരു പുതിയ മനുഷ്യനായിരുന്നു
തിരിച്ചും

ഇരുവർക്കും അപരൻ്റെ
പേര്
ഗ്രാമം
കുടുംബ പശ്ചാത്തലം
വിദ്യാഭ്യാസം
വളർന്നു വന്ന ചുറ്റുപാടുകൾ
ഇവയൊന്നുമറിയില്ല

കഴിഞ്ഞ ഒരു മണിക്കൂർ നേരത്തെ പരിചയം മാത്രം

ഒരാൾ മറ്റേയാളോട് മഴയുടെ താളത്തെക്കുറിച്ച് സംസാരിച്ചു
മറ്റേയാൾ തിരിച്ച്
താളത്തിൻ്റെ മഴയെക്കുറിച്ച് സംസാരിച്ചു
അതിനു ശേഷം
ഒരാൾ രോഗം വരുത്തിയ മൗനത്തെക്കുറിച്ച് സംസാരിച്ചു
രണ്ടാമൻ
മൗനം വരുത്തിയ രോഗത്തെക്കുറിച്ച് സംസാരിച്ചു
ഇപ്പോഴവർ
ഉച്ചയൂണിൻ്റെ രുചിയെക്കുറിച്ച് പറയുന്നു

ഒരു മണിക്കൂർ കൂടി അങ്ങനെ സംസാരം തുടരുന്നു

6.45 ന് മാവേലി പുറപ്പെടുമ്പോൾ
ടിക്കറ്റെടുത്ത കണ്ണൂര്കാരനൊപ്പം
ടിക്കറ്റെടുക്കാതെ തിരുവനന്തപുരത്തുകാരനും വണ്ടികയറുന്നു
വണ്ടി പോയതിനു ശേഷം
കണ്ണൂര് കാരനേയും കൂട്ടി
തിരുവനന്തപുരത്തുകാരൻ വീട്ടിലേക്കു മടങ്ങുന്നു

2020 ജൂൺ 14, ഞായറാഴ്‌ച

വീട്ടിനുള്ളിൽ ചിലയിടങ്ങൾ

അവിടെയിരുന്നാൽ
അതുവരെയുള്ള ശബ്ദങ്ങൾ
അതിൻ്റെ പ്രതിധ്വനികൾ
രാത്രിയിൽ പകൽശബ്ദങ്ങളെന്ന പോലെ
അടങ്ങും

എല്ലാ ചെയ്തികളുടെയും
തങ്ങി നിന്ന ശ്വാസം
ആദ്യനിശ്വസത്തിൽ
ഇല്ലാതാകും

ഇരമ്പി വരുന്ന ഭയങ്ങൾ
മതിലിനപ്പുറം
പൊടുന്നനെ നിന്ന്
തിരിച്ചു പോകും

നിശ്ശബ്ദതയുടെ തണുത്ത കൈവന്ന് നെറ്റിയിൽ കൊടും

എല്ലാ വിക്ഷുബ്ധതകളും
അകന്നകന്ന്
ഇല്ലാതായിത്തീരുന്നതിൻ്റെ സുഖം
അറിഞ്ഞ്
ഏറെ നേരം
അവിടെയങ്ങനെയിരിക്കും

2020 ജൂൺ 13, ശനിയാഴ്‌ച

വരികൾ

സ്വയം മറന്നെഴുതും.
പിന്നെ എഴുതിയതിനെയും നോക്കി
കുറേക്കാലമിരിക്കും
അതിൻ്റെ വള്ളികൾ പുള്ളികൾ
വാക്കുകൾ
പൊരുളില്ലായ്മകൾ നോക്കി നോക്കി
ശരിയല്ല
ശരിയില്ല
എന്ന് തീരുമാനിച്ച് ഡീലിറ്റ് ചെയ്യും
അപ്പോഴാണ് ശരിയായിരുന്നു
ശരിയായിരുന്നു
എന്ന പുസ്തകം വായിക്കാൻ കിട്ടുക
തിരിച്ചെടുക്കാൻ പറ്റാത്തവരികൾ
അപ്പോഴാകാശത്തു നിന്നും 
നമ്മെ നോക്കി 
കൊഞ്ഞനം കുത്തും



അദൃശ്യം

എഴുതാനിരുന്ന ഒരു കവിത പിടി തരാതെ ചുറ്റിലും നടക്കുന്നു
തൊഴുത്തിന് പിറകിൽ ഞാനതിൻ്റെ വാൽ കണ്ടതാണ്
ഒച്ചുണ്ടാക്കാതെ
അനക്കമില്ലാതെ പതുങ്ങി ചെന്നതാണ്
കിട്ടിയില്ല
ചെവിയുടെ ഒരറ്റം
കിടപ്പുമുറിയിലെ കട്ടിലിനപ്പുറം
ചെന്നു നോക്കിയപ്പോഴേക്കും
രക്ഷപ്പെട്ടിരുന്നു
മുറ്റമടിക്കുമ്പോൾ അവൻ പൊഴിച്ച രോമങ്ങൾ
മാഞ്ചുവട്ടിൽ അവൻ കടിച്ചിട്ട മാമ്പഴം
പൂന്തോപ്പിൽ അവൻ വിരിയിച്ച പൂവ്

രാത്രിയിൽ
അവൻ വന്നതായും
എന്നെ കെട്ടിപ്പിടിച്ചതായും സ്വപ്നം കണ്ടു
ഉണർന്ന ഞാൻ അതു കാണിക്കാതെ
പേനയും കടലാസും എടുക്കാൻ പോകേണ്ട താമസം
ഇടിവെട്ടി 
ലോകം മുഴുവനും ഉണർന്നു

വാക്കിനും വരകൾക്കും
വഴങ്ങാതെ
കുറ്റിക്കാടിൻ്റെ മണവും പേറി
അഖിലാണ്ഡം
പടർന്നു കിടക്കുന്നു അവൻ



ചില വീട്ടുകാര്യങ്ങൾ

1
ഭയക്കാതെ ഒരു കാര്യമെങ്കിലും ചെയ്തു തീർക്കണം
അതിനായി
ഭയത്തെ പിടികൂടാൻ തീരുമാനമായി
തേങ്ങാപ്പൂള് കെണിയിൽ വച്ചു
കൂരിരുട്ടിൽ
ഉറങ്ങാതെ
ആ ശബ്ദത്തിനായി
കാത്തിരുന്നു
2
നേരത്തേയുണരണം
അതിനായി
സ്വിച്ചുള്ള ഒരു ടൈംപീസ് നോക്കി വാങ്ങി
നേരത്തേ കിടന്നു
3
മറവി മാറ്റണം
ഒരു നോട്ടുപുസ്തകം വാങ്ങി
ചെയ്യേണ്ടുന്ന
ഓരോ കാര്യവും തീയ്യതി സമയം സഹിതം എഴുതി വച്ചു
ആ പുസ്തകം തേടി നടന്ന് ഇന്ന് തീർന്നു
നാളെ തുടരണം
4
നീണ്ട ഒരു യാത്ര പോകണം
പശുവിനെ അയൽക്കാരനെ ഏൽപ്പിച്ചു
പൂച്ചകളെ ബന്ധുവീട്ടിലാക്കി
താറാവുകളെ സുഹൃത്തിന് നൽകി
പേഴ്സെടുക്കാതെ ടിക്കറ്റ് ബുക്ക്  ചെയ്യാൻ ഇറങ്ങി
5
കുട്ടികളോട് 
കൂട്ടുകൂടണം
കഥകൾ
കളികൾ പഠിച്ചു വച്ചു
പാട്ടുകൾ പാടി നോക്കി
പഴയ ഒരു ചൂരൽ വടി അരയിൽ തിരുകി പുറപ്പെട്ടു

ലയം

ഞാൻ നിന്നെ പിന്തുടരുന്നു
നീയെറിഞ്ഞു പോയ പൂക്കൾ
അതിൻ്റെ വാടിയ മണം
നീ നോട്ടമെറിഞ്ഞ വെള്ളാരങ്കല്ലുകൾ
ശ്വസിച്ച വായു
ഇവയിൽ ഞാൻ ജീവിക്കുന്നു
ഒട്ടും പഴകാതെ
തളരാതെ