SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 മേയ് 10, ഞായറാഴ്‌ച

പഴയ സാമഗ്രികൾ

പഴയത് വീണ്ടെടുക്കുക
ഒട്ടും എളുപ്പമുള്ള കാര്യമല്ല


ചെറുപ്പത്തിൽ സ്ഥിരമായി
ഉച്ചയൂണ് കഴിക്കാറുണ്ടായിരുന്ന ഒരു പാത്രമുണ്ടായിരുന്നു
കുറേക്കാലം അടുക്കളയുടെ മൂലയിൽ മാറാലകൾക്കിടയിൽ അത് കിടന്നു
വീട്ടിനുള്ളിലെ സുരക്ഷിതത്വത്തിൽ അത് 
ഭദ്രമെന്നു കരുതി
പിന്നെയെപ്പോഴോ പഴയപാത്രക്കാരിയുടെ കണ്ണിൽപ്പെട്ട്  കാണാതായി
ഏതു പാത്രക്കടയിൽപ്പോയാലും
അതു ഞാൻ തിരയും


വർഷങ്ങൾ ഉപയോഗിച്ചിട്ടും
കീറാത്തൊരു കുടയുണ്ടായിരുന്നു
പുതിയതൊന്ന് വാങ്ങാനിറങ്ങുമ്പോൾ അത് കൈയിലുണ്ടാകും
കീറാക്കുടയിതിരിക്കുമ്പോൾ മറ്റൊന്നെന്തിനെന്ന ചിന്തയിൽ മടങ്ങും
കർക്കിടകത്തിൽ കടവരാന്തയിൽ വച്ചാരോ അവനെ മാറ്റിയെടുത്തു കൊണ്ടുപോയി
ഏതു മഴയിലും ഞാനവനെയോർക്കും


എത്ര അലക്കിയാലും നിറം മങ്ങാത്തൊരു കുപ്പായമുണ്ടായിരുന്നു
കഞ്ഞിപ്പശമുക്കി ഉണക്കിത്തേച്ച്
എപ്പോഴും ഇട്ടു കൊണ്ടിരുന്നത്
മടക്കിയൊതുക്കി ആ ദിനമെത്തുമ്പോളിടാനായി അലമാരയിൽ കാത്തുവച്ചത്
എവിടെപ്പോയെന്നറിയില്ല
ചന്ദന നിറം കാണുമ്പോഴൊക്കെ അവനെയോർക്കും


വേനലിൽ നിലയ്ക്കാതെ കറങ്ങി
കാറ്റുപകർന്നിരുന്ന ഓറിയൻ്റ് ഫാൻ
നിൽക്കുമ്പോഴൊക്കെ ഓയിലിട്ട് ഓടിച്ചിരുന്ന
മഞ്ഞ ഡയലുള്ള റാഡോ വാച്ച്
വർഷം മൂന്നിട്ടിട്ടും വള്ളി പൊട്ടാത്ത ആ ഹവായ് ചെരുപ്പ്
രണ്ടു വട്ടം കൈമോശം വന്നിട്ടും
കറങ്ങിത്തിരിഞ്ഞത്തിയ മഞ്ഞക്കണ്ണട


പഴയത് വീണ്ടെടുക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല


കാണാതായവ അരച്ചുകലക്കി യുണ്ടാക്കിയവയാണെൻ്റെ
പുതിയ പാത്രങ്ങൾ, 
കുടകൾ, കണ്ണടകൾ, കുപ്പായങ്ങൾ!


വീശുന്ന കാറ്റും
മുള്ളു കൊള്ളാത്ത നടപ്പും
നിലയ്ക്കാത്ത നേരവും
ആ പഴയത് പഴയത് തന്നെ!

2020 മേയ് 8, വെള്ളിയാഴ്‌ച

ഭയമേ

എല്ലാ മരണങ്ങളും ശ്രദ്ധിക്കപ്പെടുന്നു
എല്ലാവരും മരണത്തിൻ്റെ നിഴലിലായിരിക്കുന്നതിനാൽ

എല്ലാ ചെടികളും പരിപാലിക്കപ്പെടുന്നു
എല്ലാവരും വിശപ്പിൻ്റെ ഭീതിയിലായതിനാൽ

എല്ലാ നദികളും സ്വച്ഛമായിരിക്കുന്നു
എല്ലാവരും വിസർജ്യങ്ങൾ അകമേ സംസ്കരിക്കുകയാൽ

എല്ലാ കിളികളും പൂമ്പാറ്റകളും
പറന്നുല്ലസിക്കുന്നു
ഭയത്തിൻ്റെ രാജാക്കന്മാർ
മരിച്ചു പോയതിനാൽ

ആകാശം അനാവൃതമായിരിക്കുന്നു
വെളിച്ചം ഒഴുകി പരന്നിരിക്കുന്നു

ഭയമേ
മടങ്ങിപ്പോകായ്ക
മദിച്ചു നടക്കുക
അഹംകാരക്കാടുകൾ കത്തിയൊടുങ്ങും വരെ.
അകംപൊരുൾത്തളിരുകൾ മുളപൊട്ടിത്തുടങ്ങുംവരെ.

2020 മേയ് 6, ബുധനാഴ്‌ച

ചിത്രം

ഒരു പഴയ ചിത്രം എടുത്തു നോക്കുന്നു
തിളങ്ങുന്ന കണ്ണുകൾ
തുളുമ്പുന്ന കവിളുകൾ
കറുത്ത മീശ
ചുരുണ്ട മുടിയിഴകൾ

രക്തം തുള്ളിത്തിളയ്ക്കുന്നതിനും മുമ്പെടുത്തത്

ഇപ്പോൾ ചിത്രങ്ങളെടുക്കാറേയില്ല
നരച്ച മീശയും തലയും
കുഴിഞ്ഞ കണ്ണും കവിളും
കാണാൻ വയ്യ

എന്നാൽ മറച്ചാലും മറയാത്ത 
മറ്റൊരു ചിത്രമുണ്ട്
കാലം വരച്ചത്
ചലിക്കാത്തത്
വിശക്കുന്നത്
കിതയ്ക്കുന്നത്
എത്രകുത്തിവച്ചാലും 
നീറ്റലൊടുങ്ങാത്തത്
എടുത്തൊഴിച്ചാലും 
നിറം കലരാത്തത്

2019 ഓഗസ്റ്റ് 18, ഞായറാഴ്‌ച

നിശ്ചലം

ഒട്ടും ഉണർവില്ലാത്ത ചില ദിവസങ്ങളുണ്ടാകും

ഒരു പൂക്കളെക്കൊണ്ടും ഉണർത്താൻ കഴിയാത്ത വിധത്തിൽ
ഒരു പാട്ടിലും ലയിക്കാത്ത തരത്തിൽ
ഒരു യാത്രയ്ക്കും മാറ്റാൻ കഴിയാത്ത രീതിയിൽ
മഞ്ഞു പോലെയുറഞ്ഞ ചില ദിനങ്ങൾ

കാറ്റിലും മഴയിലും പെട്ടു പോയ പക്ഷിക്കുഞ്ഞിനെപ്പോലെ
അറിയാത്തവരുടെയിടയിൽ പെട്ട സ്കൂൾ കുട്ടിയെപ്പോലെ
പരിചിതരുടെയിടയിൽ തീർത്തും അപരിചിതനായി
നേരം നമ്മെ കുരുക്കിയിടും

രക്ഷപ്പെടാനാവാത്ത വിധം
രാത്രികളും പകലുകളും ഇരുട്ടുകൊണ്ടു കോർക്കപ്പെട്ടിട്ടുണ്ടാകുമപ്പോള്‍.

വലിയ തിരകള്‍ അലയടിച്ചെത്തും വരെ
വലിയ വെളിച്ചം വരുന്നതുവരെ
പ്രവാഹങ്ങൾ കുതിച്ചെത്തി പുതിയ ഗീതം പാടിത്തുടങ്ങുന്നതു വരെ
നിശ്ചലം നാം  ഒഴുക്കിലൊഴുകാതെ നിൽക്കും

2019 ജൂലൈ 8, തിങ്കളാഴ്‌ച

അവനവന്റെ ആൾ

പ്രഭാത സവാരിക്ക് മറ്റൊരു വഴി പോയി

അപരിചിതനായതുകൊണ്ടാവും
പട്ടികൾ നിർത്താതെ കുരച്ചു

മുഖ പരിചയമില്ലാത്തവനെന്ന്
സ്ഥിരം നടത്തക്കാർ അടക്കം പറഞ്ഞു

എന്റെ നടത്തം കഠിനതരമായി

അവനവന്റെ ആളായിത്തീരുന്നതുവരെ
എല്ലാ മനുഷ്യരും
സംശയത്തിന്റെ നിഴലിലാണ്

2019 ജൂലൈ 7, ഞായറാഴ്‌ച

അവനവൻ

ചിതറിയ വാക്കുകൾക്കിടയിൽ നിന്നും
ഒരക്ഷരം പെറുക്കി നെഞ്ചോടു ചേർത്താൽ
അറിയുമായിരുന്നു
വേദനകളുടെ നേര്

പാടിയ പാട്ടിൽ നിന്നും
ഒരു സ്വരം
ദാഹനീരിൽ നിന്നൊരു തുള്ളി
അറിഞ്ഞെടുത്താൽ കേൾക്കാമായിരുന്നു
ചിരി മാഞ്ഞതിന്റെ പൊരുൾ

എല്ലാം നടന്നതിനു ശേഷമുദിക്കുന്നു
സ്നേഹം കരുണ അനുതാപം

സമയത്തിന്റെ കുത്തൊഴുക്കിൽ
നേരമില്ലായ്മയിൽ
ഇല്ലാതാവുന്നവരുടെ എണ്ണം
വീട്ടിലെ നാട്ടിലെ എല്ലാവരുടെയും എണ്ണത്തോളം വരും

2019 ജൂൺ 15, ശനിയാഴ്‌ച

ബസിൽ

ഘനീഭവിച്ച സങ്കടങ്ങൾ പേറുന്നവരായിരുന്നു 
യാത്രികരോരോരുത്തരും.

ആഹ്ലാദവാന്മാരാണെന്നത് 
എന്റെ വെറും തോന്നൽ മാത്രമായിരുന്നു

അധികരിക്കാനായി 
ആരുടെ കൈയ്യിലും ഒന്നും ഉണ്ടായിരുന്നില്ല

ഉണ്ടെന്നു തോന്നിക്കലമ്പിയവർക്ക്
മലഞ്ചെരുവിലെ
ആകാശം
വെളിച്ചം
ജലാശയങ്ങളുടെ തെളിച്ചം
സ്വന്തം സ്റ്റോപ്പ്
എന്നിവ നഷ്ടമായി

അമ്പതു പൈസ കുറവെന്നു പറഞ്ഞ് ടിക്കറ്റെടുത്ത
എൺപതു വയസ്സിന്റെ കണ്ണിൽ 
ആയുസ്സിന്റെ മഹാഭാരതം
തെളിഞ്ഞു കണ്ടു!