SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 മേയ് 30, ശനിയാഴ്‌ച

അവളും ഞാനും

ഞാനേയല്ല അവൾ
അവളേയല്ല ഞാൻ

ഞാൻ ചെമ്പരത്തി നടുമ്പോൾ
അവൾ റോസാച്ചെടി നടും
ഞാൻ വെണ്ടയെങ്കിൽ അവൾ പയർ
ഞാൻ മണ്ണ് കിളക്കുമ്പോൾ
അവൾ മണ്ണിരകൾക്ക് വേണ്ടി നിലകൊള്ളും
മരുപ്പച്ച മരുപ്പച്ച എന്ന് ഞാൻ പറയുമ്പോൾ
അവൾ പച്ച പച്ച എന്നു പറയും

തർക്കിച്ച് തർക്കിച്ച് കാലം പോയതറിഞ്ഞില്ല

ഞെട്ടിയുണർന്ന്
പുറത്തേക്ക് നോക്കിയപ്പോൾ
ഇളകിയ മണ്ണ്
തല പൊക്കിയ മണ്ണിരകൾ
ചെമ്പരത്തിച്ചോപ്പ്
മുൾപ്പനിനീർച്ചെടിയിലെ പൂപൂമണം
വെണ്ടകൾ
നിലം മുട്ടുന്ന പച്ചപ്പയർച്ചന്തങ്ങൾ
ഇവ
കളിയാക്കിച്ചിരിക്കുന്നു
കളിയാക്കിച്ചിരിക്കുന്നു

നിങ്ങൾ

നിങ്ങൾ കടലിലെ കപ്പലിലാണെന്നു കരുതുക
രാത്രിയിൽ
കപ്പലിൻ്റെ മേൽത്തട്ടിൽ കയറിയാൽ
കരയിൽ നിന്ന് കാണുന്നതുപോലെയല്ലാത്ത
നക്ഷത്രങ്ങൾ നിറഞ്ഞ
അഥവാ മേഘാവൃതമായ ആകാശം കാണാം
കരയില്ലാത്ത ജലപ്പരപ്പ് കാണാം
ഉള്ളിൻ്റെയുള്ളിലെ ജലഭയം കാണാം

നിങ്ങൾ കപ്പലിലല്ലെന്നു കരുതുക
അപ്പോൾ
മേൽപ്പറഞ്ഞ നിങ്ങളേയല്ല
നിങ്ങൾ !

2020 മേയ് 23, ശനിയാഴ്‌ച

മരിച്ചവരുടെ വാട്സപ്പ് ഫേസ് ബുക്ക് പോസ്റ്റുകൾ

1.
ഇനിയാരും ചാറ്റുകില്ല
മരണമറിയാത്ത ചിലരെങ്കിലും
ചില ചോദ്യങ്ങൾ സുഖാന്വേഷണങ്ങൾ
അഭിനന്ദനങ്ങൾ
നേർന്നാലായി
മറുപടി കിട്ടാതാവുമ്പോൾ
ആ വിവരം അവരും അറിയും
ആടിയ നാടകത്തിൻ്റെ ചിത്രങ്ങളും ചലനങ്ങളും അങ്ങനെ കിടക്കും
2.
പോസ്റ്റുമ്പോൾ
ആത്മപ്രശംസയാകുമോ
എന്ന് പലവട്ടം വിചാരിച്ചുണ്ടാവും.
പലതും അങ്ങനെ ഒഴിവാക്കിയിട്ടുണ്ടാവും
എന്നാലും
പതിച്ച ചിത്രങ്ങളിൽ
എന്നെയറിയുന്നുണ്ടോ
എന്നെയറിയുന്നുണ്ടോ
എന്ന് പലവട്ടം നോക്കി
തളിർത്തും വാടിയും
ഏറെ നേരം
അങ്ങനെയിരുന്നിട്ടുണ്ടാവും അയാൾ
അപരിചിതനായൊരു
സമാന ഹൃദയൻ്റെ
മറുപടിയിൽ
ആഹ്ളാദിച്ചിട്ടുണ്ടാവും
കാത്തിരുന്നയാളിൻ്റെ മൗനത്തിൽ കണ്ണീർ വാർത്തിട്ടുണ്ടാവും.
3.
മെല്ലെ മെല്ലെ മറക്കും ആ പേര്
മുഖം
ദേശം
അസ്ഥിത്വം
മറ്റൊരു കാലത്ത് 
ജീവിച്ചിരുന്നതിന് തെളിവ് ചോദിക്കുമ്പോൾ നൽകാനെടുക്കാം
ഒറ്റപ്പെട്ടപ്പോളെഴുതിയ കുറിപ്പ്
യാത്ര പോയപ്പോൾ മലമുകളിൽ നിന്നെടുത്ത ചിത്രം
ദിനാന്തങ്ങളിൽ മറ്റാർക്കും പറയാനാവാത്ത വിധം ഓരോരോ ലോകങ്ങളിൽ നിന്നെഴുതിയ കവിതകൾ
4.
ഒരാൾ ബാക്കി നിർത്തിപ്പോകുന്ന 
വാക്കുകൾ തിരഞ്ഞ്
എന്നെങ്കിലുമൊരിക്കൽ
ഒരാൾ വരും
അയാളിലൂടെ
ഭൂമി വിട്ടു പോയവൻ്റെ ശബ്ദങ്ങൾ മുഴങ്ങും

ഭൂമിയിലെ ഓരോ ശബ്ദവും
മണ്ണിൽ ചേർന്നവർ പറഞ്ഞു തുടങ്ങിയ 
വാചകത്തിൻ്റെ 
പൂർണ വിരാമമായിട്ടില്ലാത്ത
അവസാനത്തെ വാക്കാണ്.
നാളേക്കുള്ള വാക്കുകളാണ്
നോക്കൂ നിങ്ങളിപ്പോളെഴുതിക്കൊണ്ടിരിക്കുന്നത്.

2020 മേയ് 22, വെള്ളിയാഴ്‌ച

എഴുത്ത്

എഴുത്ത് കഴിഞ്ഞ്
വായിച്ച്
വാക്കുകൾ മാറ്റിപ്പുതുക്കി
ചില വരികൾ അപ്പാടെ മാറ്റി
തലക്കെട്ട് നൽകിയാണ്
കവിതയുണ്ടാകുന്നത്

പിന്നെയും പല നേരങ്ങളിൽ പല കാലങ്ങളിൽ
വെട്ടിമുറിക്കലുകൾ
കൂട്ടിച്ചേർക്കലുകൾ
നിർദ്ദയമായ ഉപേക്ഷിക്കലുകൾ നടക്കും

എന്നാലും
എഴുതുന്നയാളിൽ
മറ്റൊരു വാക്ക്
മറ്റൊരു വരി
എന്ന ചിന്ത
പുകഞ്ഞുകൊണ്ടിരിക്കും

സൂര്യൻ ഉദിച്ചില്ല
പുഴ തെളിഞ്ഞില്ല
എന്നു നീറി 
അയാൾ ഭൂമിയുടെ ഒരു കോണിലിരിക്കാതെയിരുന്ന്
നീറികൊണ്ടിരിക്കും

കൊത്തിത്തീരാത്ത ശിൽപമാണ് കവിത.
കവി പണിതീർത്ത് വിശ്രമിക്കാനറിയാത്ത ശിൽപിയും.

സങ്കടങ്ങളിറങ്ങിപ്പോകും വഴി

കരച്ചിൽ വഴി
കണ്ടറിഞ്ഞെത്തിയ സുഹൃത്തിനോട്
മനം തുറക്കുക വഴി
കവിത വഴി
പിണക്കം മാറിയവരെത്തും വഴി
കനലെരിയും വഴി
കണ്ടുമുട്ടുന്ന നിലാവ്
പകർന്ന
ആത്മചിന്താ തത്വം
ഞരമ്പിലേറും വഴി.

അപരിചിതമായ മറ്റൊരു കര

പരസ്പര ബന്ധമില്ലാത്ത ലോകങ്ങളാണ്
ലോകത്തെ സുന്ദരമാക്കുന്നത്

ചെണ്ടുമല്ലിയും ചെമ്പരത്തിയും
നട്ടു വിരിയിക്കുന്ന ലോകത്തു നിന്നും ഏറെ ദൂരെയാണ്
പുഴയാഴങ്ങളിൽ നിന്നും മീൻ പിടിക്കുന്ന ലോകം

ദൂരദേശങ്ങളിലേക്കുള്ള സഞ്ചാരം പോലെയല്ല
പുലരി നടക്കുന്ന വഴിയുടെ ശീലങ്ങൾ

തൊണ്ണൂറിലും ചിരിപ്പിക്കുന്ന
മുത്തശ്ശൻ്റെ സത്യജീവിതസഞ്ചാരം ഒന്ന്
കൺതുറന്ന കുഞ്ഞുവാവച്ചിരി നിറയുന്ന ലോകം മറ്റൊന്ന്.

ഒരു കരച്ചിലിന് ഒരായിരം ചിരിയായോ
ഒരു ചിരിക്ക് ഒരായിരം നിലവിളികളായോ
ചതുരംഗപ്പലകയിൽ
കരുക്കൾ നിരത്തുന്ന ജീവിതം

അനിശ്ചിതത്വത്തെ മറക്കാനുള്ളത്രയും
വിത്തുകൾ പാകി മുളപ്പിച്ചാൽ
ചിരിക്കും
കരച്ചിലുമിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ നടക്കാം

മലവെള്ളപ്പരപ്പിൽ തോണി മുങ്ങുമ്പോൾ
നീന്തിക്കയറാനുണ്ടാവണം
മറ്റൊരു തോണി
അപരിചിതമായ മറ്റൊരു കര

2020 മേയ് 20, ബുധനാഴ്‌ച

ആ നിമിഷം

ഒരു യാത്രയ്ക്കു പോകുമ്പോൾ
ഒരു ചെടി നടുമ്പോൾ
നാം മരണത്തെ മറക്കുന്നു
വേനൽ മഴചാറിത്തുടങ്ങുമ്പോൾ
മഴ മാറി ഇളംവെയിൽ തെളിയുമ്പോൾ
നാം ജീവിതത്തെക്കുറിച്ചു മാത്രം ഓർക്കുന്നു
എന്നാൽ മറക്കാനും ഓർമ്മിക്കാനും ഇട നൽകാതെ 
ആ ഒറ്റനിമിഷത്തിൽ മരണം നമ്മെ  തട്ടിയെടുക്കുന്നു