SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011 നവംബർ 8, ചൊവ്വാഴ്ച

ഗാന്ധിക്കവിതകള്‍-1

വെളിച്ചം അതിന്റെ ഇരുട്ടിലേക്ക് തന്നെ തിരിച്ചുപോയി

വിശുദ്ധമായ വാക്കുകള്‍
അവയുടെ മൗനത്തിലേക്ക്‌ തന്നെ ഉള്‍വലിഞ്ഞു

തിരിച്ചറിവിന്റെ കണ്ണുകള്‍ സ്വയം അടഞ്ഞു

അതിര്‍ത്തികള്‍ അടുത്തടുത്ത്‌
നില്ക്കാന്‍ പോലും ഇടമില്ലതാക്കി

ഏറ്റവും ഒടുവില്‍
തുറക്കപ്പെടാത്ത പുസ്തകത്തിലെ
കൃത്യത്തെക്കുറിച്ച് സംസാരിച്ചതിന്
സ്വപ്നത്തിന്‍റെ ആള്‍ക്കാര്‍ വിലക്ക് കല്പിച്ചു

ഇനി
സ്വാതന്ത്ര്യസമരം തുടങ്ങണം ...
ഗാന്ധി ജനിച്ചുവോ ആവോ .......

അച്ഛന്‍

കല്ലുകളോടും മരങ്ങളോടും സംസാരിക്കും.

ഇതര ഇച്ഛകളെ കവച്ചുവച്ച് അവയുടെ ഹൃദയം ശ്വസിക്കും.

ഒന്നുകൊണ്ടും വിലക്കാനാവില്ല.

ഏതുവാക്കിലും ഏതു നോട്ടത്തിലും
ഒരു മരം , ഒരു പിടി മണ്ണ് സ്ഫുരിക്കും.

പൂവുകള്‍,ഇലകള്‍ , ദൃഢശാഖികള്‍
ചുറ്റിവരിഞ്ഞ മുല്ല , കായ്ഫലം-
ഇറങ്ങിപ്പോകുമ്പോള്‍
വേലിപ്പടര്‍പ്പില്‍ നിന്നൊരു വള്ളി
നിങ്ങളെ ചുറ്റിപ്പിടിക്കും.

മഴ , വെയില്‍ , മ‍‍ഞ്ഞ്
മണക്കും.

ധ്യാനം , അതിന്‍റെ ഉദാരത
തെളിനീര്‍ശുദ്ധി
തണല്‍ , താഴ്വരകളുടെ ഭാഷ
ഇവ അനുഭവിച്ചു തെളിയും

അച്ഛന്റെ നിഴലിലിരിക്കുമ്പോള്‍  സങ്കല്‍പ്പകാലം വരും.

2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

കഥ

ആദ്യവരിയില്‍ത്തന്നെ പാളി.

ഈണം
അസാധാരണവും
അപ്രതീക്ഷിതവുമായൊരു ഗതിവിന്യാസത്തില്‍
ഇരുണ്ടുപോയി.

ജലമര്‍മ്മരങ്ങളുടെ അനുശീലനങ്ങളില്‍ വളര്‍ന്ന
ശിശുക്കള്‍
തിരിച്ചുവരവറ്റൊരു വരള്‍ച്ചയില്‍പ്പെട്ടു.

ഗതകാല ഓര്‍മ്മകളുടെ നനവ് തേടിയ ചില പ്രക്ഷുബ്ദതകള്‍
ഭ്രാന്തരായി തിരിച്ചോടി.

മഞ്ഞിനും  മകള്‍ക്കും കരുതിവച്ച പൂവുകള്‍ ദംഷ്ട്രകല്‍ക്കടിപ്പെട്ടതുപോലെയായി.

കനിവിന്
കാരുണ്യത്തിന്
കഥയുടെ മറുപകുതിക്ക്
കാത്തുവച്ച നാളുകള്‍
പൊടുന്നനെ
ജരാനരകളില്‍ പറ്റിപ്പിടിച്ചു നിന്നു.

കഥ തീരുമ്പോള്‍
നനവോ ദീര്‍ഘനിശ്വാസമോ ഉണ്ടായില്ല.

2011 ഒക്‌ടോബർ 15, ശനിയാഴ്‌ച

പുതിയവന്‍

ഇത്രനാളെഴുതിയതൊക്കെയും വലിച്ചുകീറണം
വാങ്ങിക്കൂട്ടിയതൊക്കെ തകര്‍ത്തെറിയണം
താനേ തകരണം
എന്നിട്ടു മുളച്ചുപൊന്തണം !




2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

അച്ചുതന്‍മാഷും മൂന്നാംക്ലാസുകാരും

പഞ്ചായത്ത് കിണറിന് പത്താളിന്റെ ആഴം വരും.

ആഴം കൂടിയതെല്ലാം അനശ്വരമെന്ന് പഠിപ്പിച്ചത്
അച്ചുതന്‍ മാഷ്.


ജിവിതം ഒരു നിലയില്ലാക്കയമാണെന്നും
അതിന്നാഴത്തിലിത്തിരി അസത്യമുണ്ടെന്നും
അതിനാല്‍ മറ്റുവഴികള്‍ തേടേണ്ടതുണ്ടെന്നും
താനതുതേടിപ്പോവുകയാണെന്നും മൂന്നാംക്ലാസിലെ കുട്ടികളോട്
മാഷ് തലേദിവസം പറഞ്ഞിരുന്നു

മാഷ് ആത്മഹത്യ ചെയ്തതല്ല ആഴം കാണാനിറങ്ങിയതാണെന്നാണ്
ഈ നാട്ടുകാരെ എങ്ങനെ പഠിപ്പിക്കും

ഞങ്ങള്‍ മൂന്നാംക്ലാസുകാരെ ആര്‍ക്കും വിശ്വാസമില്ലാതായല്ലോ ദൈവമേ !




2011 സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

ഉണര്‍ച്ചകള്‍

ഉദാത്തമായ ചില ഉണര്‍ച്ചകളുണ്ട്.

ഇരുട്ടിനും വളവുകള്‍ക്കും അതീതമായി
ഇരവുകള്‍ക്കും പകലുകള്‍ക്കും വഴങ്ങിക്കൊടുക്കാതെ
മണ്ണിനു കവിത വിരിച്ച്
മൗനസ്ഥായികളില്‍ ഭൂമിയെ ആലപിച്ച്
നക്ഷത്രം പോലെയോ പൂവുപോലെയോ നിറഞ്ഞ്
അനിശ്ചിതത്വങ്ങളിലും ആകുലസന്ധികളിലും
ഒരു മഹാപ്രവാഹം പോലെ വന്ന്
ഉഷ്ണതടങ്ങളെ നനക്കുന്നവ.

ഇരുട്ടിലിതില്ലായിരുന്നെങ്കില്‍
ഞാനില്ല.
നീയില്ല.
പുവോ കായോ കുയിലിന്റെ പാട്ടോ
കാടിന്റെ മൗനമോ ഇല്ല.

2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

നിലനില്പിനെക്കുറിച്ച് ചില ചോദ്യങ്ങള്‍

മറവിമൂലം ഇല്ലാതാകുന്ന ഓര്‍മകളെക്കുറിച്ച് ആധിയുണ്ട്.

പ്രതികരിക്കാനാകാതെ നിശ്ചലമാകുന്ന നാക്കിനെക്കുറിച്ച് ആകുലതകളുണ്ട്.

വാക്കുകളിലെ തിരിച്ചറിയാനാവാത്ത മുള്ളുകളെക്കുറിച്ചും
വരള്‍ച്ചയിലേക്ക് നിറം പൊതിഞ്ഞൂതിവിടുന്ന
പ്രലോഭനങ്ങളെക്കുറിച്ചും ആശങ്കകളുണ്ട്.

അതിജീവനത്തിന്റെ രൂപപ്പെടാത്ത സൂത്രവാക്യങ്ങള്‍ക്കുവേണ്ടി
എത്രനാള്‍ കാത്തിരിക്കും ?

വിശപ്പിനെ എത്രനാള്‍ മറച്ചുപിടിക്കാനാകും ?

ഒന്നും സംഭവിച്ചിട്ടില്ലെന്ന് കുഞ്ഞുങ്ങളോട് എത്രനാള്‍ പറയും ?