SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 മേയ് 16, ശനിയാഴ്‌ച

അവൻ

ഏറ്റവും ഇഷ്ടമില്ലാത്ത ചിത്രം 
ഏതെന്നു ചോദിച്ചാൽ
ഞാൻ നിങ്ങൾക്കയച്ചു തന്ന
എൻ്റെ തന്നെ ചിത്രമാണ്


ജനിച്ചതു മുതൽ അവനെ ഞാൻ കാണുന്നതല്ലേ
എനിക്കറിയാമവൻ്റെ
പകലുകൾ
രാത്രികൾ
രഹസ്യസഞ്ചാരപാതകൾ
സ്വപ്നങ്ങൾ


ഓരോ ചിരിക്കു പിറകിലെയും അവൻ്റെ ഉള്ള്
ചിരിക്കാത്തപ്പോഴുള്ള അവൻ്റെ
നേര്


എന്നെ തട്ടിക്കൊണ്ടുപോവാൻ
ആവുന്ന രീതിയിലൊക്കെ അവൻ
ശ്രമിക്കുന്നുണ്ട്
മുഴുവനായും വിട്ടുകൊടുത്തിട്ടില്ല
ഒന്നും കൊടുത്തില്ലെങ്കിലും
ചിലതെല്ലാം
അവനെടുത്തു കൊണ്ടു പോകും


നിങ്ങൾ കാണുന്ന എൻ്റെ ചിത്രത്തിൽ അവനില്ല
അവനെ പകർത്താനാണീ കളമെഴുത്ത് !
എന്നാലും പിടിതരില്ലവൻ!

2020 മേയ് 15, വെള്ളിയാഴ്‌ച

ചിരി

ചിരിക്കാൻ കഴിയാത്തവരുണ്ട്
നിങ്ങൾ
അടൂർ ഭാസിയായോ
ജഗതി ശ്രീകുമാറായോ
ആലുംമൂടനായോ
അവരുടെ  മുന്നിൽ
ചെന്നു നോക്കൂ
അവർ വഴി മാറി നടന്നു പോകും

മാള അരവിന്ദനായോ
കുതിരവട്ടം പപ്പുവായോ
നടന്നു നോക്കൂ
നിങ്ങളെ തിരിഞ്ഞു നോക്കില്ല

സുരാജ് വെഞ്ഞാറമ്മൂടായോ
സലിംകുമാറായോ നുഴഞ്ഞു കയറൂ
അവർ കണ്ണടച്ച് കളയും

കരയുന്നതുപോലെയല്ല ചിരി
തലങ്ങും വിലങ്ങും കിടക്കുന്ന
മതിലുകൾ കടന്നു വേണം അവിടെയെത്താൻ
വലിയ മഴ പെയ്യുന്നതു പോലെ
കൊടുങ്കാറ്റടിക്കുന്നതു പോലെയുള്ള ജീവിതത്തിനിടയിൽ നിൽക്കുമ്പോഴായിരിക്കും
നിങ്ങൾ
അവരെ സംബന്ധിച്ചെടുത്തോളം
മുളപൊട്ടാത്ത വിത്തുകളുമായി
അടുത്തു ചെല്ലുന്നത്
നിങ്ങളെത്ര വലിയ വിഡ്ഢിയാണെന്
ഒരു കാലത്തും നിങ്ങളറിയുന്നില്ല

നിങ്ങൾ
കൈക്കുമ്പിളിൽ മഴക്കുളിരുമായോ
ഇളം വെയിലായോ
തളിർച്ചെടിയാൽ വിരിഞ്ഞ പൂമണമായോ
അടുത്തുചെന്നു നോക്കൂ

അവർ 
അടുക്കളപ്പുറത്തെ തീരാപ്പണിക്കിടയിൽ
ഞൊടിയിട തിരിഞ്ഞു നിന്ന്
ഒരു നിലാച്ചിരി പകർന്ന്
കരിപിടിച്ച പാത്രം കഴുകുന്നത് തുടരും

2020 മേയ് 12, ചൊവ്വാഴ്ച

വായന

ആഴ്ചപ്പതിപ്പുകളിലും മാസികകളിലുമായി
ഈയാഴ്ച
മുപ്പത് കവിതകൾ മുന്നിലെത്തി


ചിലത്
ഒറ്റ വായനയിൽ
കടലായിരമ്പി
നേരം പുലർന്നിട്ടും ഇരമ്പലിൻ്റെ ഒച്ച വിട്ടു പോയില്ല


ചിലത് 
മലമുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി
മുകളിലെത്തുന്നതിന് മുമ്പ്
പലവട്ടം വിശ്രമിച്ചു
കിതച്ചിട്ടാണെങ്കിലും
മേൽത്തട്ടിലെത്തി
പുറപ്പെട്ട താഴ് വാരം നോക്കി നിന്നു


ചിലത്
തോണിയിൽക്കയറ്റി
കാണാദേശങ്ങളിലേക്ക് കൊണ്ടു പോയി
ആദ്യമായി കണ്ട മരങ്ങളെ
തെങ്ങെന്നു കരുതിയും
പൂക്കളെ ചെമ്പരത്തിയായി നിനച്ചും
എല്ലാ ഭാഷകളേയും മലയാളമായി
പ്രാർത്ഥിച്ചും ചിലത് സങ്കൽപ്പിച്ചെടുത്തു


ചിലത്
തീർത്തും നിഷ്കളങ്കമായിരുന്നു
വായിച്ചു തീരുമ്പോൾ
കണ്ണീർ തുളുമ്പി
പുറത്തെ മരച്ചുവട്ടിൽ പോയി കുറേ നേരം
കണ്ണടച്ചിരുന്നു


ചിലതിൽ
പത്തിലധികം ലോകങ്ങൾ
ഏച്ചുകെട്ടിയിരുന്നു
കരുക്കഴിക്കഴിച്ചഴിച്ച്
മടുത്തു
പിന്നെ വായിച്ചില്ല
കുരുക്കില്ലാത്തവയെടുത്ത് പലവട്ടം വായിച്ചു


വീട്ടുമുറ്റത്തെ ചെടികളെക്കുറിച്ചുള്ളവ
അവയിൽ വരുന്ന 
ചെറുജീവികളെക്കുറിച്ചുള്ളവ
അവയുടെ സഞ്ചാരങ്ങളെക്കുറിച്ചുള്ളവ
ചെടിയ്ക്കിടുന്ന വളങ്ങളെക്കുറിച്ചുള്ളവ
കിണറിലെ വെള്ളം വറ്റിയാലുണ്ടാകുന്ന
നേരിനെക്കുറിച്ചുള്ളവ
മാത്രമേ എനിക്കു ദഹിക്കൂ
ക്ഷമിക്കണം
എന്നോടു മിണ്ടാത്തവയെ
ഞാൻ മണ്ണിൽ കുഴിച്ചിട്ടു
എൻ്റെ മണ്ണിൽ അവ മുളയ്ക്കുമോ എന്നറിയാൻ


ഒരു കവി വളരെ കുറച്ചു പേരുടെ കവിയാണ്
എല്ലാ കവികളും അങ്ങനെ തന്നെയാണ്
എന്നെനിക്കു തോന്നുന്നു

2020 മേയ് 11, തിങ്കളാഴ്‌ച

കവി

അദൃശ്യനായിരിക്കുകയാണ് നല്ലത്

പേരു വച്ച് പാടിയാൽ
പോട്ടം പിടിച്ച് ചിരിച്ചാൽ
കവിത വഴിതെറ്റും

നിളയെക്കുറിച്ചെഴുതിയത്
നരിയെക്കുറിച്ചാവും
നരനെക്കുറിച്ചെഴുതിയത്
നരയെക്കുറിച്ചാവും

രാത്രിയിൽ മഴ ചോർന്ന നേരം
നനഞ്ഞ മരപ്പൊത്തുകൾക്കിടയിൽ നിന്ന്
പറന്ന്
അത് എത്തേണ്ടിടത്തെത്തിക്കോട്ടെ
കണ്ട മട്ട് നടിക്കേണ്ട

അരിച്ചാക്ക് കയറ്റാൻ
ആളെ വിളിക്കുന്നു
അങ്ങോട്ട് ചെല്ലൂ


വാക്കുകൾ

പറയാനുള്ളത്
പറഞ്ഞു


എഴുത്തിൽ ചെയ്യുന്നത് പോലെ
ചില വാക്കുകൾക്ക് പകരം മറ്റൊന്ന്
എന്ന കാര്യം ഇവിടെ നടക്കുകയില്ലല്ലോ


തിരിച്ചെടുക്കാൻ കഴിയാത്ത
അത്
കാതിൽ നിന്ന് കാതിലേക്ക് പരക്കുകയാവും
ചാനലുകളിൽ പൊട്ടിത്തെറിക്കുകയാവും 


രാത്രിയോടെ പുറപ്പെട്ട മൗനത്തിലേക്ക് തിരിച്ചെത്തും

പറഞ്ഞവൻ്റെ ഗ്ലാസിലേക്ക്
ആത്മഹത്യയ്ക്കുള്ള
വിഷം കമിഴ്ത്തും

2020 മേയ് 10, ഞായറാഴ്‌ച

കാറ്റും കുളിരും

അൽപായുസ്സുകൾ
ചമയിച്ചൊരുക്കിയതാണ് ഭൂമിയെ!

പൂമ്പാറ്റകൾ
മണ്ണിരകൾ
മീനുകൾ
മാടത്തകൾ
മലയണ്ണാന്മാർ
മാനുകൾ, പശുക്കൾ
എന്നിങ്ങനെ

പൂവുകൾ
പഴങ്ങൾ
മഴവെള്ളച്ചാട്ടങ്ങൾ
പുഴക്കുളിര്
എന്നിങ്ങനെ

പാട്ടുകൾ
പ്രണയങ്ങൾ
തത്വശാസ്ത്രങ്ങൾ
സമരങ്ങൾ
എന്നിങ്ങനെ

ദീർഘായുസ്സുകൾ
ചതിച്ചൊതുക്കിയതുമാണ് ഭൂമിയെ
പാമ്പുകൾ
കടുവകൾ
കഴുകന്മാർ
മനുഷ്യർ എന്നിങ്ങനെ

ചതിക്കുഴികൾ
ലാഭങ്ങൾ
നഷ്ടങ്ങൾ
അധികാരങ്ങൾ
എന്നിങ്ങനെ

പാതകങ്ങൾ
കോപങ്ങൾ
ധാർഷ്ഠ്യങ്ങൾ
ധിക്കാരങ്ങൾ
എന്നിങ്ങനെ

രണ്ടിനും ഇടയിലുള്ളവർ
സമതുലനം കാക്കുന്നു
കുയിലുകൾ പാട്ടുപാടി
മയിലുകൾ പീലി നീർത്തി
ആനകൾ ചിന്നം വിളിച്ച്
പൊന്മാനുകൾ നീലച്ചിറകുകൾ വീശി
ആമകൾ അവധാനതയുടെ ആഴങ്ങൾ പകർന്ന്
കുരുന്നുകൾ പാൽപ്പുഞ്ചിരി പടർത്തി

അതിനാൽ
ആടിയുലയാതെ
ആൽമരം 
ആകെത്തകർന്നിട്ടും ഉൾബലം ചോരാതെ 
മലയൊരുത്തി
തളരാതെ
പുഴ
പുഴുക്കൾ
എല്ലാ കാറ്റും
എല്ലാ കുളിരും!

ആണുങ്ങളുടെ മുടി

വളരാൻ വിട്ടിരുന്നു എങ്കിൽ
നിശ്ശബ്ദം
സമയത്തെ തുളച്ച്
പൂവായും പുളകങ്ങളായും വിരിഞ്ഞേനെ

ആരു കണ്ടാലും കണ്ണെടുക്കാത്ത തരത്തിൽ
ഞൊടിയിടയിൽ മറ്റൊരു വടിവ് സൃഷ്ടിച്ച്
ചിലപ്പോൾ ആളെത്തന്നെയറിയാത്ത വിധത്തിൽ
ഇമചിമ്മിത്തുറക്കുമ്പൊഴേക്കും
പുതിയ നിർവചനങ്ങൾ
പ്രകാരങ്ങൾ തീർത്തേനെ

പലവിധം പച്ചിലയിട്ടു തിളപ്പിച്ചയെണ്ണയിൽ
ദിനംപ്രതി കുളിപ്പിച്ചുണർത്തിയിട്ടെന്ത്?
മാസാന്ത്യം വലിയ കണ്ണാടിപ്പീടികയിലിരുത്തി എൻ്റെ തളിരുകളെയെല്ലാം ചിതറിച്ച് 
ചിരിക്കുമല്ലോ നിങ്ങൾ

നിന്നിലേക്കാഴ്ന്ന വേരുകളാൽ
മരണമില്ലാതെ
ഇടയ്ക്കിടെ
പിടഞ്ഞ് പിടഞ്ഞ് കരയാറുണ്ട് ഞാൻ
ഒച്ചയില്ലാതെ
കണ്ണീർ പൊടിയാതെ.

പ്രായം ചെന്നാൽ വെളുക്കാനെങ്കിലും വിടണം
വായും മൂക്കും അടച്ചുപിടിച്ച്
എത്ര നാൾ കറുപ്പിച്ച് നിർത്താനാകും

കാലത്തെ കുപ്പിയിലിട്ട് മെരുക്കാൻ പോയവർ പിറ്റേന്നു രാവിലേക്കു തിരിച്ചു വന്ന ചരിത്രമേയുള്ളൂ
എത്ര കറുപ്പിച്ചാലും ഞാനും ഒരു ദിനം വെളുത്തു ചിരിക്കും
യേശുദാസിൻ്റെ ഇപ്പൊഴത്തെ
മുടി പോലെ!


ചോരയില്ലെന്നേയുള്ളൂ
ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടില്ലെന്നേയുള്ളൂ
എന്നാലും ഞങ്ങൾമുണ്ട്
സ്വകാര്യ അഹങ്കാരങ്ങൾ

പിണറായിയുടെ മുടിയാണ് അതിലൊന്ന്
ഏത് കൊടുങ്കാറ്റിലും പതറാതെയുള്ള ആ
നിൽപ്പ് നോക്കൂ

ഒരു ചീപ്പിനും വഴങ്ങാതെ
സ്വാതന്ത്ര്യത്തിൻ്റെ കർമ്മചിത്രങ്ങൾ വരയ്ക്കുന്ന
ഉമ്മൻ ചാണ്ടിയുടെ മുടിയാണ് മറ്റൊന്ന്

മുടിയില്ലാത്തവരാണ് ഞങ്ങളുടെ ഗുരുക്കന്മാർ
പരമ്പരാഗതമായി പീഡനങ്ങളേറ്റുവാങ്ങി
അടിച്ചമർത്തപ്പെട്ടവർ 
കാണാൻ മൊട്ടയെങ്കിലും
അവയ്ക്കുള്ളിലുമുണ്ട് ത്രസിക്കുന്ന മിടിപ്പുകൾ!