SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2021 ഫെബ്രുവരി 2, ചൊവ്വാഴ്ച

ഗ്രാഹ്യം

സച്ചിദാനന്ദൻ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ എങ്ങിനെ വളച്ചു തിരിച്ചെഴുതിയാലും
എനിക്കു മനസ്സിലാവും
കെജിഎസ് വിജയലക്ഷ്മി എന്നിവർ എത്ര ലളിതമായി എഴുതിയാലും
എനിക്കു മനസ്സിലാവില്ല

പകുതി മാത്രമറിഞ്ഞ പൂവിനെ ഞാൻ
പൂവ് എന്ന് വിളിക്കുന്നു
ചില ഭാഗങ്ങൾ മാത്രം കണ്ട ഒഴുക്കിനെ
നദി എന്നു വിളിക്കുന്നു
മേഘങ്ങളെ സഞ്ചരിക്കുന്ന ഇടത്തെ ആകാശം എന്നും
വിശപ്പകറ്റുന്ന പാടങ്ങളെ നെൽപ്പാടങ്ങൾ എന്നും വിളിക്കുന്നു


ക്ലാസിലെ കുട്ടികൾ
കോട്ടുവായിട്ടാൽ
അവരെ  പുറത്താക്കാതിരിക്കാനുള്ള
വലിയ പാഠം 
തെളിയുന്നു

ലോകം മുഴുവൻ സഞ്ചരിച്ചാലും
തീരാത്ത ഇടങ്ങളാലും
കാണാത്ത കാഴ്ചകളാലും
ചെറുതാക്കി നിർത്തുന്ന പാഠം
മുഴങ്ങുന്നു

എന്നാലും
വലിയവനാകാനുള്ള
മോഹത്തിൽ
ഞാൻ
ചെറുതായി
ഡ്രോണുകളിൽ കണ്ണുകളെ പറഞ്ഞയച്ചു
പിന്നെ
വിമാനത്തിൻ്റെ ചില്ലുജാലകം
കണ്ണു കൊണ്ടു തുരന്നു

അപ്പോൾ
മേഘങ്ങൾ ലംഘിച്ചെത്തിയ
വെളിച്ചത്തിൽ
കണ്ണുകളടഞ്ഞു

അതിൽ
തുളുമ്പിയ നീരിൽ
വലിയ ലോകം
നിറഞ്ഞു

2021 ജനുവരി 25, തിങ്കളാഴ്‌ച

തിരിച്ചു പോക്ക്

ഫലപ്രഖ്യാപനത്തിനു മുമ്പേ
ആ കവിത തിരിച്ചുപോയി

പുതിയ വാക്കുകളും
ധ്വനിയും
താളവും ഈണവും
അത് വഴിവക്കിലെ തോട്ടിലെറിഞ്ഞു

മടങ്ങി വരുമ്പോൾ കാണാൻ കാത്തു നിന്ന കൊന്നമരത്തിൻ്റെ മഞ്ഞയെ
അത് കണ്ടതേയില്ല

കാത്തു വച്ച താളം കേൾപ്പിക്കാൻ
കൊതിച്ചിരുന്ന അരുവിയെ
കേട്ടതേയില്ല

യാത്രയുടെ വർത്തമാനങ്ങൾ കേൾക്കാൻ
ഉറങ്ങാതിരുന്ന കവിയെ
അത് അറിഞ്ഞതേയില്ല

വയലിൻ്റെ അറ്റത്തെത്തിയതും
ഇലത്തുമ്പിൽ നിന്ന് മഞ്ഞുതുള്ളി മണ്ണിലേക്ക് വീണതും
മിന്നൽ
നിലവിനെയെന്ന പോലെ  
അതിനെ ഭൂമി വിഴുങ്ങി

എല്ലാ കാലത്തും
എല്ലാ കവിതയേയും
ഭൂമി വിഴുങ്ങുന്ന
അതേ മൂർച്ഛയിൽ 
അതേ ശബ്ദത്തിൽ!

2021 ജനുവരി 18, തിങ്കളാഴ്‌ച

ഒളിച്ചോട്ടം

വെളിച്ചം കാണാത്ത കവിതകളിലൊരെണ്ണം
കവിയുടെ നോട്ടുപുസ്തകം ഭേദിച്ച്
പുറത്തുചാടി
നിശബ്ദയായി അരൂപിയായി
കണ്ട വഴിയേ നടന്നു
കെഎസ്ആർടിസി ബസിൽ
ചുരങ്ങൾ കയറി
പുഴ കണ്ടയിടങ്ങളിലിറങ്ങി കുളിച്ചു
തണലിൽ ഉറങ്ങി

രാത്രിയിൽ വയൽപ്പരപ്പുകളിൽ
നിലാവിൽ മലർന്നു കിടന്നു
തണുപ്പിൽ മിന്നാമിനുങ്ങുകളുടെ 
കൂട്ടത്തിൽ കൂടി

തീവണ്ടികളിൽ ജനറൽ 
കമ്പാർട്ടുമെൻ്റുകളിൽ കയറി

ആളുകേറാത്ത വെളിമ്പറമ്പുകളിലിരുന്ന്
വിസർജിച്ചു

പ്രണയം തോന്നിയവരോട്
അവരറിയാത്ത വിധം ഭോഗിച്ചു

വിശന്നു കരയുന്ന കുട്ടിയുടെയരികെയിരുന്ന്
മധുരം പറഞ്ഞ് ചിരിപ്പിച്ചു

ഭേദിച്ച നോട്ടുപുസ്തകത്തെയും
ജന്മം കൊടുത്തവനെയുമോർത്ത്  നെടുവീർപ്പിട്ടു

മഴയും വെയിലും കൊണ്ട്  നിറഞ്ഞു
പിന്നെ
പുലരികളിൽ വെളിച്ചത്തോടൊപ്പം പരന്നു
ഉറവയിൽ ചെന്ന് ജലത്തിൽ
കലർന്ന് പുഴയായി
നിന്നും നീണ്ടും ഒഴുകി കടലിൽ ലയിച്ചു.

2021 ജനുവരി 17, ഞായറാഴ്‌ച

തണൽ

പാമ്പുകടിച്ചു മരിച്ച അബൂബക്കർ
അഞ്ചിൽ പഠിക്കുമ്പോൾ നട്ട
ഒട്ടുമാവിൻ്റെ തണലിൽ
കുറേ നേരം കണ്ണടച്ചിരുന്നു

ക്ലാസിലിരിക്കുമ്പോൾ
നെഞ്ചുവേദനിച്ച് ആശുപത്രിയിൽ പോയി
പിന്നെ വരാതിരുന്ന
രമ കുഞ്ഞു ബ്രഷ് കൊണ്ടു വരച്ച
പഴയ ചിത്രത്തിലെ
കിളി നിർത്താതെ ചിലയ്ക്കുന്നത് കേൾക്കുന്നു

കുഞ്ഞപ്പൻ മാഷ് അടിക്കാതെ
ചൂരൽ വടി കാട്ടി പഠിപ്പിച്ച
കണക്കു കൂട്ടി
വലിയൊരു തിരമാലയെ
വകഞ്ഞു മാറ്റുന്ന
കുട്ടികളെ കാണുന്നു

അൽപനാളുകൾ മാത്രം
കൂടെയിരുന്ന്
തണുപ്പായും തലോടലായും
നിവർത്തി നിർത്തിയവരുടെ
ശ്വാസ ബലത്തിൽ
മൂന്നു ചുവടുകൾ മുന്നോട്ടു നടന്ന്
ഒരു കുട്ടി ലോകം കീഴടക്കുന്നു

നട്ടും
നീരൊഴിച്ചും
നേരു പകർന്നും
വളർത്തിയ ചെടികൾ കൊണ്ട് നിറഞ്ഞ
ഭൂമി 
നിലാവിൽ
കോടമഞ്ഞിൽ
ആരും കാണാതെ
കണ്ണീർ തുടയ്ക്കുന്നു.

2021 ജനുവരി 5, ചൊവ്വാഴ്ച

വായന

പല കവികളെ പിന്തുടരുക
ഒട്ടും എളുപ്പമുള്ള കാര്യമല്ല

ഒരാളെ വായിക്കുമ്പോൾ
മറ്റെല്ലാവരുടെയും വാതിലുകളടയ്ക്കണം

കവിയും വായനക്കാരനും
പ്രപഞ്ചവും തനിച്ചാകണം

കവി ഒന്നും മിണ്ടുകില്ല
വായിക്കുന്നയാൾ അതേ രസതന്ത്രത്തിൽ വരികളിലേക്ക് കണ്ണോടിക്കണം
അപ്പോൾ
പ്രപഞ്ചം മാത്രം
നദിയുടെ ഓളങ്ങൾ
നിലാവ്
മഞ്ഞ്
ഇരുട്ട് വെളിച്ചം
എന്നിവ കൊണ്ട്
ഒരു ചിത്രം വരയ്ക്കും

അതിൽ
അസമയത്തുള്ള കരച്ചിലുകൾ
വിശപ്പിൻ്റെ നോട്ടങ്ങൾ എന്നിവ കേൾക്കും

നിസ്സഹായതയുടെ കൈകൾ നീട്ടി തൊട്ടപ്പുറത്ത് 
തല കുനിച്ച് ഒരുവളിരിക്കുന്നതായി അറിയും
അവളുടെ കണ്ണീര്
നിലത്ത് വീഴുന്ന ശബ്ദത്തിൽ
പൊടുന്നനെ
ലോകത്തിൻ്റെ സമസ്ത മൗനങ്ങളും
ചിതറിത്തെറിക്കും

2020 ഡിസംബർ 5, ശനിയാഴ്‌ച

ചരിത്രം

പല വഴിയിൽ നടന്ന്
നടപ്പു കാലത്തിൻ്റെ മിടിപ്പ്
കേട്ട ഒരു കാലമുണ്ടായിരുന്നു

ആ നാളുകളിൽ
കാഴ്ചകളെ
ഏതെങ്കിലും ഒരാപ്തവാക്യവുമായി
ബന്ധിപ്പിച്ചിരുന്നു

കാട്ടിൽ പോയി
നിശ്ശബ്ദത കേട്ടിരിക്കുമായിരുന്നു

ജലത്തിൽ വിരൽ കൊണ്ടെഴുതിയിരുന്നു

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
മാറ്റി വരച്ച് ചെരിഞ്ഞു നോക്കുമായിരുന്നു

ഒരിടത്തിരുന്ന്
ഓർമ്മകളുടെ പൊതിയഴിച്ച്
വാരിത്തിന്നുമായിരുന്നു

ഇപ്പോഴും അങ്ങനെയൊക്കെത്തന്നെയാണ്

എന്നാൽ കഴിഞ്ഞു പോയത്
നിലാവിനെപ്പോലെയാണല്ലോ

ഇപ്പോഴുള്ളത് നട്ടുച്ച പോലെയും

വർത്തമാനം
പഴകി തണുത്ത് തണുത്ത് ചരിത്രമുണ്ടാകുന്നു

പിടിക്കുമ്പോഴുണ്ടാകാതെ
കുട മാറ്റുമ്പോഴുണ്ടാകുന്ന തണലാണ് ചരിത്രം.

2020 ഡിസംബർ 2, ബുധനാഴ്‌ച

മണങ്ങൾ

1.
ചില മണങ്ങൾ
ഇഷ്ടമാണ്.
അതിനാൽ
കഴിഞ്ഞ കുറേ വർഷങ്ങളായി
ചില പ്രത്യേക ഇനം ബ്രാൻഡുകളിൽപ്പെട്ട
സോപ്പുകൾ
വെളിച്ചെണ്ണ
സാമ്പാർ പൊടി
ചായപ്പൊടി
ഇവ വാങ്ങുന്നു
ഇക്കാലയളവിൽ
എൻ്റെ മുറ്റത്തു നിന്നും
അപ്രത്യക്ഷമായ ചെടികളുടെ മരങ്ങളുടെ ലിസ്റ്റും ഇതോടൊപ്പം നൽകുന്നു
മുല്ലവള്ളി
മല്ലിച്ചെടി
നീണ്ടു നീണ്ടാകാശം തൊട്ട തെങ്ങുകൾ
ചെമ്പകങ്ങൾ
നാരകങ്ങൾ
2.
പകരമാകുന്ന മണങ്ങൾ
ഊറ്റിവലിച്ചെടുക്കുകയാൽ
കാണാതെ പോയ
ഒരു കാട്ടുപനിനീർച്ചെടിയുടെ
കുറ്റി കൊണ്ട്
കാലിൽ ചോര പൊടിഞ്ഞു
ഞാനതിനെ കോപശക്തിയാൽ
വേരോടെ പിഴുതെറിഞ്ഞു
3
മണങ്ങൾ തിരിച്ചറിയാൻ വയ്യാതായ
2020 ലെ ഒരു പ്രഭാതത്തിൽ
പറമ്പിലങ്ങോട്ടുമിങ്ങോട്ടും
ഞാൻ നടന്നു
കറിവേപ്പില
നാരകം
തുളസി
ഇവയുടെ ഇലകൾ തിരഞ്ഞു
മണ്ണ് നീക്കിയപ്പോൾ
കുറേ സോപ്പുകവറുകൾ കിട്ടി
അതിന്നുമടിയിൽ
വെളിച്ചമോ വെള്ളമോ കിട്ടാതെ
ശ്വാസം മുട്ടിയിരുന്ന
ഒരു മാങ്ങയണ്ടി
ഭയചകിതയായി
മുളച്ചോട്ടെ.... മുളച്ചോട്ടെ
എന്നു ചോദിച്ചു
ഞാൻ അവസാനിക്കുന്നതിനും മുമ്പുള്ള ഏതാനും
ശ്വാസങ്ങളെടുത്ത്
ചുമച്ച് വിക്കി
എന്തോ പറഞ്ഞു