SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2013 നവംബർ 7, വ്യാഴാഴ്‌ച

പറിച്ചുനടല്‍

താങ്കള്‍ നിര്യാതനായ വിവരം
ചരമക്കോളത്തില്‍ വന്നതിന്റെ പിറ്റേന്ന്
ഞാന്‍ താങ്കളുടെ വീട്ടില്‍ വന്നിരുന്നുവല്ലോ.

പതിവുരീതിയില്‍
താങ്കളുടെ വാഴകള്‍ നമസ്കാരം പറഞ്ഞു.

പയര്‍ച്ചെടികളുടെ വള്ളികള്‍
നെറുകയില്‍ തൊട്ടു.

മഞ്ഞനിറം വന്നുതുടങ്ങിയ ഒരു മാമ്പഴം
മുന്നില്‍ വന്നു.

താങ്കളില്ല എന്ന്
ഒരാളും പറയാത്ത വിധം
എത്ര സമര്‍ത്ഥമായാണ്
ചെടികളിലേക്കും മരങ്ങളിലേക്കും
താങ്കള്‍ താങ്കളുടെ ജീവന്‍
പറിച്ചുനട്ടിരുന്നത് !

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പുസ്തകം


താങ്കളെ വശീകരിക്കാനിട്ടതാണ്
ഓരോ തലക്കെട്ടുകളും.

താഴെ മായം കലര്‍ത്തിയ ജീവിതമായാലും
കുഴപ്പമില്ല എന്ന ചതി
കൃത്യമായി മനസ്സില്‍ സൂക്ഷിച്ച്.

താങ്കളെ ആകര്‍ഷിക്കാന്‍
കൊടുത്തതാണ്
പുറംചട്ടയിലെ മുലകളും കണങ്കാലുകളും.

ഉള്‍പേജുകളില്‍ ജീവിതത്തിന്റെ നനവില്ലെങ്കിലും
താങ്കള്‍ വാങ്ങിക്കുമെന്നുറപ്പിച്ച്.

ഒറ്റനോട്ടത്തില്‍ വലയില്‍വീഴ്ത്താന്‍ എഴുതിയതാണ്
പിന്‍ചട്ടയിലെ കുറിപ്പ്.

മറ്റേതോ വരികള്‍ക്ക് വേണ്ടി
എഴുതിയത് അല്‍പം മാറ്റി
വലയില്‍ വീഴും എന്ന് ഇടങ്കണ്ണിട്ട്.

2013 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

കരുതല്‍

ഇത്തവണ
പരിചിതരുടെ മരണങ്ങള്‍
കൂടുതലാണ്

വണ്ടി തട്ടി രാമു
കുഴഞ്ഞുവീണ് കുഞ്ഞായന്‍
മരംവീണ് ജോസഫ്

കിടന്നകിടപ്പില്‍ പത്താണ്ട് തികച്ച മാധവിയമ്മ
തലയില്‍ തേങ്ങവീണ്
ഒന്നും മിണ്ടാതെ
മുപ്പതാണ്ട് ചിരിച്ചുകൊണ്ടിരിക്കുക മാത്രം ചെയ്ത വിഷ്ണു

കാലന്‍ കുടിശ്ശിക തീര്‍ത്തതാവും

ഈയിടെയായി
ബസ്സിലിരിക്കുമ്പോഴും
റോഡ് കുറുകെ കടക്കുമ്പോഴും
തെങ്ങുകയറുമ്പോഴും
ഒരു കരുതല്‍

സൈഡ് സീറ്റിലും മുന്‍സീറ്റിലും ഇരിക്കേണ്ട
ഒത്ത നടുവിലിരുന്നാല്‍ മതി

വാഹനങ്ങള്‍ പോയിക്കഴിഞ്ഞശേഷം
സീബ്രാലൈനില്‍കൂടി മാത്രം റോഡ് മുറിച്ചുകടന്നാല്‍ മതി

ഉറപ്പുള്ള തളയുണ്ടെങ്കിലേ തെങ്ങിന്മേല്‍ കയറുന്നുള്ളൂ
ഇല്ലെങ്കില്‍ ആളെ വിളിക്കാം

എല്ലാം
മുമ്പില്ലാത്തത്.
കൃത്യമായിപ്പറഞ്ഞാല്‍
അരിവാങ്ങാന്‍ പോയ ബാബു 
വയലില്‍ വച്ച് പാമ്പുകടിച്ച് മരിച്ചതിനുശേഷം.



2012 ഡിസംബർ 3, തിങ്കളാഴ്‌ച

മഴക്കാറ്റ്

ഇത്തവണത്തെ മഴക്കാറ്റില്‍
നീളത്താന്‍മാവ് നിലംപൊത്തി

അത് മറിഞ്ഞുവീണത്
വീടിന്റെ തെക്കേ കോലായിലേക്കായിരുന്നു

തെക്കേ കോലായിയില്‍ ആള്‍പ്പെരുമാറ്റം നന്നേ
കുറവായതിനാല്‍
അത് നന്നാക്കാന്‍ പുതിയ താമസക്കാര്‍ ആരും മെനക്കെട്ടില്ല.

ഏറെ നാള്‍കൂടി വീട്ടിലെത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച അതായി.

എന്റെ കുട്ടിക്കാലമാണ് മരിച്ചത്
നീളത്താന്‍മാവും തെക്കേകോലായിയും എന്റെ കൂട്ടുകാരായിരുന്നു.


2012 ഓഗസ്റ്റ് 25, ശനിയാഴ്‌ച

വെളിച്ചം

കവിയല്ല വലിയവന്‍

കാട്,കാട്ടാറ്
ഇല, പൂവ്
പച്ചനിറം
ഒച്ചകള്‍
അനക്കം
ഇവ വലിയവ

ഈ വഴി
അതിലെ കല്ലുകള്‍
കല്ലിന്റെ മൂര്‍ച്ഛകള്‍, മിനുപ്പ്

എതിരെ നടന്നു വരുന്ന മനുഷ്യന്‍
അവന്റെ വാക്ക്
അതിലെ സ്നേഹം,വെറുപ്പ്

ഉദയം, അസ്തമയം, കടല്‍

കുഞ്ഞിന്റെ ചിരി, കരച്ചില്‍

നെല്‍ച്ചെടി, അരിമണി
അടുപ്പ്, തീയ്

ഇവയിലഹം വെടിയുന്നേരമൊരു വെളിച്ചം ചിതറിവരുന്നു
ആ വെളിച്ചം വലിയവന്‍.

അറിവില്ലായ്മ

എനിക്കു നിന്നെക്കുറിച്ചെന്തറിയാം

നിനക്കെന്നെക്കുറിച്ചെന്തറിയാം

ഞാന്‍ അരയില്‍നിന്ന് കത്തിയൂരി നിന്നെ കുത്തുന്നു

ജീവന്‍ പോകുന്നതിന്‍മുമ്പ് നീയതൂരി എന്നെ കുത്തുന്നു

നിനക്കെന്നെക്കുറിച്ചെന്തറിയാം

എനിക്കു നിന്നെക്കുറിച്ചെന്തറിയാം

2011 നവംബർ 8, ചൊവ്വാഴ്ച

ഗാന്ധിക്കവിതകള്‍-1

വെളിച്ചം അതിന്റെ ഇരുട്ടിലേക്ക് തന്നെ തിരിച്ചുപോയി

വിശുദ്ധമായ വാക്കുകള്‍
അവയുടെ മൗനത്തിലേക്ക്‌ തന്നെ ഉള്‍വലിഞ്ഞു

തിരിച്ചറിവിന്റെ കണ്ണുകള്‍ സ്വയം അടഞ്ഞു

അതിര്‍ത്തികള്‍ അടുത്തടുത്ത്‌
നില്ക്കാന്‍ പോലും ഇടമില്ലതാക്കി

ഏറ്റവും ഒടുവില്‍
തുറക്കപ്പെടാത്ത പുസ്തകത്തിലെ
കൃത്യത്തെക്കുറിച്ച് സംസാരിച്ചതിന്
സ്വപ്നത്തിന്‍റെ ആള്‍ക്കാര്‍ വിലക്ക് കല്പിച്ചു

ഇനി
സ്വാതന്ത്ര്യസമരം തുടങ്ങണം ...
ഗാന്ധി ജനിച്ചുവോ ആവോ .......