SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

അകാരണം

ഒന്നു കൺമിഴിച്ചാൽ
തീരുമായിരുന്ന ചില ചെറിയ കാര്യങ്ങൾ
ഇപ്പൊഴും ചുറ്റുവട്ടത്തു കറങ്ങിത്തിരിയുന്നു
ഇരുട്ടിൽ വെളിച്ചം കത്തിച്ചുവച്ച് 
അവയെ അരികിലേക്കു വിളിച്ചു
പോകാനിടമില്ലാത്തതിനാൽ
പേടിയില്ലാത്തൊരിടത്ത് തുടരുന്നു എന്നു മാത്രം അവർ പറഞ്ഞു

ഞങ്ങളെയുപേക്ഷിച്ചു പോകാത്തതെന്ത്?
അവർ തിരിച്ചു ചോദിച്ചു

കാരണമൊന്നും പറഞ്ഞില്ല
തോന്നിയില്ല എന്നു മാത്രം പറഞ്ഞു

ഇരുട്ടിൽ നേരിയ വെളിച്ചം കൊണ്ടുണ്ടാക്കിയ തുരുത്തിൽ പെട്ടന്ന് ഇരുട്ടു പരന്നു
അറിയുന്നവരുടെ ശബ്ദങ്ങളുടെ വെളിച്ചം കത്തിച്ചു വച്ചു
ഏറെ നേരം കാത്താലെത്തുന്ന സൂര്യനെ ധ്യാനിച്ചു
പെട്ടന്ന്  നിലാവ് പരന്നു.
ദൂരെയുള്ള വെളിച്ചത്തെ സ്വപ്നം കണ്ടു

വെറും മനുഷ്യൻ

ചുറ്റിലും
അറിയുന്ന ആരും ഇല്ലാതാകുമ്പോൾ
പെട്ടന്ന്
ഞാൻ വെറും മനുഷ്യനായി മാറും
വഴിവക്കിൽ മൂത്രമൊഴിക്കും
കൊണ്ടുവന്ന കോഴി വേസ്റ്റ് വണ്ടിയിൽ നിന്നു വലിച്ചെറിയും
പറമ്പിൽക്കയറി മരച്ചീനി മോഷ്ടിക്കും
നിർത്തിയിട്ട വണ്ടിയിൽ കല്ലെടുത്തു വരയ്ക്കും

പിന്നെ നഗരത്തിലെ പാർക്കിലേക്കു നടക്കും
അടക്കിപ്പിടിക്കാതെ
നോട്ടങ്ങളെറിയും
കടലിൽ കല്ലെറിഞ്ഞ് സൂര്യനെ വീഴ്ത്തും
ഇരുട്ടിനെ വരുത്തും 

പതുക്കെ വീട്ടിലെത്തും
അറിയുന്നവർക്ക് മുന്നിൽ
പഴയവനാകും

രണ്ടിനുമിടയിൽ
പിടിക്കപ്പെടുന്ന ഒരു നാൾ വരും
സ്വാതന്ത്ര്യത്തെ അകത്തു കയറ്റാത്ത
അഴികൾക്കുള്ളിൽ
സമാന ചെയ്തികൾ ചെയ്തോർക്കുള്ളിൽ
വന്ന വഴി വായിച്ചെടുക്കും

മതിലിനോട് ചേർന്ന്
വളർത്തുന്ന പയർവള്ളിപ്പൊരുളിൽ
ഒരു ഗാനത്തെ തീർക്കും

നദിയിലെ ഓളങ്ങൾ
മലയിലെ മഞ്ഞ്
നാട്ടുവഴിയിലെ നേരുകൾ
തിരിച്ചുപിടിക്കാനായി
പരോളിലിറങ്ങും

2020 ഒക്‌ടോബർ 25, ഞായറാഴ്‌ച

ധ്വനി

വാക്കുകൾ കുറഞ്ഞ കവിതയ്ക്ക്
എവിടെപ്പോയാലും
കുറഞ്ഞ ഇടം മതി
ഇരിക്കാൻ പറയാത്തതിനോ
കസേര നീക്കിവയ്ക്കാത്തതിനോ
അതിന് പരാതിയില്ല
എത്തിച്ചേരുമ്പോഴേക്കും അന്നം തീർന്നാലും
ബാക്കിയുള്ളത് മറ്റുള്ളവർക്കായി നീക്കിവച്ചാലും സന്തോഷമേയുള്ളൂ
അവയിലെ
വാക്കുകൾ ഈയിടെയായി വീണ്ടും കുറഞ്ഞിരിക്കുന്നു
ആളുകൾ തിരക്കുമ്പോൾ
മറുപടി ഒരിളം ചിരിയാണ് 

നോക്കൂ
ഏറെ നാൾ കൂടി കണ്ട ആ ചെറു കവിത
ഇന്നൊന്നും കഴിച്ചിട്ടില്ല.
ഇല്ലായ്മയുടെ ധ്വനി അതിനെപ്പോലെ 
ആരറിയുന്നു!

2020 ഒക്‌ടോബർ 24, ശനിയാഴ്‌ച

ചാറ്റൽ മഴ

ടാറിട്ട റോഡിൽ
കൈവഴുക്കിൽ
തെന്നി വീണു
കവറിട്ട് ഗ്ലാസൊട്ടിച്ച പുത്തൻ ഫോൺ.
പൊട്ടിയില്ല.
എൻ്റെ ലോകങ്ങളിലേക്കുള്ള കവാടങ്ങളുടെ നിര
സുരക്ഷിതം.

മടക്കയാത്രയിൽ
പഴയ കാലങ്ങളുമായി
ചാറ്റൽ

വൈകാതെ ചാറ്റൽ മഴ തുടങ്ങുന്നു
വണ്ടികളുടെ ഒച്ചകളെ 
മഴയും കാറ്റും വിഴങ്ങുന്നു

2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

സമയം

ഒരിടത്തിരുന്ന് പലത് ചെയ്തു കൊണ്ടിരിക്കുന്നു
ചെയ്യാനുള്ളത് വാതിലിനപ്പുറത്ത്
കാത്തു നിൽക്കുന്നു
രണ്ടിനുമിടയിൽ
പെരുമഴ നനഞ്ഞ് കുടയെടുക്കാത്ത ഒരു കുട്ടി നിൽക്കുന്നു

പുറത്തിറങ്ങേണ്ട താമസം
അനുസരണക്കേടിന് ഒരു കുന്തം
എത്താൻ വൈകിയതിന്
സൂചി
സമയം തെറ്റിച്ചതിന്
ചെവി പിടിക്കുന്ന വിരലുകൾ
വാക്കുപാലിക്കാത്തതിന്
നാക്കുകളുടെ മൂർച്ഛകൾ
കടന്നാക്രമിക്കുന്നു

സമയം 
ഭ്രമണപരിക്രമണത്തിൻ്റെ
ഏകാഗ്രതയിൽ
ഭൂമിയെ മറന്ന്
ധ്യാനിക്കുന്നു

ഭാരം കുറഞ്ഞ പൂമ്പാറ്റകൾ
ഒന്നിനും ഒപ്പമെത്താനാവാതെ
ദൂരേക്കു തെറിച്ചു വീഴുന്നു

അപ്പോൾ
അതുവഴി വരുമെന്ന സ്കൂൾ ബസ്
കയറിയിറങ്ങി
ചലനസാധ്യതകൾ നിശ്ചലമാകുന്നു

2020 ഒക്‌ടോബർ 18, ഞായറാഴ്‌ച

അവനവൻ്റെ ആവശ്യത്തിന് അൽപാൽപം

കറിയിൽ
രുചിച്ചത്
ജലത്തിൽ ജീവിച്ചു തീർക്കാനുള്ള
മീനിൻ്റെ സ്വാതന്ത്ര്യം

ഇലയിൽ
മണത്തത്
കൊത്തിച്ചികയാനും
പുലരുമ്പോൾ കൂവാനുമുള്ള
സ്വാതന്ത്യം

ബിരിയാണിയിൽ 
നെയ്മണത്തിൽ പൊതിഞ്ഞത്
പുൽമേടുകളിൽ
വിശപ്പടക്കി
ഉറങ്ങിയുണരാനുള്ള 
സ്വതന്ത്ര്യം

ഹാഥറസിൽ എരിച്ചൊടുക്കിയത്
പൂത്തു വിടർന്ന്
ഭൂമിയാകെ പൂമണം പരത്താനുള്ള 
സ്വാതന്ത്ര്യം

രാഷ്ട്രീയം
മതം
ജാതി
ആചാരങ്ങൾ
അധിനിവേശങ്ങൾ
ആധിപത്യങ്ങൾ
എന്നിവകൊണ്ടു
പൊതിഞ്ഞുകെട്ടി
അലമാരയിൽ വച്ച് പൂട്ടി
അവനവൻ്റെ
ആവശ്യത്തിന്
അൽപാൽപമെടുക്കുന്നത്
അർദ്ധരാത്രിയിൽ
അനുവദിച്ചു കിട്ടിയ
സ്വാതന്ത്ര്യം

2020 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

വീട്

വാക്കിനുള്ളിൽ
ഒരു വീടുവച്ചു
ജനാലകളും വാതിലുകളും
തുറന്നിട്ടു
പകൽ നേരങ്ങളിൽ
നക്ഷത്രങ്ങൾ നിലാവ്
ഇരുട്ട് ഇവ അവിടെ വന്നുറങ്ങി
രാത്രി കാലങ്ങളിൽ
ശബ്ദങ്ങൾ കാഴ്ചകൾ ഇവ

വാക്കുകൾ അവയോടു സംസാരിക്കും
ഒന്നിച്ച് നടക്കാനിറങ്ങും

പുൽമേടുകളിലെത്തുമ്പോൾ
വിറകു കൂട്ടി
തീ കായും
കിഴങ്ങുകൾ വേവിച്ചു കഴിക്കും

തിരിച്ചു പോകുമ്പോൾ
പങ്കിട്ടു കഴിക്കുമ്പോൾ തെറിച്ച ഒരു നാരക വിത്ത് അവിടെ ബാക്കിയാവും

മഴയും മഞ്ഞുമെത്തുമ്പോൾ തളിർക്കും

നരകമണം പരക്കും

മറ്റൊരു ദിനം
കാപ്പി മണം

പിന്നെ
പനിനീർ
ആപ്പിൾ
കശുമാവിൻ പൂവ്
എന്നിങ്ങനെ.