SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ധ്വനി

വാക്കുകൾ കുറഞ്ഞ കവിതയ്ക്ക്
എവിടെപ്പോയാലും
കുറഞ്ഞ ഇടം മതി
ഇരിക്കാൻ പറയാത്തതിനോ
കസേര നീക്കിവയ്ക്കാത്തതിനോ
അതിന് പരാതിയില്ല
എത്തിച്ചേരുമ്പോഴേക്കും അന്നം തീർന്നാലും
ബാക്കിയുള്ളത് മറ്റുള്ളവർക്കായി നീക്കിവച്ചാലും സന്തോഷമേയുള്ളൂ
അൽപം എന്ന സിദ്ധാന്തത്തിലുറച്ച്
വള്ളിച്ചെരുപ്പിലും
പരുത്തിത്തുണിയിലും
നടത്തത്തിലും
മണ്ണിലും അത് സങ്കോചമില്ലാതെ ചിരിച്ചു

വാക്കുകൾ കൂടിയ കവിതകൾക്ക്
എപ്പോഴും ആധിയുണ്ട്
വാക്കുകൾ എവിടെ വയ്ക്കുമെന്നോർത്ത് അവയ്ക്ക്  ആശങ്കപ്പെടുന്നു
പറഞ്ഞതും പറയാനുള്ളതുമായ വാക്കുകൾ സൂക്ഷിക്കണം
ഒന്നു കുറഞ്ഞാലുണ്ടാകുന്ന
വ്യാഖ്യാനങ്ങളിൽ അവയ്ക്ക് ഇരിക്കപ്പൊറുതിയില്ല


തിരികെ

പൂവുകൾ മൊട്ടിലേക്കും
തണ്ടുകൾ വഴി വേരിറങ്ങി
മണ്ണിലേക്കും 

മലകൾ
ഭൂകമ്പങ്ങൾ വഴി
അഗ്നിപർവ്വതങ്ങളിൽ തിളച്ചൊഴുകി
സമതലങ്ങളിലേക്ക്

കിളികൾ
നിഷ്കളങ്കതയിലേക്കും
തുറന്നതോടുകൾ വഴി മുട്ടകൾക്കുള്ളിലേക്കും
അവിടെ നിന്നും
പ്രണയം ഒന്നാക്കിയ ഇടങ്ങൾ വഴി
ശൂന്യതയിലേക്കും

കല്ലുകൾ
വിസ്ഫോടനങ്ങൾക്കു മുമ്പേ
ഉണ്ടായിരുന്ന നക്ഷത്രങ്ങളിലേക്കും
അതുവഴി ഉരുകുന്ന തീയിലേക്കും
പ്രകാശത്തിലേക്കും

നദികൾ
പുറപ്പട്ട ഉറവകളിലേക്കും
ഭൂഗർഭത്തിലേക്കാണ്ടു പോകുന്നതിനും
മുമ്പുള്ള മഹാവർഷങ്ങൾ വഴി
ഘനീഭവിക്കാത്ത
മേഘപാളിയിലേക്കും

മനുഷ്യർ 
കല്ലുരച്ച് തീ കടയുന്ന
കാട്ടിലേക്കും
കാട്ടുചേലയുടുക്കുന്ന നേരും കടന്ന്
ഉരുവം കൊള്ളാനിണചേർന്ന
ദേശം തുളച്ച് മഹാമൗനത്തിലേക്കും

ഭൂമി
ഭൂമി മഹാവിസ്ഫോടനങ്ങൾക്കു മുന്നേ
താപം തിളച്ചൊഴുകിയ സ്ഥലികൾക്കുമപ്പുറത്തെ
ശൂന്യതയിലേക്ക്

ഒറ്റ

മുകളിൽ
പൊതുവായി ചില ശബ്ദങ്ങൾ മുഴങ്ങുന്നുണ്ടെന്നല്ലാതെ
ചിലരതിലേക്ക് പതിയെ നടക്കുന്നുണ്ടെന്നല്ലാതെ

മറ്റുചിലരതിലേക്ക് മുങ്ങാംകുഴിയിട്ട്
അടിത്തട്ടിൽ കേട്ടവ
പിന്നീട് പലവട്ടം പറയുന്നുണ്ടെന്നല്ലാതെ

ചിലരതുകേട്ടശേഷം മറ്റൊരു വഴി
കാറ്റു തേടി പോകുന്നുവെന്നല്ലാതെ

ഒറ്റയാണ്
ഒറ്റയ്ക്കാണ് ....

2020 ജൂലൈ 25, ശനിയാഴ്‌ച

പാഠം

ഭഗവദ്ഗീത പഠിച്ചു
ചുറ്റിലും നോക്കി
ആരും പഠിച്ചവരില്ല
ആളായി അഹങ്കരിച്ചു.

മൂന്നു വർഷം ബൈബിൾ പഠനം
പഠന ക്ലാസിൽ അവതരണത്തിന് ശേഷം
ആരാധകർ ചുറ്റിലും  കൂടി
ഞാൻ എന്ന് തോന്നാതെ തോന്നി

ഖുറാനും അങ്ങനെതന്നെ
അറിവില്ലാത്തവർ 
പറയുന്നതെല്ലാം വിശ്വസിച്ചു
ഇല്ലാത്തതും പറഞ്ഞു
ഫലിച്ചു
ഹുങ്കായി

പഠിച്ചു കഴിയുംവരെയേ വേണ്ടൂ
ധ്യാനവും സ്ഥൈര്യവും
മൂവരുടെയും കണ്ണുകൾ ഒളിയമ്പെയ്തു

പിന്നെ നിർത്താതെ പറയലായി
പ്രയോഗമായി
ദക്ഷിണയായി
കാറായി
വീടായി

കൃഷ്ണൻ നബിയെ വിളിച്ചു
നബി ക്രിസ്തുവിനെ
ക്രിസ്തു കൃഷ്ണനെ

ചില തീരുമാനങ്ങളെടുത്തു

വായിക്കുകയോ കാണുകയോ ചെയ്യാത്തവരിലേക്ക്
കൈയ് മെയ് മറന്നുയിരുകാക്കുന്നവരിലേക്ക്
കളങ്കരഹിതരിലേക്ക്
സദ് സാര നദികളെ തിരിച്ചുവിട്ടു

കുടിലിൽ
നീണ്ട ദൂരം താണ്ടുന്നവരിൽ
കടലാഴം മുങ്ങുന്നവരിൽ
അവ നിലയുറപ്പിച്ചു

അവരെ കണ്ടറിഞ്ഞവരിലതുറവയായി
നിറഞ്ഞു
പടർന്നു

വഴി

വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള
ബസ്സ്റ്റോപ്പിലേക്കുള്ള നടത്തമാണ്
ഞാൻ താണ്ടിയിട്ടുള്ള ഏറ്റവും മനോഹരമായ ദൂരം

ആദ്യത്തെ കയറ്റം കഴിഞ്ഞുള്ള നിരപ്പിലാണ്
കണ്ണാന്തളിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്നത്
അവയെ നോക്കി നോക്കി
കല്ലിൽത്തട്ടി വീണത്
എത്ര വട്ടമാണ്

പിന്നീടുള്ള ഇറക്കം തുടങ്ങുന്നിടത്താണ്
ദേവിയമ്മയുടെ വീട്
അന്നുവരെയുള്ള കാര്യങ്ങൾ
ആറ്റിക്കുറുക്കി അവർ
എൻ്റെ സമയത്തെ മാനിക്കും
ആദിയിൽ നിന്നുള്ള നേർത്ത പുഞ്ചിരിയിൽ
യാത്രയാക്കും

നേരത്തേയായതിനാൽ
പ്രഭാത സാവാരിക്കാർ മടങ്ങുന്നതേയുണ്ടാവൂ
ഒരു കൈ വീശലിൽ
ഇളം ചിരിയിൽ അവർ കടന്നു പോകും

ദാസേട്ടൻ്റെ തട്ടുകട
പുലർന്ന് നേരെമേറെയായി എന്ന ഭാവത്തിൽ നിൽക്കും

കൽപ്പാലത്തിനടിയിൽ ഒളിഞ്ഞിരുന്ന് 
മഴക്കാലം
കല്ലിൽ താളം കൊട്ടി
ഞാനിവിടെയെന്ന്
കള്ളച്ചിരി ചിരിക്കും

കള്ള്ഷാപ്പ് തുറക്കുന്നതേയുള്ളൂ
പകലന്തിക്കാണവിടെയാഘോഷം
എന്നാലും
തല കാണുമ്പോൾ ഒളിക്കുന്ന 
ഒരു മണം അവിടെയോടിനടക്കും

സ്റ്റോപ്പിലെത്തിയാൽ
കയറേണ്ടാത്ത മൂന്ന് നാല് ബസുകൾ കടന്നു പോകും
അകലേക്കകലെ നിന്നേ 
കേട്ടറിയാം
എൻ്റെ ബസിൻ്റെ ഇരമ്പൽ
ആഞ്ഞു ചവിട്ടുമ്പോൾ
ഉയരുന്ന വിസിൽവിളിശബ്ദം

ഒരേ വഴിയിൽ
എത്ര വർഷങ്ങൾ നടന്നാലും
മടുക്കുകില്ല
ഒരിക്കൽ പ്രണയിച്ച പെണ്ണിൻ്റെ വീട്
ആ വഴിയിലാണെങ്കിൽ!

2020 ജൂലൈ 23, വ്യാഴാഴ്‌ച

സെൽഫി

അടുത്തു നിന്നു നോക്കുമ്പോൾ
അത്രയൊന്നും
സുന്ദരനല്ല ഞാൻ

കണ്ണുകളിൽ ചോന്ന ഞരമ്പുകൾ തെളിഞ്ഞു കാണുന്നു
കവിളിൽ വലിയ ഗർത്തങ്ങൾ
മൂക്കിൻ തുമ്പത്തൊരു മുഴ
പുരികത്തിൽ നര
താടിയിൽ കെട്ടുപിണഞ്ഞ് കുരുങ്ങിയ രോമങ്ങൾ

വാക്കിൽ ഒഴിഞ്ഞു മാറാനുള്ള നുണകൾ
ചിരികൾ ചുണ്ടു കോട്ടിയും
കവിൾ മടക്കിയും ഒപ്പിച്ചെടുത്തത്
കവിതകൾ
കണ്ണടച്ച് മുങ്ങാംകുഴിയിട്ട്
പഴയ
ഓർമ്മപ്പുഴയിൽ നിന്നും
വീണ്ടെടുക്കുന്നവ

അതിനാൽ പണ്ട് നിന്നെ നോക്കി ചിരിച്ചപ്പോൾ
നീയെടുത്ത
അതേ ഫോട്ടോയാണിന്നും
എൻ്റെ പ്രൊഫൈൽ.

2020 ജൂലൈ 19, ഞായറാഴ്‌ച

ഉറുമ്പുകടി

കണ്ണും
കാതും
തുറന്നു വയ്ക്കാൻ പറഞ്ഞു
വച്ചു

തേൻതുള്ളി തുമ്പികളെ 
വെളിച്ചം ചെടികളെ
ഒഴുക്ക് ജലത്തെ
കവിത വാക്കുകളെ
മഴ മണ്ണിനെ
നിലാവ് രാത്രിയെ
പ്രണയം ഇണകളെ
മൗനം പാട്ടിനെ
കാത്തിരിക്കുകയോ
കണ്ടെത്തുകയോ ചെയ്യുന്നു


മധുരം മാമ്പഴത്തിൽ ചേക്കേറി
കിളിയെ ത്രസിപ്പിക്കുന്നു

വർണ്ണങ്ങൾ പൂക്കളിൽ
പൂമ്പാറ്റകളിൽ നിറഞ്ഞ്  കണ്ണിലേക്കൊഴുകുന്നു


വേദന ഉറുമ്പിനെ വിളിച്ച്
എന്നെ തുളയ്ക്കുന്നു
പൊടുന്നനെ ഇരുട്ട് പകലിനെ തള്ളി നീക്കി ഉടലിലേക്കിരച്ചു കയറുന്നു