SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 ജൂലൈ 19, ഞായറാഴ്‌ച

ഒച്ചകൾ

വിത്തുപാകി 
നനച്ചു വളർത്തി 
പൂ വിരിയും വരെ
അങ്ങിങ്ങായി അയാളുണ്ടാവും.

കഥ പറഞ്ഞ്
കവിത പാടി
ഭൂമിയോട് ഇഷ്ടം തോന്നിത്തുടങ്ങും വരെ
അരികത്തിരിക്കും

പിന്നെ കാണില്ല

കല്ലു കെട്ടി പുല്ലുമേഞ്ഞ തണുപ്പിൽ
രാത്രി വൈകും വരെ
നിലാവിനോട് വർത്തമാനം പറയുന്നത്,
പുഴക്കരയിൽ
മുളന്തണ്ടുകളിൽ പിടിച്ച്
ഒഴുക്കുപറയുന്നത് കേട്ടിരിക്കുന്നത്
കണ്ടിട്ടുണ്ട്


എവിടെപ്പോയി എവിടെപ്പോയി വിളി
നേരത്തോടു നേരം വരെ.
പിന്നെയടങ്ങും

അയാളെ കാണാതാകുന്നതോടെ
പുഴകൾ കരയെ നോക്കുന്നത് നിർത്തി
ശരവേഗത്തിലൊഴുകാൻ തുടങ്ങും

നിലാവ് മേഘകമ്പളം നീർത്തി
പുതച്ചുറങ്ങും

അപ്പോൾ
ഇരുട്ടിൽ നിന്നും
ഇലയനക്കങ്ങൾ കേൾക്കാം
വിത്തുകൾ അയാളെത്തേടി പതുങ്ങിപ്പോകുന്നതിൻ്റെ ഒച്ചകൾ!





2020 ജൂലൈ 16, വ്യാഴാഴ്‌ച

കവിത

എഴുതുമ്പോൾ
മരക്കൊമ്പിലിരുന്ന് കൂകുന്ന 
കുയിലിൻ്റെ മനസ്സാണ് കവിത

ജനൽ കടന്നെത്തുന്ന നിലാവോ
ഇളം വെയിലോ ആണത്

കീറുമ്പോൾ പിളരുന്ന വിറകിൻ്റെ ഒച്ചയാണ്
വയക്കുമ്പോൾ യന്ത്രമൂർച്ഛയിൽ ഛേദിക്കപ്പെടുന്ന ചെടിയുടെ
നിശബ്ദതയാണ്
അത്

എത്തി എത്തി എന്ന്
കരുതിയപ്പോഴൊക്കെ
അത്
അകലെ അകലെ നിന്ന് കേൾക്കുന്നു

എത്തിച്ചേരാനാവാത്ത ഇടമെന്ന സന്ദേഹം പകർത്തുന്നു 


ഭൂമിയിലേക്ക് പഠനയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കവികൾ
അവർ വീട്ടിലെത്തി കണ്ട കാഴ്ചകൾ അമ്മയോട് വിവരിക്കുന്നതാണ് കവിതകൾ
എന്നു തോന്നുന്നു

കവിതയിൽ
വസിക്കാൻ ഉടയതമ്പുരാൻ
പതിച്ചു തരില്ല ഭൂമി
മഴനൂൽ വടിയെടുത്ത് ചൂണ്ടി
പൂ വിരിയുന്നത് നദിയൊഴുകുന്നത്
കാട്ടിത്തരും 
അത്രയേയുളളൂ.
അത്രയേയുള്ളൂ.

2020 ജൂലൈ 9, വ്യാഴാഴ്‌ച

ചിത്രം

കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുമ്പോൾ
ബാനറിലെ
ചിത്ര പ്രദർശനം വന്നു വിളിച്ചു.
പോയി.
കുറേ ചിത്രങ്ങൾ നടന്നുകണ്ടു.
ചിത്രകാരനെ പരിചയപ്പെട്ടു.
ഒരു ചിത്രവും ഒരാൾമാത്രം വരയ്ക്കുന്നതല്ല എന്നു തോന്നി.
ചിത്രത്തിലെ മരങ്ങളുടെ വേരുകൾ
1823 ൽ വയൽക്കരെയുണ്ടായിരുന്ന
വീട്ടിലെത്തി നിൽക്കുന്നു
വീട്ടുകാരൻ്റെ മുഖം
1846ലുണ്ടായ പട്ടിണിയിൽ തൊടുന്നു
കണ്ണുകൾ 1947ലെ ആഗസ്റ്റ് 15 വെള്ളിയാഴ്ചയിലെ സ്വാതന്ത്രപ്രതീക്ഷയിൽ കൊളുത്തി നിൽക്കുന്നു
തീക്ഷ്ണവും പോരാട്ടങ്ങളുടേതുമായ എഴുപതുകൾ
താണ്ടി നിരാശയുടെ തൊണ്ണൂറുകൾ തേച്ച ചിത്രങ്ങൾ
രണ്ടായിരത്തിലെ കൊറോണക്കാലുകളെ ഓർമ്മിപ്പിക്കുന്നു
പലയാളുകൾ
പലകാലങ്ങൾ
ഒരാളിലൂടെ വരച്ചചിത്രങ്ങൾ.
ചിത്രകാരൻ പറഞ്ഞു
പണ്ട് വരച്ചതാണ്
അന്ന് വിറ്റിരുന്നില്ല
സാർ വാങ്ങണം
ഉള്ളതെന്തായാലും തന്നാൽ മതി

കൈയിലുള്ളതു നൽകി വാങ്ങി

നടന്ന് വീട്ടിലെത്തി

ചിത്രകാരനല്ലാത്ത എന്നിൽ
കണ്ണീർ ചേർത്ത് വരച്ച
എണ്ണകൂട്ടി മായ്ചാലും മായാതെ
മറ്റൊരു ചിത്രം  ബാക്കിയാവുന്നു





2020 ജൂലൈ 6, തിങ്കളാഴ്‌ച

ഡയറി

ഇതേ ദിശയിലാണ്
സഞ്ചാരമെങ്കിൽ
സംഭവിക്കാനിടയുള്ള കാര്യങ്ങൾ
എഴുതി വച്ചു

മരച്ചീനിയും ചേമ്പും
പ്രതാപം വീണ്ടെടുക്കും
മതം, ജാതി പത്തി മടക്കും
അവനവനിലെ വെളിച്ചം മറ നീക്കി പുറത്തു വരും
സ്ഥലജലങ്ങളിൽ
സമയ പ്രയോഗങ്ങളിൽ
ജീവൻ തുടിക്കും

ചരിത്ര പുസ്തകത്തിൽ
"അക്കാലത്ത് 
അഹന്ത മൂത്ത 
കൊതി കയറിയ......"
എന്ന് തുടങ്ങുന്ന വാചകം ഇടം പിടിക്കും

2020 ജൂലൈ 5, ഞായറാഴ്‌ച

മുഴുക്കവിതകൾ

മുഴുനേരം
കവിതയാവുക എളുപ്പമല്ല
വേരുകൾ
അത്രയ്ക്കും ആഴത്തിലാവണം
മൗനത്തിൻ്റെ വലിയ കടൽ സമ്പാദ്യമായി വേണം
ഏതൊച്ചയേയും അതിലേക്ക്
മാറ്റാനുള്ള പാകമായ മൂർച്ഛയുള്ള
ഇച്ഛ വേണം

കഴിഞ്ഞ മാസാന്ത്യത്തിൽ
മുഴുക്കവിതകളെ തേടിപ്പോയി
അലഞ്ഞു തിരിഞ്ഞ് ദിവസങ്ങൾക്കു ശേഷം മടങ്ങിയെത്തി കരുതിയിരുന്ന നോട്ട് ബുക്ക്
മകൾക്ക് കൊടുത്തു
അവളത് ഉറക്കെ വായിക്കുന്നു
നിലാവ്
വെയിൽ
ജലം
നിറം
ഗന്ധം
ഗാന്ധിജി........

2020 ജൂലൈ 4, ശനിയാഴ്‌ച

പേരിടൽ

വളരെ കുറച്ചു മാത്രം എഴുതി

എഴുതിയതു തന്നെ
വെട്ടിച്ചുരുക്കി
വാക്കുകളെ ഒഴിവാക്കി
അക്ഷരങ്ങൾ കുറഞ്ഞവ മാത്രം കണ്ടെത്തി
നിലനിറുത്തി

ഇപ്പോൾ അവയേയും ഒഴിവാക്കി
വാചകമോ വാക്കോ ഇല്ലാത്ത ഒന്നെഴുതാനുള്ള ശ്രമത്തിലാണ്

നീയതു കാണുമ്പോഴുള്ള
ശ്വാസത്തിനും
അമ്പരപ്പിനും
പിന്നിടുള്ള ഇളം ചിരിക്കും
എനിക്ക് കവിത കവിത എന്ന പേരിടണം

തന്ത്രം

മാറി മാറി നിൽക്കുന്നു
അടുക്കളയിൽ കയറാതെ
വളപ്പിൽ കിളക്കാതെ
നടക്കാനിറങ്ങാതെ
അരിയും മുളകും വാങ്ങാതെ
കാടുപിടിച്ച മുറ്റം കണ്ടിട്ടും കാണാതെ
തിരക്കുണ്ടെന്നും
വയ്യെന്നും
പറഞ്ഞ് പറഞ്ഞ്
ഒഴിഞ്ഞൊഴിഞ്ഞ്

മൗനം കൃത്യമായി അളന്ന് പ്രയോഗിച്ച്
വാക്കുകൾ ഉച്ചത്തിൽ പറഞ്ഞ്
ആളുകളെ അടുപ്പിക്കാതെ
അടുപ്പിക്കാതെ

ചൂടു ചായയും
പഴംപൊരിയും
മീൻ വറുത്തതും
അകത്താക്കി അകത്താക്കി

അധ്വാനത്തിൻ്റെ
ആഴക്കിണറിലെ
മധുരം 
തട്ടിയെടുത്ത്
മോന്തിക്കുടിച്ച്

നോക്കൂ 
ചിലർ വണ്ടി കയറിപ്പോകുന്നു
വണ്ടി കയറിപ്പോകുന്നു