SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011 ജൂലൈ 16, ശനിയാഴ്‌ച

ജനനമരണങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍

ചിലര്‍ പിറവിക്കുമുമ്പേ മരണത്തെക്കുറിച്ച് സ്വപ്നം കാണുന്നവരാണ്.
ഒരു ചുവടുപോലും മുന്‍പോട്ടു വയ്ക്കാനാവാതെ
പ്രക്ഷുബ്ദമായ ഒരു കടലിന്റെ ഭാരം
ജന്മം മുഴുവനും അവര്‍ ചുമക്കുന്നു.

ചിലര്‍ മരണദിനമെത്തിയാല്‍ പോലും അതിനെക്കുറിച്ചറിയുന്നില്ല.
അനേകം ചുവടുകള്‍ മുന്‍പോട്ടു പോയിട്ടും
ശാന്തമായ കടലിനെ അവര്‍ കൈവെടിയുന്നില്ല.

ചിലരുടെ ജന്മം ഒരു പൂവിരിയുന്നതുപോലെയാണ്.
എന്നാല്‍ സ്വന്തം കൈയിലിരിപ്പുകൊണ്ടാവണം
ദുരന്തങ്ങള്‍ നെഞ്ചിലേറ്റി
മരണത്തെ അവര്‍ വിളിച്ചുവരുത്തുന്നു.

അവസാനത്തെ കൂട്ടര്‍ അഗ്നിയുടെ നടുവില്‍ ജനിക്കുന്നവരാണ്.
എന്നിട്ടും അചഞ്ചലമായ ഹൃദയത്തോടെ
അഗ്നിയെ തണുപ്പിച്ച്
മരണത്തെക്കുറിച്ചുള്ള ഓര്‍മ പോലും മായ്ച്ചുകളയുന്നു.
അനശ്വരരാകുന്നു!

2011 ജൂലൈ 15, വെള്ളിയാഴ്‌ച

‌ഞാനുണ്ടായിരിക്കാന്‍ കാരണം

ചീറിവന്ന കാറിടിക്കാതെ പോയത്
ഞെട്ടറ്റ തേങ്ങ തലയില്‍ വീഴാഞ്ഞത്
ആശുപത്രിയില്‍ വച്ച് മാറിത്തന്ന മരുന്ന് കഴിക്കാതിരുന്നത്
മലകയറുമ്പോള്‍ ഉരുണ്ടുവീണ കല്ല് തെന്നിപ്പോയത്
തകര്‍ന്ന നേരം വീട്ടിനുള്ളില്‍ ഇല്ലാതിരുന്നത്.

ഇന്നത്തെ പത്രം വായിച്ചനേരം
ഇല്ലകാരണമിതിനപ്പുറമൊന്നുമെന്നുതോന്നി!

2011 ജൂലൈ 9, ശനിയാഴ്‌ച

കേരളം

ഹ്രസ്വദൃഷ്ടിക്കാരന്‍ ബസ്സ് കാത്തുനില്‍ക്കുന്നു.

അയാള്‍ക്കു ദൂരെനിന്നും വണ്ടി വരുന്നില്ല
ശബ്ദം മാത്രം വരുന്നു.

അയാള്‍ക്കു ദൂരെ നിന്നും ആളുകള്‍ വരുന്നില്ല
പദനിസ്വനം മാത്രം വരുന്നു.

അയാള്‍ക്ക്
ദൂരെ പുഴയില്ല
മലയില്ല.
സദാമഞ്ഞുമൂടിയ ഒരു ലോകം അയാള്‍ക്കു ചുറ്റിലും.

* * * * * *

ദൂരെ ഒന്നുമില്ലാത്തൊരാളുടെ ലോകം എങ്ങനെയായിരിക്കും?

അന്യദേശചിന്തയാലുരുകിയുരുകി നമ്മെപ്പോലെ നാട്ടുദ്രോഹിയാകില്ല.
നാട്ടിപ്പാട്ടിനെ കൊല്ലില്ല.
നാട്ടുചെണ്ടയുടയ്ക്കില്ല.

പലായനചിന്തയാലിന്നേയിങ്ങനെ മലയാളത്തെ കൊല്ലില്ല
മഷിത്തണ്ടിനെ മറക്കില്ല.

* * * * *

മുക്കുറ്റിപ്പൂ ചോദിക്കുന്നു
പശിമാറ്റാനന്യദേശം പൂണ്ടവര്‍ മാത്രമോര്‍ക്കും ദേശമോ കേരളം?

ഓണവും വയല്‍പ്പാട്ടും കതിര്‍പ്പച്ചയും.
ആടിവേടനും പുലികളി തുമ്പിതുള്ളലും
ഓര്‍മ്മയിലലതല്ലി തിരച്ചാര്‍ത്താകുന്നില്ലല്ലോയെങ്ങും.

മുക്കുറ്റിപ്പൂവേ,പൂവേ പതറാതെയിരിക്കണം
എല്ലാം തിരിച്ചുവരുമോണം വരുമ്പോള്‍
കേബിള്‍ വഴി,പലവര്‍ണാഞ്ചിത ചാനല്‍വഴി
തിരിച്ചുപോയീടുമതുവഴിതന്നെയൂണ്ടശേഷമെന്നുമാത്രം!

തെരുവ്

മുറിവേറ്റു കിടന്നു.

പുറത്തേക്കൊഴുകാതെ
ഗതി തിരിയാതെ
സത്വത്തിലേക്കു തിരിച്ചുപോകാനാകാതെ
തളം കെട്ടി നിന്നു.

കീറപ്പുതപ്പിട്ട്,
നിറം പൂശിയ ശബ്ദങ്ങള്‍ക്കടിപ്പെട്ട്,
മുഴക്കത്തിലേക്കു കൂപ്പുകുത്തി,
ആഘാതങ്ങളുടെ അരക്ഷിതാവസ്ഥകളില്‍ ചൂളി,

ജലം കിട്ടാതെ
ഉരുകിയൊലിച്ച്

ഒരു ജനനിര
യൗവന ജരാനര
കടന്നുപോയി.

ആ പഴയ ജീവിതം

വീണുകിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ വിരിപ്പലകയിലിരുന്ന്
നേരമ്പോക്കുകള്‍ നോല്ക്കുമ്പോഴാണ്
എത്തിപ്പിടിക്കാനാവാത്ത ഭൂമികകളുടെ സൗന്ദര്യത്തെക്കുറിച്ച്
വെളിപാടുകളുണ്ടാവുന്നത്.

നക്ഷത്രങ്ങളുടെ ഉയരങ്ങളെക്കുറിച്ച്
എന്നിട്ടും അവ കാത്തുസൂക്ഷിക്കുന്ന പൂവുകളെക്കുറിച്ച്
മഹാവൃക്ഷങ്ങളെക്കുറിച്ച്
എന്നിട്ടും അവ കാത്തുപോരുന്ന താഴ്മയുടെ ഋതുക്കളെക്കുറിച്ച്
ഈ ഭൂമിയെക്കുറിച്ച്
മൗനങ്ങളില്‍ അതൊരുക്കൂട്ടുന്ന പാട്ടുകളെക്കുറിച്ച്
ചില വരികള്‍ വരുന്നു.

മുഴക്കങ്ങളുടെ വീഥികളില്‍നിന്നും
പച്ചയണിഞ്ഞ സത്യത്തിന്റെ നാട്ടുവഴിയിലൂടൊരു യാത്ര വരുന്നു.

എതിരെ വരുന്ന നഗ്നതയില്‍ നിന്നും
രോഗിയുടെ മരണനിശ്ശബ്ദതയിലേക്കൊരു
ദൂരം വരുന്നു.

വാക്കുകള്‍, വചനങ്ങള്‍ വരുന്നു.
അഹിംസയില്‍നിന്നു ഗാന്ധിജി
മൗനത്തില്‍നിന്നു ബുദ്ധന്‍
തടവറയില്‍ നിന്നു മണ്ടേല
പൂവില്‍നിന്നു ടോട്ടോച്ചാന്‍ വരുന്നു.

പൊടുന്നനെ ഒരുറുമ്പോ പാമ്പോ കാലില്‍ കടിക്കുന്നു.

സ്വാതന്ത്ര്യവും വിരിപ്പലകയും നേരമ്പോക്കും
ഭൂമികയും സൗന്ദര്യവും നേരമ്പോക്കും
എങ്ങോട്ടോ പോകുന്നു

ആ പഴയ ജീവിതം റേഷനരിയും വാങ്ങിച്ചു വരുന്നു.

2011 ജൂലൈ 6, ബുധനാഴ്‌ച

കാല്‍നടക്കാരന് പറയുവാനുള്ളത്

നടന്നു പോകണം

ഇരുട്ടില്‍നിന്നും വെളിച്ചത്തിലെത്തിയാലെന്നപോലെ
വേനലില്‍ മഴ പെയ്താലെന്നപോലെ
കേള്‍ക്കാന്‍കൊതിച്ചവാക്ക് കേട്ടാലെന്നപോലെ
ഒരു പൂവ് വിരിയും.

പുലര്‍ച്ചയുടെ ഗീതം
കരള്‍ത്തുടിപ്പിലേറ്റി ജനിച്ച ഒരു ശിശു
നമ്മെ ആഹ്ലാദിപ്പിക്കും.

വന്ന വഴിയുടെ വേരിനെക്കുറിച്ച്
വരാനിരിക്കുന്ന വഴിയുടെ വളവുകളെക്കുറിച്ച്
നില്ക്കുന്നേടത്തിന്റെ ഗര്‍ത്തങ്ങളെക്കുറിച്ച്
നീ നിന്നോട് സംസാരിക്കും.

മഴ,
നനയുമ്പോള്‍ മാത്രമറിയുന്ന കനി തരും.
വെയില്‍,
വിയര്‍ക്കുമ്പോള്‍ മാത്രമറിയുന്ന വളപ്പൊട്ടു തരും.
മഞ്ഞ്,
തണുക്കുമ്പോള്‍ മാത്രമറിയുന്ന ആഴം തരും.

മുള്ളു തുളഞ്ഞാലും കല്ലുരഞ്ഞാലും കരളുരുകിയാലും നില്ക്കരുത്.

നേരെ വടക്കോട്ടു പോയി തെക്കോട്ടു തിരിഞ്ഞ് പാടം കടന്ന്
കിഴക്കെക്കാട്ടിലേക്കോ പടിഞ്ഞാറെച്ചെരിവിലേക്കോ പോവുക.

മരം നട്ടു പോകുന്നവര്‍

ചിലരുണ്ട്.

ഒറ്റ മാത്രകൊണ്ട് 
ഒരു പ്രപഞ്ചത്തെ അറിയിക്കും.

ഒരിതളില്‍
ആദിസ്നേഹത്തെ തിരിച്ചറിയും.

വഴിവിട്ടൊഴുകുന്ന പുഴയുടെ ഗതി തിരിച്ചു വിടും.

അയുക്തികമായ ആകാശത്തെ ചിന്നഭിന്നമാക്കും.

അവരിലേക്കൊഴുകി വരും നദികള്‍,കരകള്‍

അവരൊരു മരം നട്ടു പോകും

എപ്പോഴും അതു മുളച്ചുനിവരും.