SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 ഒക്‌ടോബർ 11, ഞായറാഴ്‌ച

പുഴക്കരെ

കവിതയുടെ ഒരു പുഴ
അതിൻ്റെ കരയിൽ ഞാനൊരു വീടുവച്ചു
ലോകം നേരാകും എന്നും സ്നേഹം സത്യം ഇവ പുലരുമെന്നും വിശ്വസിച്ചു
ഉറങ്ങാൻ കിടന്നു
രാത്രിയിൽ കാൽപ്പെരുമാറ്റം കേട്ട് ഞെട്ടിയുണർന്നു
വാതിൽപ്പാളിയിലൂടെ നോക്കിയപ്പോൾ
കവിത കോരാൻ
പതുങ്ങിപ്പോകുന്ന
രണ്ട് ആളുകളെ കണ്ടു

2020 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

മുക്തി

രക്ഷപ്പെടാൻ വേണ്ടിയാണ് എഴുത്തുകൾ
പാട്ടുകൾ
വരകൾ
വാക്കിനോളം വലിയമലയിലേക്കുള്ള കയറ്റങ്ങൾ

വിത്തു നടൽ
ഒറ്റയ്ക്കുള്ള നടത്തങ്ങൾ
ഇരുത്തങ്ങൾ
കിളിപ്പാട്ടുകേൾക്കൽ
പുഴ കാണൽ

പതിഞ്ഞ ശബ്ദത്തിലെ കരച്ചിൽ
കണ്ണീരൊളിപ്പിക്കൽ

ഒന്നും ചെയ്യാതിരുന്നു നോക്കൂ

ഭൂമി നേരം തെറ്റിയുണർന്ന്
വരി തെറ്റിച്ച് പാടുന്നൊരാളായി മുന്നിൽ വന്ന് 
നിന്നെത്തന്നെ നോക്കി നിൽക്കും

2020 ഒക്‌ടോബർ 7, ബുധനാഴ്‌ച

തണൽ

ഉത്തരം കിട്ടാതാവുമ്പോൾ
ചെന്നിരിക്കുന്ന ഒരാൽമരത്തണലുണ്ട്

വലിയ മഴചെയ്തു തോരുമ്പോലെ 
എന്തോ ഒന്ന് ആ നേരം പെയ്തു തീരും

നേർത്ത ഒച്ചകൾ കേട്ടു തുടങ്ങും
പൂക്കൾ നിറമുള്ളവയാകും

സുനശ്ചിതമായ മരണമെന്ന ഉത്തരവുമായാണ്
ഇത്തവണ അവിടേക്കു ചെന്നത്
അതിനാൽ
പ്രകടമായതൊന്നിലേക്കും
ഇന്ദ്രിയങ്ങൾ സഞ്ചരിച്ചില്ല

വർഷങ്ങൾക്കു മുന്നേ
സഞ്ചാരത്തിനിടയിൽ
അറിയാതെയുള്ള ജനനമെന്നോണം തന്നെയാവണം മരണവുമെന്ന്
ആഗ്രഹിച്ചതോർത്തു

അറിയുന്നതൊക്കെ
കുറഞ്ഞ് കുറഞ്ഞ്
കേൾക്കുന്നതും
കാണുന്നതും
സ്പർശിക്കുന്നതും
ഇല്ലാതെയായി
രുചിക്കാതെ മണക്കാതെയുള്ള
ലയം എന്നു പറഞ്ഞതോർത്തു.

എല്ലാ ഉത്തരങ്ങളും മുന്നേ ഉള്ളിലെവിടെയോ ചേക്കേറുന്നുണ്ട്
കാലത്തിന് ചേർന്നവ
ഓർത്തോർത്തെടുക്കുന്നു എന്നു മാത്രം
ഓർത്തെടുക്കാനാവാതെയാവുന്നതിലേക്ക്
ചേക്കാറിനുള്ളയിടമാകുന്നു
ഇപ്പോൾ ആൽമരത്തണൽ!

2020 ഒക്‌ടോബർ 6, ചൊവ്വാഴ്ച

കവികളിൽ നിന്നുള്ള സ്വാതന്ത്ര്യം

അൻപത് കവിതകളുള്ള
ഒരു പുസ്തകം കിട്ടി
ഒന്നു മുതൽ അൻപതാമത്തേതു വരെയുള്ള കവിതകൾ പല ദിവസങ്ങളിലായി 
വായിച്ചു തീർത്തു
ആരെഴുതിയതെന്നോ
അവതാരികയോ നോക്കിയില്ല
വായിച്ചു തീർന്നതിൻ്റെ പിറ്റേന്ന് മറ്റൊരാൾക്ക് നൽകി

യാത്രകളിൽ
അതിലെ ചിത്രങ്ങൾ പച്ചയായി
പളുങ്കു വെള്ളമായി 
ഇലയനക്കങ്ങളായി
അങ്ങിങ്ങ് കണ്ടു
വായിച്ച വിശപ്പ്
കടത്തിണ്ണയിൽ കിടന്നുറങ്ങുന്നു
ഒഴുക്ക് പുഴയെന്നറിയുന്നു
പൂഴിമണൽപരപ്പിൽ
ഒരേകാകിയിരിക്കുന്നു
കരുത്തുള്ളൊരുവൻ്റെ
വിയർപ്പ് വീണ് പാറകൾ പൊട്ടിത്തെറിക്കുന്നു

തലക്കെട്ടില്ലാത്ത കവിതകൾ ചേർത്തുവച്ചതാണ് ജീവിതം
ഒരാളുടെ ചിതയിൽ
ഒരായിരം കവിതകളും എരിഞ്ഞൊടുങ്ങുന്നു
എന്നൊക്കെ തോന്നി

മറ്റൊരു പുസ്തകം കൈയിലെത്തുന്നു
പേരു കാണാത്ത കണ്ണിൽ വായിക്കുന്നു
വീണ്ടും യാത്ര പോകുന്നു

സവാരി

പ്രഭാത സവാരിക്കിടയിൽ
വഴിയിൽ നിന്നും
മൂന്നു കവിതകൾ
വീണുകിട്ടി

ഒന്നാമത്തേത്
സൂര്യനെഴുതിയത്
പകലെന്നു പേര്
വെളിച്ചത്തിൽ നേരങ്ങൾ തീർക്കുന്ന നീണ്ട കവിത

രണ്ടാമത്തേത്
ചന്ദ്രനെഴുതിയത്
നിലാവെന്ന് പേര്
ഇരുട്ടിനെ നോക്കി നോക്കി വെളുപ്പിച്ച
കാവൽക്കാരൻ്റെ
കാച്ചിക്കുറുക്കിയ ജീവിതം

മൂന്നാമത്തേത്
നക്ഷത്രങ്ങൾ ചേർന്നെഴുതിയത്
ദൂരം എന്ന് പേര്
മരിച്ചവർ ഇമവെട്ടി ഭൂമിയെ നോക്കി നോക്കി യുണർത്തുന്ന ഓർമയുടെ ഗീതം

എവിടെയും കുറിച്ചു വച്ചില്ല
വായിച്ച നിറവിൽ എവിടെയോ മാഞ്ഞു

തിരിച്ചു നടക്കുമ്പോൾ
നാട്ടുവക്കിലെ തെങ്ങോലകളിൽ
കവിതയെഴുതാൻ പോകുന്ന കാറ്റിനെ കണ്ടു

നാളേക്ക് നാളേക്ക്
എന്നത്
ഒറ്റക്കണ്ണു ചിമ്മിച്ചിരിച്ചു

2020 ഒക്‌ടോബർ 3, ശനിയാഴ്‌ച

നിറമില്ലാത്ത ഭൂമി എന്ന കവിത

നടക്കണമെന്ന് ആഗ്രഹിച്ചു
നടന്നില്ല
നൽകണമെന്ന് ആഗ്രഹിച്ചു
നൽകിയില്ല

വായിച്ചെന്നു വരുത്തി 
ദിന ജീവിതപത്രങ്ങൾ
പംക്തികൾ
കണ്ടെന്നു വരുത്തി
ചന്ദ്രനരികെയെത്തിയ ചൊവ്വയെ
മഴ വീഴ്ത്തിയ മാവിനെ

ചെയ്തു എന്ന ഉത്തരമുണ്ടാക്കി
നടന്നു നടന്നു പോയി

ചിരിച്ചില്ല
സത്യത്തിൽ അത് വരികയുണ്ടായില്ല

അങ്ങനെയിരിക്കെ
ഒരിക്കൽ എഴുതിയ കവിതയുടെ പേരാണ്
' നിറമില്ലാത്ത ഭൂമി '

നടത്തം

അൽപദൂരം നടന്നാലെത്തുന്ന ദേശത്തേക്ക്
മലചുറ്റി നടന്നു പോയി.

ഒരിറക്കം കഴിഞ്ഞാലെത്തുന്നയിടത്ത്
മഴ മാറും വരെ കാത്തിരുന്ന്
ഇളവെയിൽവഴിയേ പോയി.

ഏളുപ്പവഴികൾ ഒന്നോ രണ്ടോ വെറുംവാക്കുകൾ

കണ്ടും നിറഞ്ഞുമുള്ള ദൂരങ്ങൾ
മൗനത്താൽ വാചാലം!