SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 ഓഗസ്റ്റ് 16, ഞായറാഴ്‌ച

ഒരു കവിത കേട്ടാൽ

ഉള്ളിൽ നിന്നിറങ്ങിപ്പോകും
വലിയ നാട്യക്കാർ

കാര്യങ്ങൾ അങ്ങനെയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ്
കാത്തുനിൽക്കുന്നവർ

അമ്മയോടുള്ള വാശികൾ
അച്ഛനോടുള്ള പിണക്കങ്ങൾ
അയൽക്കാരോടുള്ള ഗൗരവം

ചെടികളോടുള്ള നിസംഗത
ആകാശത്തോടുള്ള പക
അകത്തോടുള്ള നിരാശ

നാളെ നാളെയെന്നുള്ള 
നിനവുക
നിസംഗചിന്തകൾ

കവിത കേട്ടാലിറങ്ങിയോടും
പലവഴിയിടവഴിയിരുട്ടിൽ
പട്ടാപ്പകലിൽ
ചേക്കേറിയ ഉൾകള്ളന്മാർ

ബാക്കിയാവും
ഉള്ളിലേറെ നടന്നാലെത്തുന്നിടത്തെ
ശാന്തസമുദ്രം!




2020 ഓഗസ്റ്റ് 15, ശനിയാഴ്‌ച

കൊതി

ആനുകാലികങ്ങളിലെ ആ അഞ്ചു പേജുകൾ
വേഗത്തിൽ മറിച്ചു
കൂട്ടായ്മകളിൽ നിന്ന് ക്വിറ്റടിച്ചു
വിളിക്കുന്നത് കവികളെങ്കിൽ എടുക്കാതായി
ഒറ്റയ്ക്കിരിക്കുമ്പോൾ
വന്നു ചേരുന്ന വരികളെ കുറിച്ചു വയ്ക്കുന്നത് നിർത്തി
പുഴവക്കിലങ്ങനെ നോക്കിനിൽക്കാൻ പോകാതായി

രാവിലെയുള്ള നടത്തത്തിന് ദൂരം കൂട്ടി
വൈകീട്ടും നടക്കാൻ തുടങ്ങി

ഒറ്റയ്ക്കിരിക്കാറുള്ളയിടങ്ങളിൽ
ഒരുക്കി വച്ച കസേരകൾ എടുത്തു മാറ്റി
പേന കടലാസ് ഇവ എളുപ്പത്തിൽ കിട്ടാത്ത
തട്ടിൻപുറങ്ങളിലേക്ക് മാറ്റി

വാങ്ങി വച്ചിരുന്ന വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങൾ വായനശാലയ്ക്കു കൊടുത്തു

വാർഷിക യോഗങ്ങളിൽ പ്രസംഗം തുടങ്ങുന്നതിൻ മുമ്പേ പോയി മടങ്ങി

മുറ്റത്തെ ചെടികൾ നനച്ചു
പുലർച്ചെ എഴുന്നേറ്റു
മൗനത്തിലിരുന്നു
പക്ഷികളെപ്പോലെ
പശുവിനെപ്പോലെ
തുമ്പികളെപ്പോലെയാവാൻ കൊതിച്ചു

2020 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

മൂളിപ്പാട്ട്

അറിയാത്തൊരാളെഴുതി
അവിചാരിതമായി
കേട്ട്
ഇഷ്ടമായ കവിതകൾ
എടുത്തു വയ്ക്കാറുണ്ട്

പാടിയതാരെന്നറിയാത്ത
നെഞ്ചിലേറ്റിയ
ചില പാട്ടുകൾ
കൊരുത്തു വയ്ക്കാറുണ്ട്

ആദ്യമായി ചെന്നെത്തിയ
ദേശത്ത്
കണ്ണിമ ചിമ്മാതെ നോക്കിയ കാഴ്ചകളെ
കൂടെ കൂട്ടാറുണ്ട്

അവയ്ക്ക് അനുസരണ ശീലമുണ്ട്
ആവശ്യമായ നേരത്ത്
ആദ്യ വരി
അല്ലെങ്കിൽ ഈണം
ഞൊടിയിടയിൽ കാഴ്ചയുടെ ഒരു നിമിഷം
ഓർമ്മയിലേക്ക് വരും
പിന്നെ പിൻ വാങ്ങും

ഒരാൾ പിൻവാങ്ങുമ്പോൾ
അയാളുടെ  വേരുകൾ പടർന്ന
ആ നേരുകളും ഇല്ലാതാകുന്നു

അവരെ ഓർമ്മിക്കുന്നവർ
മറ്റൊരു കാലത്ത്
അതുവഴി പോകുമ്പോൾ
ആ പാട്ടുകൾ, കാഴ്ചകൾ
ആരുമറിയാതെ
അവരെ നോക്കും
നേർത്ത കാറ്റ് കൊണ്ടു തൊടും
ഒരു മൂളിപ്പാട്ട് പാടും

പിന്നിൽ നിന്നാരോ വിളിച്ചതായി തോന്നി
അവർ തിരിഞ്ഞു നോക്കും

2020 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കാണാതെ

പുലർച്ചെ കവിതയിൽ നിന്നിറങ്ങി നടന്നു
സൂര്യനെ നോക്കിയതേയില്ല
പൂക്കളുടെ വിളി കേട്ടില്ലെന്നു നടിച്ചു
നദി പതഞ്ഞൊഴുകി ശബ്ദിക്കുന്നത്
കേൾക്കാതിരിക്കാൻ കാതു പൊത്തി

കൈയിൽ കരുതിയ
തൂമ്പ കൊണ്ട് മണ്ണ് കിളിച്ചു
മടിയിൽ കരുതിയ വിത്തു വിതച്ചു
കൈക്കുമ്പിളിൽ വെള്ളം കോരി  
പതിയെ നനച്ചു

ഉച്ചയ്ക്ക് കാട്ടിലേക്കു കയറി
വിറകുകമ്പുകൾ അടുക്കി വച്ചു
കായ്കനികൾ പാളയിൽ പൊതിഞ്ഞെടുത്തു
ബോധപൂർവം
ഇലകൾക്കിടയിലൂടൂർന്നു വരുന്ന വെളിച്ചത്തെ
കിളിപ്പാട്ടിനെ അകറ്റി നിർത്തി

അന്തിക്കു വീട്ടിലെത്തി
കഞ്ഞി തിളപ്പിച്ച് കുടിച്ച് കിടന്നുറങ്ങി

നട്ട വിത്തിന് വെള്ളം തൂവാൻ
കമ്പ് നാട്ടാൻ
വേലി കെട്ടാൻ
പെരുച്ചാഴിയെ
പന്നിയെ തുരത്താൻ
പുലർച്ചെ പലവട്ടം പിന്നെയും പോയി

മഴ വെയിൽ തണുപ്പുകാലം
മാറി മാറി വന്നു
ഒരു ദിനം അന്തിയിൽ
കുലച്ച കുല പേറി
പറിച്ച പയർ തൂക്കി
ചന്തയിൽ പോയി
വിറ്റു
പുതിയൊരു കവിത വാങ്ങി
പൂക്കളെ കാട്ടാതെ
വെളിച്ചം കൊള്ളാതെ
വീട്ടിലേക്ക് കൊണ്ടുവന്നു

മുറുക്കിച്ചുവന്നവൾക്കും
പിള്ളാർക്കും അതിഷ്ടായി
അവരെന്നെ നോക്കി ചിരിച്ചു
നിലാവ് കാണാതെ ഞാനും ചിരിച്ചു.

2020 ഓഗസ്റ്റ് 9, ഞായറാഴ്‌ച

അന്വേഷണം

ചെയ്തതെല്ലാം മറക്കുന്നു
ഒന്നും ചെയ്തില്ലെന്ന് തോന്നുന്നു
പോയ അതേ ഇടത്തേക്ക് തന്നെ
വീണ്ടും നടക്കുന്നു
വാങ്ങിയവ തന്നെ വാങ്ങുന്നു
വിളിച്ചവരെ വീണ്ടും വിളിക്കുന്നു
എന്തു പറ്റി എന്നെല്ലാവരും ചോദിക്കുന്നു

അന്വേഷണങ്ങളെപ്പറ്റി അവരറിയുന്നില്ലല്ലോ
കണ്ടത് മറന്ന് കാണുമ്പോഴാണ്
ചലനങ്ങളുടെ
ശബ്ദങ്ങളുടെ
പൊരുൾ തെളിയുക എന്ന് അവരോടാര് പറയും

എത്ര ചോദിച്ചാലാണ്
എത്ര കണ്ടാലാണ്
എത്ര മുങ്ങാംകുഴിയിട്ടാലാണ്
ആ നൂലിൻ്റെ അറ്റം
ഒന്നു തൊടാൻ
കാണാൻ പറ്റുക
എന്ന് ആരോടാണ് പറയുക.

2020 ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഏകാന്തത

ഏതു കുത്തൊഴുക്കിനിടയിലും
തിരിച്ചൊഴുകും
ഏതു കുതിപ്പിലും
നേരത്തെ പിടിച്ചു നിർത്തും
ഗുരുത്വാകർഷബലത്തിൽ
മണ്ണ് തുളച്ചും പോകും

ആൾക്കൂട്ടത്തിനു നടുവിലിരിക്കുന്ന
അയാളുടെ
കണ്ണുകൾ നോക്കൂ

പറയാനുളള വാക്കൊരുക്കുന്ന
മൗനക്കടലിരമ്പം കേൾക്കൂ

ഏകാന്തതയോളം പോരില്ല ഒന്നും.

ആത്മചരിതങ്ങൾ

എന്നെ  അറിയാത്തവരാണ്
എനിക്കു ചുറ്റിലും.

ഞാൻ സഞ്ചാരിയാണെന്നോ
ഹിമാലയത്തിൽ
മഞ്ഞുപാളികൾക്കിടയിൽ
ശ്വാസം മുട്ടിയവനാണെന്നോ
അവർക്കറിയില്ല

നാട്ടിലെ കുന്നുകളെപ്പറ്റി
പഠിച്ചതും
പത്രത്തിലെഴുതിയതും അവർ വായിച്ചിട്ടില്ല

മുപ്പതു വർഷങ്ങൾക്കു മുന്നേ
തെരുവിൽ അലയുകയായിരുന്ന എന്നെ
കരുണാമയനായ ഒരാൾ
കണ്ടെത്തുകയും
കൂടെപ്പാർപ്പിക്കുകയും
മകനെന്ന് പരിചയപ്പെടുത്തി വരുന്നതും
അവർക്കറിയില്ല

ആത്മസത്വം അവരറിയാത്തത് നന്നായി 
എന്ന് തോന്നാറുണ്ട്

അവരറിയുമ്പോൾ
അടുത്തു വരുന്ന രണ്ടു വണ്ടികൾക്കിടയിൽപ്പെട്ടപോലെ ഞാൻ
അരഞ്ഞു പോയേനെ
ഏകാന്തതയിലേക്കോ
തെരുവിലേക്കു തന്നെയോ മടങ്ങേണ്ടി വന്നേനെ.

അവനവൻ സൂക്ഷിക്കേണ്ടതാണ്
ആത്മചരിതങ്ങൾ എന്നും തോന്നാറുണ്ട്

അവയോളം ബലമില്ല മറ്റൊന്നിനും.
അവയോളം ശിഥിലമാക്കുന്നതായുമില്ല
മറ്റൊന്നും.