SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 മേയ് 16, ശനിയാഴ്‌ച

വിദ്യാഭ്യാസം

' വിദ്യാഭ്യാസമുള്ളവർ
പൊതുവെ
അഹങ്കാരികളാണ്
എല്ലാ ഗതിവിഗതികളും
അവരിലൂടെ എന്ന് അവർ വിചാരിക്കുന്നു
അറിയാത്ത കാര്യങ്ങൾ
അറിയാമെന്നവർ പറയുന്നു
അസാധാരണമായ പ്രവചനങ്ങളിലൂടെ
പൂമ്പാറ്റകളുടെ വഴിതെറ്റിക്കുന്നു

എന്നാൽ വിദ്യാഭ്യാസമുള്ളവർ അങ്ങനെയല്ല
അവർ ഇലകളോട് മൃദുവായി സംസാരിക്കുന്നു
നദികളുടെ തെളിമയിൽ ആനന്ദിക്കുന്നു
പ്രകാശമുള്ളിടങ്ങളിൽ ചെടികൾ നടുന്നു
ഇരുട്ടിലേക്ക് മിന്നാമിനുങ്ങകളേയും കൂട്ടി പോകുന്നു


ഗുരുക്കന്മാർ, 
വായിച്ചതെല്ലാം
ഇഷ്ടത്തോടെ ഇരുത്തിപ്പകർന്ന
ആൽമരങ്ങളോടൊപ്പം
അക്ഷരമറിയാത്ത
മാടത്തകളും കാക്കകളും  കൂടിയാകുന്നു

കവികൾ

കവികൾ ഒരുങ്ങിപ്പുറപ്പെട്ടിരുന്നു
ആഘാതത്തിൽ
പൂക്കൾ വിരിയൽ നിർത്തിവച്ചു
ചെടികൾ തളിരിലകളെ മറച്ചു വച്ചു
സൂര്യൻ പകൽ വെട്ടിക്കുറച്ചു
നക്ഷത്രങ്ങൾ കണ്ണടച്ചു

പുഴകൾ കലങ്ങിയൊഴുകി
പാട്ടുകൾ ശ്രുതി തെറ്റിച്ച് പാടി
കാറ്റ് വീശാതിരുന്നു
ചിലപ്പോൾ സഹികെട്ട്
കൊടുങ്കാറ്റായി വീശി
പ്രണയം വാതിലടച്ചു

കവികൾ പിൻമാറുന്നില്ല
അവർ
ഒളിച്ച നിലാവ് പുറത്തു വരുന്നതും കാത്ത്
വിജന പാതകളിൽ കാത്തുനിൽക്കുന്നു

സ്പർശം

നീ അടുത്തു വരുമെന്നും
എൻ്റെ കൈകൾ പിടിക്കുമെന്നും ഞാൻ വിചാരിക്കുന്നു

മണ്ണിൽ ഒന്നും മുളപൊട്ടുന്നില്ല
മരങ്ങൾ പൂക്കുന്നില്ല
ഉറവകൾ ജല സ്പർശം മറന്നു പോയിരിക്കുന്നു
കാലം തെറ്റിപ്പൂത്ത പൂവുകൾ
ഉറുമ്പരിക്കുന്ന പൂമ്പാറ്റകളെക്കണ്ട്
അകാലത്തിൽ കൊഴിയുന്നു

എല്ലാ പ്രവാഹങ്ങളും നിലച്ചിരിക്കുന്നു
നിലാവിൽ
നിലച്ച സംഗീതം കടുക്കുന്നു

ഒരു വിരൽ സ്പർശത്തിന്
ഒരാളെ
മരണത്തിൽ നിന്നും
ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞേക്കും

ഇരിക്കുന്നതിനെപ്പറ്റി

ഒരിടത്തിരിക്കണം എന്നത് പണ്ടുമുതലേയുള്ള ആഗ്രഹമാണ്

ഒരു മരച്ചുവട്ടിലോ
ഗ്രാമ പാതയിലെ കൽക്കെട്ടിലോ
വീട്ടിനുള്ളിലെ 
പുറത്തേക്കു നോക്കിയാൽ 
മലഞ്ചെരിവുകൾ കാണുന്ന ആ മുറിയിലോ
ഇല്ലെങ്കിൽ 
തണുപ്പൻകാറ്റ് വീശിവീശി
ഇളം വെയിലാകുന്ന
മലമുകളിലോ
ഇത്തിരി നേരം

ആയിരിപ്പിൽ
കുതിച്ചു പായുന്ന തീവണ്ടി
പതിയെ
അതിനുള്ളിലെ യാത്രികരുടെ മുഖം കാണാൻ കഴിയുന്നത്രയും പതിയെ
മുന്നിലൂടെ കടന്നു പോകും
വെയിൽ
പുലരിത്തണുപ്പിനെ
തിരിച്ചുവിളിച്ച്
ചുറ്റിലും പരക്കും
നദി 
വറ്റിയ ജലത്തെ
ഉറവയാൽ തിരിച്ചെടുത്ത് ഒഴുകും

ഒന്നിച്ചുണ്ടായവരൊക്കെ തിരിച്ചു വരും
മതിവരാതെ
പലവട്ടം പഴയ നേരുകൾ തിരിച്ചെടുക്കും

ഇരിക്കുന്നിടം ശബ്ദമുഖരിതമാകും
നമുക്കു മാത്രം കേൾക്കാവുന്ന അത്രയും ഉയർന്ന ശബ്ദത്തിൽ

നിറങ്ങൾ പടരും
നമുക്കു മാത്രം കാണാവുന്ന
അത്രയും പരന്ന ഇടത്തിൽ

തിരക്കുപിടിച്ച ലോകം
കാണുകയേ ചെയ്യാത്ത
അത്രയും തുറസ്സായ ഒരു പച്ചപ്പിൽ !

അവൻ

ഏറ്റവും ഇഷ്ടമില്ലാത്ത ചിത്രം 
ഏതെന്നു ചോദിച്ചാൽ
ഞാൻ നിങ്ങൾക്കയച്ചു തന്ന
എൻ്റെ തന്നെ ചിത്രമാണ്


ജനിച്ചതു മുതൽ അവനെ ഞാൻ കാണുന്നതല്ലേ
എനിക്കറിയാമവൻ്റെ
പകലുകൾ
രാത്രികൾ
രഹസ്യസഞ്ചാരപാതകൾ
സ്വപ്നങ്ങൾ


ഓരോ ചിരിക്കു പിറകിലെയും അവൻ്റെ ഉള്ള്
ചിരിക്കാത്തപ്പോഴുള്ള അവൻ്റെ
നേര്


എന്നെ തട്ടിക്കൊണ്ടുപോവാൻ
ആവുന്ന രീതിയിലൊക്കെ അവൻ
ശ്രമിക്കുന്നുണ്ട്
മുഴുവനായും വിട്ടുകൊടുത്തിട്ടില്ല
ഒന്നും കൊടുത്തില്ലെങ്കിലും
ചിലതെല്ലാം
അവനെടുത്തു കൊണ്ടു പോകും


നിങ്ങൾ കാണുന്ന എൻ്റെ ചിത്രത്തിൽ അവനില്ല
അവനെ പകർത്താനാണീ കളമെഴുത്ത് !
എന്നാലും പിടിതരില്ലവൻ!

2020 മേയ് 15, വെള്ളിയാഴ്‌ച

ചിരി

ചിരിക്കാൻ കഴിയാത്തവരുണ്ട്
നിങ്ങൾ
അടൂർ ഭാസിയായോ
ജഗതി ശ്രീകുമാറായോ
ആലുംമൂടനായോ
അവരുടെ  മുന്നിൽ
ചെന്നു നോക്കൂ
അവർ വഴി മാറി നടന്നു പോകും

മാള അരവിന്ദനായോ
കുതിരവട്ടം പപ്പുവായോ
നടന്നു നോക്കൂ
നിങ്ങളെ തിരിഞ്ഞു നോക്കില്ല

സുരാജ് വെഞ്ഞാറമ്മൂടായോ
സലിംകുമാറായോ നുഴഞ്ഞു കയറൂ
അവർ കണ്ണടച്ച് കളയും

കരയുന്നതുപോലെയല്ല ചിരി
തലങ്ങും വിലങ്ങും കിടക്കുന്ന
മതിലുകൾ കടന്നു വേണം അവിടെയെത്താൻ
വലിയ മഴ പെയ്യുന്നതു പോലെ
കൊടുങ്കാറ്റടിക്കുന്നതു പോലെയുള്ള ജീവിതത്തിനിടയിൽ നിൽക്കുമ്പോഴായിരിക്കും
നിങ്ങൾ
അവരെ സംബന്ധിച്ചെടുത്തോളം
മുളപൊട്ടാത്ത വിത്തുകളുമായി
അടുത്തു ചെല്ലുന്നത്
നിങ്ങളെത്ര വലിയ വിഡ്ഢിയാണെന്
ഒരു കാലത്തും നിങ്ങളറിയുന്നില്ല

നിങ്ങൾ
കൈക്കുമ്പിളിൽ മഴക്കുളിരുമായോ
ഇളം വെയിലായോ
തളിർച്ചെടിയാൽ വിരിഞ്ഞ പൂമണമായോ
അടുത്തുചെന്നു നോക്കൂ

അവർ 
അടുക്കളപ്പുറത്തെ തീരാപ്പണിക്കിടയിൽ
ഞൊടിയിട തിരിഞ്ഞു നിന്ന്
ഒരു നിലാച്ചിരി പകർന്ന്
കരിപിടിച്ച പാത്രം കഴുകുന്നത് തുടരും

2020 മേയ് 12, ചൊവ്വാഴ്ച

വായന

ആഴ്ചപ്പതിപ്പുകളിലും മാസികകളിലുമായി
ഈയാഴ്ച
മുപ്പത് കവിതകൾ മുന്നിലെത്തി


ചിലത്
ഒറ്റ വായനയിൽ
കടലായിരമ്പി
നേരം പുലർന്നിട്ടും ഇരമ്പലിൻ്റെ ഒച്ച വിട്ടു പോയില്ല


ചിലത് 
മലമുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി
മുകളിലെത്തുന്നതിന് മുമ്പ്
പലവട്ടം വിശ്രമിച്ചു
കിതച്ചിട്ടാണെങ്കിലും
മേൽത്തട്ടിലെത്തി
പുറപ്പെട്ട താഴ് വാരം നോക്കി നിന്നു


ചിലത്
തോണിയിൽക്കയറ്റി
കാണാദേശങ്ങളിലേക്ക് കൊണ്ടു പോയി
ആദ്യമായി കണ്ട മരങ്ങളെ
തെങ്ങെന്നു കരുതിയും
പൂക്കളെ ചെമ്പരത്തിയായി നിനച്ചും
എല്ലാ ഭാഷകളേയും മലയാളമായി
പ്രാർത്ഥിച്ചും ചിലത് സങ്കൽപ്പിച്ചെടുത്തു


ചിലത്
തീർത്തും നിഷ്കളങ്കമായിരുന്നു
വായിച്ചു തീരുമ്പോൾ
കണ്ണീർ തുളുമ്പി
പുറത്തെ മരച്ചുവട്ടിൽ പോയി കുറേ നേരം
കണ്ണടച്ചിരുന്നു


ചിലതിൽ
പത്തിലധികം ലോകങ്ങൾ
ഏച്ചുകെട്ടിയിരുന്നു
കരുക്കഴിക്കഴിച്ചഴിച്ച്
മടുത്തു
പിന്നെ വായിച്ചില്ല
കുരുക്കില്ലാത്തവയെടുത്ത് പലവട്ടം വായിച്ചു


വീട്ടുമുറ്റത്തെ ചെടികളെക്കുറിച്ചുള്ളവ
അവയിൽ വരുന്ന 
ചെറുജീവികളെക്കുറിച്ചുള്ളവ
അവയുടെ സഞ്ചാരങ്ങളെക്കുറിച്ചുള്ളവ
ചെടിയ്ക്കിടുന്ന വളങ്ങളെക്കുറിച്ചുള്ളവ
കിണറിലെ വെള്ളം വറ്റിയാലുണ്ടാകുന്ന
നേരിനെക്കുറിച്ചുള്ളവ
മാത്രമേ എനിക്കു ദഹിക്കൂ
ക്ഷമിക്കണം
എന്നോടു മിണ്ടാത്തവയെ
ഞാൻ മണ്ണിൽ കുഴിച്ചിട്ടു
എൻ്റെ മണ്ണിൽ അവ മുളയ്ക്കുമോ എന്നറിയാൻ


ഒരു കവി വളരെ കുറച്ചു പേരുടെ കവിയാണ്
എല്ലാ കവികളും അങ്ങനെ തന്നെയാണ്
എന്നെനിക്കു തോന്നുന്നു