SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2024 ഒക്‌ടോബർ 29, ചൊവ്വാഴ്ച

കാർ

അപരിചിതമായ ഒരിടത്താണെങ്കിലും
സീറ്റിൽ കയറിയിരുന്നാൽ
സ്വന്തം വീട്ടിലെത്തിയ പോലെ തോന്നും

ദൂരം വളരെയാണെങ്കിലും
എത്താൻ നേരം പുലരുമെങ്കിലും
താക്കോൽ കൈയിലുണ്ടെങ്കിൽ
പോകാമെന്ന് സമ്മതം മൂളും

കണ്ട കാര്യങ്ങളെ പിറകോട്ടു നീക്കി
കൗതുകങ്ങൾ കൺവെട്ടത്തു വരുത്തുന്ന നിൻ്റെ സഞ്ചാരം
എന്നയെത്ര തവണ കുടഞ്ഞുണർത്തിയിരിക്കുന്നു!

ഹരം പിടിപ്പിക്കുന്ന വേഗതയിൽ 
കെട്ടി നിന്ന വെള്ളം തൂവിത്തെറിപ്പിച്ച്
സ്കൂൾ കുട്ടികളുടെ പുസ്തകങ്ങളെ
കുപ്പായങ്ങളെ നീയെത്ര തവണ നനച്ചു?

അപരിചിതനൊരാളെ രാത്രിയിൽ
ചേർത്തുനിർത്തിയതിൻ്റെ പ്രത്യുപകാരം
ഇരുട്ടു പിടിച്ച മറ്റൊരു നേരത്ത് വന്നെത്തിയതിൻ്റെ പിറകിലും നീ തന്നെയല്ലേ?

പാളിപ്പോയാൽ തീരാൻ നിമിഷ നേരം മതിയെന്ന കരുതൽ
ഓർമ്മിപ്പിക്കാറുണ്ട്
ചെറിയ പാളിച്ചകളാൽ നീ ഇടയ്ക്കിടെ !

ഒരിടത്തു നിന്നും മറ്റൊരിടത്തേക്കല്ല
നീ കൊണ്ടു പോകുന്നത്
വിരസതയിൽ നിന്നും
ഒരു ചൂടു ചായയിലേക്ക്
അർത്ഥരാഹിത്യത്തിൽ നിന്നും
മൂളിപ്പാട്ടിലേക്ക്
ചട്ടക്കൂടുകൾക്കിടയിൽ നിന്നും
ഓളം തല്ലുന്ന പുഴയുടെ വെളിച്ചത്തിലേക്ക്

അപൂർവമായി മാത്രം
നേരിൽ നിന്നും
വിഷമസന്ധിയിലേക്കും
വളരെവേഗത്തിൽ തിരിച്ചും !

2024 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

കവല

ദിവസവും വെറുതെയെങ്കിലും ചെന്നില്ലെങ്കിൽ
ഉളളിൽ
ഇല്ലായ്മ തോന്നും

ദിനവും നനയ്ക്കുന്ന ചെടി
വാടുമെന്നതു പോലെ
വായിക്കാതിരുന്ന വാർത്ത
അറിയാതാവുന്നതു പോലെ

നമ്മുടെ ഒരരിക് ഇളകി ഇല്ലാതാകുന്നതു പോലെ

ഇപ്പോൾ വളരെ ദൂരെയായി ഞാൻ

ഉണ്ടായിരുന്നതൊക്കെ ഇല്ലാതായി

എന്നാലും
ഉണ്ടായിരുന്നതിൻ്റെ
അതേ ആത്മാവുള്ള
ഒരു ചായക്കട
ഒരാൽമരം
ഒരു ചാരു ബെഞ്ച്
ഒരു സുഹൃത്ത്
ഇവയെ
തേടുന്നുണ്ട്
ഏറെക്കുറെ
നേടിയെടുക്കുന്നുണ്ട് ഞാൻ.


2024 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

സംശയങ്ങൾ

വലിയ മനുഷ്യരെ എനിക്കു ഭയമാണ്
അവർ വളരെ ചെറിയ എന്നെ
അക്രമിക്കുമോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിക്കുമോ?
കഴിഞ്ഞ കാലത്തെ ജീവിതത്തിൻ്റെ റിപ്പോർട്ട് ആവശ്യപ്പെടുമോ?
അങ്ങോട്ടു ചിരിച്ചാലും ഇങ്ങോട്ട് ചിരിക്കാതിരിക്കുമോ?
തട്ടിക്കൊണ്ടു പോകുമോ?

ഒരു പാട് കറികൾ വിളമ്പിയ ഭക്ഷണം എനിക്കിഷ്ടമല്ല
ചുരുങ്ങിയ നേരം കൊണ്ട് ഇത്രമാത്രം രുചികൾ തിരിച്ചറിയാൻ എനിക്കു കഴിയുമോ ?
ഇത് മുഴുവൻ കഴിച്ചാൽ വയറ്റിൽ കടലിരമ്പുമോ?
യാത്രയ്ക്കിടയിൽ പോകാൻ മുട്ടിയാൽ എന്തു ചെയ്യും?
അല്ലെങ്കിലും ഒന്നോ രണ്ടോ കറികൾ ആയാൽത്തന്നെ ഭക്ഷണം സന്തോഷിപ്പിക്കുമല്ലോ
പിന്നെ എന്തിനാണ്?

വളരെ കൂടുതൽ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല
നിശ്ശബ്ദമായ ഇടവേളകളിൽ ഒറ്റക്കിരിക്കുമ്പോഴല്ലേ
നാമൊക്കെ നാമാകുന്നത്?
കേട്ട കാര്യങ്ങൾ സംസ്കരിക്കപ്പെടുന്നതിനുള്ള സമയമല്ലേ
ഈ ഒറ്റയ്ക്കിരിപ്പ്?
ഒരു കാര്യത്തെക്കുറിച്ച് ഒരേ കാര്യങ്ങൾ ഒന്നിലധികം തവണ കേൾക്കുമ്പോൾ
ഉണ്ടാകുന്ന വിരക്തി എന്നിലെ അസഹിഷ്ണുതയുടെ അടയാളമാണോ?
വൈകിയ രാത്രിയിൽ 
നിലാവിൻ്റെ ശബ്ദങ്ങൾ കേൾക്കുന്നത് ഒരു കുറ്റമാണോ?

നേരുകൾ
നിശ്ചയമായും പറയേണ്ടുന്ന കാര്യങ്ങൾ
അധികമാകാതെ എന്നാലൊട്ടും കുറയാതെ പറയുന്നവരെ നോക്കൂ..
യുക്തിയുടെ നേർത്ത ശബ്ദങ്ങളെ എത്ര സമർത്ഥമായാണ് അവർ കൂട്ടിയിണക്കുന്നത്.
അസന്തുലിതാവസ്ഥകളെ 
അസ്വസ്ഥതകളെ
നേർത്ത ഒരു ചിരി കൊണ്ട്
ഒരു മൂളൽ കൊണ്ട്
ഒരു വാക്കു കൊണ്ട്
അവർ മാറ്റിയെടുക്കുന്നു.
പറയുന്ന വാക്കുകളിൽ ചിലത് പറയാതിരുന്നാൽ
പറയാത്തവ ചിലത് പറഞ്ഞാൽ
കേൾക്കാത്ത ആ ഗാനം കേൾക്കാൻ എനിക്കും  കഴിയില്ലേ?

പായുന്ന തീവണ്ടിയുടെ വേഗത ഇഷ്ടമാണ്
സഹജമായ എൻ്റെ മാന്ദ്യത്തെ മറികടക്കാൻ അത് സഹായിക്കുന്നു എന്നതാണ് ഇഷ്ടത്തിന് കാരണം.
ഇരുട്ടിൽ അത് കുതിച്ചു പായുന്നു
തെറ്റുന്ന പാളങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു.
ഏത് വേഗതയുടെ ഹരത്തിലേക്കും
നിശ്ചലതയെക്കുറിച്ചുള്ള ഓർമ്മകളുടെ ഒരു നൂൽ കെട്ടിയിട്ടുണ്ട് എന്നത് ശരിയാണോ?

ചെറിയ ദൂരങ്ങൾ നടന്നു തന്നെ പോകണം എന്ന് ഞാൻ പറയാറുണ്ട്
വഴിയിൽ മഴ പെയ്ത വെള്ളം കെട്ടി നിൽക്കുന്നത് ഒരു തടസ്സമല്ല
വെറുതെ നിൽക്കുന്ന ഒരു പട്ടി കടിക്കില്ല
ജൈവികതയെ ലംഘിക്കുന്നത് ഭയമുണ്ടാക്കുന്നു?
ഭയത്തെ മറികടക്കുന്നതിന് യാന്ത്രികതയെ കൂട്ടുകാരനാക്കുന്നു? 



മാറ്റം

തിരിച്ചെത്തുമ്പൊഴേക്കും
നാമെത്ര  മാറുന്നു.
കുറേ നേരമെങ്കിലും  മൗനം നമുക്ക് കൂട്ടാകുന്നു.
മൗനത്തിൽ
ഹൃദയത്തിലൂടെ ഒരു നദി ഒഴുകുന്നു
ഓളങ്ങൾ തല്ലിപ്പതപ്പിച്ച്
ചില നേരങ്ങളിൽ ശാന്തമായി

പലരെ കണ്ടുമുട്ടുന്നു
ഓർമ്മകൾ തിരതല്ലുന്നു

അപരിചിതരെ 
അവരുടെ താളങ്ങളെ
വെറുതെ കേൾക്കുന്നു
കാണുന്നു

മനുഷ്യരില്ലാത്ത ദേശങ്ങൾ
കിളികളും അവരുടെ പാട്ടും മാത്രമുള്ള ഇടങ്ങൾ
മഴയില്ലാത്ത വഴികൾ
വെയിലുദിക്കാത്ത ദിനങ്ങൾ നിറഞ്ഞ പറമ്പുകൾ

ഒരേ വഴിയിൽ പോകുന്നവർ
നിശ്ചയിച്ച വഴികളുള്ളവർ
വഴികളേ നിശ്ചയമില്ലാത്തവർ

പൊടുന്നനെ
എന്നിലെ കെട്ടുകളഴിയുന്നു
പഴയതുപോലെ അവ മുറുക്കാനശക്തനാകുന്നു

പലർ ചേർന്നതാണ് ഞാൻ എന്ന് തെളിയുന്നു
പലരിലാണ് ഞാൻ എന്നും മുറുകുന്നു

വൈകീട്ട് തിരിച്ചെത്തുമ്പോൾ
മുറ്റത്തെ ചെടിയിലെ പൂവിനെ 
പുതിയ കണ്ണിൽ കാണുന്നു

ഒരിടത്ത് പോയി
തിരിച്ചെത്തുമ്പൊഴേക്കും
നാമെത്ര മാത്രം മാറുന്നു!

പാൻ്റ് ഷർട്ട് പാവയ്ക്ക പഞ്ചസാര പാട്ട്


ഇഷ്ടമില്ലാത്തതിനാൽ
അലമാരയിലുപേക്ഷിച്ച ഒരു പാൻ്റ്
ഇളം നീല നിറമുള്ള പുതിയൊരു ഷർട്ട് വാങ്ങിയതോടെ വളരെ ഇഷ്ടമുള്ളതായി.

കയ്പായതിനാൽ
കഴിക്കാതിരുന്ന പാവയ്ക്ക
അധികരിച്ച പഞ്ചസാരയളവിൽ
മധുരമുള്ളതായി.

ഇമ്പം കുറഞ്ഞതെന്നു കരുതി
കേൾക്കാതിരുന്ന ഒരു പാട്ട്
യാത്രയ്ക്കിടയിൽ ഒരിക്കൽ മാത്രം കേട്ടപ്പോൾ
പലവട്ടം കേൾക്കാൻ കൊതിക്കുന്നതായി.

ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ ഞാൻ
ഇഷ്ടമില്ലാത്തതിൻ്റെയൊക്കെയടുത്തു ചെല്ലുന്നു
അതിൻ്റെ ശ്വാസം കേൾക്കുന്നു
കണ്ണുകളിലേക്കുറ്റുനോക്കുന്നു
ഇഷ്ടക്കുറവിനാൽ തരിശായിക്കിടന്ന ഹൃദയത്തിൻ്റെ ദേശങ്ങളിൽ
കാറ്റു വീശുന്നു
മഴ പെയ്യുന്നു

കാലമെത്ര കഴിഞ്ഞാലും 
ജീവൻ വെടിയാത്ത ആ വിത്ത് മുളപൊട്ടുന്നു

തീവണ്ടി

ജനറൽ കമ്പാർട്ട്മെൻ്റ്.
നൂറുപേർ വേണ്ടിടത്ത്  മുന്നൂറു പേരുണ്ട്
ലക്ഷ്യത്തിലെത്താനിനിയും കുറേ മണിക്കൂറുകൾ വേണം.

നിർത്തുന്നിടങ്ങളിലിറങ്ങിയും കയറിയും ഇടയ്ക്കിടെ നവീകരിക്കപ്പെടുന്നുണ്ട് തീവണ്ടി.

ഇരിപ്പിടം കിട്ടിയവരൊക്കെ ചിന്തകരായി.
വളരെ കുറച്ചു പേർ അടുത്തിരിക്കുന്നവരെ മല്ലെ മല്ലെ പരിചയപ്പെട്ടു.
ഒരേ തരംഗദൈർഘ്യമുള്ളവർ പലതും പറഞ്ഞ് പറഞ്ഞ് മറ്റൊരു ലോകം തീർത്തു.


എനിക്കു സീറ്റു കിട്ടുന്നില്ല
വാച്ച് നിലച്ചതായി തോന്നി. 
ഒരു മിനുട്ട് മുന്നോ നാലോ മിനുട്ടായി.

കുറേ നേരം പുറത്തേക്കു നോക്കി നിന്നു.

അപ്പോൾ
പണ്ടേ പഠിച്ച പിറകോട്ടോട്ടം
നിർത്തി 
നടത്തം പരിശീലിക്കുന്നു
സീറ്റ് കിട്ടിയാൽ കുതിച്ചോടുമായിരുന്ന
മരങ്ങൾ, കുന്നുകൾ, പുഴകൾ
വയലുകൾ 
അവയിൽ മേയുന്ന പശുക്കൾ, മയിലുകൾ.

തെളിച്ചമുള്ള ഒരു കവിത

തെളിച്ചമുള്ള ഒരു കവിത വായിക്കണമെന്നാഗ്രഹിക്കുന്നു
പുസ്തകങ്ങളിലും
ആഴ്ചപ്പതിപ്പികളിലും
പരതി നടക്കുന്നു
ആകാശവാണിയിലും ദൂരദർശനിലും കാതോർക്കുന്നു
അരങ്ങുകളിലും എഴുത്തുഗ്രൂപ്പുകളിലും
അന്വേഷിക്കുന്നു

നന്നായി സംസാരിക്കുന്നവരുടെ പ്രസംഗങ്ങൾ കേൾക്കാൻ പോകുന്നു
അവരുടെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ടോ അത്?
പൊതുപ്രവർത്തകരുടെ തിരക്കുകൾക്കിടയിൽ കടന്നു ചെല്ലുന്നു
അവർ പരിഹരിക്കുന്ന ആധികൾക്കിടയിലെ
നെടുവീർപ്പിലുണ്ടോ അത്?
ബുദ്ധനെപ്പോലുള്ളവരുടെ ചിന്തകളെ പിന്തുടരുന്നു
മൗനത്തിൻ്റെ അവാച്യമായ ദേശങ്ങളിൽ ഇളം കാറ്റായി വീശുന്നുണ്ടോ അത്?
ഒട്ടും സംസാരിക്കാത്തവരുടെ കണ്ണുകളിലെ തിളക്കങ്ങളെ പിന്തുടരുന്നു
അവരുടെ മിഴിയനക്കങ്ങളിൽ നിന്ന്
പെയ്തിറങ്ങുന്നുണ്ടോ അത്?

ഓരോ പുലർച്ചയിലും ഇന്നതു കണ്ടെത്താമെന്ന ഒരീണത്തിൻ്റെ വഴിയേ പുറപ്പെടുന്നു

എല്ലാം കാവ്യാത്മകമായി പറയുന്നതിനുമുണ്ട് പ്രശ്നങ്ങൾ.

പ്രണയിച്ച കാലത്ത്
പറഞ്ഞ വാക്കുകൾ
പൊടി തട്ടിയെടുത്ത്
വായിച്ചു നോക്കി.

പരീക്ഷ ജയിച്ച രാത്രി എഴുതിയ ഡയറിയിലെ കുറിപ്പുകൾ മറിച്ചു നോക്കി.

തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ജയത്തിൻ്റെ കാരണം പറഞ്ഞത് കേട്ടുനോക്കി.

വേനൽമഴ പെയ്യാതിരുന്നതിന്
കാത്തിരുന്ന ഗാനം നിരാശപ്പെടുത്തിയതിന്
കാറ്റും തണുപ്പുമുള്ള മുറിയായിട്ടും ഉറക്കം കിട്ടാത്തതിന്

പറഞ്ഞ കാരണങ്ങൾ

ഇങ്ങനെയിങ്ങനെ 
പറഞ്ഞവയും
അറിഞ്ഞവയൊക്കെയും
ചികഞ്ഞുനോക്കി.

നേരായിട്ടും
അവയൊന്നുമായിരുന്നില്ല
കാരണഭൂതർ
അവയൊക്കെ
അന്നേരത്തെ ഒരാവേശത്തിന് 
പറഞ്ഞതായിരുന്നു എന്നിപ്പോൾ തെളിയുന്നു

ശരിക്കുമുള്ളവ
കാണപ്പെടാതെ
അറിഞ്ഞിട്ടും അറിയാതെ
കുടയില്ലാത്ത മഴയിൽ നനഞ്ഞു. വിറകൊണ്ട് ഇലച്ചോലയിൽ
നിന്നു.

നോക്കൂ
എല്ലാം കാവ്യാത്മകമായി പറയുന്നതിനുമുണ്ട് പ്രശ്നങ്ങൾ!

ഭൂമി

എഴുതപ്പെടാതെ ഒരു കവിത
മുറ്റത്ത് പാറി നടക്കുന്നു.
ഒന്ന് തെരുവിൽ
അലയുന്നു
ഒന്ന് വെള്ളത്തിൽ ആഴത്തിലേക്ക് ശ്വാസഗതി തേടുന്നു
മറ്റൊന്ന് മണമായി കാറ്റിൽ നിറയുന്നു
എഴുതപ്പെടാത്തവ
ചേർത്തുവച്ചാൽ
കിട്ടുന്ന എത്രയെത്ര
മഹാകാവ്യങ്ങൾ ചേർന്നതാണ് ഭൂമി!

2022 ജൂൺ 28, ചൊവ്വാഴ്ച

ബുദ്ധം

ഒരു പൂജ്യം അധികമിട്ടു പോയതിനാൽ
മുഴുവൻ ഉത്തരവും തെറ്റിപ്പോയ
ഒരു കുട്ടി അധ്യാപകൻ്റെ അടുത്തുചെന്നു

അധികമിട്ട പൂജ്യം കാരണം പിന്നീടങ്ങോട്ട് ശരിയായതെല്ലാം തെറ്റിയതാണു സാറേ
ബോധപൂർവമല്ലാത്ത അശ്രദ്ധയ്ക്കുള്ള മാർക്കേ കുറയ്ക്കാവൂ സാറേ

മാർക്കൊന്നും കുറയ്ക്കുന്നില്ല
തെറ്റായ പൂജ്യത്തേയും കൊണ്ട് നീ ശരിയായ വഴിയേ പോയല്ലോ
ഏതോ ഒരു ഘട്ടത്തിൽ തെറ്റിനെ നീ തിരിച്ചറിഞ്ഞതിനാൽ
ഇനിയാവർത്തിക്കില്ലെന്ന ഉറപ്പിനാൽ
മുഴുവൻ മാർക്കും തന്നിരിക്കുന്നു

വഴി ശരിയായാൽ മതി
തെറ്റിയെന്ന തിരിച്ചറിവ് മതി
ബോധോദയത്തിൻ്റെ ബുദ്ധനാവാൻ
എന്ന് കുട്ടി ചിരിച്ചു




2022 ഏപ്രിൽ 19, ചൊവ്വാഴ്ച

പ്രായം

ഇല്ല എന്ന് നാം പറഞ്ഞതിൻ്റെ
സമീപ ഭാവിയിൽ
ഉണ്ട് എന്ന് തിരുത്തിപ്പറയേണ്ടി വരുന്നു

ഉണ്ട് എന്ന്  പറഞ്ഞത് മറക്കും മുമ്പേ
ഇല്ല എന്ന് ഉറപ്പിക്കേണ്ടിയും വരുന്നു

ഇപ്പോൾ സംസാരത്തിനിടയിൽ
ആപേക്ഷികതയെക്കുറിച്ച് പറയുന്നു
അനുഭവാധിഷ്ഠിതമെന്ന തത്വത്തിൽ
വാക്കുകളുടെ വേരുകളെ നടുന്നു

പ്രായത്തിൻ്റെ മാറ്റം എന്ന് ഒരു കിളി കളിയാക്കുന്നു

2022 ഏപ്രിൽ 17, ഞായറാഴ്‌ച

കൂടിക്കാഴ്ച

പെട്ടന്ന് അവസാനിക്കുന്ന ഒരു കൂടിക്കാഴ്‌ചക്കായി വളരെ നേരത്തേ എത്തിച്ചേർന്നതാണ്.
കാണേണ്ടയാൾ എത്തിയിട്ടില്ല.
വളരെ ദൂരം നടന്നു വരാനുള്ള സമയമുണ്ട്.

എങ്കിലും
എങ്ങോട്ടും പോയില്ല
അടുത്തുള്ള ഒരു മരത്തണലിൽ
ഇരുന്നു
പഴയ കാര്യങ്ങളോർത്തു
കുന്നുകൾ കയറി മറിഞ്ഞ്
പുഴകൾ നീന്തിക്കടന്ന്
പലയിടങ്ങളിൽ പോയി

തിരിച്ചെത്തിയപ്പോഴേക്കും
കാണാൻ വന്നയാൾ
കാത്തു നിന്ന് മടങ്ങിപ്പോയിരുന്നു

തിര

ചിലയിടങ്ങളിൽ പോകണമെന്നും 
അവിടുത്തെ വഴികളിൽ ഇരിപ്പിടങ്ങളിൽ തണുപ്പിൽ വെയിലിൽ പ്രഭാതങ്ങളിൽ
അസ്തമിക്കുന്ന തീരങ്ങളിൽ
ഏറെ നേരം
മതിയാവുന്നതു വരെ ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്.

പ്രവാഹങ്ങളിൽ നിന്നും തെന്നിമാറി
അൽപം നേരമുണ്ടാക്കി അവിടങ്ങളിൽ ചെല്ലുന്നുമുണ്ട്.

എന്നാലും കണ്ടെടുക്കപ്പെടാത്ത എന്തോ ഒന്ന്
അവിടങ്ങളിലെവിടെയോ മറഞ്ഞിരിപ്പുണ്ട്.

വീണ്ടും മാടി വിളിക്കുന്ന ഒന്ന്.
അടുത്തെത്തുമ്പോൾ അപ്രത്യക്ഷമാകുന്ന ഒന്ന്.

ഇങ്ങനെയുള്ള ഇല്ലാത്തവ ചേർന്ന 
ഒരു പുസ്തകം 
എല്ലാ പുസ്തകശാലകളിലും തിരയുന്നു

പുതിയ പ്രിൻറ് വരാനുണ്ട് എന്ന്
ഓരോ തവണയും വിൽപനക്കാരൻ പറയുന്നു

അടുത്ത വരവിൽ വരാമെന്ന് പറഞ്ഞ് 
ഞാൻ മടങ്ങന്നു.

മറ

തീവണ്ടിയിൽ സഞ്ചരിക്കുന്നു
പുറം കാഴ്ചകൾ സുന്ദരം
ഡിസമ്പറായതിനാൽ മരങ്ങൾ തളർന്നിട്ടില്ല
വെയിൽ അവയ്ക്ക് തീ കൊളുത്തിയിട്ടില്ല
പുഴകളിൽ അൽപമെങ്കിലും വെള്ളമുണ്ട്
മാവുകൾ പൂങ്കുലകളിൽ ചിരിക്കുന്നുമുണ്ട്

ജനാലയ്ക്കരികിലെ സീറ്റിലിരുന്ന്
ഇങ്ങനെയൊക്കെ എഴുതുന്നു

എല്ലാദിവസങ്ങളിലും
യാത്ര ചെയ്യുന്ന വഴി തന്നെ ഇത്.
അപ്പോഴൊന്നും തളിർപ്പച്ചകളുടെ തിളക്കത്തിൽ
കണ്ണുടക്കിയില്ല

ഏറെ നേരം കണ്ണുതുറന്നിരിക്കുക
പ്രയാസകരം
അതു പോലെ തന്നെയിപ്പോൾ
തുറന്നാൽ കാണുക എന്ന കാര്യവും

പല ലോകങ്ങളിൽ ഒരേ സമയം ജീവിതം
കാച്ചിക്കുറുക്കിയനേരങ്ങൾ ഒരായിരംവേഷങ്ങൾ

അതിനാൽ
പെയ്യുന്ന മഴയിൽ നനയാതെ ഇലകൾ
ശബ്ദം മാത്രമായ പാട്ടുകൾ
നടന്നിട്ടും തീരാതെ ദൂരങ്ങൾ

നിറഞ്ഞിട്ടും നിറയാതെ നീയും ഞാനും

2021 മേയ് 11, ചൊവ്വാഴ്ച

ചലനം

എഴുതി പണ്ടെങ്ങോ ഉപേക്ഷിച്ച
ഒരു കവിത
ഒരിക്കൽ ഒരാളിലേക്കു തിരിച്ചെത്തി
നിമിത്തമായവയുടെ
ശ്വാസവും ചിരിയും ചലനവും
ചുറ്റുവട്ടത്തു നിരന്നു നിന്നു

മരങ്ങൾ ചെടികളായി
വേനൽ തണുപ്പായി
കുളങ്ങളിൽ തെളിനീര് തിരിച്ചെത്തി

മരങ്ങളിൽ നിന്ന്
ഇലകൾ കൊഴിഞ്ഞു
അവയെടുത്ത് നെറ്റിയിൽ തഴുകി

പൊടുന്നനെ
കാലത്തെ ആരോ കൊളുത്തി വലിച്ചു
കാലിൽ സൂചിമുനയാഴ്ന്നു
ശ്വാസം വലിഞ്ഞുമുറുകി
ശബ്ദങ്ങൾ നേർത്തു വന്നു

ഒരുവരി പോലും  ഓർത്തെടുക്കാനാവാതെയായി.

ഗാനം


ചിരിക്കാതിരിക്കുമ്പോൾ
പൂമണം നിലയ്ക്കുന്നു
അസാധാരണത്വം ഓരോ ചുവടിലും നിഴലിക്കുന്നു

വെളിച്ചം പരക്കാത്ത
പ്രഭാതങ്ങളിലെന്നപ്പോലെ
നേരം തെറ്റിയെന്ന വിഭ്രമത്തിൽ
ഭൂമി  വാക്കുകൾ മറക്കുന്നു

എന്നാൽ
മഞ്ഞ പൂത്ത മരത്തിലെ
ഒരു കിളി ഒരൊറ്റ ഗാനത്തിൽ
നഷ്ടപ്പെട്ട
കാലത്തെ തിരിച്ചുപിടിക്കുന്നു

2021 മേയ് 4, ചൊവ്വാഴ്ച

ഭാഷ

എൻ്റെ ഭാഷയിൽ
ഞാനധികമൊന്നും സഞ്ചരിച്ചിട്ടില്ല
എത്തിച്ചേർന്നയിടം വരെ പഠിച്ച വാക്കുകളും ശബ്ദങ്ങളും ഉപയോഗിച്ച് ജീവിക്കുന്നു
ചോദ്യങ്ങൾക്ക്   ഉത്തരം മുട്ടിക്കാതെ
ഒന്നിനു പിറകെ ഒന്നായി  വന്ന് അത് കാക്കുന്നു
ചിലപ്പോഴതിൽ പഠിക്കാത്ത വാക്കുകളും കടന്നു വരുന്നു
ഭാഷയ്ക്ക് ഔപചാരികതയില്ല
അത് സംസാരിക്കുന്നവനിലേക്ക്
പരന്നൊഴുകുന്നു
തണുപ്പാൽ സ്പർശിക്കുന്നു

സംസാരിക്കാൻ തുടങ്ങുന്ന കുഞ്ഞിൻ്റെ അരികിലേക്ക്
മഴയായി പോകുന്നു
ഇളം വെയിലായി നിറയുന്നു

മരിക്കാറായ ഒരാളിൻ്റെ ചുണ്ടിൽ നിന്നും
അത് മൗനമായി പുറപ്പെടുന്നു
ലോകം മുഴുവൻ മുഴങ്ങുന്നു

ഭാഷ ജലത്തെപ്പോലെയാണ്
കൽക്കെട്ടുകളിൽ പതിക്കുമ്പോൾ
വെളുത്ത വെളിച്ചം തെറിപ്പിക്കുന്ന
മായാജാലങ്ങളൊളിപ്പിച്ച
അതേ ജലത്തെപ്പോലെ.

നീറ്റൽ

ഒരാളിൻ്റെ കൂടെ മൂന്നോ നാലോ പേരുണ്ട്
വേദനയുടെ കൂടെ കരുതൽ, കാരുണ്യം സ്നേഹം  എന്ന പോലെ

ഒരേ കുടുംബക്കാർ
ആരും വേദനയാകാം
കരുതൽ, കാരുണ്യം, സ്നേഹം ഇവ
മാറി മറിഞ്ഞു വരാം

എന്നാലീവരവിൽ
എല്ലാവരും വേദനയായിരുന്നു

അടുത്താളുണ്ടെന്ന അതിജീവനം
ഇത്തവണ നിലച്ചു
സമയം നോക്കാതെ പാഞ്ഞു കയറി
ജീവനെത്തിന്നു തീർത്തുറഞ്ഞു മരണം...
മരണം..

2021 ഫെബ്രുവരി 22, തിങ്കളാഴ്‌ച

അടുക്കള

അടുക്കളയിലെത്തിയാൽ
വയറു നിറയ്ക്കാൻ
പലതും അവളൊരുക്കി വച്ചിട്ടുണ്ടാവും
പൂക്കളുടെ കൂട്ടത്തിൽ
പൂമ്പാറ്റകളെപ്പോലെ പാറി നടക്കെ
കാണാതെ
പിറകേ പോയി
ഞാൻ കൊത്തിയകത്താക്കിയ അവൾ!

2021 ഫെബ്രുവരി 6, ശനിയാഴ്‌ച

എഴുത്ത്

വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു കവിതയെഴുതി
പുഴ എന്ന് പേരിട്ടു
നീല നിറമുള്ള ഒന്നെഴുതി
ആകാശം എന്ന് പേരിട്ടു
തണുപ്പുള്ളതിന് മഴ
സ്വയം മറന്നതിന് പ്രണയം
തമ്മിൽ കണ്ടു കൂടാത്തതിന് മതങ്ങൾ
ക്ഷമയ്ക്കും തണലിനും മരങ്ങൾ
എന്നിങ്ങനെ പലതരം കവിതകൾ പേരുകൾ

പിന്നെ എഴുത്തു നിർത്തി

സമയം കിട്ടുമ്പോഴൊക്കെ  മരങ്ങളുടെ തണലിൽ പോയിരുന്നു
പുഴയിൽ കുളിച്ചു
ആകാശങ്ങളുടെ കീഴെ
മൈതാനങ്ങളിൽ മലർന്ന് കിടന്നു
മഴ നനഞ്ഞു
പ്രണയം
അതേ കണ്ണാൽ
കുതിച്ചു പായുന്ന കാലത്തെ തുളച്ചു

ഇനി ഒരിക്കലും എഴുതേണ്ടതില്ലെന്നു തീരുമാനിച്ചു

എഴുതാത്തതിലാണ് കവിത
എഴുതാതിരിക്കലാണ് കവിത്വം