SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 ജൂൺ 9, ചൊവ്വാഴ്ച

നടപ്പു കാലം

ലജ്ജ കൊണ്ട്
പണ്ട് കുളിമുറിയിൽ
ഒറ്റയ്ക്ക് പാടിയിരുന്ന പാട്ടുകളാണ്
ഇപ്പോൾ ആളുകൾ
ഓൺ ലൈൻ ഹൈവേയുടെ നടുവിലിരുന്ന്
പാടുന്നത്

പണ്ട് ആളെക്കാണിക്കാൻ മടിച്ച്
ചവറ്റുകൊട്ടയിലെറിഞ്ഞ എഴുത്തുകളാണ്
ഇപ്പോൾ
ബഹുവർണ്ണ പടത്തിൽ
കവിതയെന്നു പറഞ്ഞ് നിറയുന്നത്

സ്നേഹം കൊണ്ടു നിന്നോട്  നിശ്ശബ്ദമായി പറഞ്ഞ വാക്കുകളെയാണ്
ഒച്ച കൂട്ടി വച്ച് എന്നെക്കുറിച്ച് എന്നെക്കുറിച്ച്
എന്ന അടിക്കുറിപ്പിൽ പോസ്റ്റ് ചെയ്യുന്നത്

പെതുവായതൊന്നും ശരിയല്ലെന്നു ശഠിച്ചവരാണ്
റേഷൻകടയിലേക്കും
നാട്ടു വിദ്യാലയത്തിലേക്കും
ധർമ്മാശുപത്രിയിലേക്കും പായുന്നത്

എല്ലാമായി എല്ലാമായി
എന്നുറപ്പിച്ചവരാണ്
അത്താഴത്തിനരികിട്ടാനായി
പുന്നെല്ല് വിതയ്ക്കുന്നത്

എൻ്റേത് എൻ്റേത്
എന്ന പുസ്തകം മാത്രം വായിച്ചവരാണ്
ക്യൂ നിന്ന് നമ്മുടേത് നമ്മുടേത്
എന്ന പുസ്തകം വാങ്ങിക്കുന്നത്

പറഞ്ഞാൽ കേൾക്കാത്ത കുട്ടി

പറഞ്ഞാൽ കേൾക്കാത്ത 
ഒരു കുട്ടിയുണ്ടായിരുന്നു ക്ലാസിൽ.
ക്ലാസിൽ നിന്ന്  പുറത്താക്കിയപ്പോൾ
അവൻ വരാന്തയിലെ പൂക്കളോട് സംസാരിച്ചു
തിരിച്ച് കയറ്റിയപ്പോൾ
പൂക്കളെക്കുറിച്ചെഴുതി
കണക്ക് ക്ലാസിൽ കവിതയെഴുതിയതിന്
വീണ്ടും പുറത്താക്കിയപ്പോൾ
അവൻ ഗുണനപ്പട്ടിക കൊരുത്തു
തിരിച്ചു കയറ്റിയപ്പോൾ
വീട്ടുകണക്കുകൾ ചെയ്തു.
പിടിക്കപ്പെട്ട് ഓഫീസ് മുറിയിൽ ഹാജരാക്കി.
പുറത്താക്കാതിരിക്കാനുള്ള
കാരണം ബോധിപ്പിക്കാൻ  പറഞ്ഞപ്പം
അവൻ പറഞ്ഞു

"പഠിച്ചതു തെളിയിക്കാം 
ചോദ്യങ്ങൾ ചോദിക്കീൻ "

നൂറ് ചോദ്യങ്ങൾ
നൂറായിരം ഉത്തരങ്ങൾ

അന്നു മുതലാണ്
ഹെഡ്മാസ്റ്ററുടെ കണ്ണുവെട്ടിച്ച്
വിദ്യാലയങ്ങൾ
പുറത്തേക്കോടിത്തുടങ്ങിയത്


നോക്കൂ
ഒരു വിദ്യാലയം 
പുഴവക്കിലിരുന്ന്
മീൻ പിടിക്കുന്നു


ഒന്ന് പാടത്ത് വിത്തെറിയുന്നു

ഒന്ന് വെള്ളക്കെട്ട് മറികടക്കാൻ
അശരണർക്ക്
സ്വയം
കുനിഞ്ഞു കൊടുക്കുന്നു


നോക്കൂ..... നോക്കൂ.....

2020 ജൂൺ 7, ഞായറാഴ്‌ച

വയസ്സ്

ചെറുപ്പക്കാരെന്നു കരുതിയവർക്കൊക്കെ വയസ്സായി
അവരുടെ തല നരച്ചിരിക്കുന്നു
കണ്ണുകളുടെ ചലനം അവധാനതയോടെയായിരിക്കുന്നു
മറുപടികൾ ആലോചിച്ചുറപ്പിച്ചതിനു ശേഷം മാത്രം

എന്നാലെപ്പോഴും അവരങ്ങനെയല്ല

നട്ടുവളർത്തിയ മാവിൽ മാമ്പഴം കാണുമ്പോൾ
അതിൽ പാഞ്ഞുകയറുന്നു
ഒഴിഞ്ഞ മൈതാനവും അതിൻ്റെ നടുവിലൊരു പന്തും കാണുമ്പോൾ 
കാലിൽ കൊടുങ്കാറ്റിരമ്പുന്നു
വിരുന്നിന് ചെന്ന വീട്ടിൽ
പശുവിനെയും കിടാവിനേയും കാണുമ്പോൾ
പുൽക്കെട്ടിൽ നിന്നൊരു കറ്റയെടുക്കുന്നു

നോക്കൂ 
കണ്ണടച്ചുള്ള ആ ഒറ്റനിൽപ്പിൽ
പഴയ രക്തം മുഴുവൻ
അയാളിലേക്കിരമ്പിയെത്തുന്നു

2020 ജൂൺ 6, ശനിയാഴ്‌ച

വീണ്ടെടുപ്പ്

നിലച്ചുപോയത് അതേപടി വീണ്ടെടുക്കുക എളുപ്പമല്ല

അ മുതൽ തുടങ്ങണം

വഴികൾ സഞ്ചരിച്ചതെങ്കിലും
പണ്ട് കണ്ടവയാവില്ല പൂക്കൾ

കാൽ കഴുകിയിരുന്ന തോട്ടിൽ
മറ്റൊരു മഴയിൽ പെയ്ത
ജലം

പാടത്തിൻ്റെ ചെളിമണം
മറ്റൊരു വായുവിൽ

അതും
വളർന്ന് രൂപം മാറിയ നാസാരന്ധ്രത്തിലൂടെ
അടിമുടി മറിഞ്ഞ ആദർശം വഹിക്കുന ആളിലൂടെ

ശരിക്കും 
വീണ്ടെടുപ്പ് എന്നൊന്നില്ല
ഒരു പദം നഷ്ടപ്പെടേണ്ട എന്നു കരുതി
ഭാഷ അതിനെ കാത്തു പോരുന്നു 
എന്നു മാത്രം

2020 ജൂൺ 4, വ്യാഴാഴ്‌ച

കല്യാണസൗഗന്ധികം

പൂവ് തേടി 
നടന്നു നടന്ന്
മലയിലെത്തി
പൂ പറിക്കാനോങ്ങിയപ്പോൾ
പിറകിൽ നിന്നാരോ വിളിച്ചു
തിരിഞ്ഞു നോക്കി
ആരുമില്ല
പിന്നെയും പറിക്കാനോങ്ങി
അപ്പൊഴും പിറകിൽ നിന്നാരോ വിളിച്ചു
ആരുമില്ല
പിന്നെ പറിക്കാനോങ്ങായില്ല
പൂമണം മാത്രമെടുത്ത് മടങ്ങി

2020 ജൂൺ 3, ബുധനാഴ്‌ച

ട്വിസ്റ്റ്

കുഞ്ഞായിരുന്നപ്പോൾ
മുതിർന്നവരായിരുന്നു വലിയവർ
മുതിർന്നപ്പോൾ
കുഞ്ഞുങ്ങളായി വലിയവർ

അടിമത്തം വിപ്ലവം

ബോധിക്കാത്ത കവിതകളുണ്ട്
ആഴ്ചപ്പതിപ്പുകളിൽ
വഴങ്ങാത്ത പ്രയോഗങ്ങളുണ്ട്
പ്രസംഗങ്ങളിൽ
തെറ്റായ കീഴ് വഴക്കങ്ങളുണ്ട്
തീരുമാനങ്ങളിൽ

അവ
മറ്റൊരാൾക്ക് വഴങ്ങുന്നതായിരിക്കും
എന്നു കരുതി
മിണ്ടാതിരിക്കുന്നത് അടിമത്തം
മിണ്ടിക്കലക്കുന്നത് വിപ്ലവം