SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, ജൂലൈ 25, ശനിയാഴ്‌ച

വഴി

വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള
ബസ്സ്റ്റോപ്പിലേക്കുള്ള നടത്തമാണ്
ഞാൻ താണ്ടിയിട്ടുള്ള ഏറ്റവും മനോഹരമായ ദൂരം

ആദ്യത്തെ കയറ്റം കഴിഞ്ഞുള്ള നിരപ്പിലാണ്
കണ്ണാന്തളിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്നത്
അവയെ നോക്കി നോക്കി
കല്ലിൽത്തട്ടി വീണത്
എത്ര വട്ടമാണ്

പിന്നീടുള്ള ഇറക്കം തുടങ്ങുന്നിടത്താണ്
ദേവിയമ്മയുടെ വീട്
അന്നുവരെയുള്ള കാര്യങ്ങൾ
ആറ്റിക്കുറുക്കി അവർ
എൻ്റെ സമയത്തെ മാനിക്കും
ആദിയിൽ നിന്നുള്ള നേർത്ത പുഞ്ചിരിയിൽ
യാത്രയാക്കും

നേരത്തേയായതിനാൽ
പ്രഭാത സാവാരിക്കാർ മടങ്ങുന്നതേയുണ്ടാവൂ
ഒരു കൈ വീശലിൽ
ഇളം ചിരിയിൽ അവർ കടന്നു പോകും

ദാസേട്ടൻ്റെ തട്ടുകട
പുലർന്ന് നേരെമേറെയായി എന്ന ഭാവത്തിൽ നിൽക്കും

കൽപ്പാലത്തിനടിയിൽ ഒളിഞ്ഞിരുന്ന് 
മഴക്കാലം
കല്ലിൽ താളം കൊട്ടി
ഞാനിവിടെയെന്ന്
കള്ളച്ചിരി ചിരിക്കും

കള്ള്ഷാപ്പ് തുറക്കുന്നതേയുള്ളൂ
പകലന്തിക്കാണവിടെയാഘോഷം
എന്നാലും
തല കാണുമ്പോൾ ഒളിക്കുന്ന 
ഒരു മണം അവിടെയോടിനടക്കും

സ്റ്റോപ്പിലെത്തിയാൽ
കയറേണ്ടാത്ത മൂന്ന് നാല് ബസുകൾ കടന്നു പോകും
അകലേക്കകലെ നിന്നേ 
കേട്ടറിയാം
എൻ്റെ ബസിൻ്റെ ഇരമ്പൽ
ആഞ്ഞു ചവിട്ടുമ്പോൾ
ഉയരുന്ന വിസിൽവിളിശബ്ദം

ഒരേ വഴിയിൽ
എത്ര വർഷങ്ങൾ നടന്നാലും
മടുക്കുകില്ല
ഒരിക്കൽ പ്രണയിച്ച പെണ്ണിൻ്റെ വീട്
ആ വഴിയിലാണെങ്കിൽ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ